Top

ഗീഥാ സലാമുമാരെ ഇനി നമ്മള്‍ കാണില്ല, സേതുലക്ഷ്മിമാരെയും...

ഗീഥാ സലാമുമാരെ ഇനി നമ്മള്‍ കാണില്ല, സേതുലക്ഷ്മിമാരെയും...
ഗീഥാ സലാം മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരാളായിരുന്നില്ല. എന്നാല്‍ മലയാള സിനിമയിലേക്ക് ഒഴുകിയ ഒരു കൂട്ടം നാടക കലാകാരന്‍മാരുടെ ധാരയിലെ അവസാന കണ്ണികളില്‍ ഒരാളാണ്.

73കാരനായ അബ്ദുല്‍ സലാം എന്ന ഗീഥാ സലാം ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഇന്നലെയാണ് അന്തരിച്ചത്. ഏറെ നാളായി ചികിത്സയില്‍ ആയിരുന്നെന്ന് മാധ്യമങ്ങള്‍ പറയുന്നു.

അദ്ദേഹം അവസാനം അഭിനയിച്ചത് 2015ല്‍ ഇറങ്ങിയ 'തിങ്കള്‍ മുതല്‍ വെള്ളി വരെ' എന്ന സിനിമയിലായിരുന്നു. അതിനു ശേഷം അദ്ദേഹം സിനിമയില്‍ അഭിനയിക്കാതിരുന്നത് ആരോഗ്യ പ്രശ്നം കൊണ്ടുമാത്രം ആകണമെന്നില്ല. അദ്ദേഹത്തിന് പറ്റിയ റോളുകള്‍ മലയാള സിനിമയില്‍ ഇല്ലാത്തതുകൊണ്ടു കൂടിയാണ്. ഗീഥ സലാമിനെ പോലുള്ളവര്‍ അവതരിപ്പിക്കാറുള്ള ചായക്കടക്കാരന്‍, വിവാഹ ബ്രോക്കര്‍, കൈനോട്ടക്കാരന്‍ തുടങ്ങിയ മട്ടിലുള്ള കഥാപാത്രങ്ങളെല്ലാം മലയാള സിനിമയുടെ കഥാ ശരീരത്തില്‍ നിന്നും കൂടൊഴിഞ്ഞുപോയിരിക്കുന്നു. വീടകങ്ങളിലെ മുത്തശ്ശന്‍ കഥാപാത്രങ്ങള്‍ പോലും ഇപ്പോള്‍ അപൂര്‍വ്വമായി മാത്രാമേ കാണാറുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. (എന്നാല്‍ തല നരയ്ക്കുന്നവരുടെ എണ്ണം കൂടുന്നതാണ് കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നു എന്നാണ് ജനസംഖ്യ വിദഗ്ധര്‍ പറയുന്നത്)

കേരള സമൂഹത്തില്‍ നിന്നും മേല്‍പ്പറഞ്ഞവരൊക്കെ അപ്രത്യക്ഷമായതുകൊണ്ടല്ല. മറിച്ചു മലയാളി സമൂഹത്തെ നോക്കുന്ന സിനിമയുടെ കണ്ണാടി പ്രാത്യേക കോണുകളിലേക്ക് തിരിച്ചുവച്ചിരിക്കുന്നതുകൊണ്ടാണ് തല നരച്ചവരെയൊന്നും തിരശ്ശീലയില്‍ കാണാത്തത്. (അങ്ങനെ ആരെയെങ്കിലും കാണണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നെന്നവണ്ണം ഇറങ്ങുന്ന സത്യന്‍ അന്തിക്കാട് പടങ്ങള്‍ കാണണം.) അങ്ങനെ തിരിച്ചുവെച്ചപ്പോള്‍ അപ്രത്യക്ഷരായ നിരവധി മുതിര്‍ന്ന നടീ നടന്‍മാരില്‍ ഒരാളാണ് ഇന്നലെ അന്തരിച്ച ഗീഥാ സലാം.

ഈ കഴിഞ്ഞ മാസങ്ങളിലാണ് കെടിസി അബ്ദുള്ള, കലാശാല ബാബു, വിജയന്‍ പെരിങ്ങോട് തുടങ്ങിയ നടന്‍മാര്‍ വിട്ടുപിരിഞ്ഞത്. ഇവരുടെ അഭാവം മലയാള സിനിമയ്ക്ക് മഹാനഷ്ടമാണ് എന്ന് പറയുന്നത് അതിശയോക്തിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ആ അതിശയോക്തിക്ക് പിന്നിലെ പരുക്കന്‍ യാഥാര്‍ത്യത്തിന് നേരെ നമുക്ക് കണ്ണടയ്ക്കാന്‍ ആവില്ല.

https://www.azhimukham.com/trending-demise-of-actor-ktc-abdulla-really-and-truly-lost-of-cinema-gireesh/

ഗീഥാ സലാമടക്കമുള്ള നടന്മാരുടെ ആ ധാര എന്താണെന്നറിയാന്‍ അദ്ദേഹത്തിന്റെ ലഘു ജീവചരിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി.

സിനിമയില്‍ വരുന്നതിന് മുന്‍പ് മികച്ച നാടക നടനായിരുന്നു ഗീഥാ സലാം. പേരിലെ ഗീഥാ അദ്ദേഹത്തിന് ലഭിച്ചതു ചങ്ങനാശ്ശേരി ഗീഥാ നാടക സമിതിയില്‍ നിന്നാണ്. കോട്ടയം നാഷണല്‍ തിയറ്ററിന്റെ ‘ഏഴു രാത്രികള്‍’ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ട് 1970 കളിലാണ് സലാം നാടക രംഗത്തേക്ക് കടന്നുവരുന്നത്. (ഈ നാടകം പിന്നീട് രാമു കാര്യാട്ട് സിനിമയാക്കി). 9 വര്‍ഷം ചങ്ങനാശ്ശേരി ഗീഥയിലെ നടനായി നാടകങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള നാടക സമിതിയായ കെ പി എ സിയില്‍ ചേര്‍ന്നു. 1978ല്‍ ഓച്ചിറ നാടക രംഗം എന്ന നാടക സമിതി രൂപീകരിച്ചു നാടക രചനയും സംവിധാനവും നടത്തി 26 നാടകങ്ങള്‍ അരങ്ങിലെത്തിച്ചു-മലയാള മനോരമ റിപ്പോര്‍ട്ട് പറയുന്നു.

ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലാണ് ഗീഥാ സലാം സിനിമയില്‍ എത്തപ്പെടുന്നത്. അത് പ്രൊഫഷണല്‍ നാടകങ്ങളുടെ സുവര്‍ണ്ണകാലം കഴിഞ്ഞ കാലഘട്ടത്തിലായിരുന്നു. കലാ പ്രവര്‍ത്തനം എന്നതിലുപരി ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള മറ്റൊരു വഴി എന്ന നിലയിലാണ് ഗീഥാ സലാമിനെ പോലുള്ളവര്‍ നാടകം വിട്ട് സിനിമയുടെ ഗ്ലാമര്‍ ലോകത്തിലേക്കു ചേക്കേറിയത്. 2001 മുതല്‍ 2015 വരെ യുള്ള 15 വര്‍ഷക്കാലത്ത് 80 ഓളം സിനിമകളിലാണ് ഗീഥാ സലാം അഭിനയിച്ചത്.

1987ല്‍ 'അഭിമാനം' എന്ന നാടകത്തിലെ ഉസ്മാന്‍കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഗീഥാ സലാമിന് ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ തന്റെ കലാപരമായ കഴിവിന്റെ പ്രകാശനത്തിനു യാതൊരു സാധ്യതയും ഈ നടന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല.

മകന്റെ കിഡ്നി രോഗ ചികിത്സയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചു ഈ അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടി സേതു ലക്ഷ്മിയും ഗീഥ സലാമിന്റെ തുടര്‍ച്ചക്കാരിയാണ്. മികച്ച നാടക നടി എന്ന രീതിയില്‍ പേരെടുത്തതിന് ശേഷമാണ് അവരും സിനിമയില്‍ എത്തിയത്. അഭിനേത്രി എന്ന നിലയില്‍ പേരെടുക്കാന്‍ അവര്‍ക്ക് സിനിമയിലൂടെയും കഴിഞ്ഞു. മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് കിട്ടി. എന്നാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍, മകന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ പറ്റുന്ന തരത്തില്‍ വരുമാനം അവര്‍ക്ക് ഇപ്പോള്‍ സിനിമയില്‍ നിന്നും കിട്ടുന്നില്ല എന്നല്ലേ വൈറലായ ആ സമൂഹ മാധ്യമ കുറിപ്പ് സൂചിപ്പിക്കുന്നത്.

ഗീഥാ സലാമുമാരെ ഇനി നമ്മള്‍ കാണില്ല, സേതുലക്ഷ്മിമാരെയും...!

https://www.azhimukham.com/video-actress-sethulakshmi-on-facebook-live-seeking-support-for-her-diseased-son/

https://www.azhimukham.com/cinema-ponnamma-babu-offer-her-kidney-to-sethulakshmis-son-who-suffering-kidney-failure-a-humanitarian-story-from-malayalam-cinema/
Next Story

Related Stories