Top

മി. പി സി ജോര്‍ജ്ജ് കേശവന്‍ നായര്‍, അടുത്ത ജന്മത്തില്‍ താങ്കള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആയിരിക്കുമോ?

മി. പി സി ജോര്‍ജ്ജ് കേശവന്‍ നായര്‍, അടുത്ത ജന്മത്തില്‍ താങ്കള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആയിരിക്കുമോ?
ഈ ലോകസഭാ തിരഞ്ഞെടുപ്പ് കാലം ഓര്‍മ്മിക്കുക ഒരു പുനരധിവാസത്തിന്റെ പേരിലാണ്. പൂഞ്ഞാര്‍ പുലിയെന്നറിയപ്പെടുന്ന പി സി ജോര്‍ജ്ജിനെയും അദ്ദേഹത്തിന്റെ പേര് മാറ്റിയ ഒരു കഷണം കേരള കോണ്‍ഗ്രസ്സിനെയും എന്‍ ഡി എ മുന്നണിയില്‍ പുനരധിവസിപ്പിച്ചതിന്റെ പേരില്‍. നെറ്റിപ്പട്ടം തെച്ചിക്കോട്ട് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പ് പോലെ അമിത് ഷാ പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തിയപ്പോള്‍ മറ്റൊരു കൊമ്പനായി പി സിയും തുറന്ന രഥത്തില്‍ ഉണ്ടായിരുന്നു. എന്തായാലും പി സിക്ക് പറ്റിയ സ്ഥലത്ത് തന്നെ എത്തിയെന്ന് ആ ദൃശ്യം കണ്ട കേരള രാഷ്ട്രീയ ലോകം ദീര്‍ഘ നിശ്വാസം കൊണ്ടു.

കഴിഞ്ഞ നിയമസഭയില്‍ മൂന്ന് മുന്നണിയിലെയും സ്ഥാനാര്‍ത്ഥികളെ മുട്ടുകുത്തിച്ച പിസിയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവന്‍ വരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത് പി സിയെ കുറിച്ചാണോ എന്നു വരെ ഈ തിരഞ്ഞെടുപ്പ് കാലത്ത് ആളുകള്‍ അടക്കം പറഞ്ഞു. അങ്ങനെയുള്ള പി സിയുടെ കൂടി വോട്ട് കൊണ്ട് മുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ശബരിമല ‘വീരന്‍’ കെ സുരേന്ദ്രന്‍ സ്വപ്നം കാണുന്നത്. അയ്യന്‍ രക്ഷിക്കട്ടെ..!

ബിജെപി എന്ന ഹിന്ദുത്വ പാര്‍ട്ടിയില്‍ ചേര്‍ന്ന പി സി ജോര്‍ജ്ജ് അതിവേഗത്തിലാണ് കാവിവത്ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകള്‍ തെളിയിക്കുന്നത്.

അത് വ്യക്തമാവാന്‍ മിനിഞ്ഞാന്നും ഇന്നുമായി വന്ന രണ്ടു പ്രസ്താവനകള്‍ മാത്രം നോക്കിയാല്‍ മതി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കാതെ വിലക്കിയതിനു പിന്നില്‍ ഹൈന്ദവ ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമം ആണെന്നാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസമരം ഉത്ഘാടനം ചെയ്തുകൊണ്ട് പി സി ജോര്‍ജ് ആരോപിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധ സമരം.

ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നിലെന്നും ആനയെ വിലക്കിയതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും മനുഷ്യ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരേ വിശ്വാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിനുള്ള ഫലം ഇടതു മുന്നണി തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിച്ചു കഴിഞ്ഞ ബിജെപി തൃശൂരില്‍ അട്ടിമറി വിജയം നേടുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു.

ഇന്നലെ കോട്ടയത്തുവെച്ച് നടത്തിയ പിസിയുടെ പ്രസ്താവന ഏതൊരു സംഘപരിവാര്‍ ബുദ്ധിജീവിയുടെ വാക്കുകളോടും കിടപിടിക്കുന്നതായിരുന്നു.

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ പൂഞ്ഞാറിന്റെ എം എല്‍ എ ഇപ്പോള്‍ കേശവന്‍ നായര്‍ ആയിരിക്കും എന്നാണ് പി സി പറഞ്ഞത്. അതായത് പൂഞ്ഞാറിലെ ക്രിസ്ത്യാനികളെല്ലാം മുന്‍പ് അസ്സല്‍ ചെവിയില്‍ പൂടയുള്ള നായര്‍മാരാരായിരുന്നെന്ന് വ്യംഗ്യം.

“നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്, തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ വല്ല കേശവന്‍ നായരും ആയിരിക്കും. അതുകൊണ്ട് ബിജെപിയുമായി അകന്നു നില്‍ക്കേണ്ട കാര്യമില്ല.” പി സി ജോര്‍ജ്ജ് alias കേശവന്‍ നായര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും പാലായില്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ഷോണ്‍ ജോര്‍ജ്ജ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കും എന്നതായിരിക്കാം ഈ വെളിപാടുകളുടെ പരിണതഫലം.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം


Next Story

Related Stories