UPDATES

ഓഫ് ബീറ്റ്

‘എടോ ഗോപാലകൃഷ്ണാ…’, ഇങ്ങനെയല്ലാതെ എങ്ങനെ വിളിക്കണം ഈ അന്തിചര്‍ച്ച ഗുണ്ടയെ?

നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചുപറയുന്ന ഗോപാലകൃഷ്ണനെ പോലെയുള്ള അല്പബുദ്ധി നേതാക്കളാണ് ആള്‍ക്കൂട്ട ഹിംസകള്‍ക്ക് എരിവ് പകരുന്നത്

‘എടോ ഗോപാലകൃഷ്ണാ…’ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വിവാദങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോള്‍ ഈ വിളിയും അതില്‍ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. മാതൃഭൂമി എഡിറ്ററായിരുന്ന കെ. ഗോപാലകൃഷ്ണനെ ഒരു പ്രസംഗത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ പിണറായി വിജയന്‍ അഭിസംബോധന ചെയ്തതാണ് ഇത്. പാലോളി, വി എസ്, ഇ പി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവർ കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിനെതിരെ സംസാരിക്കുമ്പോഴായിരുന്നു പിണറായി ഇങ്ങനെ പറഞ്ഞത്: “എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാൽ ഭയപ്പെടുന്നവരല്ല ഞങ്ങൾ. ഒരുപാട് കത്തികൾ പല വഴിക്ക് വരുമ്പോൾ ആ വഴി നടന്നവരാണ് ഞങ്ങൾ” എന്നായിരുന്നു പിണറായിയുടെ ‘കുപ്രസിദ്ധ’മായ ആ വാക്കുകൾ.

ശശി തരൂരിനും സ്വാമി അഗ്നിവേശിനും എതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളുടെയും പശു ഗുണ്ടായിസം അടക്കമുള്ള ആള്‍ക്കൂട്ട ഹിംസകള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരണം എന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്നലെ മാതൃഭൂമി ചാനലിലെ വേണു ബാലകൃഷ്ണന്റെ അന്തിച്ചര്‍ച്ചയില്‍ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍ കേട്ടപ്പോഴാണ് ഈ വിളി ഓര്‍മ്മ വന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലില്‍ ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകളെ അവഹേളിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ച്  സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കൊലവിളിയുമായി രംഗത്ത് വന്നതിനെ ന്യായീകരിച്ചുകൊണ്ട് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്, “അയാള്‍ (ഹരീഷ്) എന്റെ മുന്‍പില്‍ വന്നിട്ടുണ്ടെങ്കില്‍ ഞാനും രണ്ടടി കൊടുക്കുമായിരുന്നു” എന്നാണ്. (ചര്‍ച്ചയില്‍ എസ് ശ്രീരാജ് എന്നാണ് ഹരീഷിനെ ഗോപാലകൃഷ്ണന്‍ വിളിച്ചത്)

എടോ, ഗോപാലകൃഷ്ണാ, ഈ താന്തോന്നിത്തെ കുറിച്ചല്ലേ ഇന്നലെ സുപ്രീം കോടതിയും പറഞ്ഞത്? “നിയമം കയ്യിലെടുക്കാനോ സ്വയം നിയമം നടത്തിപ്പുകാര്‍ ആവാനോ ഒരു പൌരനും അവകാശമില്ല. ക്രമസമാധാനപാലനം ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. അതിലൂടെ മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ആള്‍ക്കൂട്ട ഹിംസകളെ തടയുന്നതിനും ഗവണ്‍മെന്റിന് കഴിയണം” എന്ന്?

‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗം നടത്തിയതിനാണ് ശശി തരൂര്‍ എം.പിയുടെ ഓഫീസില്‍ യുവമോര്‍ച്ചക്കാര്‍ കരിഓയില്‍ ഒഴിച്ചത്. 80 വയസിനു മേല്‍ പ്രായമുള്ള സാമൂഹ്യപ്രവർത്തകനായ സ്വാമി അഗ്നിവേശിനെ ജാർഖണ്ഡില്‍ വെച്ച് മര്‍ദ്ദിച്ചതും യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ്. തന്നെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും താൻ ജീവനോടെയിരിക്കുന്നത് ദൈവാധീനം കൊണ്ടാണെന്നും അഗ്നിവേശ് ഒരു ചാനലിനോട് പറയുകയുണ്ടായി.

തരൂരിനുള്ള പാക് വിസ റെഡി!

“കരിങ്കൊടികളും അസഭ്യവര്‍ഷങ്ങളുമായി പാഞ്ഞെത്തിയവര്‍ വളഞ്ഞിട്ടാക്രമിച്ചു. അവശനായി നിലത്തുവീണപ്പോള്‍ വസ്ത്രവും തലപ്പാവും വലിച്ചു കീറി.” ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. പക്കൂര്‍ ജില്ലയിലെ ആദിവാസികളുടെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍ അനുകൂലിയായ സ്വാമി അഗ്നിവേശ് ഹിന്ദു വിരുദ്ധനാണ് എന്നു ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഇതേ കുറിച്ച് ഗോപാലകൃഷ്ണന്‍ പറഞ്ഞത്, ഭഗവദ്ഗീതയെ പുലഭ്യം പറഞ്ഞതിനാണ് അഗ്നിവേശിനെ ‘കൈകാര്യം’ ചെയ്തത് എന്നാണ്. കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ജനങ്ങളെ പ്രകോപിതരാക്കാതെ നോക്കണമെന്നും അല്ലെങ്കില്‍ ഇതൊക്കെ സംഭവിക്കുമെന്നും ആണ് തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ നടത്തിയ വിശദീകരണത്തിന്റെ സാരാംശം.

ഗോപാലകൃഷ്ണന്റെ മൂത്ത നേതാവും ബിജെപി വക്താവുമായ പി ഷാഹ്ദേവ് ബിജെപിക്ക് ബന്ധമില്ല എന്നു വിശദീകരിച്ചെങ്കിലും “അഗ്നിവേശിന്റെ മുന്‍കാല ചരിത്രം നോക്കിയാല്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്” എന്നു പറഞ്ഞതില്‍ നിന്നും ഗോപാലകൃഷ്ണാദികള്‍ പല പേരില്‍ ഇന്ത്യയൊട്ടാകെ വിഷം വമിപ്പിച്ചു നടക്കുകയാണ് എന്ന് ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഒരു സ്വഭാവികതയായി മാറിയിരിക്കുന്ന ഒരു രാജ്യത്തെ നോക്കിയാണ് സുപ്രീംകോടതി ആള്‍ക്കൂട്ട ഹിംസ അനുവദിക്കില്ല എന്നു പറഞ്ഞത്. നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചുപറയുന്ന ഗോപാലകൃഷ്ണനെ പോലെയുള്ള അല്പബുദ്ധി നേതാക്കളാണ് ഈ ഹിംസകള്‍ക്ക് എരിവ് പകരുന്നത്. നിയമം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഗോപാലകൃഷ്ണനെ പോലെയുള്ളവരെ മാധ്യമ സംവാദങ്ങളുടെ ജനാധിപത്യ വേദിയില്‍ പിടിച്ചിരുത്തണോ എന്നത് മാധ്യമങ്ങള്‍ ആലോചിക്കണം. അപര ബഹുമാനത്തോടെയും ജനാധിപത്യ ശൈലിയിലും സംസാരിക്കുന്ന നിരവധി നേതാക്കള്‍ ആ പാര്‍ട്ടിയില്‍ ഉണ്ടല്ലോ. ഒപ്പം ഇത്തരം വിദ്വേഷ പ്രസ്താവനക്കാരെ നിയമത്തിന്റെ പരിശോധനയ്ക്കും വിധേയരാക്കേണ്ടതല്ലേ?

‘എത്ര നല്ലവനാണെന്ന് പറഞ്ഞാലും അവന്‍ ഒരു ബംഗാളിയല്ലേ?’; ആള്‍ക്കൂട്ട ഭ്രാന്ത് മണിക്കിന്റെ ജീവനെടുത്തതിങ്ങനെയാണ്

രാജ്യത്തിന്റെ വിദേശകാര്യമന്ത്രിക്ക് ആള്‍ക്കൂട്ട നീതി വിധിച്ചവര്‍ ഏതു സാധാരണക്കാരെ സംരക്ഷിക്കുമെന്നാണ്?

എസ് ഹരീഷിന്റെ കഥയും സംഘപരിവാറിന്റെ സെമറ്റിക് ചിന്തകളും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍