TopTop
Begin typing your search above and press return to search.

എന്നാണ് നമ്മള്‍ ‘വാമോസ് മെസി'ക്കൊപ്പം 'കമോണ്‍ട്രാ ഛേത്രീ'യെന്ന് തൊണ്ടപൊട്ടുമാറ് അലറുക?

എന്നാണ് നമ്മള്‍ ‘വാമോസ് മെസിക്കൊപ്പം കമോണ്‍ട്രാ ഛേത്രീയെന്ന് തൊണ്ടപൊട്ടുമാറ് അലറുക?

ലോകം കാല്‍പ്പന്താരവത്തില്‍ അമര്‍ന്നു കഴിഞ്ഞു; കേരളവും. കൌതുകകരമായ ഒരു വാര്‍ത്ത ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ കായിക പേജില്‍ ഉണ്ട്. 'മലയാളികളെ മെസ്സി ഫേസ്ബുക്കിലെടുത്തു' എന്ന കൌതുക വാര്‍ത്ത സൂചിപ്പിക്കുന്നത് ഫുട്ബോള്‍ ഭ്രാന്തിന്റെ കാര്യത്തില്‍ ലോകം ശ്രദ്ധിക്കുന്ന കൊച്ചു ഭൂപ്രദേശമാണ് കേരളം എന്നതുതന്നെ.

വാര്‍ത്ത ഇങ്ങനെ; “ലയണല്‍ മെസ്സിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളായ അഞ്ചുപേര്‍ക്കും ഇടം. എടവണ്ണ പത്തപ്പിരിയം വായനശാലയിലെ അറക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവരെയാണ് മെസ്സിക്കായി ‘വാമോസ് ലിയോ’ പറയുന്നതിലൂടെ ലോക ഫുട്ബോള്‍ പ്രേമികള്‍ കാണുന്നത്.”

‘വാമോസ്’ എന്ന സ്പാനിഷ് വാക്കിന്റെ അര്ത്ഥം ‘കമോണ്‍’ എന്നാണ്. ഈ തവണ അര്‍ജന്‍റീന ലോകകപ്പ് അടിക്കണമെന്ന് കടുത്ത അര്‍ജന്‍റീന ഭ്രാന്തന്‍മാര്‍ മാത്രമല്ല നിഷ്പക്ഷരായ ഫുട്ബോള്‍ പ്രേമികളും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മെസിക്ക് വേണ്ടിയാണ്. 31-കാരനായ മെസ്സിക്ക് മറ്റൊരു ലോകകപ്പിന് കൂടി ബാല്യമുണ്ടാകില്ല എന്ന ബോധ്യത്തിലാണ് ഈ പക്ഷപാതവും ആഗ്രഹവും. മെസ്സി അതര്‍ഹിക്കുന്നുണ്ട് എന്നതുകൊണ്ട് നമുക്കും അതാഗ്രഹിക്കാം.

ഈ വാര്‍ത്തയോടൊപ്പം നമ്മളെ 'വാമോസ്' വിളിപ്പിക്കേണ്ട മറ്റൊരു വാര്‍ത്തയുണ്ട്. ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഫുട്ബോള്‍ കപ്പ് ഇന്ത്യ നേടിയിരിക്കുന്നു എന്നതാണ് അത്. മുംബൈ ഫുട്ബോള്‍ അരീനയില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ രണ്ടു ഗോളുകള്‍ക്ക് കെനിയയെ തറപറ്റിച്ചുകൊണ്ടാണ് ഇന്ത്യ കപ്പടിച്ചത്. ഫിഫ ലോക റാങ്കിംഗില്‍ 97-ആം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ 112-ആം ആസ്ഥാനത്ത് നില്‍ക്കുന്ന കെനിയയയെ തോല്പ്പിച്ചു എന്നുപറയുന്നത് അത്ര വലിയ സംഭവം ആയിരിക്കണം എന്നില്ല.

എന്നാല്‍ ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തമാണ്. അത് രണ്ട് കാര്യങ്ങള്‍ കൊണ്ടാണ്. 2017 ലെ ഫിഫാ റാങ്കിംഗില്‍ 105-ആം സ്ഥാനത്തായിരുന്ന ഇന്ത്യ കുറഞ്ഞ മാസങ്ങള്‍ക്കൊണ്ട് 97ല്‍ എത്തിയിരിക്കുന്നു എന്നത് തന്നെ. ഈ പെര്‍ഫോമന്‍സോടെ റാങ്കിംഗില്‍ കുറച്ചുകൂടി ഇന്ത്യന്‍ ടീം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ അതിനേക്കാള്‍ ഏറെ ഉജ്ജ്വലം നായകന്‍ സുനില്‍ ഛേത്രിയുടെ പ്രകടനം തന്നെ. ഗോള്‍ വേട്ടയില്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം എത്തിയിരിക്കുന്നു ഛേത്രി എന്നുള്ളതാണ്. 64 ഗോള്‍. ഇനി മുന്‍പില്‍ 81 ഗോളോടെ നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം. ഈ ലോകകപ്പ് മെസിയെയും റൊണാള്‍ഡോയെയും ഛേത്രിയെക്കാള്‍ ഏറെ മുന്‍പില്‍ എത്തിച്ചേക്കും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ജൂണ്‍ 10 എന്ന ദിനം ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപിയില്‍ രേഖപ്പെടുത്തി വെക്കേണ്ട മുഹൂര്‍ത്തം തന്നെയാണ്.

124 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 64 ഗോള്‍ നേടിയതെങ്കില്‍ 102 കളികളില്‍ നിന്നാണ് ഛേത്രി ഈ നേട്ടം തികച്ചത്. ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ടൂര്‍ണമെന്റില്‍ ഹാട്രിക് ആടക്കം 8 ഗോളുകളാണ് നേപ്പാളി വംശജനായ ഇന്ത്യന്‍ താരം നേടിയത്.

ജൂണ്‍ 2-ന് തായ്വാനെതിരെ ഹാട്രിക് നേടിയതിന് ശേഷം ഇന്ത്യന്‍ കാണികളോടായി സുനില്‍ ഛേത്രി ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചു; “സ്റ്റേഡിയത്തില്‍ വന്ന് കളി കാണൂ, വീട്ടില്‍ തിരിച്ചെത്തിയ ശേഷവും കളിയെക്കുറിച്ച് സംസാരിക്കൂ, ബാനറുകള്‍ ഉണ്ടാക്കൂ. ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സമയമാണ്. ഇന്ത്യയിലെ ഫുട്‌ബോളിന് നിങ്ങളെ ആവശ്യമുണ്ട്.”

ഛേത്രി തുടരുന്നു; “ശരിയാണ്, യൂറോപ്യന്‍ ക്ലബുകളുടെ ആരാധകരായ നിങ്ങള്‍ക്ക് അവരുടെ നിലവാരത്തിലുള്ള കളി കാണിച്ച് തരാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. പക്ഷെ ഞങ്ങള്‍ ഉന്നത നിലവാരത്തിലേക്കുയരാന്‍ കഠിന പരിശ്രമം നടത്തുന്നുണ്. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് പ്രതീക്ഷയറ്റ എല്ലാവരും സ്റ്റേഡിയത്തില്‍ വന്ന് കളി കാണണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റില്‍ ഞങ്ങളെ ചീത്ത വിളിക്കാതെ സ്റ്റേഡിയത്തില്‍ വന്ന് നേരിട്ട് ചീത്ത വിളിക്കൂ, ഞങ്ങളോട് ആക്രോശിക്കൂ – ഒരിക്കല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി കയ്യടിച്ചേക്കാം – സുനില്‍ ഛേത്രി പറഞ്ഞു. സ്റ്റേഡിയത്തില്‍ നിങ്ങളുടെ പിന്തുണ ഞങ്ങളെ സംബന്ധിച്ച് എത്ര പ്രധാനമാണ് എന്ന് നിങ്ങള്‍ക്കറിയില്ല.”

അര്‍ജന്‍റ്റിനയുടെയും ബ്രസീലിന്റെയും ജര്‍മ്മനിയുടെയും പോര്‍ച്ചുഗലിന്‍റെയുമൊക്കെ ദേശീയ പതാകകള്‍ കൊണ്ട് നമ്മുടെ നിരത്തുകള്‍ അലങ്കരിക്കപ്പെടുമ്പോള്‍, അവരുടെ ജേഴ്സികള്‍ക്കുള്ളില്‍ നമ്മുടെ ശരീരങ്ങളെ പൊതിയുമ്പോള്‍, അവരുടെ വര്‍ണ്ണങ്ങള്‍ നമ്മുടെ മുഖത്തെ ചായം പൂശുമ്പോള്‍ ഛേത്രിയുടെ വാക്കുകള്‍ ഓര്‍ക്കാം. ഒരാരവം ഛേത്രിക്ക് വേണ്ടിയും മുഴക്കാം; വാമൊസ് ഛേത്രി... അല്ല.. കമോണ്‍ട്രാ ഛേത്രീ...

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/sports-sunilchhetri-indianfootball-team-matches/

http://www.azhimukham.com/sports-will-worldcup-do-justice-to-messi/

http://www.azhimukham.com/sports-what-is-messis-reaction-on-argentina-israel-friendly-match/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories