Top

ഗുണം വരാതെ പോകണേ...; സുധീരന്‍ മനസുരുകി പ്രാകുമ്പോള്‍

ഗുണം വരാതെ പോകണേ...; സുധീരന്‍ മനസുരുകി പ്രാകുമ്പോള്‍
കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഇരയാണ് താനെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം കാരണമാണ് തനിക്ക് കെപിസിസി പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വന്നത് എന്നും നേതൃയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിലംതൊടാതെ പറപ്പിച്ചു കളഞ്ഞത് മറ്റൊരു പീഡന വിവാദമായിരുന്നു. ഗ്രൂപ്പ് ഭേദമന്യേ, പ്രായ ഭേദമന്യേ നേതാക്കള്‍ ആ സ്മാര്‍ത്ത വിചാര പട്ടികയില്‍ കുടുങ്ങി. പലരും ഓടിയൊളിച്ചു, മുങ്ങി നടന്നു, കണ്ണീര്‍ വാര്‍ത്തു, രോഷം കൊണ്ടു. 'അയ്യേ' എന്നു കേരള ജനത മൂക്കത്ത് വിരല്‍വെച്ചു. ആ 'അയ്യേ' തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും മൂക്കുകുത്തി വീണു. അങ്ങനെ കുഞ്ഞാലിക്കുട്ടിക്കും കെഎം മാണിക്കും ഒക്കെ ബ്ലാക്ക് മെയില്‍ ചെയ്യാവുന്ന പരുവത്തില്‍ ഉണങ്ങി കോലംകെട്ടു.

ആ ദുരന്തത്തിന്റെ പ്രത്യാഘാതം കോണ്‍ഗ്രസിനെ വിടാതെ പിന്തുടരുന്നു എന്നതിന്റെ സൂചനയാണ് പുതിയ കലാപങ്ങള്‍. വൃദ്ധ നേതൃത്വത്തിനെതിരെ എന്ന വ്യാജേന കോണ്‍ഗ്രസ്സിലെ യുവതുര്‍ക്കികള്‍ ആരംഭിച്ച കലാപം ഇന്ന് സുധീരന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുന്നു. യുവസിങ്കങ്ങള്‍ ഓടിയ വഴിയില്‍ പുല്ലു പോലും മുളക്കില്ല എന്നതാണ് സത്യം.

എന്നാല്‍ കോണ്‍ഗ്രസിലെ വി എസ് ആയ വി എം വിടാന്‍ ഭാവമില്ല. ഇന്നലെ നടന്ന കെപിസിസി നേതൃയോഗത്തില്‍ അദ്ദേഹം തുറന്നടിച്ചു. കൂരമ്പുകള്‍ കൂടുതലും തറച്ചത് എ ഗ്രൂപ്പുകാര്‍ക്ക് ആയതുകൊണ്ട് ആന്ധ്രയിലെ കോണ്‍ഗ്രസ്സിനെ ഒരു വഴിക്കാക്കാന്‍ പോയ ഉമ്മന്‍ ചാണ്ടിയുടെ അഭാവത്തിലും ശിങ്കിടികള്‍ സുധീരന്‍ സംസാരിക്കുന്നത് തടഞ്ഞു എന്നാണ് മാധ്യമ വാര്‍ത്തകള്‍.

കെപിസിസി പ്രസിഡന്റ് സ്ഥാനം താന്‍ രാജി വച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളി അസഹ്യമായതോടെയാണ് എന്ന് വിഎം സുധീരന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാല്‍ ഗ്രൂപ്പ് കളിയായിരുന്നു പ്രധാന കാരണം എന്ന് സുധീരന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രാജി വയ്ക്കാന്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. “ഞാനല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ബൂത്ത്, വാര്‍ഡ് കമ്മിറ്റികളുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജ്ജിതമാവുന്നു എന്നു കണ്ടപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ അങ്ങോളമിങ്ങോളം യോഗങ്ങള്‍ വിളിച്ച് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് തോല്‍വിയുടെ പ്രധാന കാരണം. സ്ഥാനാര്‍ത്ഥികള്‍ മൂലം 21 സീറ്റുകളെങ്കിലും നഷ്ടപ്പെട്ടു. ഇരു ഗ്രൂപ്പുകളും വാരിത്തോപ്പിച്ചത് വേറെ”. ഇത്രയും സുധീരന്‍ പറഞ്ഞപ്പോള്‍ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് ചൊറിഞ്ഞു തുടങ്ങി. സുധീരന്റെ മദ്യനയമാണ് തോല്‍വിക്ക് കാരണം എന്ന് അവര്‍ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് വിളിച്ചുപറഞ്ഞുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സുധീരന് ഗ്രൂപ്പില്ലെന്നാണ് വെപ്പെങ്കിലും 'വി എം ഇസം' പിന്തുടരുന്ന ടി എന്‍ പ്രതാപനെ പോലുള്ള ആദര്‍ശ കുമാരന്‍മാര്‍ സുധീരനെ പ്രതിരോധിച്ചു രംഗത്ത് വന്നു. അതോടെ യോഗം ബഹളത്തില്‍ കലാശിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കയ്യാങ്കളിയുടെ വക്കത്തെത്തി എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് പുറത്തിറങ്ങിയ സുധീരന്‍ സംഘടനയ്ക്ക് പുറത്ത് തുറന്ന പ്രസ്താവന നടത്തരുത് എന്ന വാണിംഗ് വകവെയ്ക്കാതെ മാധ്യമങ്ങളോടാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഗ്രൂപ്പ് മാനേജര്‍മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ഈ പാര്‍ട്ടി രക്ഷപ്പെടില്ല എന്നാണ് വി എം മനസുരുകി പ്രാകിയത്. സ്വന്തം പാര്‍ട്ടിയെ കുറിച്ച് ഒരു മുന്‍ കെപിസിസി പ്രസിഡണ്ട് പറയാന്‍ പാടില്ലാത്തതാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്സ് ചെന്നുപെട്ട അധഃപതനത്തില്‍ അങ്ങനെ പറഞ്ഞുപോയതില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല.

എന്തായാലും അടുത്തുകൊണ്ടിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ നിലംതൊടാതെ വീഴാനുള്ള പുകയൊക്കെ കോണ്‍ഗ്രസ്സില്‍ ആയിക്കഴിഞ്ഞു. അതൊന്നു കത്തിച്ചു നിര്‍ത്തേണ്ട പണിയേ ഇടതുപക്ഷത്തിനുള്ളൂ.

ബിജെപിയുടെ കാര്യം പ്രത്യേകിച്ചു പറയാനൊന്നുമില്ല. കുമ്മനംജിയെ നാടുകടത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ലക്ഷണമൊത്ത അധ്യക്ഷനെ കണ്ടെത്താന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ കഥ വഴിയേ പറയാം..

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/opinion-political-profile-of-vm-sudheeran-writes-mbsanthosh/

Next Story

Related Stories