TopTop
Begin typing your search above and press return to search.

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

ഡിജിറ്റല്‍ ഇന്ത്യയിലെ ബാങ്കുകളുടെ പകല്‍ക്കൊള്ളയെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഒരു പൊതുമേഖല ബാങ്ക് കയ്യിട്ട് വാരിയിരിക്കുന്നത് പാവപ്പെട്ട ഒരു കയര്‍ തൊഴിലാളിയുടെ പെന്‍ഷന്‍ തുക. കാരണം അക്കൌണ്ടില്‍ മിനിമം ബാലന്‍സില്ല എന്നതും. വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ;

“കയര്‍ത്തൊഴിലാളി ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍, ഹമീദ ബീവിക്കു നല്കിയത് 3300 രൂപ. ഇതില്‍, മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയായി 3050 രൂപയും ബാങ്ക് പിടിച്ചെടുത്തു. ഹമീദാ ബീവിക്ക് കിട്ടിയതു 250 രൂപ മാത്രം.”

ആലപ്പുഴയിലെ മണ്ണഞ്ചേരിയിലെ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വയോധികയുടെ അക്കൌണ്ട് ബാങ്ക് കൊള്ളയടിച്ച അനുഭവം സ്ഥലം എംഎല്‍എയും ധനമന്ത്രിയുമായ ഡോ. തോമസ് ഐസക് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

“3300 രൂപയാണ് ഹമീദ ബീവിക്ക് കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ലഭിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് മണ്ണഞ്ചേരിയിലുള്ള ബാങ്കിന്റെ ശാഖയിലാണ് അക്കൌണ്ട്. പെൻഷനുവേണ്ടി മാത്രം തുടങ്ങിയ അക്കൌണ്ടാണ്. സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമപെൻഷനും ലഭിക്കുന്നവർ സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളിൽപ്പെടുന്നവരാണല്ലോ. പണം വന്നാൽ അപ്പോൾ തന്നെ അവർ പിൻവലിക്കും. ബാക്കി ഇടാൻ ഒന്നും ഉണ്ടാവില്ല. 1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 17.7 ശതമാനം പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം ഈ പെൻഷൻകാർക്കെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണ്. ഹമീദ ബീവിക്ക് മിനിമം ബാലൻസ് ഇല്ലാതിരുന്ന മാസങ്ങളിലെ പിഴയെല്ലാം ഒന്നിച്ചു പിടിച്ചു കഴിഞ്ഞപ്പോൾ 3300 ൽ 250 രൂപ മാത്രം മിച്ചം. ബാക്കിയൊക്കെ ബാങ്ക് പിഴയായി ഈടാക്കി. സാമൂഹികസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് ബാങ്കുകളുമായി ഉണ്ടായിരുന്ന ധാരണയ്ക്ക് വിരുദ്ധമാണ് ഈ നടപടി. പലതും സീറോ ബാലൻസ് അക്കൌണ്ടുകളായി തുറന്നവയാണ്. വേഗത്തിലും സുതാര്യമായും നേരിട്ട് ഗുണഭോക്താവിന് പണം ലഭിക്കുന്നതിനുള്ള മാർഗ്ഗമായിട്ടാണ് ഡയറക്ട് ബാങ്ക് ട്രാൻസ്ഫറിനെ വീക്ഷിക്കുന്നത്. ബാങ്കുകളുടെ കണ്ണിൽച്ചോരയില്ലാത്ത നടപടിമൂലം ഇതു വിനയായി മാറിയിരിക്കുന്നു. മറ്റുപല ബാങ്കുകളും ഇത് അനുവർത്തിക്കുന്നുവെന്നുവേണം മനസിലാക്കാൻ. മനുഷ്യത്വരഹിതമായ ഈ നടപടി ബാങ്കുകൾ പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. സാമൂഹികസുരക്ഷാ, ക്ഷേമപെൻഷനുകൾ പാതി സഹകരണ സംഘങ്ങൾ വഴിയാണ് ഇപ്പോൾ വിതരണം നടത്തുന്നത്. ഇതു ഫലപ്രദമായ ഒരു വിതരണ രീതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരാൾക്ക് പെൻഷൻ നൽകുന്നതിന് ഇവിടെ 50 രൂപ സർക്കാരിന് അധിക ചെലവാകും. ബാങ്കുകൾ ഈ മനുഷ്യത്വരഹിതമായ പിഴ ഈടാക്കൽ തുടർന്നാൽ പെൻഷൻ വിതരണം പൂർണ്ണമായും സഹകരണ സംഘങ്ങൾ വഴിയാക്കുന്ന കാര്യം സർക്കാർ ആലോചിക്കും. സഹകരിക്കുന്ന ബാങ്കുകളെയും കൂട്ടിച്ചേർക്കും.”

ധനമന്ത്രിയുടെ പോസ്റ്റിലെ രണ്ട് പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

  1. സാമൂഹികസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് ബാങ്കുകളുമായി ഉണ്ടായിരുന്ന ധാരണയ്ക്ക് വിരുദ്ധമാണ് ഈ നടപടി.
  2. സാമൂഹികസുരക്ഷാ, ക്ഷേമപെൻഷനുകൾ പാതി സഹകരണ സംഘങ്ങൾ വഴിയാണ് ഇപ്പോൾ വിതരണം നടത്തുന്നത്. ഇതു ഫലപ്രദമായ ഒരു വിതരണ രീതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പുറമെ ചെറിയ തുകകള്‍ സ്കോളര്‍ഷിപ്പ് വാങ്ങുന്ന വിദ്യാര്‍ത്ഥികളെയും ഇത് ബാധിച്ചു തുടങ്ങിയതായി പരാതി ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

http://www.azhimukham.com/offbeat-sbi-is-going-to-stop-free-atm-services/

ഇന്നത്തെ മാതൃഭൂമി പാലക്കാട് ആലത്തൂരില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയും റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. “പൊതുമേഖലാ ബാങ്കില്‍ 248.20 രൂപയുള്ള അക്കൌണ്ട് അവസാനിപ്പിക്കാന്‍ വീട്ടമ്മയ്ക്ക് അറ്റയ്ക്കേണ്ടിവന്നത് 252 രൂപ.” ഗ്യാസ് സബ്സിഡിയായി വന്ന 785.10 രൂപയില്‍ നിന്നും മിനിമം ബാലന്‍സിലാത്തതിനാല്‍ 536.90 രൂപ ബാങ്ക് പിടിച്ചു. ബാലന്‍സ് 248.20 രൂപ. ഈ അക്കൌണ്ട് ക്ലോസ് ചെയ്യാന്‍ വേണ്ടി ബാങ്കിനെ സമീപിച്ച അല്ലി തങ്കച്ചനോട് 252 കൂടി അടച്ചാലെ അക്കൌണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നു ബാങ്ക് പറഞ്ഞു.”

“എസ് ബി അക്കൌണ്ടുകളില്‍ മിനിമം തുക സൂക്ഷിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 2017 ഏപ്രിലിനും നവംബറിനും ഇടയില്‍ ഈടാക്കിയത് 2330 കോടി രൂപ. ഇതില്‍ 1771 കോടിയും ഈടാക്കിയത് എസ് ബി ഐയാണ്.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/update-sbi-below-minimumbalance-collection-1771cr/

2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ധന മന്ത്രാലയത്തിന്റെ കണക്കാണിത്. എസ്ബിഐയുടെ ജൂലായ് – സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തേക്കാള്‍ വരുമിത്. ഈ കാലയളവിലെ നെറ്റ് പ്രൊഫിറ്റ് 1581.55 കോടി രൂപയാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നെറ്റ് പ്രൊഫിറ്റ് 3586 കോടി രൂപ. 2016-17 സാമ്പത്തിക വര്‍ഷം എസ്ബിഐ മിനിമം ബാലന്‍സ് വയ്ക്കാത്തവരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കിയിരുന്നില്ല. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇത് തിരിച്ചുകൊണ്ടുവരുകയായിരുന്നു.

42 കോടി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതില്‍ 13 കോടി അക്കൗണ്ടുകള്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ്‌സ് അക്കൗണ്ടുകളോ പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളോ ആണ്. ഈ രണ്ട് വിഭാഗങ്ങള്‍ക്കും ചാര്‍ജ്ജ് ചുമത്തുന്നില്ല. എസ്ബിഐ കഴിഞ്ഞാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് ചാര്‍ജ്ജ് ഈടാക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത് 97.34 കോടി രൂപ. കനറ ബാങ്ക് ഈടാക്കിയത് 62.16 കോടി രൂപ.

മിനിമം ബാലന്‍സ് പിഴ കൂടാതെ നിരവധി മറ്റ് പിഴകളും അഡീഷണല്‍ ചാര്‍ജ്ജുകളും പൊതുമേഖലാ സ്വകാര്യ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുണ്ട്. സൌജന്യമായി പണം പിന്‍വലിക്കുന്നതിനുള്ള എ ടി എം പരിധി ഉള്‍പ്പെടെ.

http://www.azhimukham.com/sbi-debt-write-off-40000-crore-rupees/

കോഴിക്കോട്ടെ കെഎ സൈഫുദ്ദീന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ അക്കൌണ്ടില്‍ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ 13,300 രൂപയാണ് എസ്ബിഐ വലിച്ചത്. ഇതേ കുറിച്ച് ഇദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുകയായിരുന്നു. ബാങ്കിന് മുന്‍പില്‍ സമരമിരിക്കും എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഒടുവില്‍ ബാങ്ക് പണം തിരിച്ചു നല്‍കി.

സൈഫുദ്ദീന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബാങ്കല്ല, എസ്.ബി.ഐ കൊള്ളസംഘം തന്നെ- കെ.എ. സൈഫുദ്ദീന്‍

അക്കൗണ്ടില്‍ പതിനയ്യായിരത്തിനുമേല്‍ രൂപ ഉണ്ടെന്ന ഉറപ്പോടെയാണ് ഇന്ന് രാവിലെ ഒരു പാന്‍റ്സെടുക്കാന്‍ കടയില്‍ കയറിയത്..

ക്യാഷ് പേ ചെയ്യാന്‍ എ.ടി.എം/ഡെബിറ്റ് കാര്‍ഡെടുത്ത് സൈ്വപ്പ് ചെയ്യുമ്പോള്‍ എറര്‍. അക്കൗണ്ടില്‍ മതിയായ പണമില്ല... ഞെട്ടിപ്പോയി..

കുറച്ചുമുമ്പ് കാര്‍ഡുപയോഗിച്ച് പെട്രോള്‍ അടിക്കുകയും എ.ടി.എമ്മില്‍ നിന്ന് ക്യാഷായി രണ്ടായിരം എടുത്ത് മറ്റൊരാള്‍ക്ക് കൊടുക്കുകയും ചെയ്തതാണ്.. ഇതെന്ത് മറിമായം...?

http://www.azhimukham.com/inner-truths-about-bank-bad-debt-t-narendran/

പാക്ക് ചെയ്ത സാധനം തിരികെ കൊടുത്ത് നേരേ വീട്ടിലത്തെി SBI സൈറ്റില്‍ കയറി അക്കൗണ്ട് ഡീറ്റയില്‍സ് പരിശോധിക്കുമ്പോള്‍ കാണാം, 13,300 രൂപ ഡിസംബര്‍ 15ന് അക്കൗണ്ടില്‍നിന്ന് വലിച്ചിരിക്കുന്നു. അത് സംബന്ധമായി യാതൊരുവിധ മെസേജോ മറ്റ് അറിയിപ്പോ ഒന്നും വന്നിരുന്നില്ല. ദോഷം പറയരുതല്ളോ, മാസംതോറും എസ്.എം.എസ് സംവിധാനത്തിന്‍െറ പേരില്‍ അക്കൗണ്ടില്‍നിന്ന് കൃത്യമായി പണം പിടിക്കുന്നുണ്ട്.

നേരേ ബാങ്കിലത്തെി കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും യാതൊരു വിവരവുമില്ല. തുക withdraw ചെയ്തിരിക്കുന്നുവെന്നല്ലാതെ മറ്റൊന്നും അറിയില്ല. ആര് പിന്‍വലിച്ചു എന്ന ചോദ്യത്തിനും മറുപടി ഇല്ല..

വിശദമായ അന്വേഷണത്തില്‍ കാശുപോയ വഴി തെളിഞ്ഞുവരുന്നു...

SBIയും SBTയും ലയിക്കുന്നതിനും നാല് വര്‍ഷം മുമ്പ് വീട് നിര്‍മാണത്തിന് SBIയില്‍നിന്ന് 10 ലക്ഷം രൂപ ലോണെടുത്തിരുന്നു. അതിന്‍െറ EMI 13,300 രൂപയാണ്. എന്‍െറയും വൈഫിന്‍െറയും പേരിലാണ് ലോണ്‍ എടുത്തിരിക്കുന്നത്. കോഴിക്കോട് മാനാഞ്ചിറയിലെ RASMECC ബ്രാഞ്ചില്‍നിന്നാണ് ലോണ്‍. അതിന്‍െറ തിരിച്ചടവിനായി ഞങ്ങളുടെ പേരില്‍ അവിടെ തന്നെ ഒരു ജോയന്‍റ് SB അക്കൗണ്ടുമുണ്ട്. 15ാം തിയതിയാണ് EMI അടയ്ക്കേണ്ട ദിവസം. എല്ലാ ദിവസവും 15ന് മുമ്പായി ഈ അക്കൗണ്ടിലേക്ക് ക്യാഷ് എത്തിക്കാറുണ്ട്. തിരിച്ചടവ് തുടങ്ങിയ അന്നു മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 15 വരെ ഒരു തവണ പോലും EMI മുടങ്ങിയിട്ടില്ല. (എന്നിട്ടും രണ്ടുതവണ EMI മുടങ്ങിയെന്ന പേരില്‍ 1800 രൂപ പിഴയായി ഈടാക്കിയിരുന്നു. അക്കൗണ്ട് deatailsന്‍െറ പ്രിന്‍റുമായി ബ്രാഞ്ചിലത്തെി ബോധ്യപ്പെടുത്തിയപ്പോള്‍ അത് തിരികെ credit ചെയ്തു)

കോഴിക്കോട് വെള്ളിമാടുകുന്നിലെ SBT ബ്രാഞ്ചിലാണ് ഞങ്ങളുടെ സാലറി അക്കൗണ്ട്. SBIയില്‍ ലയിക്കുന്നതുവരെ വലിയ കുഴപ്പമില്ലാതെ പോയതാണ്്. ലയിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ കഷ്ടകാലവും തുടങ്ങി. ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് മാനാഞ്ചിറയിലെ ഞങ്ങളുടെ ജോയന്‍റ് അക്കൗണ്ടില്‍നിന്നും എന്‍െറ സാലറി അക്കൗണ്ടില്‍നിന്നും ഒരേ പോലെ 13,300 രൂപ വീതം പിടിച്ചിരിക്കുന്നു. അതാണ് അക്കൗണ്ടിലെ പണം ആവിയായി പോയതിനു കാരണം.

http://www.azhimukham.com/ticket-less-woman-traveller-wont-pay-rs-260-fine-catch-mallya-first/

EMI അടയ്ക്കുന്നതില്‍ വീഴ്ചവരുത്താത്ത ഒരാളില്‍ നിന്ന് ഒരേ ദിവസം എങ്ങനെയാണ് രണ്ട് EMI പിടിക്കുക...?

മാത്രവുമല്ല, എന്‍െറ സാലറി അക്കൗണ്ടില്‍നിന്ന് പണം EMI പിടിക്കാന്‍ ഞാന്‍ യാതൊരുവിധ Standing Instructionഉം കൊടുത്തിട്ടില്ളെന്നിരിക്കെ എന്‍െറ അറിവോ സമ്മതമോ ഇല്ലാതെ എന്‍െറ അക്കൗണ്ടിലെ പണം എങ്ങനെയാണ് മറ്റൊരിടത്തേക്ക് മാറ്റുക..? അപ്പോള്‍ എന്തു സുരക്ഷയാണ് കസ്റ്റമറുടെ പണത്തിനുള്ളത്...?

ഈ ചോദ്യങ്ങള്‍ക്കൊന്നും ബ്രാഞ്ച് മാനേജര്‍ക്ക് മറുപടിയില്ല. നിങ്ങളുടെ പണം ഞങ്ങള്‍ എടുത്തിട്ടില്ല എന്നായി അവര്‍.

‘പിന്നെ ഞാന്‍ വന്നു കുത്തിപ്പൊളിച്ച് എടുത്തോണ്ടു പോയതാണോ..?’ എന്നായി ഞാന്‍...

എടുത്തിടത്തു പോയി ചോദിക്കൂ എന്നാണ് അവരുടെ ഹുങ്കോടെയുള്ള മറുപടി.

‘എന്‍െറ സാലറി നിങ്ങളുടെ ബ്രാഞ്ചിലെ അക്കൗണ്ടിലാണ് എത്തിയത്. നിങ്ങള്‍ ഈ ബ്രാഞ്ചിന്‍െറ മാനേജറാണ്. ഞാന്‍ ഈ ബാങ്കിലെ കസ്റ്റമറും. ഞാന്‍ വന്നു ചോദിക്കുമ്പോള്‍ എന്‍െറ പണം തന്നേപറ്റൂ. അതിനു പറ്റില്ളെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് ബ്രാഞ്ച് മാനേജറായിരിക്കുന്നത്....?’

അങ്ങനെ കലഹം മൂര്‍ഛിക്കുന്നതിനിടയില്‍ അവര്‍ പറയുന്നു ഞാന്‍ EMI അടയ്ക്കാത്തതുകൊണ്ട് പിടിച്ചതായിരിക്കും, അല്ളെങ്കില്‍ ഫ്രീസ് ചെയ്തതായിരിക്കും എന്ന്.

http://www.azhimukham.com/newsupdate-thomasisaac-financeminister-slams-sbi-on-its-new-servicecharges/

കണ്‍ട്രോളു പോകാന്‍ വേറേ വല്ലതും വേണോ...!

‘നിങ്ങളുടെ ബ്രാഞ്ചില്‍നിന്ന് ഞാന്‍ ലോണെടുത്തിട്ടുണ്ടോ..?’

‘ഇല്ല...’

‘മറ്റൊരിടത്തുനിന്ന് എടുത്ത ലോണിന് ഇവിടുത്തെ അക്കൗണ്ടില്‍നിന്ന് പണമെടുക്കാന്‍ Standing Instruction തന്നിട്ടുണ്ടോ..?’

‘ഇല്ല...’

‘പിന്നെ എന്‍െറ പണം എവിടെപ്പോയി..?’

‘അതെനിക്കറിയില്ല...’

ഞാന്‍ പുറത്തുപോയി രണ്ട് അക്കൗണ്ടിന്‍െറയും ആറുമാസത്തെ Statementന്‍െറ പ്രിന്‍െറടുത്ത് അവരുടെ മുന്നില്‍ കൊണ്ടുപോയി കാണിച്ചു.

അതില്‍ രണ്ട് അക്കൗണ്ടില്‍ നിന്നും ഒരേ ദിവസം 13,300 രൂപ EMI പിടിച്ചിരിക്കുന്നു..

ഒടുവില്‍ അവര്‍ പറയുകയാണ് ‘നിങ്ങള്‍ ഒരു പരാതി എഴുതിത്തരൂ, മുകളിലേക്ക് അയക്കാം... ഞങ്ങള്‍ അന്വേഷിക്കാം’ എന്ന് ...’

ഞാന്‍ പറഞ്ഞു പരാതി നിങ്ങള്‍ എഴുതി മോളില്‍ കൊടുത്താല്‍ മതി. ‘എന്‍െറ ബ്രാഞ്ചിലെ കസ്റ്റമറുടെ പണം കാണുന്നില്ല, തിരികെ തരണമെന്ന്..’

അവസാനം, 24 മണിക്കൂറിനുള്ളില്‍ പണം എന്‍െറ അക്കൗണ്ടില്‍ എത്തിച്ചില്ലെങ്കില്‍ നാളെ ബാങ്കിന്‍െറ നടയില്‍ കുത്തിയിരിക്കുമെന്ന് അന്ത്യശാസനം കൊടുത്തിരിക്കുകയാണ്...

മുമ്പും ഇതേപോലെ EMI തിയതിക്കു മുമ്പായി എന്‍െറ സാലറി അക്കൗണ്ടില്‍നിന്ന് പണം പിടുങ്ങിയപ്പോള്‍ അത് ബാങ്ക് ലയിപ്പിച്ചതുകൊണ്ട് സര്‍വറിലുണ്ടായ ആശയക്കുഴപ്പമാണ്, ഇനിയുണ്ടാവില്ല എന്നു പറഞ്ഞതാണ്..

നാളെ മിക്കവാറും കലാപം നടത്തേണ്ടിവരുമെന്നാ തോന്നുന്നത്...

http://www.azhimukham.com/state-owned-banks-bad-debts-crores-corporate-loans-reserve-bank-of-india-team-azhimukham/

പ്രത്യേക ശ്രദ്ധയ്ക്ക്

കണക്കും കാര്യവും സൂക്ഷ്മമായി നോക്കി പോകുന്നതുകൊണ്ടും അതിനു മാത്രമുള്ള പണമേ നമ്മുടെ കൈയില്‍ ഉള്ളൂ എന്നതിനാലുമാണ് ഇങ്ങനെ അക്കൗണ്ട് ആവിയായി പോകുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞത്. അങ്ങനെയല്ലാത്തവരുടെ അക്കൗണ്ടുകളില്‍ എന്തു നടക്കുന്നു പണം എങ്ങോട്ടു പോകുന്നു എന്നൊക്കെ ഇടയ്ക്കിടെ പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും...

കാരണം, മൂത്രമൊഴിക്കാനുള്ള കാശടയ്ക്കല്‍ പോലും അക്കൗണ്ട് വഴിയേ നടക്കൂ എന്ന് നിയമം പാസാക്കിയിരിക്കെ പ്രത്യേകിച്ചും...

കഴിഞ്ഞ ദിവസം, ഇതെഴുതുന്ന ആള്‍ക്കുണ്ടായ അനുഭവം കൂടി. ഡിസംബര്‍ മാസത്തെ കാര്‍ ലോണ്‍ അടവ് തെറ്റിയപ്പോള്‍ ടയോട്ട ഫിനാന്‍സ് എക്സിക്യൂട്ടീവ് നില്‍ക്കാനും ഇരിക്കാനും പറ്റാത്ത രീതിയില്‍ വിളി തുടങ്ങി. ജനുവരി 2ന് ശമ്പളം കിട്ടുന്ന മുറയ്ക്ക് അടച്ചോളാം എന്ന് പറഞ്ഞിട്ടൊന്നും എക്സിക്യൂട്ടിവ് സമ്മതിക്കുന്നില്ല. ഈയര്‍ എന്‍ഡ് ആണ് എന്നൊക്കെ പറഞ്ഞു അവന്റെ ബുദ്ധിമുട്ടുകള്‍ പറയാന്‍ തുടങ്ങി. ഒടുവില്‍ അയാള്‍ ഒരു ബുദ്ധി ഉപദേശിച്ചു. ചെക്ക് കൊടുത്താല്‍ മതി. ഡിസംബര്‍ 31 ഞായര്‍ ആയതുകൊണ്ട് ജനുവരി ഒന്ന് ഉച്ചയ്ക്ക് ശേഷമേ ചെക്ക് ബാങ്കില്‍ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ. രണ്ടിന് പണം അക്കൌണ്ടില്‍ ഉണ്ടായാല്‍ മതി. രണ്ടാം തീയതി രാവിലെ 9.56 ആയപ്പോഴേക്കും ലോണ്‍ അടവിന് ആവശ്യമായ പണം ഞാന്‍ എന്റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ലോണ്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ ഉച്ചയ്ക്ക് അക്കൌണ്ട് പരിശോധിച്ചപ്പോള്‍ ടയോട്ടക്കാര്‍ ലോണ്‍ പിടിച്ചിട്ടില്ല. പകരം ചെക്ക് ബൌണ്‍സ് ചാര്‍ജ്ജ് എന്ന് പറഞ്ഞ് എസ് ബി ഐ 590 രൂപ പിടിച്ചിട്ടുണ്ട്. അതും ഞാന്‍ പണം ബാങ്കില്‍ ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം!

http://www.azhimukham.com/cooperative-bank-reid-for-blackmoney-cbi/

സെയ്ഫുദ്ദീന്‍റെ വാക്കുകള്‍ കടമെടുത്താല്‍, “മൂത്രമൊഴിക്കാനുള്ള കാശടയ്ക്കല്‍ പോലും അക്കൗണ്ട് വഴിയേ നടക്കൂ എന്ന് നിയമം പാസാക്കിയിരിക്കെ” ഇതല്ല ഇതിനപ്പുറവും സംഭവിക്കും. വിജയ് മല്യയെപ്പോലുള്ള ശതകോടീശ്വരന്‍മാരുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്ന പൊതുമേഖലാ ബാങ്കുകളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന ഹമീദാ ബീവിയുടെയും അല്ലി തങ്കച്ചന്റെയും പണം മോഷ്ടിക്കുന്നത്.

ഇനി നരേന്ദ്ര മോദിയുടെ ആരാധകരായ സംഘപരിവാറുകാരോട്. നിങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്നവര്‍ എന്നാക്ഷേപിച്ച സഹകരണ ബാങ്കുകളാണ് ഒരു പിഴ പോലും ഈടാക്കാതെ വൃദ്ധരുടെയും അഗതികളുടെയും പെന്‍ഷന്‍ കാശ് വീട്ടില്‍ കൊണ്ടുവന്നു കൊടുക്കുന്നത്.

ധനമന്ത്രിയോട് ഒരു അപേക്ഷ, പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളിലേക്ക് മാറ്റും എന്ന് ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. മാറ്റുക തന്നെ ചെയ്യണം.

http://www.azhimukham.com/kerala-how-kanjikkuzhi-co-operative-bank-bring-changes-in-peoples-life/

http://www.azhimukham.com/proposal-to-create-bad-bank-recovery-of-pending-loans-sitaram-yechury-letter-pm/

http://www.azhimukham.com/cooperative-bank-reid-for-blackmoney-cbi/

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories