ട്രെന്‍ഡിങ്ങ്

ഐജി ശ്രീജിത് അയ്യപ്പ സ്വാമിയുടെ മുന്‍പില്‍ കരഞ്ഞതെന്തിന്? ലതയും…

സുപ്രീംകോടതി വിധിയും യുവതി പ്രവേശന ശ്രമങ്ങളും ഭക്തിയുടെ രാഷ്ട്രീയ വിപണന സാധ്യതയുടെ പുതിയ അധ്യായമാണ് കേരളത്തില്‍ തുറന്നത്

ഈ തുലാം മാസ പൂജയുടെ കാലത്ത് നിരവധി കണ്ണീര്‍ത്തുള്ളികള്‍ അയ്യപ്പന്റെ മുന്പില്‍ തൂവിയിട്ടുണ്ടാകും. പക്ഷേ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് രണ്ടു കണ്ണീര്‍ പ്രവാഹം മാത്രം. ഒന്നു തമിഴ്നാട് സ്വദേശി ലതയുടെയും മറ്റൊന്ന് ഐജി ശ്രീജിത്തിന്റെയും. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ വിശ്വാസത്തിന്റെയും ആധുനിക യുക്തിബോധത്തിന്റെയും സംഘര്‍ഷത്തില്‍ ഈ രണ്ടു കണ്ണുനീരുകള്‍ക്കും വലിയ അര്‍ത്ഥതലങ്ങളുണ്ട്.

ആദ്യം ഐ ജിയുടെ കണ്ണീരിലേക്ക് പോകാം.

ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് ഇന്നലെ പുലര്‍ച്ചെയാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഒരു സാധാരണ ഭക്തനെ പോലെ മറ്റ് തീര്‍ത്ഥാടകര്‍ക്കൊപ്പം കണ്ണുനീര്‍ വാര്‍ത്ത് ശ്രീജിത്ത് നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയെയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതാ ജക്കാലയേയും ശബരിമലയില്‍ വലിയ നടപ്പന്തലില്‍ വരെ പോലീസ് ഹെല്‍മറ്റും ഷീല്‍ഡും ധരിപ്പിച്ച് 200-ഓളം പോലീസുകാരുടെ അകമ്പടിയോടെ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയത് ഐജി ശ്രീജിത്താണ്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്നും തന്ത്രി നടയടച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നും പിന്നീട് യുവതികളെ അനുനയിപ്പിച്ച് തിരിച്ചയയ്ക്കുകയായിരുന്നു.

താനും ഒരു ഭക്തനാണെന്നും ജോലിയുടെ ഭാഗമായാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നുമാണ് ഐജി അന്ന് പ്രതിഷേധക്കാരോട് പറഞ്ഞത്. ഭക്തരെ ചവിട്ടിയരച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും ഐജി പറഞ്ഞിരുന്നു.

യുവതികള്‍ പ്രവേശിക്കാത്ത ഇടങ്ങളില്‍ എത്തുക വഴി ആചാര ലംഘനം നടന്നതിനാല്‍ പരിഹാര ക്രിയയായി പറകൊട്ടല്‍ ചടങ്ങ് നടന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം യുവതികളെ മല കയറ്റി ആചാര ലംഘനം നടത്തിയതിലെ പശ്ചാത്താപമാണ് പുലര്‍ച്ചെ ഐജിയുടെ കണ്ണുകളില്‍ നിന്നും നിറഞ്ഞൊഴുകിയതെന്നാണ് ജനം ടി വിയുടെ വ്യാഖ്യാനം. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തെറ്റായ നീക്കം നടപ്പിലാകേണ്ടി വന്നതിന് തെളിവാണ് ഈ കണ്ണുനീര്‍ എന്നുതന്നെയായിരിക്കും വിശ്വാസി സമൂഹവും കരുതുക.

ഇനി വിശദീകരിക്കേണ്ടത് ഐജിയാണ്. വിശ്വാസം വ്യക്തിനിഷ്ടമായതുകൊണ്ട് അത് വിശദീകരിക്കേണ്ട ബാധ്യത എന്തായാലും ശ്രീജിത്തിനില്ല.

എന്തായാലും കിസ് ഓഫ് പ്രൊട്ടസ്റ്റും രാഹ്നാ ഫാത്തിമയും ശ്രീജിത്തും തമ്മിലുള്ള അന്തര്‍ധാര എന്ന കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് ശ്രീജിത്ത് എപ്പോഴെങ്കിലും മറുപടി പറയുമായിരിക്കും.

ഇനി ലതയുടെ കണ്ണീരിലേക്ക്.

തമിഴ്നാട് തൃച്ചി സ്വദേശിയായ ലത ഒക്ടോബര്‍ 20-നാണ് ശബരിമലയില്‍ എത്തിയത്. ‘കാഴ്ച’യില്‍ പ്രായം തോന്നിക്കുന്നില്ല എന്ന പ്രതിഷേധക്കാരുടെ സ്ത്രീവിരുദ്ധ കാഴ്ചയില്‍ കുടുങ്ങിയതോടെ അവര്‍ ‘വിശ്വാസ സംരക്ഷകരു’ടെ പ്രതിഷേധ വലയിലായി. ഒടുവില്‍ പോലീസെത്തി അവര്‍ക്ക് 52 വയസുണ്ട് എന്നു കണ്ടെത്തിയതോടെയാണ് അവര്‍ക്ക് പതിനെട്ടാം പടി കയറി അയ്യപ്പ സന്നിധിയില്‍ എത്താന്‍ കഴിഞ്ഞത്. അയ്യപ്പ സ്വാമിയുടെ മുന്‍പില്‍ അവര്‍ കണ്ണീര്‍ തൂകി നില്‍ക്കുന്നത് ഈ തുലാമാസ കാലത്തെ മായാത്ത കാഴ്ചയായി.

താന്‍ രണ്ടാം തവണയാണ് ശബരിമലയില്‍ എത്തുന്നത് എന്നു പിന്നീട് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്‍പത്തിയൊന്നാം വയസ്സില്‍ ഇല്ലാത്ത പ്രശ്നമാണ് അന്‍പത്തിരണ്ടാം വയസ്സില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത്.

ലതയെ തടഞ്ഞ വിശ്വാസിക്കൂട്ടത്തിന്‍റെ ഭ്രാന്തിനെക്കുറിച്ച് അരുണ്‍ ടി വിജയന്‍ അഴിമുഖത്തില്‍ ഇങ്ങനെ എഴുതുന്നു;

പ്രായം തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖകളും പ്രായംതെളിയിക്കുന്ന രേഖകളും മറ്റുമായി തീര്‍ത്ഥാടനത്തിനെത്താന്‍ പറയുമ്പോള്‍ തന്നെ വരുന്നത് പ്രശ്‌നബാധിതമായ ഒരു സ്ഥലത്തേക്കാണെന്ന തോന്നലായിരിക്കും തീര്‍ത്ഥാടകര്‍ക്കുണ്ടാകുക. അതോടെ തന്നെ ആചാരം ലംഘിക്കപ്പെടുന്നു. അത്തരത്തിലൊരു അന്തരീക്ഷത്തില്‍ ഒരുകാരണവശാലും ഭക്തിയോടെയോ സ്വസ്ഥമായ മനസോടെയോ തീര്‍ത്ഥാടനം നടത്താന്‍ ഒരാള്‍ക്കും സാധ്യമല്ല. ഇനി തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളുമോ ഒക്കെ കൊണ്ടുവന്നാലും അത് ആരെയും കാണിക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ല. ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഈ രേഖകള്‍ കാണിക്കേണ്ടതുള്ളൂ. അല്ലാതെ അക്രമസാക്തരായി നില്‍ക്കുന്ന ഈ ആള്‍ക്കൂട്ടത്തിന് നേരെ ഈ രേഖകള്‍ നീട്ടേണ്ട യാതൊരു ബാധ്യതയും ഒരു ഭക്തയ്ക്കുമില്ല. ഇന്ന് തടയപ്പെട്ട അയ്യപ്പ ഭക്ത ലതയുടെ കണ്ണുകളില്‍ കണ്ടത് അയ്യപ്പനെ ദര്‍ശിച്ചതിലെ ആത്മീയ സാക്ഷാത്ക്കാരമല്ല. മറിച്ച് ആക്രമിക്കൂട്ടത്തിനുള്ളില്‍ പെട്ട ഒരുവളുടെ നിസ്സഹായതയായിരുന്നു. പച്ചയായ ഭയമായിരുന്നു.

സുപ്രീംകോടതി വിധിയും യുവതി പ്രവേശന ശ്രമങ്ങളും ഭക്തിയുടെ രാഷ്ട്രീയ വിപണന സാധ്യതയുടെ പുതിയ അധ്യായമാണ് കേരളത്തില്‍ തുറന്നത്. തമിഴ് നാട്ടുകാരി ലതയുടെ കണ്ണീരും ഐജി ശ്രീജിത്തിന്റെ കണ്ണീരും ആ അധ്യായത്തിലെ സുപ്രധാന ഖണ്ഡികകളായിരിക്കും.

ഇന്ന് അയ്യപ്പ ദര്‍ശനം നടത്തിയ ആ 52-കാരിയുടെ കണ്ണില്‍ കണ്ടത്..

പ്രളയകേരളത്തെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യര്‍ ഇപ്പോള്‍ പറയുന്നുണ്ടാവും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള എന്ന്

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ശബരിമല: സുരക്ഷ ആവശ്യപ്പെട്ട് ഐജി മനോജ് എബ്രഹാമിനെ വിളിച്ചു; കുടുംബാംഗങ്ങള്‍ക്ക് ‘കൌണ്‍സലിംഗു’മായി പോലീസെത്തിയെന്ന് യുവതികള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍