TopTop

‘ക്ലീന്‍ ഷേവ് രാഹുല്‍’; ഒരു ജതിന്‍ രാംദാസ് മെയ്ക്ക് ഓവര്‍

‘ക്ലീന്‍ ഷേവ് രാഹുല്‍’; ഒരു ജതിന്‍ രാംദാസ് മെയ്ക്ക് ഓവര്‍
എ ഐ സി സി നല്‍കിയ ചിത്രങ്ങള്‍ മാത്രമേ രാഹുലിന് വേണ്ടി തയ്യാറാക്കുന്ന പോസ്റ്ററുകളിലും ഹോര്‍ഡിംഗുകളിലും ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് സംസ്ഥാന നേതൃത്വത്തിന് കിട്ടിയ നിര്‍ദേശം. മുഖം വ്യക്തമാകുന്ന തരത്തിലുള്ള പരമ്പരാഗത രീതിയിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. ക്ലീന്‍ ഷേവ് ചെയ്ത ഒരു 30കാരന്റെ മുഖ സാദൃശ്യമുള്ള ഒരു പോസ്റ്റര്‍ ആണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. താടിയുള്ള രാഹുല്‍ യുവ നേതാവ് എന്ന ബ്രാന്‍ഡിന് യോജിക്കില്ല എന്നതുകൊണ്ടു കൂടിയായിരിക്കാം ഇങ്ങനെയൊരു പോസ്റ്റര്‍. താടിയുള്ള പി പി സുനീറിനോട് ഏറ്റുമുട്ടാന്‍ താടിയും മീശയുമില്ലാത്ത രാഹുലാണ് അനുയോജ്യം എന്നു പ്രചാരണ മാനേജര്‍മാര്‍ തീരുമാനിച്ചു കഴിഞ്ഞു എന്നര്‍ത്ഥം.

വി ഡി സതീശന്‍ എം എല്‍ എയ്ക്കാണ് പോസ്റ്റര്‍ തയ്യാറാക്കാനുള്ള ചുമതല നല്കിയിരിക്കുന്നത് എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്താണ് പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്.

ക്ലീന്‍ ഷേവ് ചെയ്ത രാഹുല്‍ ഒരു ഉത്തരേന്ത്യന്‍ മെയ്ക്ക് ഓവറാണ്. എങ്ങനെയാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ പ്രതിച്ഛായ ശ്രീരാമന്റെ ഛായയുമായി ചേര്‍ത്തുവെച്ച് ഒരു ഇമേജ് ബില്‍ഡിംഗ് ശ്രമം രാമാനന്ദ സാഗര്‍ 1980കളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത രാമായണം ടെലി സീരീസിലൂടെ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ വായിച്ചത് ഓര്‍ക്കുകയാണ് ഈ അവസരത്തില്‍.

ജീന്‍സിട്ട രാഹുല്‍ പലപ്പോഴും താടി വളര്‍ത്തിയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത് എന്നതും കൌതുകകരമായ കാര്യമാണ്. അതേസമയം ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്ന രാഹുല്‍ എല്ലായ്പ്പോഴും ക്ലീന്‍ ഷേവാണ് എന്നത് അത്ര യാദൃശ്ചികമല്ല.

നരേന്ദ്ര മോദി വ്യാഖ്യാനിച്ചത് പോലെ ഹിന്ദുക്കളെ ഭയന്ന് ഒരു ന്യൂനപക്ഷ താവളത്തിലേക്ക് രാഹുല്‍ ഒളിച്ചോടി എന്ന വജ്രായുധ പ്രയോഗത്തെയാണ് കോണ്‍ഗ്രസ്സിന് നേരിടേണ്ടത്. എന്നാല്‍ മോദിയും ബിജെപിയും പ്രചരിപ്പിക്കുന്നത് പോലെയല്ല മണ്ഡലത്തിലെ സാമുദായിക സമവാക്യം എന്ന യാഥാര്‍ഥ്യം ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. മോദിയുടെ പ്രചരണം വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും ഓളം സൃഷ്ടിച്ചാലും വയനാട്ടില്‍ അത് വലിയ ആഘാതം ഉണ്ടാക്കില്ല. എന്നാല്‍ വയനാട്ടില്‍ അവതരിപ്പിക്കുന്ന രാഹുല്‍ പ്രതിച്ഛായ വടക്കേ ഇന്ത്യക്ക് കൂടി സമ്മതമായ ഒന്നായിരിക്കും എന്നു വേണം കരുതാന്‍. അതുകൊണ്ട് തന്നെയാണ് ചിത്രങള്‍ ഡല്‍ഹിയില്‍ നിന്നു തരും എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ഉറപ്പിച്ച് പറയുന്നത്.

കൂട്ടത്തില്‍ അമൂല്‍ പുത്രന്‍, പപ്പുമോന്‍ പ്രതിഛായകളേയും കോണ്‍ഗ്രസ്സിന് നേരിടേണ്ടതുണ്ട്. പക്വതയുള്ള ഒരു നേതാവായി രാഹുല്‍ ഉയര്‍ന്നു കഴിഞ്ഞു എന്നതാണ് സ്ഥാപിക്കേണ്ടി വരിക. ബിജെപിയെ നേരിടുന്നതിന് പകരം ഇടതു പാര്‍ട്ടിയെ നേരിടാന്‍ തീരുമാനിച്ച രാഹുലിന്റെ നടപടിയെ പക്വത ഇല്ലായ്മയായിട്ടാണ് ഇടതു കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ പ്രചരണത്തിന്റെ ആദ്യ ചുവടുവെയ്പ്പാണ് ദേശാഭിമാനി എഡിറ്റോറിയലില്‍ പ്രയോഗിച്ച ‘പപ്പു സ്ട്രൈക്ക്’ പ്രയോഗം. അമൂല്‍ പുത്രന്‍ പ്രയോഗവുമായി വി എസും രംഗത്ത് വന്നു കഴിഞ്ഞു. ബിജെപിക്കെതിരെ മുറ്റുവിറക്കുന്ന നേതാവാണ് രാഹുല്‍ എന്നും തളര്‍വാതം പിടിച്ച കുട്ടി സിംഹമാണ് എന്നുമാണ് ജി സുധാകരന്‍ ഇന്നലെ ആലപ്പുഴയില്‍ പറഞ്ഞത്.

രാഹുല്‍ ആരാണ് എന്നറിയാത്ത ആദിവാസി സമൂഹത്തിനിടയില്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സ് നേരിടുന്ന മറ്റൊരു വെല്ലുവിളി. (കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിലെ റിപ്പോര്‍ട്ടര്‍ രാഹുല്‍ ആരാണ് എന്നു ചോദിച്ചുകൊണ്ട് നടത്തിയ അന്വേഷണത്തില്‍ ആദിവാസി മേഖലയിലുള്ള പലര്‍ക്കും രാഹുല്‍ ഗാന്ധി എന്നു കേട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.) ആദിവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ആ അര്‍ത്ഥത്തില്‍ രാഹുലും സുനീറും തമ്മില്‍ വ്യത്യസ്തമില്ല. അതുകൊണ്ട് തന്നെ രാഹുലിന്റെ വരവ് ആദിവാസി സമൂഹത്തില്‍ പ്രത്യേകമായ എന്തെങ്കിലും ഓളം സൃഷ്ടിക്കുമെന്ന് പറയാന്‍ പറ്റില്ല.

ലൂസിഫര്‍ സിനിമയില്‍ ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് നടത്തുന്ന കന്നി പ്രസംഗത്തിന്റെ ചിത്രമാണ് വി ടി ബല്‍റാം കഴിഞ്ഞ ദിവസം രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു ഈ പോസ്റ്റ്. ട്രോളുകളുടെ അപാര സാധ്യതകളിലേക്കും രാഹുല്‍ ഇമേജുകള്‍ പോവാതെ നോക്കേണ്ടതുണ്ട് എന്നതാണ് കോണ്‍ഗ്രസ്സ് പ്രചാരണ മാനേജര്‍മാരും ഐ ടി സെല്‍ നിയന്ത്രിക്കുന്നവരും നേരിടുന്ന വെല്ലുവിളി.

ഒരു വടക്കേ ഇന്ത്യന്‍ വോട്ടറേറ്റ് അല്ല കേരളത്തിലേത്. അതായിരിക്കാം രാഹുല്‍ ഗാന്ധി കേരളത്തില്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. പ്രസംഗങ്ങളില്‍ അടക്കം ശ്രദ്ധിച്ചില്ലെങ്കില്‍ കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞ മാസം നടത്തിയ പ്രസംഗം പോലെയാകും കാര്യങ്ങള്‍. പ്രിയങ്കയുമൊത്ത് നടത്തുന്ന 2 കിലോമീറ്റര്‍ വടക്കേ ഇന്ത്യന്‍ സ്റ്റൈല്‍ റോഡ് ഷോ കൊണ്ടുമാത്രം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്.Next Story

Related Stories