Top

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍
ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് നേതൃത്വം കൊടുത്ത മോഹന്‍ലാലിന്റെ കോലം കത്തിച്ചുകൊണ്ടാണ് സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് പ്രതിഷേധിച്ചത്. രാഷ്ട്രീയക്കാരുടെ ഈ പ്രിയപ്പെട്ട സമരമാര്‍ഗ്ഗത്തിന് വിധേയനാകുന്ന മലയാള സിനിമയിലെ രണ്ടാമത്തെ താരമായിരിക്കും ചിലപ്പോള്‍ മോഹന്‍ലാല്‍. നേരത്തെ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതിന്റെ പേരില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കോലം കത്തിക്കലും കരിങ്കൊടി വീശലുമൊക്കെയായി കാര്യപരിപാടികള്‍ ഉഷാറാക്കിയിരുന്നു. എന്തായാലും രാഷ്ട്രീയ കേരളം സിനിമാക്കാരെ നിര്‍ത്തി പൊരിക്കുന്നതാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. സിനിമാ താരങ്ങള്‍ക്ക് പണത്തിന്റെ അഹങ്കാരമാണ് എന്നു വരെ മന്ത്രി ജി സുധാകരന്‍ ആഞ്ഞടച്ചിരുന്നു. മോഹന്‍ലാലില്‍ നിന്നും ഉന്നതമായ സാംസ്‌കാരിക നിലവാരം പ്രതീക്ഷിച്ചു എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞത്.

ഇന്നലെ മോഹന്‍ലാലിന്റെ കോലം കത്തിച്ചവര്‍ പ്രഖ്യാപിച്ചത് താരത്തിന്റെ പുതിയ സിനിമകളുടെ ചിത്രീകരണം തടയുമെന്നാണെന്നാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അത് അവരുടെ മാതൃ പ്രസ്ഥാനത്തിന്റെ നിലപാടാണോ എന്നറിയില്ല. എന്തായാലും അതില്‍ ഒരു തൊഴിലാളി വിരുദ്ധതയില്ലേ എന്നാണ് സംശയം. (അത് മറ്റൊരു വിഷയം)

പക്ഷേ അതിനേക്കാള്‍ കൌതുകം പകരുന്നത് മോഹന്‍ ലാലിന്റെ കോലം കത്തിച്ച കാഴ്ചയുടെ പ്രതീകാത്മക ധ്വനിയാണ്. വെളിത്തിരയില്‍ തിന്മയുടെ രൂപങ്ങളെയെല്ലാം തച്ചു തകര്‍ത്തു ചാമ്പലാക്കി മഹാമേരുവായി വിജൃംഭിച്ചു നില്‍ക്കാറുള്ള നായക രൂപമാണ് കത്തിച്ചാമ്പലായത്. അയാള്‍ മംഗലശ്ശേരി നീലകണ്ഠനാണ്. ഇന്ദുചൂഡനാണ്. ജഗന്നാഥനാണ്. ബാബ കല്യാണിയാണ്. മേജര്‍ മഹാദേവനാണ്. പി മാധവന്‍ നായരാണ്.

പുരുഷ താരങ്ങള്‍ നയിക്കുന്ന എ.എം.എം.എയില്‍ നിന്നും നടിമാര്‍ രാജി വെച്ചതോടെ പുതിയൊരു സ്ത്രീ പക്ഷ ആഖ്യാനം മലയാള സിനിമയില്‍ രൂപപ്പെടുകയാണ് എന്നു വേണം കരുതാന്‍. താര സംഘടന എന്ന ആലും, നാലിലകളും എന്നു പരിഹസിച്ചവരൊക്കെ വിഷയം പൊതുസമൂഹം ഏറ്റെടുത്തു കഴിഞ്ഞു എന്നു മനസിലായതോടെ കണ്ടം വഴി ഓടിക്കഴിഞ്ഞു. നാല് തളിരിലകള്‍ (അവതാരകന്‍ വേണുവിന്റെ പ്രയോഗം) മാത്രമല്ല, ശബ്ദമുയര്‍ത്താന്‍ രേവതിയെ പോലുള്ള മുതിര്‍ന്ന നടിമാരും ഉണ്ടെന്ന് ഇന്നലെ അവര്‍ താരസംഘടനയ്ക്ക് അയച്ച തുറന്ന കത്തോടെ വ്യക്തമായിരിക്കുന്നു.

കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത് എന്നു ആരംഭിക്കുന്ന കത്ത് കേരളത്തിനു പുറത്തുള്ള തങ്ങളടക്കമുള്ള ഡബ്യൂസിസി അംഗങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും ആവശ്യപ്പെടുന്നു.

“അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.”

എന്തായാലും കത്തിലെ ഉള്ളടക്കത്തോട് പ്രതികരിച്ചില്ലെങ്കിലും സംഘടന മുന്‍നിലപാടില്‍ നിന്നും പിന്നോക്കം പോകുന്നതാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണവും നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയുടെയും പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവില്ല എന്ന ദിലീപിന്‍റെ കത്തും.

അതേ, ആണ്‍ സിംഹങ്ങള്‍ മുട്ടുമടക്കുകയാണ്. നായകരില്‍ നിന്നും പ്രതിനായകരിലേക്ക് തങ്ങളുടെ പ്രതിച്ഛായ മാറുന്നതിലെ അപകടം അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിങ്ങനെ പോയാല്‍ കച്ചവടം പൂട്ടിപ്പോകുമെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. ലോകത്തെ തുറന്ന കണ്ണുകളോടെ കാണുന്ന പുതിയൊരു തലമുറ വളര്‍ന്ന് വരുന്നത് കാണാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. പൃഥ്വിരാജിനെയും ആഷിക് അബുവിനെയും പോലെ ചിന്തിക്കുന്ന നിരവധി പേര്‍ ഇനിയുമുണ്ട്. ഏറെ പേര്‍ വരാനിരിക്കുന്നു. ഹോളിവുഡ് അടക്കമുള്ള ലോകത്തെ സിനിമാ വ്യവസായങ്ങളില്‍, ഓസ്കാര്‍ വേദികളില്‍, നൊബേല്‍ പുരസ്കാര നിര്‍ണയത്തില്‍, കാന്‍ ചലച്ചിത്രോത്സവത്തില്‍ ഒക്കെ അത് പ്രതിഫലിച്ചു കഴിഞ്ഞു.

ഇനിയും കൂപമണ്ഡൂകങ്ങളായി കഴിഞ്ഞാല്‍ ആ കിണറ് തന്നെ മൂടപ്പെടും എന്ന അപകട സൂചന തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. ഡബ്ല്യുസിസിയും മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മീഷനും നാല് നടിമാരുടെ രാജിയും മൂന്നു നടിമാരുടെ തുറന്ന കത്തുമൊക്കെ തുടക്കം കുറിച്ചിരിക്കുന്നത് മലയാള സിനിമയുടെ പുതിയ സ്ത്രീപക്ഷ ആഖ്യാനത്തിന് തന്നെയാണ്.

പുരുഷ-സവര്‍ണ്ണ ഗുണ്ടകള്‍ കല്ലെറിഞ്ഞോടിച്ച നഷ്ടനായിക (കഥാകൃത്ത് വിന് എബ്രഹാമിന് കടപ്പാട്) പികെ റോസിയുടെ കൂര കത്തിച്ചുകൊണ്ടാണ് മലയാള സിനിമയില്‍ ആദ്യ തീ പടര്‍ന്നത്. ഇന്നലെ മോഹന്‍ലാലിന്റെ കോലം കത്തിക്കപ്പെട്ടപ്പോള്‍ ആ അഗ്നി തിരിച്ച് പുരുഷാധിപത്യ കോട്ടകളെ കത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമായി. അതിനു മലയാള സിനിമ നടന്നു തീര്‍ത്തത് 90 വര്‍ഷങ്ങളാണ്.

https://www.azhimukham.com/film-interview-with-justice-hema-who-studied-issues-related-to-women-in-malayalam-cinema-by-kr-dhanya/

https://www.azhimukham.com/news-update-wcc-want-special-meeting-in-dileep-issue/

https://www.azhimukham.com/cinema-some-women-questioning-malayalam-cinemas-male-chauvinism-rakeshsanal/

https://www.azhimukham.com/film-sexual-harassment-hotline-in-cannes-film-festival/

https://www.azhimukham.com/literature-no-nobel-prize-for-literature-this-year-reason-sex-scandal/

Next Story

Related Stories