TopTop

അതേ ആണ്‍ ആള്‍ക്കൂട്ടം; ദിലീപിന്റെ ദ്വയാര്‍ത്ഥ കമന്‍റ് കേട്ട് ചിരിച്ചതും കുശ്ബു കരണത്തടിച്ചതും

അതേ ആണ്‍ ആള്‍ക്കൂട്ടം; ദിലീപിന്റെ ദ്വയാര്‍ത്ഥ കമന്‍റ് കേട്ട് ചിരിച്ചതും കുശ്ബു കരണത്തടിച്ചതും
എന്തുമാത്രം സ്ത്രീ വിരുദ്ധ മാനസികാവസ്ഥ കൊണ്ടുനടക്കുന്നയാളാണ് ഈ താരം? നടി ആക്രമിക്കപ്പെട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും താന്‍ എന്തിന്റെ പേരിലാണോ വിമര്‍ശിക്കപ്പെട്ടത് അതിന്റെ സാരം ഈ നടന് മനസിലായിട്ടില്ല എന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം. ജീവിതത്തില്‍ പറയേണ്ടതും ചെയ്യേണ്ടതും സിബി കെ തോമസ്-ഉദയ് കൃഷ്ണന്‍മാര്‍ എഴുതി വെക്കുന്ന നാലാം കിട ഡയലോഗുകളും സീനുകളുമാണെന്നാണ് ദിലീപ് കരുതിയിരിക്കുന്നത് എന്നു തോന്നുന്നു. ഇത്തരം അസംബന്ധ ധാരണകളില്‍ നിന്നും അയാളെ തിരുത്തന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണ് ദുരന്തവും.

യുവനടന്‍ സണ്ണി വെയിനിന് വിവാഹ ആശംസ പകരാനെത്തിയതാണ് നടന്‍. ഇന്നലെയായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു താരം വിവാഹിതനായത്. മകളുടെ ചോറൂണിനു എത്തിയതായിരുന്നു ദിലീപും കാവ്യയും ഗുരുവായൂരില്‍. സഹപ്രവര്‍ത്തകന്റെ വിവാഹ വാര്‍ത്തയറിഞ്ഞു ദമ്പതിമാര്‍ക്കു ആശംസകള്‍ അറിയിക്കാന്‍ താരം തന്നെ നേരിട്ടെത്തുകയായിരുന്നു.

ഇരുവര്‍ക്കുമൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതിനിടെയാണ് ദിലീപ് അയാളുടെ സിനിമകളുടെ ട്രേഡ് മാര്‍ക്കായ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. തുടക്കത്തില്‍ നവ ദമ്പതികള്‍ക്കിടയിലാണ് താരം ഫോട്ടോ എടുക്കാന്‍ നിന്നത്. എന്നാല്‍ സണ്ണിയെ വധുവായ രഞ്ജിനിക്കൊപ്പം നിര്‍ത്തി മറുവശത്തേക്കു നിന്നാണ് ദിലീപ് ഫോട്ടോ എടുത്തത്. കൂട്ടത്തില്‍ ഈ ഡയലോഗും. ‘അല്ലെങ്കില്‍ തന്നെ ചീത്തപ്പേരാ..അപ്പോഴാ’ഈ ഡയലോഗ് കേട്ട കൂടി നിന്നവര്‍ ചിരിച്ചു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്താണ് ദിലീപ് ഈ ഡയലോഗ് കൊണ്ട് അര്‍ഥമാക്കിയത്. മാധ്യമങ്ങളും പൊതുസമൂഹവും അയാള്‍ക്കെതിരെ കള്ളക്കഥ മെനഞ്ഞു എന്നാണോ? അതോ സ്ത്രീകളുടെ അടുത്ത് നിന്നാല്‍ പോലും സ്ത്രീകള്‍ തനിക്കെതിരെ പരാതിയുമായി വരുമെന്നാണോ? താന്‍ നിരപരാധിയാണ്. പകരം കുറ്റവാളി തനിക്കെതിരെ കോടതിയില്‍ പോയവരാണ് എന്നാണോ? ഇത്രയും സ്ത്രീ വിരുദ്ധവും വസ്തുതകളെ തെറ്റിദ്ധരിപ്പിക്കാനായി അയാള്‍ മനപൂര്‍വ്വം പറയുന്നതുമായ കോമഡി കേട്ടു ചിരിച്ചവരുടെ കൂട്ടത്തില്‍ സണ്ണി വെയിനിന്റെ നവവധുവും സ്ത്രീകളും ഉണ്ടായിരുന്നോ? എങ്കില്‍ ദുരന്തമെന്നേ ഒറ്റവാക്കില്‍ പറയാനുള്ളൂ..

ഇനി ബാംഗളൂരുവില്‍ ഇന്നലെ നടന്ന മറ്റൊരു സംഭവത്തിലേക്ക്.

ദിലീപ് ദിലീപ് ആയി അഭിനയിച്ച 1994ല്‍ ഇറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിലെ നായികയാണ് ഇവിടത്തെ താരം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ മുഖത്തടിച്ചാണ് നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു വാര്‍ത്തയിലെ താരമായത്. തിരക്കിനിടയിൽ യുവാവ് ഖുശ്ബുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചെതിനെ തുടര്‍ന്നാണ് നടി കരണത്തടിച്ചത്.

കർണാടകത്തിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ഥി റിസ്വാൻ അർഷാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഖുശ്ബു. ആരാധകരുടെ തിരക്കുകൾക്കിടയിലൂടെ പൊലീസ് വഴിയുണ്ടാക്കി നൽകി വാഹനത്തിലേക്ക് നീങ്ങുകയായിരുന്നു ഖുശ്ബു. ഈ സമയത്താണ് ഉപദ്രവമുണ്ടായത്. ഒരു യുവാവ് മുന്നിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നതും ഖുശ്ബു തിരിഞ്ഞു നിന്ന് അടിക്കുന്നതും വീഡിയോയിലുണ്ട്.അക്രമങ്ങൾക്കെതിരെ പൊതുസ്ഥലത്തു വെച്ച് ഉടൻ പ്രതികരിക്കാൻ സ്ത്രീകൾക്ക് പ്രചോദനമാകും ഖുശ്ബുവിന്റെ ഈ നടപടിയെന്ന് സോഷ്യൽ മീഡിയയിൽ അഭിനന്ദന സന്ദേശങ്ങൾ നിറയുന്നുണ്ട്.

ഒരേ ദിവസം സംഭവിച്ച രണ്ടു സംഭവങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നത് സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ മനസാണ്. ഒന്നില്‍ അത് പുരുഷ താരരൂപത്തിന്റെ ആക്ഷേപ ഹാസ്യമെന്ന വ്യാജേന സ്വഭാവികവത്ക്കരിക്കുന്ന സ്ത്രീ വിരുദ്ധ മാനസികാവസ്ഥയാണെങ്കില്‍ രണ്ടമത്തേത് സ്ത്രീ ശരീരത്തിനു നേരെ നടത്തുന്ന പുരുഷ ആള്‍ക്കൂട്ടത്തിന്റെ ആക്രമണോത്സുകതയാണ്. രണ്ടു വര്‍ഷം മുന്‍പ് യുവ നടി കടന്നുപോയതും ഇതേ അവസ്ഥയിലൂടെയാണ് എന്നതോര്‍ക്കുക. അതിനു ശേഷം നിരവധി പെണ്‍കുട്ടികളുടെ തുറന്നു പറച്ചിലുകളിലൂടെ പുരുഷ ലോകം നിയന്ത്രിക്കുന്ന സിനിമാ-മാധ്യമ-രാഷ്ട്രീയ മേഖലകള്‍ കിടുങ്ങി വിറക്കുന്നതും നമ്മള്‍ കണ്ടു. അതുണ്ടാക്കിയ ആത്മവിശ്വാസം ഖുശ്ബുവിനെക്കൊണ്ട് തന്നെ അപമാനിച്ചവന്റെ കരണത്തടിക്കാന്‍ പ്രാപ്തയാക്കിയപ്പോള്‍ പുരുഷ ലോകം മാറാന്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് ദിലീപ് ഗുരുവായൂരില്‍ വെച്ചു ഛര്‍ദിച്ച ആള്‍ക്കൂട്ട കോമഡിയും.

Next Story

Related Stories