Top

‘ത്രികാലജ്ഞാനി’ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പ്രവചനങ്ങള്‍; തുഷാറിന് പോലും സുഖിക്കുന്നില്ല

‘ത്രികാലജ്ഞാനി’ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പ്രവചനങ്ങള്‍; തുഷാറിന് പോലും സുഖിക്കുന്നില്ല
ഇന്നലെ എസ് എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം വെള്ളാപ്പള്ളി എന്ന 'ത്രികാലജ്ഞാനി' ഒരു രാഷ്ട്രീയ സത്യം വെളിപ്പെടുത്തി. “ബിഡിജെഎസിനെ കൂട്ടിയാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും”. പക്ഷേ സല്‍പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് അതത്ര സുഖിച്ചില്ല. തുഷാറിന്റെ പ്രതികരണം ഉടന്‍ എത്തി “വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസിന്റെ വക്താവല്ല, അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ബിഡിജെഎസിന്‍റേതല്ല”.

എല്‍ഡിഎഫ് താത്പര്യമെടുത്താല്‍ ബിഡിജെഎസിനെ മുന്നണിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുമെന്നുള്ളതാണ് 80 കഴിഞ്ഞ ഈ വയോധിക നേതാവിന്റെ വാഗ്ദാനം. പ്രായമേറിയവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞു കൂട. ഗുരുത്വ ദോഷം ഉണ്ടാകും. ഇതാരാണ് പയ്യന്‍ തുഷാറിന് പറഞ്ഞു കൊടുക്കുക.

പച്ചില കാണിച്ച് ആടിനെ കൊണ്ടുപോകുന്നതുപോലെയാണ് നിലവില്‍ എന്‍ഡിഎയില്‍ ഘടകകക്ഷികളെ നിലനിര്‍ത്തുന്നത്. ഇപ്പോള്‍ കേരളത്തില്‍ എന്‍ഡിഎ മുന്നണി ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ തുഷാര്‍ പറയുന്നതു മറ്റൊന്നാണ്. നിലവില്‍ എന്‍ഡിഎയില്‍ കുഴപ്പങ്ങള്‍ ഇല്ലെന്നും ബിഡിജെഎസ് മുന്നണിയില്‍ തുടരുമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തുഷാര്‍ പ്രഖ്യാപിച്ചു.

അതേസമയം വെള്ളാപ്പള്ളി വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടുകയാണ്, “ബിജെപിക്ക് ആവശ്യമായതെല്ലാം അവര്‍ എടുത്തു. ഘടകകക്ഷികളുടെ കാര്യം വരുമ്പോഴാണ് അമാന്തം. അമിത് ഷായെക്കാളും വല്യ ഷാ മാരാണ് ഇവിടെയുള്ളത്” (മലയാള മനോരമ).അടുത്തത് പിണറായി സ്തുതിയാണ്. “കുറേയേറെ നന്മകള്‍ ഉള്ളയാളാണ് പിണറായി വിജയന്‍. അഴിമതി ഇല്ലാതെ ഭരണം നടത്താന്‍ കഴിയുന്നുണ്ട്”; ലാവ്ലിന്‍ കേസില്‍ പിണറായി നിരപരാധി ആണെന്നും പിണറായിയുടെ ഭരണം 10 വര്‍ഷം തുടരുമെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.

പിണറായി സ്തുതി ദേശാഭിമാനിക്ക് ക്ഷ പിടിച്ചു. അവര്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു. “മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തിലും ഭരണപരിചയത്തിലുമാണ് സര്‍ക്കാര്‍ മികച്ച നിലയില്‍ ഭരിക്കുന്നത്. അഴിമതി തൊട്ടുതീണ്ടാത്തതാണ് ഏറ്റവും പ്രധാന കാര്യം. പോലീസ് സേനയിലെ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്”.

കൂട്ടത്തില്‍ മുന്‍ സര്‍ക്കാരിന് ഒരു കുത്ത് കൊടുക്കാനും വെള്ളാപ്പള്ളി മറന്നില്ല- “മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാങ്ങലും വീതം വെയ്ക്കലുമാണ് നടന്നത്”.ഇനി എസ് എന്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് നോക്കുക. ഭരണത്തെ പാടിപ്പുകഴ്ത്തുകയാണ് അവര്‍. സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ പോലും ഇത്ര ആവേശകരമായ റിപ്പോര്‍ട്ടിംഗ് കാണാന്‍ സാധിക്കില്ല.

“ശബരി വിമാനത്താവളം, കൊച്ചി മെട്രോ, അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി, തുടങ്ങിയവയില്‍ ജാഗ്രതയോടെ ഉള്ള സമീപനം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്നതാണ്. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുകയും സമയബന്ധിതമായി കൊടുത്തതും സാധാരണക്കാരോടുള്ള സമീപനം തെളിയിച്ച്. റോഡ് വികസനത്തില്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനം ശ്ലാഘനീയമാണ്. കിഫ്ബി പോലുള്ള നൂതന സംവിധാനങ്ങളിലൂടെ ഉള്ള ധന സമാഹരണം അനുകരണീയമാണ്” (ദേശാഭിമാനി)

Also Read:അപ്പോള്‍ വെള്ളാപ്പള്ളിക്ക് കാര്യം മനസിലായിക്കാണുമെല്ലോ അല്ലേ?

എന്തൊരു ‘തന്ത്രപരമായ’ റിപ്പോര്‍ട്ടിംഗാണ്. റോഡും കിഫ്ബിയും ഉള്‍പ്പെടുത്തി ജി സുധാകരനെയും ടി.എം തോമസ് ഐസകിനെയും വീഴ്ത്തിക്കളഞ്ഞില്ലേ!

മദ്യത്തിന്റെ കാര്യവും പറയാതെ വിട്ടില്ല. “മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കുന്ന മദ്യ നയം പ്രതിപക്ഷം പോലും അംഗീകരിച്ചതാണ്” റിപ്പോര്‍ട്ട് തുടരുന്നു. (പിന്നെയാണ് ക്രൈസ്തവ സഭകള്‍!)അതൊക്കെ അവിടെ ഇരിക്കട്ടെ. എന്‍ഡിഎയില്‍ എന്താണ് നടക്കുന്നതെന്ന് നോക്കാം. ഇന്നലെ ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ ഘടകകക്ഷികള്‍ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാതൃഭൂമി ഇങ്ങനെ പറയുന്നു, “ജെ ആര്‍ എസ് നേതാവ് സികെ ജാനുവാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. മറ്റു നേതാക്കള്‍ അതേറ്റെടുത്തു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നിശബ്ദത പാലിച്ചെങ്കിലും അവരുടെ സംസ്ഥാന സെക്രട്ടറിമാരായ പി സുരേഷ്ബാബുവും ഗോപകുമാറും ബിജെപി നിലപാടുകള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തി”.

സംസ്ഥാനത്ത് രണ്ടു മുന്നണികള്‍ക്കും എതിരെ ജനരോക്ഷം ശക്തമായി നില്‍ക്കുമ്പോഴും മുന്നണിയെ ശക്തിപ്പെടുത്താന്‍ മടിച്ച് നില്‍ക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല എന്നായിരുന്നു ജാനുവിന്റെ ആവലാതി. എന്‍ഡിഎ നടത്തേണ്ട ജനരക്ഷാ യാത്ര എന്തുകൊണ്ടാണ് ബിജെപി ഒറ്റയ്ക്ക് നടത്തുന്നത് എന്നായി അടുത്ത ചോദ്യം. ഇനി സംസ്ഥാന നേതാക്കളുടെ ഉറപ്പ് തങ്ങള്‍ക്ക് പോര എന്നും അമിത് ഷായുടെ ഉറപ്പ് കിട്ടണം എന്നുമായി ഘടകകക്ഷികള്‍.

പാവം കുമ്മനം ജി. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നം പോലും തീര്‍ക്കാന്‍ പറ്റാതെ ലക്ക് കെട്ടു നടക്കുമ്പോഴാണ് പന്തളത്തെ പട. വളരെ അനുനയത്തിലാണ് ബിജെപി നേതാക്കള്‍ ഘടകകക്ഷി നേതാക്കളോട് ഇടപെട്ടത് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപിയിലെ തമ്മിലടി കണ്ട് മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നും ചാടാനുള്ള തയ്യാറെടുപ്പിലാണോ ഘടകകക്ഷികള്‍? വെള്ളാപ്പള്ളി എന്ന 'ത്രികാലജ്ഞാനി' തരുന്ന സൂചന അതാണോ?

Also Read: കള്ളം പറഞ്ഞ് കുമ്മനം; പ്രതീക്ഷ നശിച്ച് അമിത് ഷാ; കേരള ബിജെപി പെരുവഴിയില്‍

Next Story

Related Stories