TopTop
Begin typing your search above and press return to search.

ഒരു ലൂസിഫര്‍ മോഡല്‍ സവാരി ഗിരി ഗിരി; വെള്ളാപ്പള്ളിമാരുടെ കഥ സിനിമയാക്കാന്‍ ആരാണ് ബെസ്റ്റ്? ജോഷിയോ ഷാജി കൈലാസോ?

ഒരു ലൂസിഫര്‍ മോഡല്‍ സവാരി ഗിരി ഗിരി; വെള്ളാപ്പള്ളിമാരുടെ കഥ സിനിമയാക്കാന്‍ ആരാണ് ബെസ്റ്റ്? ജോഷിയോ ഷാജി കൈലാസോ?
ഒരു രാഷ്ട്രീയ-ബിസിനസ്-ആത്മീയ ത്രില്ലര്‍. ബിസിനസ് എന്നു പറയുമ്പോള്‍ അബ്കാരിയാണ് തട്ടകം. വേണമെങ്കില്‍ ഒരു സോദ്യേശ സൃഷ്ടിയുമാക്കാം. അച്ഛന്‍ നവോത്ഥാനത്തിന്റെ പതാകവാഹകന്‍. മകന്‍ സങ്കുചിത മത രാഷ്ട്രീയത്തിന്റെ മുന്‍നിര നായകന്‍. സ്റ്റോറി ലൈന്‍ കൊള്ളാം. ആരെഴുതും? ജോഷിയോ ഷാജി കൈലാസോ? ആരാണ് ബെസ്റ്റ് കണിച്ചുകുളങ്ങര കുടുംബത്തിന്റെ യഥാര്‍ത്ഥ ജീവിത കഥ സിനിമയാക്കാന്‍? സ്ക്രിപ്റ്റ് രഞ്ജി പണിക്കരെ ഏല്‍പ്പിക്കാം. പടപടാ ഡയലോഗ് വീഴും. നായകനോ? അപ്പനും മകനുമായി ഒരു സൂപ്പര്‍ താരം തന്നെ അഭിനയിക്കട്ടെ. നല്ല കച്ചവടം കിട്ടും. ഈ വര്‍ഷത്തെ ഒരു ബ്രഹ്മ്മാണ്ഡ ബ്ളോക്ക് ബസ്റ്റര്‍!

പറഞ്ഞു വരുന്നത് വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും കഥയാണ്. കുടുംബ ജീവിതവും രാഷ്ട്രീയവും കലങ്ങി മറിയുന്ന പച്ചയായ ജീവിത കഥ. അച്ഛനും മകനും തമ്മിലുള്ള ആശയ സംഘടനങ്ങള്‍. ഒളിയമ്പുകള്‍. ചിലപ്പോള്‍ തോന്നും അതൊക്കെ മറ്റുള്ളവരെ പറ്റിക്കാനുള്ള 'പാപ്പി അപ്പച്ചന്‍' നംബര്‍ അല്ലേന്ന്...!

തൃശൂര്‍ മണ്ഡലത്തില്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമായി ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച തുഷാര്‍ വെള്ളാപ്പള്ളി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിക്കാന്‍ ഇന്നലെ കൊല്ലത്തെ വീട്ടിലെത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അച്ഛന്റെ കാല് തൊട്ട് വന്ദിച്ച തുഷാറിന്റെ തലയില്‍ കൈവെച്ച് വെള്ളാപ്പള്ളി ആശീര്‍വദിച്ചു.

എന്നാല്‍ പറഞ്ഞതോ “കെട്ടിവെച്ച കാശ് പോയ അനുഭവം എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥിക്ക്” ഉണ്ട് എന്നും. അനുഗ്രഹിച്ചില്ലെങ്കിലും വേണ്ടില്ല, പ്രാകരുത് എന്നു പറയുന്ന ഒരു സിനിമാറ്റിക് സിറ്റുവേഷന്‍. അച്ഛന്റെ അനുഗ്രഹത്തോടെയാണ് താന്‍ മത്സരിക്കുന്നത് എന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

എന്‍ ഡി എ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വരുമെന്ന സൂചന വന്നതോടെ ‘എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല’ എന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തുഷാര്‍ സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി ഇന്നലെ സൂചന നല്‍കി. “അച്ചടക്കവും സംഘടനാ ബോധവുമുള്ള വൈസ് പ്രസിഡണ്ടാണ് തുഷാര്‍. നിര്‍ദേശം സ്വീകരിച്ച് തുഷാര്‍ യോഗത്തിന് വിധേയമായി പ്രവര്‍ത്തിക്കും.” വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം മകന് വേണ്ടി വോട്ട് പിടിക്കാനിറങ്ങുമെന്ന് എസ് എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ പ്രീതി നടേശന്‍ പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുത്ത നവോത്ഥാന നായിക ഒരു കാര്യം കൂടി പറഞ്ഞു. വരാനിരിക്കുന്നത് മോദി യുഗമാണ്.

വനിതാ മതിലില്‍ പങ്കെടുത്തുകൊണ്ട് നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത വെള്ളാപ്പള്ളിയുടെ ഭാര്യ ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമലയില്‍ കയറിയതോടെ പിണറായിക്ക് എതിരായിരുന്നു. പിണറായി എസ് എന്‍ ഡി പിയെ ചതിക്കുകയായിരുന്നു എന്നാണ് അന്ന് പ്രീതി നടേശന്‍ പറഞ്ഞത്.

അമ്മയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുഷാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. വനിതാ മതില്‍ ചതിയാണെന്ന് തന്റെ അമ്മ പറഞ്ഞതായും എന്നാല്‍ അച്ഛന്‍ അത് വിശ്വസിച്ചില്ലെന്നും തുഷാര്‍ അന്ന് പറഞ്ഞിരുന്നു.

ഇതിനിടയില്‍ വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ തീര്‍ഥാടക വിനോദ സഞ്ചാര കേന്ദ്രം നിര്‍മ്മിക്കാന്‍ നാല് കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. ഇതിന്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി നേരിട്ടെത്തിയാണ് നിര്‍വ്വഹിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളിയോടുള്ള ഉപകാരസ്മരണയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വിമര്‍ശകര്‍ ആക്ഷേപമുന്നയിച്ചിരുന്നു. പ്രസ്തുത ചടങ്ങില്‍ പ്രീതി നടേശനും പങ്കെടുത്തിരുന്നു എന്ന കാര്യം ശ്രദ്ധിയ്ക്കുക.

അപ്പോള്‍ ഇതൊക്കെയാണ് നമ്മുടെ സ്റ്റോറി ലൈന്‍.

ഒന്നുകില്‍ സിനിമ ഇങ്ങനെയാവാം. നല്ലവനായ അച്ഛനും വില്ലനായ മകനും. കമല്‍ ഹാസന്റെ ഒരു ഇന്ത്യന്‍ മോഡല്‍.

അല്ലെങ്കില്‍ ഒരു നരസിംഹം മോഡല്‍ സവാരി ഗിരി ഗിരി. അതുമല്ലെങ്കില്‍ ജോഷിയുടെ സിനിമയുണ്ടല്ലോ.. ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സൃഷ്ടിച്ച ഒരു പടപ്പ്.. അതേ..ലയണ്‍. അമ്മാതിരി ഒന്നായാലും കുഴപ്പമില്ല. മോഹന്‍ ലാല്‍-പൃഥ്വി രാജ് കൂട്ടുകെട്ട് ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ലൂസിഫര്‍ തിയറ്ററില്‍ തകര്‍ത്തോടുന്നത് കൊണ്ട് നിര്‍മ്മാതാക്കളെയും കിട്ടാന്‍ പാടുണ്ടാവില്ല.

Next Story

Related Stories