TopTop
Begin typing your search above and press return to search.

നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഗവര്‍ണ്ണര്‍ അറിയുന്നുണ്ട്; 'മഹാനടന്‍' മോഹന്‍ലാലിനോട് പി സദാശിവം പറഞ്ഞത്

നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഗവര്‍ണ്ണര്‍ അറിയുന്നുണ്ട്;
ലാലേട്ടന്‍.. തന്റെ തമിഴ് ആക്സന്‍റില്‍ ഗവര്‍ണ്ണര്‍ പി സദാശിവം നടന്‍ മോഹന്‍ലാലിനെ വിളിച്ചു. അതുകേട്ട് സൂപ്പര്‍ താരം തന്റെ സ്വതസിദ്ധമായ കുസൃതിച്ചിരി പകരം സമ്മാനിച്ചു. “മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് താങ്കളെ വിളിക്കുന്ന പേര് ഇങ്ങനെയല്ലേ ഉച്ചരിക്കേണ്ടത്?” എന്നു ഗവര്‍ണ്ണര്‍ ചോദിച്ചെന്നു മലയാള മനോരമ. അതേ എന്നു വിനയാന്വിതനായി സിനിമയിലെ പ്രിയ താരം.

ഇന്നലെ പ്രശസ്ത എഴുത്തുകാരന്‍ പി കേശവദേവിന്റെ പേരിലുള്ള പുരസ്കാര ചടങ്ങിലാണ് മേല്പറഞ്ഞ സീന്‍. പുരസ്കാര ദാനം നിര്‍വഹിച്ചു ഗവര്‍ണ്ണര്‍ ഇങ്ങനെ പറഞ്ഞു. “മോഹന്‍ലാല്‍ മികച്ച നടനാണ്. അഭിനേതാക്കള്‍ക്കും എഴുത്തുകാര്‍ക്കും സമൂഹത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കാരണം അവര്‍ റോള്‍ മോഡലുകളാണ്. സമൂഹത്തിനു മാതൃകയാക്കേണ്ട കാര്യങ്ങളാണ് അവര്‍ നിറവേറ്റേണ്ടത്.”

എന്തായാലും നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മുടെ ഗവര്‍ണ്ണര്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട് എന്നു വേണം കരുതാന്‍. മുന്‍ ന്യായാധിപന്‍ കൂടിയാണല്ലോ അദ്ദേഹം. മലയാള സിനിമാ ലോകം എത്തിപ്പെട്ട നൈതിക-ധാര്‍മ്മിക പ്രതിസന്ധിയെ കുറിച്ച് അദ്ദേഹം കേള്‍ക്കാതിരിക്കാന്‍ വഴിയില്ല.

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ദിലീപിനെ എ എം എം എയില്‍ തിരിച്ചെടുക്കാനുള്ള വിവാദ തീരുമാനത്തിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ കഴിഞ്ഞ ദിവസം മോഹന്‍ ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. അന്ന് പറഞ്ഞ “നടിക്കൊപ്പം, നടന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്ന ഡയലോഗാണ് സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇരയാക്കപ്പെട്ടവളുടെ കൂടെ നില്‍ക്കുന്നു എന്ന നിലപാടിലെ 'സത്യസന്ധത'യെ വാദത്തിന് വേണ്ടി തല്‍ക്കാലം അംഗീകരിക്കാം. പക്ഷേ നടിയെ ഈ അവസ്ഥയില്‍ എത്തിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന നടന് വേണ്ടി എന്തിന് പ്രാര്‍ത്ഥിക്കണം? നീതിന്യായ സംവിധാനത്തിന്റെ കര്‍ശനമായ വിചാരണകളിലൂടെ അയാള്‍ കടന്നു പോകുമോ എന്ന വിശ്വാസം പ്രകടിപ്പിക്കുകയല്ലേ വേണ്ടത്. 'നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ' ഉമ്മന്‍ വചനമല്ലേ ഇവിടെ അഭികാമ്യം. മാത്രമല്ല ഒരിക്കല്‍ പുറത്താക്കിയ നടനെ സാങ്കേതികതയില്‍ തൂങ്ങി തിരിച്ചെടുത്തതിലെ ന്യായം എന്തെന്ന് കൃത്യമായി വിശദീകരിക്കാനും സംഘടനയുടെ അദ്ധ്യക്ഷനായ മോഹന്‍ലാലിന് സാധിച്ചിട്ടില്ല.

ഇന്നലെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ചൂണ്ടിക്കാണിച്ചതും മറ്റൊന്നല്ല.

"കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്‍ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തില്‍ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ് . കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണ്." ഡബ്ല്യു സി സി ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകമായിരുന്നെന്നാണ് ഡബ്ല്യു സി സി അഭിപ്രായപ്പെട്ടത്.

വീണ്ടും പി കേശവദേവ് പുരസ്കാര ദാന ചടങ്ങിലേക്ക് വരാം.

തിരുവനന്തപുരം മുടവന്‍മുഗളിലെ കുട്ടിക്കാലം മോഹന്‍ലാല്‍ ഇന്നലെ ഓര്‍മ്മിച്ചു. അയല്‍ക്കാരായ പി കേശവദേവും തന്റെ പിതാവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും അപൂര്‍വ്വമായ പല പുസ്തകങ്ങളും വായിച്ചത് പി കേശവദേവിന്റെ പുസ്തക ശേഖരത്തില്‍ നിന്നുമാണെന്നും ലാല്‍ പറഞ്ഞു.

ഇടതുപക്ഷ സഹയാത്രികനായ ദേവ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി എഴുതിയിട്ടുള്ള എഴുത്തുകാരനാണ് എന്നു മോഹന്‍ലാല്‍ തീര്‍ച്ചയായും മനസിലാക്കിയിട്ടുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓടയില്‍ നിന്ന് വായിക്കാനാവസരം കുട്ടിക്കാലത്ത് കിട്ടിയിട്ടുണ്ടോ എന്നറിയില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ സത്യന്‍ ജീവന്‍ പകര്‍ന്ന ഓടയില്‍ നിന്നിന്റെ ചലച്ചിത്രാവിഷ്കാരം എന്തായാലും കണ്ടിട്ടുണ്ടാകും. സൈക്കിള്‍ റിക്ഷാ തൊഴിലാളിയായ പപ്പുവിന്റെ കഥ കേരളത്തില്‍ ഏറെ കൊണ്ടാടപ്പെട്ട തൊഴിലാളി വര്‍ഗ്ഗ കഥാഖ്യാനങ്ങളില്‍ ഒന്നാണ്.

അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നിലകൊണ്ടു മഹാനായ എഴുത്തുകാരന്റെ പുരസ്കാരം സ്വീകരിക്കുന്ന വേദിയില്‍ ‘മഹാനടനാ’കാതെ മനുഷ്യപക്ഷത്തു നിന്നു ചിന്തിക്കാനുള്ള പ്രേരണ പി സദാശിവത്തിന്റെ വാക്കുകളില്‍ നിന്നെങ്കിലും മോഹന്‍ലാലിന് കിട്ടട്ടെ.

ഇന്നലെ മോഹന്‍ലാലുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം സാംസ്കാരിക-സിനിമാ മന്ത്രി പറഞ്ഞത് പൊതുസമൂഹത്തിന്റെ വികാരം സിനിമാ താരങ്ങള്‍ മനസിലാക്കുമെന്നാണ്. ഡബ്ല്യു സി സിയുമായി ഉടന്‍ എ എം എം എ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

https://www.azhimukham.com/offbeat-mohanlal-says-black-humour-stage-show/

https://www.azhimukham.com/news-update-wcc-responds-on-mohanlal-press-meet-issue/


Next Story

Related Stories