TopTop
Begin typing your search above and press return to search.

ആര്‍ക്കാണ് ശശി തരൂരിനെ അപായപ്പെടുത്തേണ്ടത്? തിരഞ്ഞെടുപ്പ് കാലത്തെ 'മനോഹര'മായ ആചാരപ്രകടനവുമായി സുരേഷ്ഗോപി

ആര്‍ക്കാണ് ശശി തരൂരിനെ അപായപ്പെടുത്തേണ്ടത്? തിരഞ്ഞെടുപ്പ് കാലത്തെ

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റതാണ് വിഷു ദിനത്തിലെ മുഖ്യ വാര്‍ത്ത. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലയില്‍ ഇരുഭാഗങ്ങളിലായി എട്ട് സ്റ്റിച്ചുണ്ട് എന്നാണ് മാധ്യമ വാര്‍ത്തകള്‍.

തുലാഭാരത്തിനുശേഷം ദീപാരാധനക്കായി ത്രാസില്‍ കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ക്ഷേത്രം അധികൃതർ വിശദീകരിക്കുന്നതിങ്ങനെ; തരൂരിനൊപ്പം വന്ന കോൺഗ്രസ്സ് പ്രവർത്തകർ നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നതാണ് കാരണം. തുലാസിൽ ആവശ്യമായതിലധികം പഞ്ചസാര കോൺഗ്രസ്സ് പ്രവർത്തകർ എടുത്തു വെക്കുകയായിരുന്നു. ഇതുകൂടാതെ പ്രവർത്തകർ തിരക്കുകൂട്ടി ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തെന്ന് ക്ഷേത്രം സെക്രട്ടറി ആർപി നായർ പറഞ്ഞു. ഭാരം താങ്ങാനായി വെച്ചിരുന്ന സ്റ്റൂൾ ഇതിനിടെ പ്രവർത്തകരിലാരോ എടുത്തുമാറ്റി. ഭാരം അമിതമായപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവരുകയും ത്രാസ് പൊട്ടുകയുമായിരുന്നെന്ന് ആർപി നായർ വിശദീകരിച്ചു.

എന്തായാലും തിരുവനന്തപുരം മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ നിസ്സഹകരണ മൂലം കുഴപ്പത്തില്‍ പെട്ട തരൂരിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നതായി പുതിയ സംഭവങ്ങള്‍. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്.

Cut to തൃശൂര്‍

വിഷുദിവസം ക്ഷേത്രത്തിൽ പോയി കണികാണാൻ ഉണർന്നതിനു ശേഷം കണ്ണ് തുറന്നില്ലെന്ന് തൃശ്ശൂർ എൻ‌ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലായതിനാല്‍ ഇത്തവണ താൻ വീട്ടിൽ കണിയൊരുക്കിയിരുന്നില്ല. ക്ഷേത്രത്തിൽ പോയാണ് കണി കണ്ടത് എന്നും സുരേഷ്ഗോപി പറഞ്ഞു.

പ്രഭാതകർമങ്ങൾ ചെയ്യുമ്പോൾ താൻ കണ്ണ് തുറന്നിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ക്ഷേത്രത്തിലേക്കും കണ്ണടച്ചാണ് പോയത്. തിരുവമ്പാടി ക്ഷേത്രത്തിലാണ് കണി കണ്ടത്. അവിടെയെത്തും വരെ കണ്ണ് തുറന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികള്‍ വിഷുവിനെ ആചാര നിഷ്ഠയോടെ ഭക്തിപുരസ്സരം കൈകാര്യം ചെയ്തതിന്റെ വാര്‍ത്തയാണ് മുകളില്‍ വിശദീകരിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളുടെ മനസ്സുകളെ ആകര്‍ഷിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പയറ്റുന്ന നമ്പറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മേല്‍പ്പറഞ്ഞവ. ഉത്സവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, ആചാരങ്ങളില്‍ പങ്കെടുക്കുക, മതമേലദ്ധ്യക്ഷന്‍മാരെ ചെന്നു കാണുക എന്നിവ ഇതില്‍ പെടുന്നു. (ഫോട്ടോഗ്രാഫര്‍മാരുടെ മുന്നില്‍ വെച്ച് കഞ്ഞി കുടിക്കുന്ന ഏര്‍പ്പാട് പോലെ ചിലത് വേറെയുമുണ്ട്) . പൊതുവേ കോണ്‍ഗ്രസ്സ്-ബിജെപി സ്ഥാനാര്‍ത്ഥികളാണ് ഈ കാര്യത്തില്‍ മുന്‍പന്‍മാര്‍ എങ്കിലും ഇടതു സ്ഥാനാര്‍ത്ഥികളും നേതാക്കളും ഈ വഴിക്കു ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സി പി ഐ നേതാവ് സി ദിവാകരന്‍ തൊഴുകൈകളോടെ പ്രത്യക്ഷപ്പെട്ടത് കൊഞ്ചിറവിള ദേവി ക്ഷേത്രത്തിലാണ്. സി പി എം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കണ്ണൂരില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും എന്ന പ്രസംഗം ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് ക്ഷണിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.

കൊല്ലം മണ്ഡലത്തിലെ ആര്‍ എസ് പി സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേചന്ദ്രന്‍ എല്ലാ മാതാഘോഷ പരിപാടികളിലെയും സ്ഥിര സാന്നിധ്യമാണ്. ആ സര്‍വ്വവ്യാപിത്വമാണ് പ്രേമചന്ദ്രന്റെ വിജയ മന്ത്രവും.

എന്തായാലും തരൂരിന്റെ വീഴ്ചയെ വോട്ടാക്കി മാറ്റാന്‍ സാധിക്കുമോ എന്നാണ് കോണ്‍ഗ്രസ്സ് പ്രചാരണ മാനേജര്‍ ആലോചിക്കുന്നത്. ഒരു സഹതാപ വോട്ട് സാധ്യത എന്നതിലുപരി ഒരു ഗൂഡാലോചന സിദ്ധാന്തവും തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അവതരിപ്പിക്കുന്നുണ്ട്.

തരൂരിനെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയുണ്ടോ എന്നന്വേഷിക്കണം ആവശ്യപ്പെട്ട് ഡി സി സി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പോലീസിന് പരാതി കൊടുത്തിരിക്കുകയാണ്. എന്നാല്‍ ആരെയെങ്കിലും സംശയമുള്ളതായി കോണ്‍ഗ്രസ്സുകാര്‍ എവിടേയും പറഞ്ഞതായി കണ്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തലസ്ഥാന മണ്ഡലത്തില്‍ നടക്കുന്ന നാടകങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് അതില്‍ കൂടുതല്‍ എന്തു അപകടമാണ് തരൂരിന് സംഭവിക്കാനുള്ളത് എന്ന് ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്ന തരൂരിന്റെ പരാതിയെ തുടര്‍ന്ന് താക്കീത് ചെയ്യപ്പെട്ട മൂന്നു നേതാക്കളില്‍ ഒരാളാണ് നെയ്യാറ്റിന്‍കര സനല്‍. മറ്റൊരാള്‍ തുലാഭാരം തൂക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന വി എസ് ശിവകുമാറാണ്.

എന്തായാലും ശശി തരൂരിന് പരിക്കുകള്‍ ഭേദമായി എത്രയും പെട്ടെന്നു പ്രചാരണ രംഗത്ത് തിരിച്ചുവരാണ്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വരാന്‍ പോകുന്ന ഈസ്റ്റര്‍ ദിനത്തിലും ഇതുപോലെ മനോഹരമായ ആചാരങ്ങള്‍ പ്രതീക്ഷിക്കുന്നു.


Next Story

Related Stories