Top

പോപ്പുലര്‍ ഫ്രണ്ട് ഭീകരത പുറത്തുവരണം, അതുപക്ഷേ ആര്‍ എസ് എസിനെ വെള്ളപൂശി ആകരുത്

പോപ്പുലര്‍ ഫ്രണ്ട് ഭീകരത പുറത്തുവരണം, അതുപക്ഷേ ആര്‍ എസ് എസിനെ വെള്ളപൂശി ആകരുത്
മഹാരാജാസിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതി ചെര്‍ക്കപ്പെട്ട കാംപസ് ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരെ തിരഞ്ഞുകൊണ്ടുള്ള റെയ്ഡ് സംസ്ഥാന വ്യാപകമായി തുടരുകയാണ്. ഇന്നലെ തൃശൂര്‍ ജില്ലയില്‍ മാത്രം 68 പേര്‍ അറസ്റ്റിലായി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 നേതാക്കളുടെ പേരില്‍ കേസും എടുത്തിട്ടുണ്ട്. 11 പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തുമെന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു. സമാനമായ റെയ്ഡുകള്‍ കഴിഞ്ഞ ദിവസം മലപ്പുറത്തും കണ്ണൂരും പാലക്കാടും നടക്കുകയുണ്ടായി. ഹാദിയ കേസില്‍ മതപരിവര്‍ത്തന കേന്ദ്രം എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സത്യസരണിയിലും, മഞ്ചേരിയിലെ ഗ്രീന്‍ വാലിയിലും കഴിഞ്ഞ ദിവസം പോലീസ് എത്തി.

അഭിമന്യു കൊലപാതകം മുസ്ലീം ജനസാമാന്യത്തിന് മേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന എസ് ഡി പി ഐയുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനുള്ള അവസരമായി സി പി എം നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍ കൈക്കൊണ്ടു കഴിഞ്ഞോ എന്നു സംശയമുണ്ടാക്കുന്നതാണ് സംസ്ഥാനത്താകെ നടക്കുന്ന റെയ്ഡുകള്‍. അതേസമയം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം പോലീസ് നടപടികളെ തള്ളിക്കളയാനും സാധിക്കില്ല. പ്രത്യേകിച്ചും പൊതുസമൂഹം ഒന്നടങ്കം പ്രതിഷേധവും നടുക്കവും രേഖപ്പെടുത്തിയ ഒരു കൊലപാതകത്തില്‍.

സി പി എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ദേശാഭിമാനിയിലും മാതൃഭൂമിയിലും എഴുതിയ ലേഖനത്തില്‍ ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ക്കൊരു രാഷ്ട്രീയ വിശദീകരണമായി കാണാം. മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ (ദേശാഭിമാനിയില്‍ ഇല്ല. അപ്പോള്‍ അത് മാതൃഭൂമി തയ്യാറാക്കിയതാണോ എന്നു സംശയിക്കാം) 1995 മുതല്‍ 2018 വരെ 31 ആളുകളെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തി എന്നു വ്യക്തമാക്കുന്നുണ്ട്. കൂടാതെ 2003ല്‍ ബേപ്പൂര്‍ മാറാട് 8 ആര്‍ എസ് എസുകാരെ കൊന്നതും എന്‍ ഡി എഫുകാരാണ് എന്നു സ്ഥിതിവിവര കണക്ക് പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ കൊലചെയ്യപ്പെട്ടവര്‍ കൂടുതല്‍ സംഘപരിവാറുകാരാണ് എന്നു കാണാം.

Read More: പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

2012ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ഉദ്ധരിച്ചുകൊണ്ട് എളമരം കരീം ഇങ്ങനെ എഴുതുന്നു. “2012ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിപിഎം, ആര്‍ എസ് എസ് സംഘടനകളില്‍ പെട്ട 27 പേരെ പോപുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തിയതായി പറയുകയുണ്ടായി. ഇതിന് പുറമെ വര്‍ഗീയ കൊലപാതകങ്ങള്‍, 86 വധ ശ്രമങ്ങള്‍, 106 വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയിലും പോപുലര്‍ ഫ്രണ്ട്-എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് 2014ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.”

എളമരം കരീം തുടരുന്നു. “2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘമായിരുന്നു. കേരളത്തില്‍ ഒരു സംഘടന നടത്തിയ കൂട്ടക്കൊലയില്‍ എട്ട് ആര്‍ എസ് എസുകാരാണ് കൊല്ലപ്പെട്ടത്.”

2005 മുതല്‍ ഇങ്ങോട്ട് പോപുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത നിരവധി കലാപ ശ്രമങ്ങളെ എളമരം കരീം എടുത്തുപറയുന്നുണ്ട്. അതെല്ലാം തന്നെ പോലീസ് കേസുകള്‍ ആയതുകൊണ്ട് വസ്തുതകളുടെ പിന്‍ബലവുമുണ്ട്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ലേഖനം അതിരുവിടുന്നുണ്ടോ എന്നു സംശയിക്കാതെ തരമില്ല.

Read More: അഭിമന്യു ആരുടെ രക്തസാക്ഷി?

മൊബൈല്‍ ഫോണ്‍ വഴിയിലുള്ള സന്ദേശങ്ങളിലൂടെ ഭീതി പരത്തുകയും കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം നേടിയവരാണ് പോപുലര്‍ ഫ്രണ്ടുകാര്‍ എന്നു കരീമിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. എല്ലാ ഫാസിസ്റ്റ് സംഘടനകളും ഈ കാര്യത്തില്‍ ബഹുമിടുക്കന്‍മാരാണ് എന്നറിയാന്‍ അധികം അകലെയൊന്നും പോകേണ്ടതില്ല. കര്‍ണ്ണടാക തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദക്ഷിണ കര്‍ണ്ണാടകയിലെ ഹൊനാവറില്‍ നടന്ന കൊലപാതകത്തെ സംഘപരിവാറും അവരുടെ എം പി ശോഭാ കാരന്ത്ജലെയും എങ്ങിനെയാണ് പ്രചരിപ്പിച്ചത് എന്നു നോക്കിയാല്‍ മാത്രം മതി.

അതിന്റെ മറ്റൊരു രൂപമാണ് ജമ്മു കാശ്മീരില്‍ എട്ട് വയസുകാരിയെ ഹിന്ദുത്വ സംഘടനയില്‍ പെട്ടവര്‍ ബലാത്സംഗം ചെയ്തു കൊന്നതില്‍ പ്രതിഷേധിച്ചു കേരളത്തില്‍ നടന്ന വാട്സാപ്പ് ഹര്‍ത്താല്‍. ഇതില്‍ പോപുലര്‍ ഫ്രണ്ടും എസ് ഡി പി ഐ അടക്കമുള്ള സംഘടയ്ക്കുള്ള ബന്ധം പകല്‍ പോലെ വ്യക്തമായതാണ്.

എന്നാല്‍ ഇതിനെയടക്കം വിശദീകരിക്കാന്‍ എളമരം കരീം ഉയര്‍ത്തുന്ന ഒരു വാദം അല്‍പ്പം കടന്നു പോയി എന്ന കാര്യത്തില്‍ സംശയമില്ല. “മൊബൈല്‍ ഫോണ്‍ വില്‍പ്പന ഷോപ്പുകളിലെ നടത്തിപ്പുകാരിലും ജീവനക്കാരിലും ഒരു വിഭാഗം തീവ്രവാദികളുടെ സ്വാധീനത്തിലാണ്. ഇവരെ ഉപയോഗിച്ചാണ് വാട്സാപ്പ് പ്രചരണം നടത്തുന്നത്.”

Read More: ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

എന്തെങ്കിലും രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണോ ഒരു ജനപ്രതിനിധി കൂടിയായ എളമരം കരീം ഇങ്ങനെയൊരു വിലയിരുത്തലില്‍ എത്തിയത് എന്നറിയില്ല.

സത്യസരണിയെയും ഗ്രീന്‍ വാലിയെയും കുറിച്ചുള്ള പരാമര്‍ശങ്ങളിലൊക്കെ ലേഖനം പറയുന്ന കാര്യങ്ങളോടൊപ്പം നില്‍ക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ലൌ ജിഹാദ് എന്ന തീവ്ര ഹിന്ദുത്വ പ്രചരണവും ഘര്‍ വാപ്പസി ക്യാമ്പയിനെയും നമ്മള്‍ മറന്നു പോകരുത്. സ്വമേധയാ മതപരിവര്‍ത്തനം ചെയ്ത കൊടിഞ്ഞിയിലെ ഫൈസലിനെ കൊന്നതും നമ്മള്‍ ചൂണ്ടിക്കാണിക്കണം. ഇതിവിടെ പറയാന്‍ പ്രധാന കാരണം ഫൈസലിനെ കൊല ചെയ്തതിന്റെ പ്രതികാര കൊലയാണ് എസ് ഡി പി ഐ നടത്തിയ ബിബിന്റെ കൊലപാതകം. അത് എളമരം കരീമിന്റെ പട്ടികയില്‍ പെട്ടിട്ടുണ്ട്.

എളമരം കരീം താങ്കളുടെ ലേഖനത്തിലെ വസ്തുതകളെ അംഗീകരിക്കുന്നു. എസ് ഡി പി ഐ, പോപുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുടെ തീവ്രവാദ മുഖം വലിച്ചു കീറപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അത് പക്ഷേ ആര്‍ എസ് എസിന് ജാമ്യം നല്‍കുന്നത് ആകരുത്.

Read More: ന്യൂനപക്ഷ അനുകൂല നിലപാട് ചില ദളിത്‌ ബുദ്ധിജീവികള്‍ക്ക് ലാഭമാണ്, വിമര്‍ശിക്കേണ്ടപ്പോള്‍ നിശബ്ദതയും; ഗീതാനന്ദന്‍ സംസാരിക്കുന്നു

Next Story

Related Stories