TopTop
Begin typing your search above and press return to search.

കെ. സുരേന്ദ്രന്‍, താങ്കള്‍ ഒരു ദുരന്തമാണ്; നിപ ദുരിതബാധിതര്‍ താങ്കളോട് ക്ഷമിക്കട്ടെ

കെ. സുരേന്ദ്രന്‍, താങ്കള്‍ ഒരു ദുരന്തമാണ്; നിപ ദുരിതബാധിതര്‍ താങ്കളോട് ക്ഷമിക്കട്ടെ

ചെങ്ങന്നൂരിലെ പരാജയം ബിജെപി വിലയിരുത്തി. പ്രതിവിധിയും കണ്ടു. സിപിഎമ്മിനെ പഠിക്കുക; ആവശ്യം ഉന്നയിച്ചത് മറ്റാരുമല്ല ബിജെപിയിലെ ബുദ്ധിജീവിയും പ്രഗത്ഭ അഭിഭാഷകനും ചെങ്ങന്നൂരിലെ തോറ്റ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള തന്നെ. ഇന്നലെ നടന്ന ചെങ്ങന്നൂര്‍ നിയോജക മണ്ഡലം അവലോകന യോഗത്തിലാണ് ശ്രീധരന്‍ പിള്ളയും കൂട്ടരും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

"സിപിഎം നടത്തിയ താഴെത്തട്ടിലുള്ള നിലമൊരുക്കല്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ ബിജെപിയും നടത്തിയെങ്കിലും സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പ്രാദേശിക ചുമതല നല്‍കി സിപിഎം നടത്തിയതുപോലെ മാസ്റ്റര്‍പ്ലാന്‍ ബിജെപിക്കുണ്ടായില്ലെന്ന് വിമര്‍ശനം" എന്നാണ് മലയാള മനോരമയുടെ റിപ്പോര്‍ട്ട്. “സിപിഎമ്മിന്റെ ചെങ്ങന്നൂര്‍ മോഡല്‍ കൃത്യമായി പഠിച്ച് എതിര്‍പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു” എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ സിപിഎം ചെങ്ങന്നൂരില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയിട്ടാണ് ജയിച്ചത് എന്നാണ്. അതിനു ദൃഷ്ടാന്തമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനമായിരുന്നു. പ്രത്യേകിച്ചും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ അയ്യപ്പ സേവാ സംഘത്തിന്റെ ആളും ഹിന്ദുത്വ രാഷ്ട്രീയക്കാരനും ആണ് എന്നു സിപിഎം പ്രചരിപ്പിച്ചു എന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. അപ്പോഴും മണ്ഡലത്തിന്റെ സര്‍വ്വ മേഖലകളിലും എങ്ങനെ സിപിഎമ്മിന് വോട്ടൊഴുക്കാന്‍ പറ്റി എന്നത് കോണ്‍ഗ്രസുകാര്‍ക്ക് പോലും വിശദീകരിക്കാന്‍ പറ്റിയിട്ടില്ല.

വാദത്തിന് വേണ്ടി കോണ്‍ഗ്രസ് ന്യായം അംഗീകരിച്ചാല്‍ തന്നെ ബിജെപി ഇനി സിപിഎമ്മില്‍ നിന്നെന്തു പഠിക്കാന്‍ എന്ന ചോദ്യമാണ് ഉയരുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയല്ലേ അത്? ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെ പാക് ചാരനാക്കിയും കര്‍ണ്ണാടകയില്‍ ടിപ്പു വിരുദ്ധവികാരം ആളിക്കത്തിച്ചും മോദിയും അമിത് ഷായും സംഘവും കാട്ടിക്കൂട്ടിയത് എന്തൊക്കെയാണ്? അതിന്റെ വിജയക്കൊയ്ത്തല്ലേ അവരവിടെ നടത്തിയത്?

സിപിഎം നടത്തി എന്നാരോപിക്കുന്ന 'ധ്രുവീകരണ' കലാപരിപാടികളോ മറ്റോ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നന്നായി നടത്തിയിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ആദ്യ ഭാഗത്ത് വിലയിരുത്തിയിട്ടുമുണ്ട്. പിന്നെ എന്താണ് ബിജെപി സിപിഎമ്മില്‍ നിന്നും പഠിക്കാന്‍ പോകുന്നത്? സംസ്ഥാന നേതാക്കള്‍ക്ക് പ്രാദേശിക ചുമതല കൊടുത്തുള്ള മാസ്റ്റര്‍പ്ലാന്‍! അതേ, അതാണ് സിപിഎമ്മിന്റെ ആവനാഴിയില്‍ നിന്നും ബിജെപിക്കാര്‍ പഠിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്. എന്തായാലും വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലെ സഖാക്കള്‍ ഒന്നു ശ്രദ്ധിച്ചുകൊള്ളുക. കെ സുരേന്ദ്രനും എം ടി രമേശും ശോഭാ സുരേന്ദ്രനുമൊക്കെ വേഷം മാറി പാര്‍ട്ടി പഠനക്ലാസുകളില്‍ കടന്നു കൂടാന്‍ സാധ്യതയുണ്ട്.

പക്ഷേ ഒരു സംശയം ഇപ്പൊഴും ബാക്കി നില്ക്കുന്നു. എത്ര പഠന ക്ലാസ് കിട്ടിയാലും കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമൊക്കെ പാഠം പഠിക്കുമോ? സംശയമാണ്. ഇന്നലത്തെ കെ സുരേന്ദ്രന്റെ ഒരു പ്രസ്താവന മാത്രം മതി അതിനു തെളിവ്. അതിങ്ങനെയാണ്; നിപ ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി ആ പരിസരപ്രദേശത്തേക്കു പോലും വന്നില്ലെന്നും നിപ ദുരന്തബാധിതരുടെ ദു:ഖത്തിൽ പങ്കു ചേര്‍ന്നില്ല എന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ഡല്‍ഹി ലെഫ്റ്റ്നന്‍റ് ഗവര്‍ണ്ണറുടെ വസതിയില്‍ സമരമിരിക്കുന്ന അരവിന്ദ് കെജ്രിവാളിനെ കാണാന്‍ പോയ പിണറായി വിജയനെ വിമര്‍ശിച്ച് 'വടക്കുനോക്കി' എന്നു വിളിച്ചാണ് സുരേന്ദ്രന്റെ ഈ അസംബന്ധം.

കെ സുരേന്ദ്രന്‍ താങ്കള്‍ ഒരു ദുരന്തമാണ്… നിപയേക്കാള്‍ വലിയ ദുരന്തം എന്ന് ആ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിച്ച ഒരുപാടാളുകള്‍ ഉള്ളതുകൊണ്ടു പറയുന്നില്ല.

ഭാവി പ്രസിഡണ്ടാക്കാന്‍ അമിത് ഷാ പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് സുരേന്ദ്രന്‍റേത് എന്നു കേള്‍ക്കുന്നു. കേരള ബിജെപിക്ക് നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-pinarayi-vijayan-doesnt-care-about-his-duties-k-surendran/

http://www.azhimukham.com/news-update-bjp-media-wing-spreading-hate-against-migrants-on-nipah-death/

http://www.azhimukham.com/india-four-chief-ministers-extends-support-to-kejriwal/

http://www.azhimukham.com/edit-will-modi-and-kejriwal-able-to-solve-delhi-mess/

http://www.azhimukham.com/trending-we-should-conscious-about-not-only-nipah-rss-virus-also-says-kodiyeri/


Next Story

Related Stories