TopTop
Begin typing your search above and press return to search.

വീരന്‍ വരുന്നു എന്നു കേള്‍ക്കുന്നു, കാനം സൂക്ഷിച്ചോളൂ കേട്ടോ...

വീരന്‍ വരുന്നു എന്നു കേള്‍ക്കുന്നു, കാനം സൂക്ഷിച്ചോളൂ കേട്ടോ...

കേരള രാഷ്ട്രീയത്തില്‍ മുന്നണികള്‍ക്കിപ്പോള്‍ ശിശിരമോ, വസന്തമോ? എം.പി വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജിവെക്കാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചതോടെയാണ് ഒരു ഋതുഭേദത്തിനും കൂടി കളമൊരുങ്ങുന്നതായുള്ള സൂചനകള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ദൃശ്യമായത്.

ഇടതുമുന്നണിയില്‍ ചേരാന്‍ എം.പി വീരേന്ദ്രകുമാര്‍ എംപിയുടെ നേതൃത്വത്തില്‍ ജെഡിയു ഒരുക്കം തുടങ്ങിയതായുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ വീണ്ടും മുന്നണി രാഷ്ട്രീയം ചൂടുപിടിച്ചു തുടങ്ങി. കഴിഞ്ഞ കുറേ മാസങ്ങളായി ആളനക്കമില്ലാതെ കിടന്ന മുന്നണി ക്യാമ്പുകള്‍ ഉണര്‍ന്നെണീറ്റ് തുടങ്ങി.

രാജി തീരുമാനം പ്രഖ്യാപിച്ച വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു; "പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ഉടനെ വിളിച്ചുചേര്‍ത്തു ഭാവി പരിപാടികള്‍ തീരുമാനിക്കും. പാര്‍ട്ടി ഇപ്പോള്‍ യു ഡി എഫിലാണ് ഉള്ളത്. മുന്നണി മാറ്റ കാര്യങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല”

നിതീഷ് കുമാര്‍ ബിജെപി മുന്നണിയില്‍ ചേര്‍ന്നതു മുതല്‍ ആത്മസംഘര്‍ഷത്തിലായിരുന്നു വീരന്‍. എല്ലാ കാലത്തും ഹിന്ദുത്വ വര്‍ഗീയതെയ്ക്കെതിരെയും മതേതരത്വത്തിനും വേണ്ടി നിലകൊണ്ട താന്‍ സാങ്കേതികമായെങ്കിലും ബിജെപി പക്ഷത്താണ് എന്നത് വീരന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് സമയത്ത് അത് അണപൊട്ടി ഒഴുകുകയും ചെയ്തു. എന്നാല്‍ ഈ അനിശ്ചിതത്വം എത്രകാലം?

"രാജ്യസഭാ അംഗമായി തുടരുകയാണെങ്കില്‍ നിതീഷ് എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ അംഗീകരിക്കേണ്ടി വരും" വീരേന്ദ്രകുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. "ശരദ് യാദവും അന്‍വര്‍ അലിയും താനും ഉള്‍പ്പെടെ മൂന്നു എംപിമാരാണ് ഉള്ളത്. തങ്ങള്‍ എന്‍ഡിഎയോടൊപ്പമാണ് എന്നാണ് ഗുജറാത്തില്‍ പ്രചരിപ്പിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നടക്കുന്ന ഈ കുപ്രചരണം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ രാജിവെക്കുന്നത്".

ദേശീയ ന്യായീകരണങ്ങള്‍ എന്തായാലും കേരളത്തില്‍ കളി വേറെ ആണ് എന്നാണ് തല്‍ക്ഷണമുള്ള ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. "സീറ്റ് യുഡിഎഫിന് തിരിച്ചു നല്‍കി രാജിവെക്കുകയാണ്" എന്ന പറച്ചിലില്‍ തന്നെ ചില ആന്തരികാര്‍ത്ഥങ്ങള്‍ ഉണ്ട് എന്നു തന്നെയാണ് ബലമായ സംശയം.

"യുഡിഎഫ് നല്‍കിയ എം പി സ്ഥാനമാണ് അദ്ദേഹം രാജിവെക്കുന്നത്. അതുകൊണ്ടു തന്നെ രാജി തീരുമാനം വളരെ ശ്രദ്ധിക്കപ്പെടും"- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. "ദീര്‍ഘകാലമായി ആര്‍എസ്എസിനും സംഘപരിവാറിനും എതിരെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായ നിലപാടെടുത്ത നേതാവാണ് വീരേന്ദ്രകുമാര്‍"- കോടിയേരി കൂട്ടിച്ചേര്‍ത്തു.

ജെഡിയു സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് എന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടത്. വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി എല്‍ ഡി എഫിലേക്ക് തിരിച്ചു വരണമെന്നത് മുന്നണി നേരെത്തെ എടുത്ത തീരുമാനമാണ് എന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

http://www.azhimukham.com/kerala-veerendrakumar-politics-profile/

ആര്‍ എസ് പിയും കൂടി പുനര്‍വിചിന്തനം നടത്തണം എന്നു കോടിയേരി പറഞ്ഞത് കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഇടതു മുന്നണിയുടെ വിപുലീകരണം ലക്ഷ്യമിടുന്നുണ്ട് എന്നു വ്യക്തം.

ഇപ്പോള്‍ ഇടതു മുന്നണിയില്‍ നടക്കുന്ന സിപിഎം- സിപിഐ അഭിപ്രായ ഭിന്നതകള്‍ക്കിടയില്‍ പഴയ സഖാക്കള്‍ കൂടി രംഗ പ്രവേശം ചെയ്യുമ്പോള്‍ ആര് ആരുടെ കൂടെ നില്‍ക്കും എന്നതും പ്രധാനമാണ്. വീരനെയും ആര്‍എസ്പിയെയുമൊക്കെ കൂടെക്കൂട്ടി തങ്ങളുടെ ഭാഗം ശക്തിപ്പെടുത്താന്‍ സിപിഎം ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ രണ്ട് പാര്‍ട്ടികള്‍ക്കും എംഎല്‍എമാര്‍ ഇല്ലെങ്കിലും മുന്നണിക്കുള്ളില്‍ തങ്ങളുടെ അഭിപ്രായത്തിന് മുന്‍തൂക്കം ഉണ്ടാക്കാന്‍ ഇവരുടെ കടന്നു വരവ് സഹായിക്കും എന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാകാം. പ്രത്യേകിച്ചും സിപിഐ നിരന്തരം വല കുലുക്കി മുന്നേറുന്ന സാഹചര്യത്തില്‍. ഭരണത്തിന്റെ രണ്ടാം പകുതിയില്‍ എങ്കിലും വിവാദങ്ങളില്ലാതെ ഭരിച്ചില്ലെങ്കില്‍ തുടര്‍ ഭരണം എന്ന സ്വപ്നം പൊലിഞ്ഞു പോകും എന്നും സിപിഎം ഭയപ്പെടുന്നു.

http://www.azhimukham.com/newswrap-cpi-may-take-stand-in-favour-of-congress-tie-up-at-national-level/

മറ്റൊരു രാഷ്ട്രീയ സാഹചര്യം സിപിഐയെ നിരന്തരം യു ഡി എഫിലേക്ക് ക്ഷണിച്ചു കോണ്‍ഗ്രസ് കളിക്കുന്ന അടവ് തന്ത്രമാണ്. തലയ്ക്ക് സ്ഥിരതയുള്ളവര്‍ ആരെങ്കിലും കോണ്‍ഗ്രസ്സിനൊപ്പം പോകുമോ എന്ന മറുപടിയില്‍ കാനം ഈ ചര്‍ച്ചയ്ക്ക് താഴിട്ടെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സുമായി സഖ്യമാവാം എന്ന ആലോചന എഴുതിവെച്ചതിന്റെ അപകട സൂചന സിപിഎം കാണുന്നുണ്ട്.

സിപിഐയുടെ രാഷ്ട്രീയ പ്രമേയ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്നലെ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ്സുമായുള്ള വിശാല മുന്നണി സാധ്യത പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തള്ളിക്കളഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്. യെച്ചൂരി നയിക്കുന്ന വിഭാഗത്തിന്റെ വാദം അതല്ലെങ്കിലും സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കേരളത്തില്‍ ആ നയത്തിന് വലിയ പിന്തുണയില്ല.

http://www.azhimukham.com/opinion-ka-antony-writing-jdu-strategical-move-and-apprehension-of-chennithala/

ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ വീരേന്ദ്രകുമാര്‍ ജനതാദളിന്റെ കടന്നു വരവ് ഇടതുമുന്നണിയെക്കാള്‍ ഗുണം ചെയ്യുക സിപിഎമ്മിനായിരിക്കും എന്നു സാരം. ഈ ആലോചനയ്ക്ക് തുടക്കം കുറിച്ചത് 2016 ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് എന്നത് തന്നെയാണ് ഇത്തരം ഒരു രാഷ്ട്രീയ നിരീക്ഷണത്തിന് ആക്കം പകരുന്നത്.

"താനും വീരന്ദ്ര കുമാറും തമ്മില്‍ ശത്രുതയിലാണെന്ന് തെറ്റിദ്ധാരണ മാധ്യമങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്, എന്നാല്‍ തങ്ങള്‍ക്ക് ഇടയില്‍ ശത്രുതയില്ലെന്നും ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നത് വ്യാഖ്യാനം മാത്രമാണ്" എന്നാണ് കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് വീരേന്ദ്രകുമാര്‍ രചിച്ച് സിപിഎമ്മിന്റെ ചിന്താ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'ഇരുള്‍ പരക്കുന്ന കാലം' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞത്.

http://www.azhimukham.com/kerala-veerendrakumar-lead-jdu-kerala-alliance-shift-confusions-udf-ldf/

"പരസ്പര സ്‌നേഹവിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമാണ് വീരരേന്ദ്രകുമാറുമായുള്ള ബന്ധം. യുഡിഎഫിലേക്ക് പോയപ്പോള്‍ വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചത് സ്വാഭാവികം മാത്രമാണ്. വ്യക്തിപരമായ സൗഹൃദം ഉള്ളപ്പോള്‍ തന്നെ അദ്ദേഹവുമായി രാഷ്ട്രീയമായ വിയോജിപ്പുമുണ്ട്. അത്‌കൊണ്ടാണ് രണ്ട് പാര്‍ട്ടികളില്‍ നില്‍ക്കുന്നത്. സോഷ്യലിസ്റ്റുകാരുടെ സ്ഥാനം എപ്പോഴും ഇടതുപക്ഷത്താണ്. ജനം അതാണ് ആഗ്രഹിക്കുന്നത്"- പിണറായി പറഞ്ഞു.

അടുത്തതായി എം പി സ്ഥാനം രാജിവെക്കുന്നത് എന്‍ കെ പ്രേമചന്ദ്രന്‍ ആകുമോ എന്ന സംശയം അല്‍പം അതിശയോക്തിയായി തോന്നാമെങ്കിലും ആ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ‘പരനാറി’ വിളിക്ക് ഒരു തെരഞ്ഞെടുപ്പ് ഗുസ്തി എന്നതില്‍ കവിഞ്ഞൊന്നും വലിയ രാഷ്ട്രീയ അര്‍ത്ഥങ്ങളൊന്നും ഇല്ലന്നേ. അപ്പോള്‍ അങ്ങനെ തോന്നി. ഇപ്പോള്‍ ‘മണിമുത്തേ’ എന്നു വിളിക്കാന്‍ തോന്നും. രാഷ്ട്രീയമല്ലേ... മൂര്‍ത്തമായ സാഹചര്യങ്ങള്‍ അല്ലേ നോക്കേണ്ടത്. അത് മുന്നണിക്കകത്തായാലും ദേശീയ തലത്തിലായാലും...

കാനം സൂക്ഷിച്ചോളൂ കേട്ടോ..

http://www.azhimukham.com/pinarayi-vijayan-at-veerendra-kumar-book-release/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories