Top

പിണറായിയോട് സുല്ല്, കാനത്തിന്റെ അവസരവാദ കമ്യൂണിസ്റ്റ് ‘മൂല്യ’ വാചകമടി ഇനി വി എസിന്റെ നെഞ്ചത്തേക്ക്

പിണറായിയോട് സുല്ല്, കാനത്തിന്റെ അവസരവാദ കമ്യൂണിസ്റ്റ് ‘മൂല്യ’ വാചകമടി ഇനി വി എസിന്റെ നെഞ്ചത്തേക്ക്
പരസ്പരം ഏറ്റുപാടിയവര്‍ ഇപ്പോഴെന്താ ഇങ്ങനെ? പ്രതിപക്ഷ നേതാവിന് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ക്കുമുണ്ട് ഈ കാര്യത്തില്‍ കൌതുകം.

വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ സി പി എം സെക്രട്ടറിയുമായിരുന്ന കാലത്തെ കേരളത്തിലെ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമിടയില്‍ രൂപപ്പെട്ട പ്രക്ഷുബ്ദമായ ചുഴലി കൊടുങ്കാറ്റ് കണ്ട രാഷ്ട്രീയ കേരളം സമീപ ഭാവിയില്‍ തന്നെ എല്‍ ഡി എഫിനുള്ളില്‍ ഒരു ശൈഥില്യം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല എന്നു മാത്രമല്ല മികച്ച രീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു ഭരണത്തിലേറുകയും ചെയ്തു.

സംസ്ഥാന ഭരണത്തിന്റെ മധുവിധു കാലവും രണ്ടു കൂട്ടര്‍ക്കും അത്ര മധുരതരമായ കാലമായിരുന്നില്ല. പിണറായി-കാനം പോര് തുടര്‍ന്നുകൊണ്ടിരുന്നു. ഒളിയമ്പായും നേരിട്ടും. പിണറായിക്കും പിന്നീട് കാനത്തിനും മലയാള മനോരമ ന്യൂസ് മേക്കര്‍ പുരസ്കാരം നല്‍കി ആദരിച്ചതില്‍ നിന്നു തന്നെ രണ്ടു നേതാക്കളും എത്ര വാര്‍ത്താ പേജുകള്‍, സമയങ്ങള്‍ കവര്‍ന്നു എന്നതിന് തെളിവാണ്.

എന്നാല്‍ 2018 മധ്യത്തോടെ തന്റെ സമീപനത്തില്‍ കാനം പ്രകടമായ മാറ്റം വരുത്തി. മുന്നണിയിലെ തിരുത്തല്‍ ശക്തി എന്ന സ്വയം പ്രഖ്യാപിത പ്രതിച്ഛായ ഒരു പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ വലിയ ബാധ്യതയാണ് എന്ന കാര്യം കാനം തിരിച്ചറിഞ്ഞു എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. കൂടാതെ സി പി എമ്മിലെ പ്രതിപക്ഷ ശബ്ദമായ വി എസിന്റെ വിമര്‍ശനങ്ങള്‍ പണ്ടേ പോലെ ഓളങ്ങള്‍ സൃഷ്ടിക്കുന്നുമില്ല. അതായത് മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ വലിയ റേറ്റിംഗ് ഇല്ല. അതുകൊണ്ട് തന്നെ കാറ്റിന്റെ ഗതി അനുസരിച്ചു നീങ്ങുകയാണ് ഉത്തമമെന്ന് കാനം തീരുമാനിച്ചിട്ടുണ്ടാകും. പ്രത്യേകിച്ചും ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍. ആകെയുള്ള ഒരു എം പി കേരളത്തില്‍ നിന്നാണല്ലോ?

ഈ സമവായ നീക്കമൊക്കെ ഒരു പ്രായോഗിക രാഷ്ട്രീയ സമീപനമെന്ന നിലയില്‍ മനസിലാക്കാം. എന്നാല്‍ ഇന്നലെ ആലപ്പുഴയില്‍ വെച്ചു വി എസിനെതിരെ കാനം പറഞ്ഞതോ? അതല്‍പ്പം ഓവര്‍ സ്മാര്‍ട്ടാകലല്ലേ എന്നാരെങ്കിലും കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

https://www.azhimukham.com/newswrap-mission-km-mani-by-kanam-in-chengannur-writes-saju/

ഐ എന്‍ എല്ലിനെയും കേരള കോണ്‍ഗ്രസ്സ് ബിയെയും മുന്നണിയില്‍ എടുത്തതിനെതിരായ വി എസിന്‍റെ പ്രസ്ഥാവനയാണ് കാനം തള്ളിയത്. “മുന്നണി വിപുലീകരണം എല്‍ ഡി എഫിന്റെ ഏകകണ്ഠമായ തീരുമാനമാണ്. അതിനോടാണ് ബാധ്യത. ഈ തീരുമാനത്തില്‍ സി പി എമ്മിന് പങ്കുണ്ടെങ്കില്‍ അതില്‍ അംഗങ്ങളായ എല്ലാവര്‍ക്കും പങ്കുണ്ട്.” കാനം പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

“വി എസ് ഇപ്പൊഴും സി പി എം അംഗമാണെന്നാണ് മനസ്സിലാക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്നു അദ്ദേഹമാണ് ആലോചിക്കേണ്ടത്. ഐ എന്‍ എല്‍ വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്നു അഭിപ്രായമില്ല. 25 വര്‍ഷമായി എല്‍ ഡി എഫിന്റെ ഭാഗമാണ് അവര്‍. ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടി പത്തനാപുരത്ത് ജയിച്ച് ജനങ്ങളുടെ അംഗീകാരം നേടി. പഴയ കാലത്തെ ജാതകമൊന്നും നോക്കേണ്ടതില്ല.” കാനം പറഞ്ഞു.

എന്നാല്‍ കാനത്തിന്റെ പ്രസ്താവന വന്നയുടനെ വി എസിന്റെ എതിര്‍ പ്രസ്താവനയും എത്തി. “കാനം ഇപ്പൊഴും സി പി ഐ ആണെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഏതായലും സി പി എമ്മിന്റെ നിലപാടുകളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തതയുണ്ട് എന്നത് സന്തോഷകരം തന്നെ.” പത്രക്കുറിപ്പിലൂടെ വി എസ് പറഞ്ഞു. കാനത്തിന്റെ പ്രസ്താവന താന്‍ വനിതാ മതിലിനു എതിരാണ് എന്ന പ്രതീതി ഉണ്ടാക്കി എന്നും വി എസ് ആരോപിച്ചു.

വി എസിനെ വെറുതെ വിടാം. വി എസ് അന്നും ഇന്നും തന്റെ അഭിപ്രായങ്ങളില്‍ മാറിയിട്ടില്ല. നിങ്ങള്‍ യോജിച്ചാലും വിയോജിച്ചാലും.

https://www.azhimukham.com/kerala-newswrap-mani-has-to-learn-bih-lesson-from-karunakaran-writes-saju/

എന്നാല്‍ കാനമോ? കേരള കോണ്‍ഗ്രസ്സ് മാണിയെ സി പി എം എല്‍ ഡി എഫിലേക്ക് ആനയിക്കുന്നു എന്നു മനസിലാക്കിയതു മുതല്‍ ‘കാട്ടുകള്ള’നായ മാണി സാറെ മുന്നണിയില്‍ എടുത്താല്‍ അഴിമതിക്കെതിരെയുള്ള ഇടതു നയങ്ങളില്‍ വെള്ളം ചെര്‍ക്കലാവും എന്ന നിലപാടുമായി കാനം അതിശക്തമായി വിഎസിനൊപ്പം രംഗത്ത് എത്തി. എന്നാല്‍ ഇപ്പോള്‍ ബാലകൃഷണപിള്ളയുടെ പഴയ ജാതകം പരിശോധിക്കേണ്ട കാര്യമില്ലെന്നാണ് കാനം പറയുന്നത്. മാണിയെ തള്ളുകയും പിള്ളയെ കൊള്ളുകയും ചെയ്യുന്ന കാനത്തിന്റെ അവസര വാദ കമ്യൂണിസ്റ്റ് മൂല്യ വാചകമടി മനസിലാക്കാന്‍ സിക്സ്ത് സെന്‍സൊന്നും വേണ്ടതില്ല. അഡ്വ, ജയശങ്കറിന്റെ രാഷ്ട്രീയ നിരീക്ഷണ ബോധം മതി.

ഇനി ഐ എന്‍ എല്ലിന്റെ കാര്യം. കാല്‍ നൂറ്റാണ്ടായി അവര്‍ കൂടെയുണ്ടെന്നാണ് കാനം പറയുന്നത്. എന്നാല്‍ എന്നെങ്കിലും ആ പാവങ്ങളെ മുന്നണിയിലെടുക്കണമെന്ന് കാനവും കൂട്ടരും ആവശ്യപ്പെട്ടതായി കണ്ടിട്ടില്ല. മുസ്ലീം ലീഗ് വര്‍ഗ്ഗീയ/സമുദായ പാര്‍ട്ടിയാണ് എന്നു സി പി ഐ ഇപ്പൊഴും കരുതുന്നുണ്ടെങ്കില്‍ ഐ എന്‍ എല്ലും വര്‍ഗ്ഗീയ പാര്‍ട്ടി തന്നെ.

ദേശീയ തലത്തില്‍ ഇപ്പൊഴും കൂടെ നില്‍ക്കുന്ന ജി ദേവരാജന്റെ ഫോര്‍വേഡ് ബ്ളോക്ക് നാണം കെട്ട് യു ഡി എഫിലേക്ക് പോയപ്പോള്‍, വീരേന്ദ്രകുമാറിനെ 'ചവിട്ടിപ്പുറത്താക്കി'യപ്പോള്‍, ആര്‍ എസ് പി വലതു ഭാഗത്തേക്ക് കൂട് മാറിയപ്പോള്‍ ഒന്നും മുന്നണി മര്യാദയുടെ ശബ്ദം ഉച്ചത്തില്‍ മുഴക്കാന്‍ കാനവും സി പി ഐയും തയ്യാറായിട്ടില്ല.

അപ്പോള്‍, ഇപ്പോഴെന്താ ഇങ്ങനെ എന്നു ചോദിക്കുന്നവരോട് വയറ്റുപ്പിഴപ്പ് തന്നെ പ്രശ്നം എന്നു തുറന്നു സമ്മതിച്ചു കൂടെ കാനം സഖാവേ..?

https://www.azhimukham.com/newswrap-pinarayi-cpi-tussle-in-thomaschandy-resignation-sajukomban/

https://www.azhimukham.com/newswrap-kanam-rajendran-against-ke-ismail/

Next Story

Related Stories