UPDATES

ട്രെന്‍ഡിങ്ങ്

വനിതാ മതിലിനെ കുറിച്ചുള്ള വി എസിന്റെ ചോദ്യം ചരിത്ര വിരുദ്ധമോ?

വനിതാ മതിലിനെതിരെ പല മേഖലകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സി പി എമ്മിനുള്ളില്‍ നിന്നുതന്നെ ഉയരുന്ന വിമര്‍ശനം പാര്‍ട്ടിയെയും സര്‍ക്കാരിനെയും അലോസരപ്പെടുത്തുക തന്നെ ചെയ്യും

ജാതി സംഘടനകളെ കൂടെ നിര്‍ത്തി എന്തു നവോത്ഥാനമെന്ന് ചോദിച്ചുകൊണ്ട് വി എസ് അച്ചുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദു മതത്തില്‍ പെട്ട വിവിധ സമുദായ സംഘടനകളെ വിളിച്ചുചേര്‍ത്തുകൊണ്ട് ‘രണ്ടാം നവോത്ഥാന പ്രസ്ഥാന’ത്തിനു തുടക്കമിടാനുള്ള ഇടതു ഗവണ്‍മെന്‍റിന്റെ നീക്കത്തെ ആദ്യം മുതല്‍ക്കുതന്നെ വിമര്‍ശിച്ചുകൊണ്ട് വി എസ് രംഗത്ത് വന്നിരുന്നു. തിരുവനന്തപുരത്ത് എന്‍ സി ശേഖര്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വി എസിന്റെ വിമര്‍ശനം. ആ വിമര്‍ശനത്തിന് കൂടുതല്‍ ആധികാരികത പകരുന്നതാണ് കേന്ദ്ര നേതൃത്വത്തിന് ഇപ്പോള്‍ അയച്ച കത്ത്.

എന്‍ എസ് എസ് പോലുള്ള ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗ്ഗസമരം കമ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ല എന്നാണ് എന്‍ സി ശേഖര്‍ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് വി എസ് പറഞ്ഞത്. എതിര്‍ത്തു തോല്‍പ്പിക്കേണ്ട ഫാസിസ്റ്റ് സംഘടനയായ സംഘപരിവാരം ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ ആയിരിക്കരുത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രീതി എന്നു ഓര്‍മ്മിപ്പിക്കുകയായിരുന്നു വി എസ് അന്ന്.

“കര്‍ഷകരെയും തൊഴിലാളികളെയും വര്‍ഗ ഐക്യത്തിന്റെ പാതയിലേക്ക് നയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും അടിയന്തര കടമ. ആ കടമ നിര്‍വ്വഹിക്കപ്പെടാതിരിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. ആ ശ്രമത്തിന് ഭരണകൂട പിന്തുണ നല്‍കുക എന്നതാണ് ബിജെപിയുടെ ദൗത്യം. ജനങ്ങളെ വര്‍ഗീയമായി വേര്‍പിരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വര്‍ഗപരമായി സംഘടിപ്പിക്കാന്‍ ഏറെ പ്രയാസവുമാണ്. ബിജെപി ശ്രമിക്കുന്നത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിര്‍ത്താനാണ്. നമുക്ക് ഏറ്റെടുക്കാനുള്ള കടമ വര്‍ഗ ഐക്യം കെട്ടിപ്പടുക്കാനുമാണ്.” വി എസ് ബാലരാമപുരത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച കുറിപ്പിലൂടെ തന്റെ നിലപാടിന് കുറച്ചുകൂടി വ്യക്തത വരുത്തിയിരിക്കുകയാണ് വി എസ്. “നവോത്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായ നടപടികളിലേക്ക് നീങ്ങുന്നത് ആത്മഹത്യപരമായിരിക്കും” എന്നു വി എസ് മുന്നറിയിപ്പ് നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിണറായി എന്ന ‘ചെകുത്താന്‍’ മാനസാന്തരം വരുത്തിയ സുഗതന്‍; നവോത്ഥാനം വരുന്ന ഓരോ വഴികള്‍

നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചു പിടിക്കാനും കേരളം ഭ്രാന്താലയമാകുന്നത് തടയാനും വേണ്ടി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം തുടക്കം മുതല്‍ വിവാദത്തിലായിരുന്നു. ഹാദിയയെ കൊല്ലണം എന്നു ആക്രോശിച്ച ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സി പി സുഗതന്‍ നവോത്ഥാന സമിതിയുടെ ജോയിന്‍റ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ വിവാദം. പിന്നീട് ഹിന്ദു സമുദായ സംഘടനകളെ മാത്രം വിളിച്ച് ചേര്‍ത്തുകൊണ്ട് വര്‍ഗ്ഗീയ മതിലാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് എന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന് പകരം സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്കാനുള്ള ഒരു ഏര്‍പ്പാടാണ് ഇതെന്നും പ്രതിപക്ഷം പറഞ്ഞു. ഇതിനിടയില്‍ ലൈംഗിക പീഡന ആരോപണ വിധേയനായ പി കെ ശശിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാത്ത സി പി എം നിലപാടില്‍ പ്രതിഷേധിച്ചു സാറാ ജോസഫ് വനിതാ മതിലില്‍ പങ്കെടുക്കില്ല എന്നു പ്രഖ്യാപിച്ചു. രാഷ്ട്രീയ നിറം കലര്‍ന്നതിനാല്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച പിന്തുണയില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍വാങ്ങുകയും ചെയ്തു. ശബരിമലയില്‍ ദര്‍ശനത്തിന് പോയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് അപമാനിക്കുകയും ദര്‍ശനത്തിന് അനുവാദം നല്‍കാതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചു പിണറായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ദളിത് പ്രവര്‍ത്തകന്‍ സണ്ണി എം കപിക്കാട് ഇന്നലെ പറഞ്ഞു.

വനിതാ മതിലിനെതിരെ പല മേഖലകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സി പി എമ്മിനുള്ളില്‍ നിന്നുതന്നെ ഉയരുന്ന വിമര്‍ശനം പാര്‍ട്ടിയെയും സര്‍ക്കാരിനെയും അലോസരപ്പെടുത്തുക തന്നെ ചെയ്യും. പ്രത്യേകിച്ചും അത് വി എസ് അച്ചുതാനന്ദന്‍ ഉയര്‍ത്തുമ്പോള്‍.

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

എന്നാല്‍ വി എസ് ഉയര്‍ത്തുന്ന ‘ജാതി സംഘടനകളെ കൂടെ നിര്‍ത്തി എന്തു നവോത്ഥാനമെന്ന’ മുഖ്യ ചോദ്യം ചരിത്ര വിരുദ്ധമല്ലേ? കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകര്‍ എല്ലാം ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ തന്നെയല്ലേ? അയ്യാ വൈകുണ്ഡ സ്വാമിയും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമിയും പണ്ഡിറ്റ് കറുപ്പനും പൊയ്കയില്‍ കുമാരഗുരു ദേവനും ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ പോരാടിയവരല്ലേ? മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രവര്‍ത്തന മണ്ഡലം സ്വസമുദായത്തിന്റെ ഉന്നമനമായിരുന്നില്ലേ? ഇനി അന്നത്തെ സമുദായ പരിഷ്കരണ സംഘടനകളുടെ പിന്‍മുറക്കാര്‍ തങ്ങളുടെ പൂര്‍വ്വസൂരികള്‍ മുന്നോട്ട് വെച്ച ആദര്‍ശങ്ങളില്‍ നിന്നും അകന്നു പോയി എന്നു വാദിച്ചാലും ഇവരെല്ലാവരും സംഘപരിവാറിന്റെ കീഴില്‍ അണിനിരക്കാനുള്ള അവസരം തടയുക എന്ന അടവ് തന്ത്രമല്ലേ സി പി എമ്മും സര്‍ക്കാരും പയറ്റുന്നത് എന്ന ചോദ്യത്തിനും പ്രസക്തിയില്ലേ?

അന്തരിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ ‘കേരള നവോത്ഥാനം –ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം’ എന്ന പുസ്തകത്തില്‍ ഈ സംഘടനകളെയും ആചാര്യന്‍മാരേയും കുറിച്ച് വിശദീകരിക്കുന്ന ഭാഗത്തിന് നല്കിയിരിക്കുന്ന പേര് ‘മത നവീകരണ പര്‍വ്വം’ എന്നാണെന്ന് ഓര്‍ക്കുക.

നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ ഇന്നത്തെ കണ്ടെത്തല്‍; “നവോത്ഥാന കാലഘട്ടത്തില്‍ മുസ്ലീം കൃസ്ത്യന്‍ സംഘടനകള്‍ ഉണ്ടായിരുന്നില്ല.”

ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ല, ശബരിമലയില്‍ ദളിത്, ആദിവാസി യുവതികള്‍ കയറിയിരിക്കും; പിണറായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു- സണ്ണി.എം.കപിക്കാട്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍