TopTop
Begin typing your search above and press return to search.

ചാണ്ടി, ചാണ്ടിയെ രക്ഷിച്ചു; 'മച്ചുനന്‍ ചന്തു'വായ ചെന്നിത്തലയേയും

ചാണ്ടി, ചാണ്ടിയെ രക്ഷിച്ചു; മച്ചുനന്‍ ചന്തുവായ ചെന്നിത്തലയേയും

'ചാണ്ടി പ്രശ്നം വഷളാക്കി: ഉമ്മന്‍ ചാണ്ടി'. മലയാള മനോരമയുടെ അകത്തെ പേജിലെ ഒരു വാര്‍ത്തയാണ്. തലക്കെട്ടില്‍ ഒരു വികട സരസ്വതിയുണ്ട്. വിചാരിക്കാത്ത ചില അര്‍ത്ഥങ്ങള്‍. ചില ചരിത്ര സൂചനകള്‍.

കഴിഞ്ഞയാഴ്ച 'സൂര്യപ്രകാശ'ത്തില്‍ ഉടുമുണ്ടഴിഞ്ഞു നിന്നയാളാണ് ടിയാന്‍. താന്‍ തന്നെ നിയമിച്ച കമ്മീഷന്‍ തനിക്കെതിരെ ഇത്രയും മാരകമായ കണ്ടത്തലുകള്‍ നടത്തിയിട്ടും കടിച്ചു തൂങ്ങുകയാണ് ഈ ദേഹം. സാധാരണപ്പെട്ട ഏതൊരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വനവാസത്തിനുള്ള എല്ലാ കോപ്പും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നിട്ടും സുസ്മേരവദനനായിട്ടാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.

ഇനി ഇന്നലെ എന്താണ് പറഞ്ഞതെന്ന് നോക്കാം; "സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുന്നത് പോലെയാണ് സര്‍ക്കാര്‍, തോമസ് ചാണ്ടി പ്രശ്നം വഷളാക്കിയത്. മുഖ്യമന്ത്രി നേരത്തെ തന്നെ ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതായിരുന്നു."

ഇതിലേക്ക് അത്ര പഴയതല്ലാത്ത ചില ചരിത്ര നിമിഷങ്ങളെ തിരിച്ചു വിളിക്കുകയാണ്.

ആദ്യത്തേത് ഡോ. യാമിനി തങ്കച്ചി എന്ന മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ താങ്കള്‍ എത്ര വേഗത്തില്‍ തീരുമാനം കൈകൊണ്ടു? 'ഇര' നേരിട്ടു പരാതി തന്നിട്ടും. നിയമസഭയിലെ സംഖ്യാബലത്തിന്റെ ഗതികേടില്‍ താങ്കള്‍ ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു. ഒടുവില്‍ ഗണേഷ് കുമാറിന് രാജി വെച്ചു പോകേണ്ടിയും വന്നു.

http://www.azhimukham.com/keralam-who-is-behind-blackmailing-oommenchandy-antonyka/

ബാര്‍ കോഴ കേസില്‍ കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ എഴുതിക്കിട്ടിയ കെ ബാബുവിന്റെ രാജി എത്ര ദിവസം പോക്കറ്റില്‍ ഇട്ടു നടന്നിട്ടാണ് താങ്കള്‍ തിരിച്ചു കൊടുത്തത്? കെ എം മാണിയും കൂട്ടരും നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയാറുള്ള 'ഇരട്ട നീതി' ഓര്‍ക്കുക.

തോമസ് ചാണ്ടി പ്രശ്നം സര്‍ക്കാര്‍ ഇത്രയും കുഴപ്പത്തിലാക്കിയതിന്റെ മുഖ്യ ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടിയാണ്. കഴിഞ്ഞ ആഴ്ച തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിച്ച ‘നീല’ക്കഥകള്‍ എല്ലാം മറയത്തായി. മാധ്യമങ്ങളും പൊതു സമൂഹവും മറ്റൊരു ചാണ്ടിയുടെ പിന്നാലെ ആയി. ഇല്ലെങ്കില്‍ സോളാര്‍ തുടരന്‍ സാധ്യതയില്‍ ഇപ്പൊഴും നമ്മുടെ മാധ്യമങ്ങള്‍ അലഞ്ഞു നടക്കുമായിരുന്നു.

മറ്റൊരു ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടിയുടെ 'മച്ചുനന്‍ ചന്തു' രമേശ് ചെന്നിത്തലയാണ്. നിയമസഭയിലെ കള്ളച്ചുരിക പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യോടെ പിടികൂടിയതിന്റെ ജാള്യതയിലാണ് മൂപ്പര്‍. താന്‍ പോലും പാരാമര്‍ശിക്കാത്ത ഉമ്മന്‍ ചാണ്ടിയുടെ പേര് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു എന്നാണ് പിണറായി കുത്തിയത്.

http://www.azhimukham.com/kerala-is-chennithalas-padayorukkam-will-collapse-in-solar-earth-quake/

കാസറഗോഡ് നിന്നും പുറപ്പെട്ട ചെന്നിത്തലയുടെ പടയൊരുക്കം തോമസ് ചാണ്ടിയും ഗെയ്ല്‍ സമരവുമൊക്കെയായി സാമാന്യം ജനശ്രദ്ധ പിടിച്ചുപറ്റി മുന്‍പോട്ട് പോകുമ്പോഴാണ് സോളാര്‍ ഭൂകമ്പം ഉണ്ടായത്. അതോടെ പടയൊരുക്കത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. തുടക്കത്തില്‍ വി ഡി സതീശന്‍ സൂചിപ്പിച്ച ‘കളങ്കിതര്‍’ നിരനിരയായി നില്‍ക്കുകയാണ്. അവരെ എങ്ങനെ ഇനി വേദിയില്‍ കയറ്റി ഇരുത്തും? രാഷ്ട്രീയ കേരളം അടക്കം പറയാന്‍ തുടങ്ങി.

ഈ കളങ്കിതര്‍ ഒട്ടുമിക്ക പേരും കേന്ദ്രീകരിച്ചിരിക്കുന്നത് മധ്യ തിരുവിതാംകൂറിലും തെക്കന്‍ തിരുവിതാംകൂറിലുമാണ്. മലബാര്‍ വിട്ടാല്‍ പടയൊരുക്കത്തിന് കാലാളുകളെ കൂട്ടേണ്ടത് ഈ കളങ്കിതര്‍ ആണ്. ഇപ്പോള്‍ പാലക്കാട് കറങ്ങി നടക്കുന്ന പടനായകന്‍ എറണാകുളത്ത് ചെന്നിറങ്ങുമ്പോള്‍ എന്തായാലും ചിത്രം വ്യക്തമാവും.

അതിനിടയില്‍ വീണുകിട്ടിയ ആയുധമാണ് തോമസ് ചാണ്ടിക്കെതിരായും സര്‍ക്കാരിനെതിരായും ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍. ഇന്നലെ പാലക്കാട് വെച്ചു രമേശ് ചെന്നിത്തല പറഞ്ഞു, “കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന ഹൈക്കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലാതായി”

അതെ, ധാര്‍മ്മികത തന്നെയാണ് പ്രശ്നം, നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒട്ടും ഇല്ലാത്തതും.

http://www.azhimukham.com/news-wrap-tvanupama-reports-violation-by-thomaschandy-sajukomban/

http://www.azhimukham.com/news-wrap-atlast-kpcc-jubo-list-ready-sajukomban/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories