Top

‘രാഹുല്‍ പഴയ രാഹുലല്ല’ എന്ന പ്രയോഗത്തിലെ ട്രോള്‍ കുഴി കോണ്‍ഗ്രസ്സിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയായി ചുമതലയേറ്റ മകനോട് ആന്റണി ചോദിച്ചു മനസിലാക്കേണ്ടിയിരുന്നു

‘രാഹുല്‍ പഴയ രാഹുലല്ല’ എന്ന പ്രയോഗത്തിലെ ട്രോള്‍ കുഴി കോണ്‍ഗ്രസ്സിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയായി ചുമതലയേറ്റ മകനോട് ആന്റണി ചോദിച്ചു മനസിലാക്കേണ്ടിയിരുന്നു
രാഹുൽ ഗാന്ധി ഇപ്പോൾ പഴയ രാഹുൽ ഗാന്ധിയല്ലെന്ന് കോണ്‍ഗ്രസ്സ് പ്രവർത്തക സമിതിയംഗം എകെ ആന്റണി. നരേന്ദ്രമോദി പോലും രാഹുലിനെ പേടിക്കുന്നുണ്ട്. ഇന്നലെ നടന്ന കെപിസിസി ജനറൽ ബോഡിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഭവ സമ്പത്താര്‍ജ്ജിച്ചു പടിപടിയായി രാഹുല്‍ വളര്‍ന്നു കഴിഞ്ഞു. മോദിയെ തോല്‍പ്പിക്കാന്‍ രാഹുലിന് മാത്രമേ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ഏറ്റവും തല മുതിര്‍ന്ന, ആദര്‍ശ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന എ കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. ഇന്ദിരാ ഗാന്ധിയുടെ അപ്രതീക്ഷിത മരണ ശേഷം അധികാരത്തിന്റെ സോപാനങ്ങളിലേക്ക് എടുത്തുയര്‍ത്തപ്പെടുകയും പിന്നെ പടിപടിയായി വളര്‍ന്നു കോണ്‍ഗ്രസ്സ് നായകനാകുകയും ചെയ്ത രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ വളര്‍ച്ച കണ്ടിട്ടുള്ള ഈ നേതാവിന്റെ വാക്കുകള്‍ എന്തായാലും പാഴ് വാക്കുകളായി തള്ളിക്കളയാന്‍ കഴിയില്ല.

എന്നാല്‍ 'രാഹുല്‍ പഴയ രാഹുലല്ല' എന്ന പ്രയോഗത്തിലെ ട്രോള്‍ കുഴി കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയായി ചുമതല ഏറ്റെടുത്ത മകന്‍ അനില്‍ ആന്റണിയോട് ആന്റണി ചോദിച്ചു മനസിലാക്കേണ്ടിയിരുന്നു എന്നാണ് തുടക്കത്തില്‍ തന്നെ പറയാനുള്ളത്.

https://www.azhimukham.com/trending-ak-antonys-son-entering-kerala-politics/

നേരത്തെ ഇതേ കണക്ക് പരാമര്‍ശം മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നടത്തി കുഴപ്പത്തിലായിരുന്നു. ‘രാഹുല്‍ ഗാന്ധി ഇപ്പോഴും പക്വത കൈവരിച്ചിട്ടില്ല… പക്വത കൈവരിക്കാന്‍ അദ്ദേഹത്തിന്റെ പ്രായം അനുവദിക്കുന്നില്ല. തന്റെ നാല്‍പതുകളിലാണ് അദ്ദേഹം. ദയവായി അദ്ദേഹത്തിന് അല്‍പം സമയം നല്‍കൂ,’ 2017ല്‍ നടന്ന വിവിധ സംസ്ഥാനങ്ങളിലേറ്റ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് ഷീല ദീക്ഷിതാണ് ഇങ്ങനെ പറഞ്ഞത്. തങ്ങളുടെ 'പപ്പുമോന്‍' വിളിക്കുള്ള അംഗീകാരമായാണ് ഈ പ്രസ്താവനയെ ബിജെപി കണ്ടത്.

അതേ ഷീലാ ദീക്ഷിത് രാഹുല്‍ അദ്ധ്യക്ഷനായ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ്സ് അധ്യക്ഷയായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. തന്നെ നാണം കെടുത്തി തോല്‍പ്പിച്ച ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഈ ചുമതല എല്‍ക്കല്‍ എന്നുകൂടി ശ്രദ്ധിയ്ക്കണം.

https://www.azhimukham.com/india-a-k-antony-on-2019-general-election-and-rahul-gandhi/

എന്തായാലും ബിജെപിക്കാര്‍ക്ക് മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ തല നരച്ചവര്‍ക്ക് കൂടി രാഹുലിനെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് മാറുന്നു എന്നു വേണം ഷീലാ ദീക്ഷിത്, എകെ ആന്‍റണി എന്നിവരുടെ നടപടികളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും മനസിലാക്കേണ്ടത്.

ഉദാഹരണത്തിന് കഴിഞ്ഞ ദിവസത്തെ ചില സംഭവങ്ങള്‍ നോക്കുക. നിർമല സീതാരാമനെ ഇറക്കി മോദി റാഫേൽ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണെന്ന കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ചൊല്ലി ഉയര്‍ന്ന വിവാദം തന്നെ.

റഫാൽ ഇടപാടിൽ താനുന്നയിച്ച ആരോപണങ്ങൾക്കും വാദങ്ങൾക്കും ഒരു സ്ത്രീയെ ഇറക്കി മോദി ഒളിച്ചോടിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ധൈര്യമുണ്ടെങ്കിൽ ആണായി നിന്ന് മറുപടി തരണമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

ആ ട്വീറ്റ് ഇങ്ങനെ:
അപകീർത്തികരവും സ്ത്രീ വിരുദ്ധവുമായ പരാമർശം നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും മോദിയുടെ നേര്‍ക്ക് നേരെ നിന്നു വര്‍ത്തമാനം പറയാന്‍ പയ്യന്‍ പഠിച്ചു കഴിഞ്ഞു എന്നു കോണ്‍ഗ്രസ്സിലെ വൃദ്ധന്‍മാര്‍ക്ക് ബോധ്യപ്പെടാന്‍ ഈ വിവാദം ഇടയാക്കിയെന്ന് വേണം കരുതാന്‍.

https://www.azhimukham.com/blog-narendra-modi-coudlnt-call-rahulgandhi-pappumon-after-2018-assembly-elections-writes-saju/

ഇനി ഇന്നലെ യു എ യിലെ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ നടത്തിയ ആവേശകരമായ പ്രസംഗമാണ് മറ്റൊന്ന്.

“ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും.”

എന്റെ ഹൃദയം ഇന്ത്യയ്ക്ക് വേണ്ടി തുടിക്കുന്നു എന്നൊക്കെ പണ്ട് തന്റെ പിതാവ് രാജീവ് ഗാന്ധി പറഞ്ഞതുപോലെ ഒരൈറ്റം. “എന്റെ ‘മൻ കി ബാത്’ കേൾപ്പിക്കാനല്ല, നിങ്ങളെ കേൾക്കാനാണു ഞാൻ വന്നത്.” പരോക്ഷമെങ്കിലും വ്യക്തമായി തന്നെ തന്റെ എതിരാളിയെ രാഹുല്‍ ഇവിടെ സ്കെച്ച് ചെയ്തിരിക്കുന്നു.

ദുബയ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ അദ്ദേഹത്തെ ആയിരങ്ങളാണ് കേൾക്കാനെത്തിയത്. ഈ ആയിരങ്ങള്‍ മോദിക്കും സിപിഎമ്മിനും മാത്രമല്ല ബിജെപിയിലേക്ക് കാലൂന്നാന്‍ തയ്യാറെടുക്കുന്ന കേരളത്തിലെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും കൂടിയുള്ള വാണിംഗ് സിഗ്നല്‍ കൂടിയാണ്.

ഇനി ഇന്നലത്തെ ആന്റണിയുടെ പ്രസംഗത്തിലേക്ക് ഒരിക്കല്‍ കൂടി; "എന്തു വില കൊടുത്തും എന്തു വിട്ടുവീഴ്ച ചെയ്തും ആര്‍ എസ് എസ് നിയന്ത്രിത മോദി ഭരണത്തിനു അന്ത്യം കുറിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കും."

അതേ, രാഹുല്‍ മാത്രമല്ല ആന്റണിയും പഴയ ആന്റണി അല്ല.

https://www.azhimukham.com/news-update-rahul-gandhi-addresses-indian-community-in-dubai/

https://www.azhimukham.com/news-update-be-a-man-rahul-gandhi-to-pm-bjp-react-misogynist-rahul/


Next Story

Related Stories