Top

വി എസിന്റെ കുത്തും ഒരു 'വിപ്ലവ' പാര്‍ട്ടിയുടെ അടവുബലതന്ത്രങ്ങളും

വി എസിന്റെ കുത്തും ഒരു
കഴിഞ്ഞ ആലപ്പുഴ സമ്മേളനം വി എസ് പിടിച്ചടക്കിയത് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ്ക്കൊണ്ടായിരുന്നു. അതിനു ശേഷം സിപിഎം രാഷ്ട്രീയത്തില്‍ വി എസ് കൂടുതല്‍ ദുര്‍ബലനാവുകയാണ് ചെയ്തത്. പക്ഷേ ഒരു വെടിക്കുള്ള മരുന്ന് എപ്പോഴും കരുതി വെച്ചിരുന്നു ഇന്ന് ജീച്ചിരിക്കുന്നവരില്‍ ഏറ്റവും തലമുതിര്‍ന്ന ഈ കമ്യൂണിസ്റ്റ് നേതാവ്.

തൃശൂരില്‍ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങുമ്പോള്‍ ഒരു കത്തിന്റെ രൂപത്തില്‍ വി എസ് ഔദ്യോഗിക പാര്‍ട്ടിയെ കുത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സിനെ ഇടതു മുന്നണിയില്‍ കയറ്റരുത് എന്നാണ് ആവശ്യം. കത്തയച്ചിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസ്സിനോട് ധാരണയാകാം എന്ന അടവ് തന്ത്രത്തിന്റെ ഉപജ്ഞാതാവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും.

"മാണിയെ മുന്നണിയിലെടുക്കാന്‍ മുന്‍പും നീക്കമുണ്ടായിരുന്നു. അഴിമതിക്കാരുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന നിലപാടില്‍ അന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് അതൊഴിവാക്കി. ഇപ്പോള്‍ വീണ്ടും ശ്രമം നടക്കുന്നു. മാണിയുടെ അഴിമതിക്കെതിരെ സമരം ചെയ്ത പാര്‍ട്ടിയാണ് സിപിഎം. അങ്ങനെയൊരാളെ മുന്നണിയില്‍ എടുത്താല്‍ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകില്ല. മാത്രമല്ല ഇടതുപക്ഷ ഐക്യത്തെയും അത് ബാധിക്കും”, വി എസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസിനോടുള്ള നിലപാടിന്റെ കാര്യത്തില്‍ യെച്ചൂരി-കാരാട്ട് യുദ്ധം അരങ്ങേറിയ കേന്ദ്രകമ്മിറ്റിക്ക് മുന്‍പായി കോണ്‍ഗ്രസ്സിനോട് ധാരണയാകാം എന്ന യെച്ചൂരി ലൈനിന് പിന്തുണ പ്രഖ്യാപിച്ചു കത്തയച്ച ആളാണ് വി എസ്.

അപ്പോള്‍ ഒരു പ്രസക്തമായ ചോദ്യം ഉയര്‍ന്നു വരുന്നു. എന്താണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം?

അഴിമതിയുടെ കാര്യത്തില്‍ എന്തുകൊണ്ടും കേരള കോണ്‍ഗ്രസ്സിന് മുകളില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. കഴിഞ്ഞ 70 വര്‍ഷത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ കേരള ഭരണവും പരിശോധിക്കുന്നവര്‍ക്ക് മറിച്ചൊരു അഭിപ്രായവും ഉണ്ടാകണമെന്നില്ല.

http://www.azhimukham.com/india-yechury-on-congress-alliance-quotes-trotksky/

മറ്റൊരു വ്യത്യാസം കോണ്‍ഗ്രസ് നാഷണല്‍ പാര്‍ട്ടിയും കേരള കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയുമാണ് എന്നുള്ളതാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ എന്തുകൊണ്ടും ശക്തനായ കൂട്ടാളി കോണ്‍ഗ്രസ് ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതുവരെയും കോണ്‍ഗ്രസ്സിനൊപ്പം നിന്നിട്ടുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നും ഓര്‍ക്കണം. ജോസ് കെ മാണിയുടെ ഡല്‍ഹിയിലെ ബന്ധുത്വം ഇപ്പോഴും കോണ്‍ഗ്രസ്സുമായിട്ടാണ് താനും. ഇനി അങ്ങോട്ടും കോണ്‍ഗ്രസ്സിനൊപ്പം തന്നെയാവാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കേരള കോണ്‍ഗ്രസ്സുമായി ചങ്ങാത്തമുള്ള കോണ്‍ഗ്രസ്സിനോട് സിപിഎം ധാരണയുണ്ടാക്കുന്നത് ശരിയാണോ? ചോദ്യത്തില്‍ ലോജിക് ഇല്ലാതെ ഇല്ല. വാദത്തിനെങ്കിലും.

ബിജെപിക്കെതിരെയുള്ള പോരാട്ടമാണ് മുഖ്യമെങ്കില്‍ ഓരോ ചെറു കക്ഷികളെയും ആ പോരാട്ടത്തില്‍ അണി ചേര്‍ക്കുന്നതില്‍ അല്ലേ സിപിഎം ശ്രദ്ധിക്കേണ്ടത്. അങ്ങനെയാവുമ്പോള്‍ ഒരു എംപിയും അര ഡസന്‍ എംഎല്‍എമാരും ഉള്ള സംഘപരിവാറിന്റെ ആക്രമണത്തിന് പലപ്പോഴും ഇരയാകുന്ന ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസ്സിനെ കൂടെ കൂട്ടുന്നതില്‍ എന്താണ് തെറ്റ് എന്ന വാദവും ഉയര്‍ന്നുവരാം.

http://www.azhimukham.com/india-cpim-stand-congress/

സിപിഎം ന്യായീകരണ തൊഴിലാളികള്‍ ചോദിക്കുന്നതുപോലെ മുന്നണിക്കുള്ളില്‍ പ്രതിപക്ഷം കളിക്കുന്ന സിപിഎയെ എത്ര കാലം വിശ്വസിക്കും? 19 എംഎല്‍എമാരെ കക്ഷത്തുവെച്ച് ഒരു സുപ്രഭാതത്തില്‍ ഞങ്ങളിതാ പോകുന്നേ എന്നു കാനം പറഞ്ഞാല്‍ പിണറായി മന്ത്രിസഭയുടെ ചങ്ക് തകരില്ലേ? പ്രത്യേകിച്ചും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് സിപിഐ കാര്യമായി ആലോചിക്കുന്ന സാഹചര്യത്തില്‍. ദേശീയ പാര്‍ട്ടി ആയിത്തന്നെ നിലനില്‍ക്കാന്‍ അവര്‍ക്കും ഉണ്ടാകില്ലേ മോഹം? തിലോത്തമനും രാജുവും സുനില്‍കുമാറും ചന്ദ്രശേഖരനും ഒക്കെ മന്ത്രിമാരാണ് എന്നു പറഞ്ഞിട്ട് ദേശീയ രാഷ്ട്രീയത്തില്‍ എന്തു നേട്ടം?

കെ എം മാണിയെ സംസ്ഥാന സമ്മേളന അനുബന്ധ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ആദ്യ സൂചന സിപിഎം നേതൃത്വം നല്‍കിക്കഴിഞ്ഞു. കൂടാതെ ഇ പി ജയരാജന്റെ പ്രസ്താവനയും വന്നു. ഏറെക്കാലം എംഎല്‍എ സ്ഥാനവും മന്ത്രി സ്ഥാനവും വഹിച്ച കെ എം മാണിയും പാര്‍ട്ടിയും വരുന്നത് മുന്നണിയുടെ അടിത്തറ ശക്തമാക്കും എന്നാണ് ഇപിയുടെ കണ്ടെത്തല്‍. കാര്‍ഷിക മേഖലയില്‍ മാണിക്ക് ശക്തമായ അടിത്തറയുണ്ട് എന്നും ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

http://www.azhimukham.com/kerala-cpim-state-conference-starts-today-report-by-kr-dhanya/

ഇന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനവസരത്തിലുള്ള പ്രതികരണത്തിലൂടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന നിലപാട് സിപിഐ തിരുത്തണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം എന്നു മനോരമ പറയുന്നു. അവതരിപ്പിക്കപ്പെടാന്‍ പോകുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ഉള്ളടക്കത്തെ കുറിച്ചായതുകൊണ്ട് ഇതില്‍ എത്ര ആധികാരികത ഉണ്ട് എന്നു പറയാന്‍ കഴിയില്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി സംസ്ഥാനത്തെ ഇടതു രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അടിയൊഴുക്കുകള്‍ സൂചിപ്പിക്കുന്നത് സിപിഐയെ ചൊല്ലിയുള്ള അതിശക്തമായ വിമര്‍ശനങ്ങള്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ സാധ്യതയുണ്ട് എന്നുതന്നെയാണ്.

വി എസിന്റെ കുത്തിലേക്ക് തിരിച്ചുവരാം. അഴിമതിക്കെതിരെയുള്ള പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുന്ന തരത്തില്‍ സംസ്ഥാന സമ്മേളനം മാറണം എന്നാണ് വി എസിന്റെ ആവശ്യം.

അതായത് സംസ്ഥാന സമ്മേളനത്തില്‍ അഴിമതിക്കെതിരെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫാസിസത്തിനെതിരെയും; അതായിരിക്കണം അടവ് ലൈന്‍. പാര്‍ലമെന്‍ററി രാഷ്ട്രീയത്തിന്റെ ഊരാക്കുടുക്കില്‍പ്പെട്ടുപോയ ഒരു വിപ്ലവ പാര്‍ട്ടിയുടെ ഗതികേട്. അല്ലാതെന്തു പറയാന്‍...

http://www.azhimukham.com/kerala-cpm-state-conference-will-starts-from-thursday-total-cost-ten-crore/

Next Story

Related Stories