TopTop
Begin typing your search above and press return to search.

'കാവിയല്ല എന്റെ നിറം'; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

കാവിയല്ല എന്റെ നിറം; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

കമല്‍ഹാസന്‍ പിണറായിയോടൊപ്പം ഓണം ഉണ്ടതായിരുന്നില്ല ഇന്നലത്തെ വാര്‍ത്ത; 'തന്റെ നിറം കാവിയല്ല' എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കമല്‍ വ്യക്തമാക്കിയതായിരുന്നു. ഒരു ഡസന്‍ ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കമലിന്റെ ഈ വാക്കുകള്‍ തലക്കെട്ടാക്കിയപ്പോള്‍ നമ്മുടെ പത്രങ്ങള്‍ക്കെന്തോ അതത്ര കാര്യമായി തോന്നിയില്ല. അതിന്റെ രാഷ്ട്രീയ സൂചനകള്‍ പിടിച്ചെടുക്കാനുള്ള സ്പന്ദമാപിനികള്‍ മലയാള മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. തലക്കെട്ടിന്റെ പൈങ്കിളിത്തത്തില്‍ അവര്‍ വഴുക്കിവീണു.

അവര്‍ ഇങ്ങനെ എഴുതി; 'ഉലകനായകന്‍ എത്തി കേരള നായകനെ കാണാന്‍' (മാതൃഭൂമി), 'പിണറായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്: കമല്‍ ഹാസന്‍' (മലയാള മനോരമ), 'ജനനായകനെ കാണാന്‍ ഉലകനായകന്‍' (ദേശാഭിമാനി), 'പിണറായി സര്‍ക്കാര്‍ രാജ്യത്തിന് മാതൃക: കമല്‍ഹാസന്‍’ (കേരള കൌമുദി).

പുതിയ പാര്‍ട്ടി ഇടതുപക്ഷമായിരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏറെ ഇളക്കങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള മറുപടി കമല്‍ പറഞ്ഞത്. "കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ ചെയ്യുന്ന സിനിമകളിലൂടെ എന്റെ നിറം എന്താണെന്ന് വ്യക്തമായിട്ടുണ്ട്. തീര്‍ച്ചയായും അത് കാവിയല്ല."

"എന്തുകൊണ്ടാണ് നിങ്ങള്‍ കമല്‍ഹാസന്‍ ചിത്രം കാണാന്‍ പോകുന്നത്? കാരണം നിങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നുള്ളതാണ്. എല്ലാവര്‍ക്കും നായകന്‍മാര്‍ ഉള്ളതുപോലെ എനിക്കും ഉണ്ട്. അത് ഇടതു നേതാക്കളാണ്"- കമല്‍ വ്യക്തമാക്കുന്നു.

അതേ സമയം തന്റെ പ്രസ്ഥാനം ഇടതിനും വലതിനും ഇടയിലൂടെ മധ്യപാതയിലൂടെ പോകുന്ന ഒന്നായിരിക്കും എന്നും കമല്‍ വ്യക്തമാക്കുന്നു.

തന്റെ രാഷ്ട്രീയയാത്ര ആരംഭിച്ചു എന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മുതിര്‍ന്ന സിപിഎം നേതാവായ പിണറായി വിജയനെ കാണാന്‍ കമല്‍ വന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്കിയിരിക്കുന്നത്. പ്രത്യേകിച്ചും ജയലളിതയുടെ മരണശേഷം തമിഴ്നാട് രാഷ്ട്രീയത്തിലുണ്ടായ അരാജകത്വത്തിന്റെ പശ്ചാത്തലത്തില്‍. എഐഎഡിഎംകെയിലെ ഭിന്നതകള്‍ മുതലെടുത്ത് ബിജെപി തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയുകയാണ് തന്റെ ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് കമല്‍, തന്റെ നിറം കാവിയല്ല എന്ന പ്രസ്താവനയിലൂടെ.

അതേസമയം പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ഒരു പഠനയാത്ര പോലെയാണ് എന്നാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. "ഇതൊരു സൌഹൃദ സന്ദര്‍ശനം മാത്രമല്ല. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മനസിലാക്കാനുള്ള സന്ദര്‍ഭം കൂടിയാണ്"- കമല്‍ പറഞ്ഞു.

"എങ്ങനെയാണ് സെന്‍സേഷണല്‍ ആകാതെ ചെയ്യുന്ന ജോലിയില്‍ ഇത്രയേറെ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുന്നത്" എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശം തേടിയതായും കമല്‍ പറഞ്ഞു.

കേരളം പല കാര്യങ്ങളിലും ഒന്നാം നമ്പര്‍ ആയി തുടരുന്നതിനെയും കമല്‍ പ്രശംസിച്ചു. അതുകൊണ്ട് തന്നെ കേരളത്തോടുള്ള തന്റെ ആരാധന അന്ധമല്ല എന്നും കമല്‍ വ്യക്തമാക്കി.

കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയെകുറിച്ച് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, "വിഖ്യാത നടനും സംവിധായകനുമായ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ കാണാറുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ഞങ്ങൾ കാണുന്നത്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെങ്കിലും സംഭാഷണത്തിൽ രാഷ്ട്രീയവും കടന്നുവന്നു. പൊതുവിൽ ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച."

ആഗസ്ത് 31-ന് കോയമ്പത്തൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കമല്‍ പറഞ്ഞു, "സെന്‍റ് ജോര്‍ജ്ജ് ഫോര്‍ട്ടിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചിരിക്കുന്നു. ഇത് ഒരു വിവാഹ ചടങ്ങ് മാത്രമല്ല. ഒരു രാഷ്ട്രീയ യാത്രയുടെ ഉദ്ഘാടന ചടങ്ങ് കൂടിയാണ്."

"കോഴ കൊടുത്ത് വാങ്ങിയ വോട്ടുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ ഇടനാഴിയിലേക്ക് കടക്കാന്‍ കൊള്ളക്കാരെ നിങ്ങള്‍ അനുവദിച്ചു. വലിയ തെറ്റാണ് നിങ്ങള്‍ ചെയ്തത്. എന്നാല്‍ രാഷ്ട്രീയ സ്ഥിതി അതുപോലെ തുടരാന്‍ നമുക്ക് അനുവദിച്ചു കൂട. അതിനെ പരിവര്‍ത്തിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്." കമല്‍ പറഞ്ഞു.

നേരത്തെ ഒരു ട്വീറ്റില്‍ കമല്‍ ഇങ്ങനെ പറഞ്ഞിരുന്നു, "ഞാന്‍ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടാന്‍ പോവുകയാണോ എന്നാണ് ജനങ്ങള്‍ എന്നോടു ചോദിക്കുന്നത്. എന്റെ മറുപടി ഇതാണ്. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കഴിഞ്ഞു."

കാവിരാഷ്ട്രീയത്തിന് ഏറെയൊന്നും വഴങ്ങാത്ത തെക്കേ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ കമല്‍ഹാസന്റെ വരവ് ഉണ്ടാക്കുന്ന അലയൊലികള്‍ എന്താവാം? രാഷ്ട്രീയത്തിന്റെ ഒരു പങ്ക് സിനിമാ താരങ്ങള്‍ക്ക് പകുത്തുകൊടുക്കുന്ന തമിഴ് ജനത കമല്‍ഹാസനും ചിലത് കരുതിവെച്ചിട്ടുണ്ടാകും. പുതിയ തമിഴ് രാഷ്ട്രീയ തിരൈ പടത്തിനായി നമുക്ക് കാത്തിരിക്കാം..


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories