TopTop

മൂന്നരക്കോടി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലീസുകാര്‍ ആത്മഹത്യാ മുനമ്പില്‍

മൂന്നരക്കോടി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലീസുകാര്‍ ആത്മഹത്യാ മുനമ്പില്‍
രണ്ടാഴ്ചയ്ക്കിടയില്‍ കൊച്ചിയില്‍ രണ്ടു പോലീസുകാര്‍ ജീവനൊടുക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 18 പോലീസുകാര്‍. ഈ കണക്ക് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അലോസരപ്പെടുത്തുന്നുണ്ട് എന്നു ഇതുവരെ വ്യക്തമല്ല. ഇതിനെ പ്രതിരോധിക്കാന്‍ ഡിജിപി ബെഹ്റ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ദ്ദേശിച്ച നടപടികളില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ എന്നും അറിയില്ല.

ഇന്നലെ ആത്മഹത്യ ചെയ്ത എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ് ഐ ടി. ഗോപകുമാറിന്റെ ആത്മഹത്യ കുറിപ്പിലെ ആവശ്യം മേലുദ്യോഗസ്ഥരെ തന്റെ മൃതദേഹം കാണിക്കരുത് എന്നായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“തന്റെ മൃതദേഹം നോര്‍ത്ത് സി ഐ കെ.ജെ പീറ്റര്‍, എസ് ഐ വിബിന്‍ ദാസ് എന്നിവരെ കാണാന്‍ പോലും അനുവദിക്കരുത്” എന്നാണ് ഗോപകുമാറിന്റെ ആവശ്യം. ഇന്‍ക്വസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജബ്ബാറിനെക്കൊണ്ട് നടത്തിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഔദ്യോഗിക ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ട് എന്നും ഗോപകുമാറിന്റെ കുറിപ്പില്‍ ഉണ്ട്.

സംസ്ഥാനത്ത് ക്രമസമാധാന പാലനം നടത്തേണ്ട 50,000-ത്തിലധികം വരുന്ന പോലീസുകാരില്‍ ഏറെപ്പേരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട് എന്ന് തന്നെയാണ് മേല്‍ കൊടുത്ത ആത്മഹത്യ കണക്ക് സൂചിപ്പിക്കുന്നത്. പുതിയ എല്ലാ തൊഴില്‍ മേഖലയിലും ഉള്ള സമ്മര്‍ദം മാത്രമായി ഇതിനെ ലഘൂകരിച്ചു കാണാന്‍ പറ്റില്ല. കാരണം സംസ്ഥാനത്തെ മൂന്നര കോടിയോളം വരുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട തൊഴില്‍ സേനയാണിത്.

http://www.azhimukham.com/trending-si-gopakumars-suicide-si-vipindas-is-the-cause-as-per-suicide-note/

പൊലീസുകാര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും എല്ലാ എസ് പിമാര്‍ക്കും യൂണിറ്റ് ചീഫുമാര്‍ക്കും നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊഴില്‍ സംബന്ധമായോ കുടുംബ പ്രശ്‌നങ്ങളുടെ ഭാഗമായോ ഇത് രണ്ടും ചേര്‍ന്നോ ഉണ്ടാകുന്ന മാനസികസമ്മര്‍ദ്ദങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയത്.

പോലീസുകാര്‍ക്കിടയില്‍ ഈ പ്രശനം അതീവ ഗുരുതരമാണ് എന്നത് മാനസിക ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്നുണ്ട്. “കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരും ഉറക്കം നഷ്ടപ്പെടുന്നവരും എത്തുന്നുണ്ട്. ഏത് സമയത്തും ഡ്യൂട്ടിക്ക് സന്നദ്ധനായിരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ട്. പലരും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കടുത്ത മദ്യപാനത്തിലേയ്ക്ക് നീങ്ങുന്നു. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഈ സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നൊരു സംവിധാനം നല്ലതാണ്”, തിരുവനന്തപുരത്തെ മാനസിക രോഗ വിദഗ്ദ്ധനായ ഡോ. അരുണ്‍ ബി നായര്‍ പറയുന്നു.

http://www.azhimukham.com/newswrap-criminalisation-in-kerala-police/

അതേസമയം ഈ അടുത്തകാലത്ത് കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എ എസ് ഐ പി.എം തോമസ് തൂങ്ങിമരിച്ചത് തനിക്കെതിരായ കേസില്‍ വിചാരണ ആരംഭിക്കുന്ന ദിവസമാണ്. പോലീസില്‍ വ്യാപകമായ ക്രിമിനല്‍വത്ക്കരണത്തെയാണ് അത് സൂചിപ്പിക്കുന്നത്. ക്രിമിനല്‍ കേസില്‍ അകപ്പെട്ട നിരവധി പോലീസുകാര്‍ കേരള പോലീസ് സേനയിലുണ്ട്. അത് പോലീസ് സേനയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്. സിസ്റ്റര്‍ അഭയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ റിട്ട ക്രൈം ബ്രാഞ്ച് എസ് പി കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കികൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് തെളിയിക്കുന്നത് നിയമലംഘനത്തിന് പോലീസുകാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ ഗുരുതര യാഥാര്‍ഥ്യമാണ്.

http://www.azhimukham.com/prabahavathi-mother-of-udayakumar-tortured-killed-in-fort-police-station-thiruvananthapuram-speaks-safiya/

സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിലൂടെ പൊതുസമൂഹം ശ്രദ്ധിച്ച പാറശാലയിലെ ശ്രീജീവിന്റെ കസ്റ്റഡിമരണവും ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസ്, മാരാരിക്കുളം സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ലൈജു എന്നിവര്‍ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതും സമീപകാല സംഭവങ്ങളാണ്. ഇതുപോലെ നിരവധി പോലീസുകാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. 2016ല്‍ വിവിധ കേസുകളില്‍പ്പെട്ട് 1300ഓളം സിവില്‍ പോലീസ് ഓഫിസര്‍മാരാണു സസ്പെന്റ് ചെയ്യപ്പെട്ടത്. അതേസമയം ഈ കാലയളവില്‍ 12ഓളം ഉന്നത ഉദ്യോഗസസ്ഥര്‍ മാത്രമാണ് നടപടിക്കു വിധേയയമായത് എന്നു കൂടി അറിയുമ്പോഴാണ് എന്തുകൊണ്ടാണ് ഗോപകുമാര്‍ തന്റെ മേലുദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് കത്തെഴുതിയത് എന്നത് മനസിലാകുക.

http://www.azhimukham.com/kerala-sreejiths-mother-begging-for-her-sons-life-aruntvijayan/

അതേസമയം പോലീസുകാരുടെ ജോലി ഭാരവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 7.36 ലക്ഷം എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. 506 പോലീസ് സ്റ്റേഷനുകളിലായി 13 ലക്ഷം പരാതികളാണ് ശരാശരി വരുന്നത്. ഇത് കൈകാര്യം ചെയ്യാന്‍ അന്‍പത്തിനാലായിരത്തോളം പേര്‍ മാത്രമാണു ഉള്ളത്.

“നഗരങ്ങളില്‍ ജോലി ചെയ്യുന്ന പോലീസുകാരാണ് കൂടുതല്‍ സമ്മര്‍ദത്തില്‍പ്പെടുന്നത്”, മുന്‍ ജയില്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ് മാതൃഭൂമിയോട് പറഞ്ഞു. അതേ സമയം സ്ട്രെസ് മാനേജ്‌മെന്റ് എന്ന് പറഞ്ഞ് എവിടെയെങ്കിലും എന്തെങ്കിലും ക്ലാസ് എടുക്കുന്നു അല്ലാതെ ഒന്നും നടക്കുന്നില്ല എന്നാണ് വിരമിച്ച മുന്‍ എസ് പി സുഭാഷ് ബാബു അഴിമുഖത്തോട് പറഞ്ഞത്.

മൂന്നോ നാലോ ക്ലാസുകള്‍ കൊണ്ട് പരിഹാരം കാണാന്‍ സാധിക്കുന്ന പ്രശ്നമല്ല സമീപകാലത്തെ പോലീസ് ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്.

http://www.azhimukham.com/kerala-16-policemen-committed-suicide-in-last-eight-months/

Next Story

Related Stories