Top

ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ്; അടുത്ത ഊഴം ആരുടെ?

ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ്; അടുത്ത ഊഴം ആരുടെ?
ഇന്നത്തെ മാധ്യമത്തിന്റെ ഒന്നാം പേജില്‍ അര്‍ത്ഥ ഗംഭീരമായ ഒരു പൊളിറ്റിക്കല്‍ ഫോട്ടോഗ്രാഫ് ഉണ്ട്. ഹാരിസ് കുറ്റിപ്പുറത്തിന്റെ ഈ ചിത്രത്തില്‍ വലതു കൈ കൊണ്ട് മാത്യു ടി തോമസിനെയും ഇടതു കൈ കൊണ്ട് എം പി വീരേന്ദ്ര കുമാറിനെയും ഹസ്ത ദാനം ചെയ്യുകയാണ് പിണറായി ക്യാബിനറ്റിലെ പുതിയ മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ജനതാ ദള്‍ എസില്‍ നടക്കുന്ന ഗ്രൂപ്പ് യുദ്ധത്തെ തുടര്‍ന്ന് മാത്യു ടി തോമസും ഇടതു മുന്നണിയിലേക്ക് കയറാന്‍ ക്ഷണം കാത്തിരിക്കുന്ന വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ദളും യഥാക്രമം വലത്തേക്കും ഇടത്തേക്കും ന്നിങ്ങുന്നു എന്നാണോ ഈ ചിത്രം അര്‍ത്ഥമാക്കുന്നത്? മാത്യു ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ അറിയുന്നവര്‍ അത് വിശ്വസിക്കില്ലെങ്കില്‍ കൂടി ജനതാ ദളിന്റെ രാഷ്ട്രീയ ഡി എന്‍ എ അറിയാവുന്നവര്‍ അങ്ങനെ കരുതിയാലും അത്ഭുതപ്പെടേണ്ടതില്ല.

മാത്യു ടിയുടെ പുറത്ത് പോക്ക് ജനതാ ദള്‍ എസ് എന്ന പാര്‍ട്ടിയില്‍ അത്ര സുഖകരമായ അന്തരീക്ഷമല്ല സൃഷ്ടിച്ചിരിക്കുന്നത്. ഇടതു പാരമ്പര്യത്തിന് ചേരാത്ത രീതിയില്‍ തന്നെ പുറത്താക്കാന്‍ ചരട് വലിച്ചു എന്ന മാത്യു ടിയുടെ പ്രസ്താവനയില്‍ തന്നെ അപമാനിക്കപ്പെട്ടതിന്റെ വേദനയുണ്ട്. മാത്രമല്ല കേരള സമൂഹത്തില്‍ മാന്യനായ രാഷ്ട്രീയക്കാരന്‍ എന്ന പട്ടം കൊണ്ട് നടക്കുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ മാത്യു ടി തോമസ് പറയുന്നതില്‍ കാര്യമുണ്ടാകും എന്നു കരുതുന്നവരായിരിക്കും പലരും.

കെ കൃഷ്ണന്‍ കുട്ടിയാണെങ്കില്‍ എം പി വീരേന്ദ്രകുമാറിന്റെ വിശ്വസ്ഥനായിരുന്നു പാര്‍ട്ടിയില്‍. രണ്ടു പേരും കര്‍ഷകര്‍. വീരന്‍ വയനാട്ടില്‍ കുരുമുളകും കാപ്പിയുമാണ് കൃഷി ചെയ്യുന്നതെങ്കില്‍ കൃഷ്ണന്‍ കുട്ടി കേരളത്തിന്റെ നെല്ലറയായ പാലക്കാട് നെല്ലും തെങ്ങും പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത് എന്നു മാത്രം.

2009ല്‍ കോഴിക്കോട് ലോകസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീരനും കൂട്ടരും ‘അപമാനിത’രായി എ കെ ജി സെന്ററില്‍ നിന്നിറങ്ങിയപ്പോള്‍ കൂടെ കൈ പിടിച്ച് യു ഡി എഫ് പാളയത്തിലേക്ക് കൃഷ്ണന്‍കുട്ടിയും എത്തി. എന്നാല്‍ 2016 ആയപ്പോഴേക്കും വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്കുമാര്‍ പാര്‍ട്ടിയില്‍ മറ്റൊരു അധികാര കേന്ദ്രമായി ഉയര്‍ന്നു വരുന്നത് മനസിലാക്കിയ കൃഷ്ണന്‍കുട്ടി തന്ത്രപൂര്‍വമായ നിലപാട് സ്വീകരിച്ച് മാത്യു ടി തോമസിന്റെ ജനതാ ദളില്‍ ചേര്‍ന്ന് ഇടതു മുന്നണിയിലേക്ക് തിരിച്ചെത്തി. ചിറ്റൂരില്‍ നിന്നു നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തു. വീരന്‍ പക്ഷത്തിന് നാണക്കേടിന്റെ അദ്ധ്യായമായി ആ തിരഞ്ഞെടുപ്പ് മാറി. സ്വന്തം തട്ടകമായ കല്‍പ്പറ്റ പോലും കൈവിട്ടു.

നാല് തവണ നിയമ സഭയില്‍ എത്തിയിട്ടും ഒരു തവണ പോലും ഈ ‘കര്‍ഷക’ നേതാവിന് മന്ത്രി പദം പൂകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ നടന്നില്ല എങ്കില്‍ ഇനിയില്ല എന്നു മനസിലാക്കിയ കൃഷ്ണന്‍കുട്ടി കളിയുമായി കളത്തിലിറങ്ങുകയായിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷം മാത്യു ടി തോമസും അത് കഴിഞ്ഞു കെ കൃഷ്ണന്‍ കുട്ടിയും എന്ന കാരാര്‍ ഉണ്ടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയെ കൊണ്ട് പറയിപ്പിച്ച് ഒരു ഒളിപ്പോര്‍ മുഖം തുറന്നു. വലിയ പ്രതിരോധത്തിനൊന്നും മാത്യു ടി തോമസ് തയ്യാറായില്ല. മന്ത്രി പദം ഒഴിഞ്ഞു കൊടുത്തു.

എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി തനിക്ക് വേണം എന്ന വാശിയിലാണ് മാത്യു ടി തോമസ്. അതേസമയം അത് എ നീല ലോഹിത ദാസ് നാടാര്‍ക്ക് നല്‍കി മാത്യു ടിയെ ഒതുക്കാനാണ് കൃഷ്ണന്‍ കുട്ടിയുടെ ശ്രമം എന്നാണ് രാഷ്ട്രീയ ഇടനാഴിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

വി പി സിംഗിന്റെ കാലം മുതല്‍ പിളര്‍ന്ന് പിളര്‍ന്ന് ഒരു വഴിക്കായ പാര്‍ട്ടിയാണ് ജനാതാദള്‍. ഒന്നിച്ചുണ്ടായിരുന്നെങ്കില്‍ ബിജെപിയെ വിറപ്പിക്കാന്‍ പോന്ന നേതാക്കള്‍ ദേശീയ തലത്തില്‍ തന്നെ അതില്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികാര രാഷ്ട്രീയത്തിന് വേണ്ടി തമ്മില്‍ തല്ലി ഛിദ്രപ്പെട്ട് പോവുകയായിരുന്നു ആ പാര്‍ട്ടി. കേരളത്തിലും മറ്റൊന്നല്ല സംഭവിച്ചതും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. 1987ല്‍ 48 മണിക്കൂര്‍ കൊണ്ട് എം പി വീരേന്ദ്ര കുമാര്‍ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച ചരിത്രം ആ പാര്‍ട്ടിക്കുണ്ട്.

എന്തായാലും പിണറായി ക്യാബിനറ്റിന്റെ കാര്യം ആലോചിക്കുമ്പോഴാണ് ഒരു വിഷമം. മന്ത്രിമാര്‍ക്ക് എന്തോ ശകുനപ്പിഴയുള്ളത് പോലെയാണ് കാര്യങ്ങളുടെ പോക്ക്.

സര്‍ക്കാരിന്റെ മധുവിധു കാലത്ത് തന്നെ ബന്ധു നിയമന വിവാദത്തില്‍ പെട്ട് മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജന്‍ രാജി വെച്ചു. പിന്നീട് ഹണി ട്രാപ്പില്‍ പെട്ട് എ കെ ശശീന്ദ്രന്‍ ഇറങ്ങി. പകരം വന്ന തോമസ് ചാണ്ടിക്കും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കായല്‍ നികത്തി റോഡ് നിര്‍മ്മിച്ച കേസില്‍ കുടുങ്ങി പുറത്തേക്ക് പോയി. ഇപ്പോഴിതാ മാത്യു ടി തോമസും. പ്രളയ കാലത്ത് ജര്‍മ്മനിയില്‍ പോയ സി പി ഐ മന്ത്രി കെ രാജുവിന്റെ രാജിക്കുവേണ്ടിയുള്ള മുറവിളി സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ കാനത്തിന്റെ പാര്‍ട്ടി അതിനു വഴങ്ങിയില്ല. നിലവില്‍ ജലീലിനെതിരെ ബന്ധു നിയമന ആരോപണ വല നെയ്ത് മുസ്ലീം യൂത്ത് ലീഗ് പിന്നാലെ കൂടിയിട്ടുണ്ട്.

https://www.azhimukham.com/newsupdate-k-krishnankutty-replacing-mathew-t-thomas-ldf-kerala-government-new-minister-political-analysis-ka-antony-writes/

https://www.azhimukham.com/opinion-conflict-escalate-in-jds-on-ministership-between-mathew-t-thomas-and-k-krishnankutti-written-by-ka-antony/

https://www.azhimukham.com/kerala-veerendrakumar-politics-profile/

https://www.azhimukham.com/newswrap-where-gone-mp-veerendrakumar-writes-saju/

Next Story

Related Stories