Top

സാലറി ചലഞ്ച്; സ്വന്തം പോസ്റ്റിലാണ് ഗോളടിക്കുന്നതെന്ന് ചെന്നിത്തലയ്ക്ക് എന്താണ് മനസിലാകാത്തത്?

സാലറി ചലഞ്ച്; സ്വന്തം പോസ്റ്റിലാണ് ഗോളടിക്കുന്നതെന്ന് ചെന്നിത്തലയ്ക്ക് എന്താണ് മനസിലാകാത്തത്?
സ്വന്തം പോസ്റ്റിലാണ് ഗോളടിക്കുന്നത് എന്നു ചെന്നിത്തലയ്ക്ക് എന്താണ് മനസിലാകാത്തത്? പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിവിനായി സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാലറി ചലഞ്ച് പൊളിഞ്ഞിരിക്കുന്നു എന്നാണ് ബഹുമാന്യ പ്രതിപക്ഷ നേതാവ് ഇന്നലെ മാധ്യമങ്ങളുടെ മുന്‍പില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാലറി ചാലഞ്ച് ‘പൊളിഞ്ഞതില്‍’ എന്തിനാണ് നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന പ്രതിപക്ഷ നേതാവ് ഇത്ര ആവേശം കൊള്ളുന്നത്? സാലറി ചാലഞ്ച് അല്ല പകരം പണം സമാഹരിക്കാനുള്ള എളുപ്പ വഴികള്‍ വേറെയുണ്ട്, ഞങ്ങള്‍ കൂടെയുണ്ട് എന്നു പറഞ്ഞു കൂടെ നില്‍ക്കുകയല്ലേ വേണ്ടത്? എന്താണ് ചെന്നിത്തലയ്ക്ക് സംഭവിക്കുന്നത്?

മഹാ പ്രളയത്തിന് തൊട്ട് മുന്‍പത്തെ ദിവസങ്ങളില്‍ വയനാട്ടിലും മറ്റുമുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ വീക്ഷിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത പ്രതിപക്ഷ നേതാവ് തന്നെയോ ഇത്? എത്ര പെട്ടെന്നാണ് മലക്കം മറയാന്‍ സാധിക്കുന്നത്. പ്രളയം കഴിഞ്ഞപ്പോള്‍ ഡാം തുറന്നു വിട്ടതാണ് പ്രളയം ഉണ്ടാക്കിയത് എന്ന പ്രചണ്ഡ പ്രചാരവുമായി ചെന്നിത്തലയും അതിന്റെ ചുവടു പിടിച്ച് ബിജെപിയും രംഗത്തെത്തി. എന്നാല്‍ അതല്ല വിഷയം എന്നു ദേശീയ ജല കമീഷന്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര നടത്തിയ പ്രസ്താവനകളില്‍ കാലാവസ്ഥ വ്യതിയാന ദുരന്തം എന്നു ആവര്‍ത്തിച്ചു പറഞ്ഞു. ചെന്നിത്തലയുടെ പാര്‍ട്ടിയുടെ ദേശീയ മുഖപത്രത്തില്‍ പോലും ഡാം തുറന്നു വിട്ടതല്ല പ്രളയ കാരണം എന്നു വാദിച്ചു കൊണ്ട് ലേഖനം പ്രത്യക്ഷപ്പെട്ടു.

അത് കഴിഞ്ഞപ്പോള്‍ അടിയന്തിര നഷ്ടപരിഹാരം ഭൂരിപക്ഷം പേര്‍ക്കും കിട്ടിയില്ല എന്നു പറഞ്ഞായി പ്രതിഷേധം. പ്രായോഗികമായി നേരിട്ട വിഷമതകളെ മറികടന്നു കഴിഞ്ഞ ദിവസത്തോടെ ബഹുഭൂരിപക്ഷം പേര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുമുള്ള സഹായം എത്തിച്ചു എന്നു ഗവണ്‍മെന്‍റ് പത്രക്കുറിപ്പിറക്കി. ആ കണക്കിനെ ഖണ്ഡിക്കാന്‍ പ്രതിപക്ഷം ഇതുവരെ തയ്യാറായിട്ടില്ല എന്നോര്‍ക്കണം. അതിനിടയില്‍ കിറ്റ് വിതരണവും ശരിയായല്ല നടക്കുന്നത് എന്ന പ്രചാരണവുമായും രംഗത്ത് വന്നിരുന്നു.

Also Read: ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ഉദ്യോഗസ്ഥർ ജനശത്രുക്കളിൽ കുറഞ്ഞൊന്നുമല്ല

ഏറ്റവുമൊടുവില്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത് സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടാണ്. നിര്‍ബന്ധിതമായി സമ്മത പത്രം നല്‍കാന്‍ സര്‍ക്കാരും ഇടതു സര്‍വ്വീസ് സംഘടനകളും ശ്രമിക്കുന്നു എന്ന വ്യാപക പരാതിയുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്ത് വന്നത്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തടയപ്പെടേണ്ടതാണ്. അത് ചൂണ്ടിക്കാണിക്കപ്പെടേണ്ടത് തന്നെയാണ്. തന്റെ നാട് ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് എന്നും അതിനെ മറികടക്കാന്‍ തന്റെ സഹായം കൂടി വേണം എന്നുമുള്ള തോന്നല്‍ ആര്‍ക്കെങ്കിലും നിര്‍ബന്ധിച്ചുണ്ടാകേണ്ടതല്ല. സ്വയം ഒരാള്‍ അതിനു തയ്യാറായി വരുമ്പോഴാണ് സാലറി ചാലഞ്ച് സാര്‍ഥകമാവുക. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈ തരത്തില്‍ നടന്നു എന്നത് സാലറി ചലഞ്ച് പൊളിഞ്ഞുപോയേ എന്നു വിളിച്ചുകൂവാനുള്ള കാരണമാണോ?

ഇനി രമേശ് ചെന്നിത്തല പറയുന്ന കണക്കുകള്‍ തന്നെ നോക്കാം. സെക്രട്ടറിയേറ്റില്‍ 1500 ജീവനക്കാര്‍ വിസമ്മത പത്രം നല്‍കി എന്ന് രമേശ് ചെന്നിത്തല പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നിത്തലയുടെ രണ്ട് വാദങ്ങളെയും-പരാജയപ്പെട്ടു, ഭീഷണിപ്പെടുത്തി-പൊളിക്കുന്നതല്ലേ ഈ കണക്കുകള്‍. സെക്രട്ടറിയേറ്റില്‍ 4525 ജീവനക്കാരുണ്ട് എന്നാണ് കണക്ക്. അതില്‍ 3025 പേര്‍ സമ്മതം കൊടുത്തു എന്നാണ് ചെന്നിത്തലയുടെ കണക്ക് തന്നെ പറയുന്നത്. ശമ്പളം കൊടുക്കാന്‍ തയ്യാറല്ല എന്നു പറഞ്ഞവരുടെ ഇരട്ടി. അപ്പോള്‍ വിജയമല്ലാതെ മറ്റെന്താണ്? ഇനി ഭീഷണിപ്പെടുത്തലിനെ കുറിച്ച്. അങ്ങനെ ഒന്നുണ്ടെങ്കില്‍ എങ്ങനെയാണ് 1500 പേര്‍ക്ക് വിസമ്മതം രേഖപ്പെടുത്താന്‍ കഴിഞ്ഞത്?

പ്രളയത്തിന് ശേഷം ചെന്നിത്തല തൊടുന്നതെല്ലാം കുഴപ്പത്തിലാകുന്നതാണ് കാണുന്നത്. കൂടെ നിന്നു കൂടുതല്‍ ശമ്പളം സംഭാവന ചെയ്യിപ്പിച്ചു ഞങ്ങളുടെ ആള്‍ക്കാരാണ് കൂടുതല്‍ സമ്മതം നല്‍കിയത്, കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ കാര്യത്തില്‍, ദുരന്ത മുഖത്ത് ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല എന്ന പോസിറ്റീവ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കില്‍ അതായിരിക്കില്ലെ ചെന്നിത്തലയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നത്? രാഷ്ട്രീയ തിമിരത്തിന്റെ കണ്ണട ഒന്നു അഴിച്ചുവെച്ചു സമാധാനത്തില്‍ ഒന്നാലോചിച്ചു നോക്കൂ...

https://www.azhimukham.com/kerala-salary-challenge-in-cooperative-sector-after-flood-reports-shijith/

https://www.azhimukham.com/opinion-salary-challenge-backlash-government-vs-employees-analysis-by-vishak/

https://www.azhimukham.com/trending-facebookdiary-kerala-flood-salary-challenge-controversies-pramodpuzhankara-writes/

https://www.azhimukham.com/offbeat-salary-challenge-will-shatter-our-family-budget-says-tribal-forest-watcher-women-kaali/

Next Story

Related Stories