TopTop
Begin typing your search above and press return to search.

സേതുരാമയ്യര്‍ ഇനി വന്നിട്ട് കാര്യമുണ്ടോ? മമ്മൂട്ടിയോടല്ല; സിബിഐക്ക് വേണ്ടി മുറവിളി കൂട്ടുന്ന നാട്ടുകാരോടാണ്

സേതുരാമയ്യര്‍ ഇനി വന്നിട്ട് കാര്യമുണ്ടോ? മമ്മൂട്ടിയോടല്ല; സിബിഐക്ക് വേണ്ടി മുറവിളി കൂട്ടുന്ന നാട്ടുകാരോടാണ്

മോഹന്‍ലാലിനെ നായകനാക്കി ഇരുപതാം നൂറ്റാണ്ട് എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്മഗ്ലര്‍ സിനിമ എടുത്തു തന്റെ ഇരിപ്പിടം ഉറപ്പിച്ചതിന് ശേഷം കെ മധു അണിയിച്ചൊരുക്കിയ സിനിമയാണ് ഒരു സിബിഐ ഡയറി കുറിപ്പ്. പിന്നില്‍ കൈകെട്ടി ഒരു പൊളിപ്പന്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ നടന്നു വരുന്ന സേതുരാമയ്യര്‍ എന്ന ബ്രാഹ്മണന്‍ മലയാളിയുടെ രക്ഷക ബിംബങ്ങളില്‍ പ്രധാനിയായി. അത് തിരിച്ചറിഞ്ഞത് കൊണ്ട് കൂടിയായിരിക്കാം 1989ല്‍ ജാഗ്രതയും പിന്നീട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ സി ബി ഐയും തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സി ബി ഐയും കെ മധുവിന്‍റെ സംവിധാന മികവില്‍ പുറത്തിറങ്ങിയത്. മേല്‍ പറഞ്ഞ എല്ലാ സിനിമകളും മികച്ച വിജയങ്ങളായിരുന്നു എന്നു മാത്രമല്ല ഈ കാലത്തിനിടയില്‍ നടന്ന ഒട്ടുമിക്ക ക്രൈമുകളിലും കേരളാ പോലീസ് കള്ളക്കളി നടത്തുമ്പോള്‍ ഇരകളായവര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുറവിളി കൂട്ടാനും തുടങ്ങി. അവര്‍ക്ക് സേതുരാമയ്യര്‍ സി ബി ഐയില്‍ പ്രതീക്ഷ ഉണ്ടായിരുന്നു.

എന്തായാലും കഴിഞ്ഞ കുറച്ചു മാസങ്ങളായി സി ബിഐയുടെ തലപ്പത്ത് നടക്കുന്ന പൊറാട്ട് നാടകങ്ങള്‍ കാണുന്ന ജനം ഇനി സി ബിഐക്ക് വേണ്ടി മുറവിളി കൂട്ടുമോ എന്നു സംശയമാണ്. അതുകൊണ്ട് തന്നെ പഴയ കരിസ്മയില്‍ സേതുരാമയ്യര്‍ക്ക് കേരളത്തില്‍ കേസന്വേഷിക്കാന്‍ കഴിയുമോ എന്നും. അതുകൊണ്ട് സേതുരാമയ്യര്‍ക്ക് ഒരു അഞ്ചാം പതിപ്പ് ആലോചിക്കുന്ന കെ മധു-എസ് എന്‍ സ്വാമി-മമ്മൂട്ടി ടീം രണ്ടാമതൊന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

കഴിഞ്ഞ ഒക്ടോബര്‍ 23നു അർധരാത്രിയില്‍ ഒരു നാടകീയമായ നീക്കത്തിലൂടെയാണ് കേന്ദ്ര സർക്കാർ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും ആലോക് വർമയെ ആദ്യം നീക്കിയത്. അതിനു ശേഷം കേസ് സുപ്രീം കോടതിയില്‍ എത്തുകയും കഴിഞ്ഞ ദിവസം ആലോക് വര്‍മ്മയെ തിരിച്ചു നിയമിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കി 48 മണിക്കൂറിനുള്ളില്‍ ജനുവരി 10 നു ത്രിസന്ധ്യയ്ക്ക് ചേര്‍ന്ന പ്രധാനമന്ത്രി നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയെ വീണ്ടും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസിന്റെ പ്രതിനിധി ജസ്റ്റീസ് എ കെ സിക്രി പ്രധാനമന്ത്രിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു അംഗമായ കോണ്‍ഗ്രസ്സിന്റെ പാരലമെന്‍ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തി. അലോക് വര്‍മ്മയ്ക്ക് പകരം ചുമതല സിബിഐ ജോയിന്റ് ഡയറക്ടർ സ്ഥാനത്തായിരുന്ന എം നാഗേശ്വര റാവുവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

സിബിഐ സ്പെഷ്യൽ ഡയറക്ടറും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതിയാരോപണത്തിൽ നടപടിയെടുത്തതാണ് അലോക് വർമയ്ക്ക് വിനയായത്. കൂടാതെ പ്രധാനമന്ത്രി ആരോപണ വിധേയനായ റഫാലില്‍ സി ബി ഐ ഇടപെട്ടേക്കും എന്ന സൂചനയും ഉണ്ടായപ്പോഴാണ് ആദ്യത്തെ സ്ഥാനചലനം ഉണ്ടായത്.

https://www.azhimukham.com/edit-when-selection-committee-removes-alok-verma-as-cbi-chief-after-supreme-court-reinstate-him/

അലോക് വർമയും രാകേഷ് അസ്താനയും തമ്മിലുള്ള പോര് ഏറെ നാളുകളായി സിബിഐയിൽ കൊഴുക്കുകയായിരുന്നു. അസ്താനയുടെ അഴിമതികൾ ചൂണ്ടിക്കാണിച്ചും അതിനെതിരെ നീക്കങ്ങൾ നടത്തിയും അലോക് വർമ കേന്ദ്ര സർക്കാരിന്റെ അപ്രീതി നേരത്തെ തന്നെ സമ്പാദിച്ചിരുന്നു. മോയിൻ ഖുറേഷിയെന്ന വ്യവസായിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 5 കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയെന്നതിനു പുറമെ സ്റ്റെർലിങ് ബയോടെക്ക് കേസുമായി ബന്ധപ്പെട്ടും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് അലോക് വർമ ആരോപിച്ചിരുന്നു. എന്നാൽ, സിബിഐ ഡയറക്ടർക്കെതിരെ കാബിനറ്റ് സെക്രട്ടറിക്ക് നേരിട്ട് കത്തെഴുതിയാണ് അസ്താന ഇതിനോട് പ്രതികരിച്ചത്. ഐആർസിടിസി കേസിൽ ലാലു പ്രസാദ് യാദവിനെതിരായ റെയ്ഡ് ആലോക് വർമ ഇടപെട്ട് തടഞ്ഞുവെന്നായിരുന്നു ഈ കത്തിലെ ആരോപണം.

പുതിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെങ്കിലും താല്‍ക്കാലിക ഡയറക്ടര്‍ സ്ഥലം മാറ്റിയ ആലോക് വര്‍മ്മ ടീം എന്നു വിളിക്കുന്ന 10 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റം റദ്ദാക്കി തിരിച്ചെത്തിച്ചു കൊണ്ടാണ് വര്‍മ്മ പ്രതികാരം തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ കളിക്കാന്‍ മോദി സമ്മതിച്ചില്ല. അതിനു മുന്പെ വര്‍മ്മയെ കണ്ടം വഴി ഓടിച്ചു.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരിക്കെ ഇനി ഈ ദേശീയ അന്വേഷണ ഏജന്‍സിയില്‍ കാര്യങ്ങള്‍ നേരാംവണ്ണം നടക്കുമെന്ന് കരുതാന്‍ സാധിക്കുമോ?

https://www.azhimukham.com/india-seven-case-considered-by-removed-cbi-director-alokverma/

ഇനി ഈയടുത്ത കാലത്ത് 'സേതുരാമയ്യര്‍' സി ബി ഐ ഏറ്റെടുത്ത ഒരു കേസിന്റെ ഗതി നോക്കാം. രാഷ്ട്രീയമായി ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണ കേസാണ്. ജിഷ്ണു മരിച്ചിട്ടു രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം ഒരു കരയ്ക്കടിപ്പിക്കാന്‍ കഴിയാതെ അന്തംവിട്ട് നില്‍ക്കുകയാണ് സി ബി ഐ. നെഹ്രു കോളേജ് മാനേജ്മെന്‍റ് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനാല്‍ മൊഴി എടുക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

അപ്പോ അതാണ് സിബിഐയുടെ ഇപ്പോഴത്തെ അവസ്ഥ. ഒരു സാധാ വിദ്യാഭ്യാസ കഴവടക്കാരനെ നേരിടാന്‍ കഴിയാത്ത സി ബി ഐയുടെ മേനി പറയാനാണോ വെള്ളിത്തിരയെ വിജൃംഭിപ്പിക്കാന്‍ സേതുരാമയ്യര്‍ രംഗപ്രവേശനം ചെയ്യേണ്ടത്!

സിബിഐയും പോലീസുമല്ല ഇപ്പോള്‍ കളക്ടര്‍മാരാണ് താരങ്ങള്‍. ശ്രീറാം വെങ്കിട്ടരാമന്‍, രാജമാണിക്യം, വാസുകി, അനുപമ, കേശവേന്ദ്ര കുമാര്‍ അങ്ങനെ എത്ര വേണം.. ഇന്നലെ തമിഴ് നാട്ടില്‍ നിന്നോരു കളക്ടര്‍ സ്വന്തം മകളെ അംഗന്‍വാടിയില്‍ ചേര്‍ത്തു സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

അങ്ങനെയാണെങ്കില്‍ തല്‍ക്കാലം ആ ജോസഫ് അലക്സിനെ ഒന്നു കൂടി തിരിച്ചുവിളിച്ചാലോ? രഞ്ജി പണിക്കരോട് ഒന്നു ചോദിക്കൂ...

https://www.azhimukham.com/india-cbi-director-alok-verma-ousted-by-narendra-modi/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories