UPDATES

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് കോണ്‍ഗ്രസ്സിന് എന്തെങ്കിലും അഭിപ്രായമുണ്ടോ എന്നു സിപിഎം ആ പാര്‍ട്ടിയോട് ഇന്നലെ തന്നെ ചോദിച്ചു കഴിഞ്ഞു

ഇന്നലെ അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത് ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്തിയാല്‍ പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ല എന്നാണ്. അതായത് സര്‍ക്കാരിനെ പുറത്താക്കുമെന്ന്. 1959-ല്‍ ഇഎംഎസ് ഗവണ്‍മെന്‍റിന് സംഭവിച്ചത് വീണ്ടും ആവര്‍ത്തിക്കുമെന്ന്.

എന്‍എസ്എസിന്റെ കാര്‍മ്മികത്വത്തില്‍ നാമജപ സമരം തുടങ്ങിയപ്പോള്‍ തന്നെ രണ്ടാം വിമോചന സമരത്തിന് കാഹളം മുഴങ്ങിത്തുടങ്ങിയിരിക്കുന്നു എന്നു ഇടതുപക്ഷക്കാര്‍ പറഞ്ഞു തുടങ്ങിയിരുന്നു. അന്ന് മുന്‍ നിരയില്‍ നിന്നു നയിച്ച മന്നത്ത് പത്മനാഭന്‍റെ കൂടെ കത്തോലിക്ക സഭയും മറ്റും ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ നിശബ്ദ പിന്തുണ മാത്രം. എന്തായാലും ഇടതുപക്ഷക്കാരുടെ രണ്ടാം വിമോചന സമര വാദത്തിന് ശക്തി പകരുന്നതായി ഇന്നലത്തെ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം.

അമിത് ഷാ പറഞ്ഞത് ഇങ്ങനെ; “വെറും 1500 പാര്‍ട്ടിക്കാരെയും പോലീസിനെയും വെച്ചു ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തടയാനും തകര്‍ക്കാനും ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാനും ബിജെപി മടിക്കില്ല.”

ഒരു എംഎല്‍എ മാത്രമുള്ള ബിജെപി എങ്ങനെയാണ് ഒരു സര്‍ക്കാരിനെ വലിച്ചു താഴെയിടുക എന്നു ചോദിക്കരുത്. ബിജെപി എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്നാണ് അമിത് ഷാ ജി ഉദ്ദേശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എന്നാല്‍ മുന്‍ ബിജെപിക്കാരനായ രാഷ്ട്രപതി. ഇനി രാഷ്ട്രപതി എന്തെങ്കിലും ചെയ്യണമെങ്കില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് വേണ്ടേ? ക്രമസമാധാനം തകര്‍ന്നു എന്നൊക്കെ പറയുമ്പോള്‍ അവിടെയൊരു ചെറിയോരു ‘നിയമ’പ്രശ്നമുണ്ട്.

ഇനി ആരും അധികം ശ്രദ്ധിക്കാത്ത ആ കാര്യത്തിലേക്ക്. പല പ്രശ്നങ്ങളിലും നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഗവര്‍ണ്ണറെ കണ്ടിരുന്ന ബിജെപി നേതാക്കള്‍ ശബരിമല വിഷയത്തില്‍ എന്തേ സദാശിവത്തെ കാണാന്‍ പോയില്ല? മുന്‍പ് ശോഭാ സുരേന്ദ്രനും എം.ടി രമേശുമൊക്കെ ഭള്ള് വിളിച്ചതിന്റെ കുറ്റബോധം കാരണമാണോ? അതോ പുള്ളി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായതുകൊണ്ടോ?

പോവാന്‍ തീരുമാനിച്ചാല്‍ തന്നെ എന്തു പരാതിയാണ് ഈ മുന്‍ ന്യായാധിപന്റെ അടുത്ത് ബിജെപി ഉയര്‍ത്തുക? സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച സ്ത്രീ പ്രവേശന വിധി സംസ്ഥാന ഗവണ്‍മെന്‍റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നോ?

ശബരിമലയില്‍ സംഘര്‍ഷാന്തരീക്ഷം ഉണ്ടായപ്പോള്‍ തന്നെ പി. സദാശിവം ഡിജിപിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അതായത് കാര്യങ്ങള്‍ ഗവര്‍ണ്ണര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നു സാരം. പക്ഷേ കാര്യങ്ങള്‍ ഡിജിപിയില്‍ നിന്നും ചോദിച്ചു മനസിലാക്കിയ ഗവര്‍ണ്ണര്‍ എന്തു കണ്‍ക്ലൂഷനിലാണ് എത്തിയത് എന്നു വ്യക്തമല്ല. മുന്‍ ന്യായാധിപന്‍ എന്ന നിലയില്‍ പരമോന്നത കോടതിയുടെ ഉത്തരവ്, അതും ഭരണഘടനയുടെ അന്ത:സത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിധി നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ആയിരിക്കില്ലേ അദ്ദേഹത്തിന്റെ ഉത്കണ്ഠ? അപ്പോള്‍ അങ്ങനെയൊരു വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെ ഇറക്കാന്‍ പി. സദാശിവത്തിന് കൂട്ട് നില്ക്കാന്‍ സാധിക്കുമോ?

കഴിഞ്ഞ 25-ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനെ ഡല്‍ഹിയില്‍ വെച്ചു കണ്ട പി സദാശിവം ശബരിമല വിഷയം ചര്‍ച്ച ചെയ്തു എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശബരിമലയിലും മറ്റും ഉണ്ടായ ക്രമസമാധാന വിഷയങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു എന്നും ആ റിപ്പോര്‍ട്ട് പറയുന്നു. അതേകുറിച്ച് രാജ് ഭവന്‍ എന്തെങ്കിലും വാര്‍ത്തകുറിപ്പ് ഇറക്കിയതായി എങ്ങും കാണാനുമില്ല. ചര്‍ച്ച ചെയ്തത് ശബരിമല വിഷയമാണെങ്കില്‍ അത് ക്രമസമാധാന പ്രശ്നമായി മാത്രമായി ഒതുക്കി നിര്‍ത്താന്‍ മുന്‍ ചീഫ് ജസ്റ്റീസിന് സാധിക്കുമോ? ജുഡീഷ്യറിയെ സംബന്ധിച്ച ഗൌരവമായ പ്രതിസന്ധി അതില്‍ ഉള്‍ച്ചേര്‍ന്നിട്ടില്ലേ? നടപ്പാക്കാന്‍ പറ്റുന്ന വിധികള്‍ മാത്രം കോടതികള്‍ പുറപ്പെടുവിച്ചാല്‍ മതി എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവന്‍ പറയുന്നതിലെ ഭീഷണിയുടെ സ്വരം ഈ മുന്‍ ന്യായാധിപന് മനസിലാവില്ലേ?

അതോ ഭരണഘടന ബെഞ്ചില്‍ വിയോജന കുറിപ്പ് എഴുതിയ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായമാണോ ഈ കാര്യത്തില്‍ സദാശിവത്തിനും? അറിയില്ല. തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും ഉള്ള നിഗൂഡതയാണല്ലോ ഗവര്‍ണ്ണര്‍മാരുടെ ട്രേഡ് മാര്‍ക്ക്.

എന്തായാലും അമിത് ഷായ്ക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തന്നെ പ്രത്യക്ഷപ്പെട്ടു.

“ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണം. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷാ  തന്‍റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണം. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്‍റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെയും പേരിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.” പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് കോണ്‍ഗ്രസ്സിന് എന്തെങ്കിലും അഭിപ്രായമുണ്ടോ എന്നു സിപിഎം ആ പാര്‍ട്ടിയോട് ഇന്നലെ തന്നെ ചോദിച്ചു കഴിഞ്ഞു.

ബ്രൂവറി വിഷയത്തില്‍ ഗവര്‍ണ്ണറെ നാലു തവണ കണ്ടു കഴിഞ്ഞ ആ പാര്‍ട്ടിയും ശബരിമല വിഷയത്തില്‍ ഗവര്‍ണ്ണറെ കണ്ടില്ലെന്ന് ഓര്‍ക്കണം. രാമന്‍ നായര്‍മാരെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ എന്തു ഭരണഘടന? ഫെഡറല്‍ തത്വങ്ങളുടെ ലംഘനം? സുപ്രീം കോടതി?

അമിത് ഷായുടെ ശ്രദ്ധയ്ക്ക്: അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിന് ഭംഗമേല്‍ക്കുമെന്ന ഭീഷണിക്ക് മുന്‍പ് കേരളത്തെ ഒരു മഹാപ്രളയം മുക്കിയിരുന്നു. 500 ഓളം ആളുകള്‍ മരിക്കുകയും 5 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുകയും 31,000 കോടിയുടെ നഷ്ടമുണ്ടാകുകയും ചെയ്ത മഹാ ദുരന്തം. അതിനെ കുറിച്ചെന്തെങ്കിലും ഇന്നലത്തെ പ്രസംഗത്തില്‍ മൊഴിഞ്ഞതായി കേട്ടില്ല.

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം

ഗവര്‍ണ്ണര്‍ സദാശിവം തല്‍ക്കാലം രക്ഷപ്പെട്ടു; ബിജെപിക്കാരുടെ ‘ഭള്ള്’ വിളിയില്‍ നിന്ന്

അമിത് ഷാ 100 കിലോമീറ്റര്‍ നടന്നാല്‍ കേരളം വിരളുമോ?

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍