Top

ഭീമ മുതലാളിയും പിണറായി വിജയനും; എന്തുകൊണ്ടാണ് മാധ്യമങ്ങളേ നിങ്ങളോടിങ്ങനെ?

ഭീമ മുതലാളിയും പിണറായി വിജയനും; എന്തുകൊണ്ടാണ് മാധ്യമങ്ങളേ നിങ്ങളോടിങ്ങനെ?
കഴിഞ്ഞ ദിവസം നേരെ ചൊവ്വേ ജോണി ലൂക്കോസ് മുഖ്യമന്ത്രിയോട് ചോദിച്ചു. “സോഷ്യല്‍ മീഡിയ ആകെ കുഴപ്പമല്ലേ?” ന്യൂസ് മേക്കര്‍ പുരസ്കാരം കാനം രാജേന്ദ്രന് സമ്മാനിച്ചുകൊണ്ട് നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും സാമൂഹ്യ, സാംസ്കാരിക രംഗത്തുള്ളവരും നിറഞ്ഞിരുന്ന വേദിയെ സാക്ഷി നിര്‍ത്തി പിണറായി പറഞ്ഞു: കുഴപ്പം സോഷ്യല്‍ മീഡിയയ്ക്കല്ല ചാനലുകള്‍ക്കാണ്. അതായത് പരമ്പരാഗത മാധ്യമങ്ങള്‍ക്ക് മൊത്തത്തില്‍ എന്നു സാരം.

അദ്ദേഹം പ്രധാനമായും എടുത്തു പറഞ്ഞത് അന്തിച്ചര്‍ച്ചകളെ കുറിച്ചായിരുന്നു. വ്യക്തിപരമായ അധിക്ഷേപം, തെറി വിളി, ഇതെല്ലം നടത്തുന്ന അവതാരകരും ചർച്ചയിൽ പങ്കെടുക്കുന്നവരും ചെയ്യുന്നത് പൊതുസംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്.

മാധ്യമപ്രവർത്തകരോട് വിദ്വേഷമോ, അകൽച്ചയോ ഇല്ലെന്നും താൻ സംസാരിക്കേണ്ടത് മാധ്യമ പ്രവർത്തകർ തീരുമാനിക്കുന്ന സമയത്താകണം എന്ന നിലപാടിനോടാണ് വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ പോകുന്ന എല്ലായിടത്തും വടിയും നീട്ടി വരുന്ന ശീലം അവസാനിപ്പിക്കണം, സംസാരിക്കാൻ ഉള്ള അവസരങ്ങൾ വരുമ്പോൾ ഞാൻ അങ്ങോട്ട് വന്നു സംസാരിക്കും”. ഇതിനെ മലയാള മനോരമ ക്ഷണിച്ചു വരുത്തിയ സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്.

വീഡിയോ കാണുക:
പോകുന്നിടത്തെല്ലാം വടി നീട്ടി വരുന്ന പരിപാടി എന്റടുത്ത് വേണ്ട; സമൂഹ മാധ്യമങ്ങളല്ല, മുഖ്യധാര മാധ്യമങ്ങളാണ് സ്വയം നിയന്ത്രിക്കേണ്ടത്: മുഖ്യമന്ത്രി


ഇനി ഇന്നലെ ആലപ്പുഴയില്‍ നടന്നത്; “ദേഹത്ത് മൈക്ക് തട്ടി: മാധ്യമങ്ങളോട് ‘പിണങ്ങി’ പിണറായി” എന്നാണ് മലയാള മനോരമ വാര്‍ത്തയുടെ തലക്കെട്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രി തനിക്ക് നേരെ നീണ്ട ‘വടികളോ’ട്, ‘കുട്ടനാടിന്റെ...’ എന്നു പറഞ്ഞു തുടങ്ങിയപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.

മനോരമ ഇങ്ങനെ വിശദീകരിക്കുന്നു; “മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും മുഖ്യമന്ത്രിയുടെ വിലക്ക്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കിത്തിരക്ക് കാരണം ദേഹത്ത് ചാനല്‍ മൈക്ക് തട്ടിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറാകതെ മുഖ്യമന്ത്രി മടങ്ങി.” അതേ ഖണ്ഡികയില്‍ ഇങ്ങനെയും കൂടി പറയുന്നു, “ചാനലിന്റെ മൈക്ക് തട്ടിത്തെറിപ്പിച്ച്” മുഖ്യമന്ത്രി നടന്നു നീങ്ങി.

ഇനി വാര്‍ത്തയുടെ അവസാന ഖണ്ഡികയില്‍ ഇങ്ങനെ വിശദീകരിക്കുന്നു. “സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരെ തള്ളി നീക്കുകയും തിക്കിത്തിരക്ക് ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരു ചാനല്‍ മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടി. പ്രകോപിതനായ മുഖ്യമന്ത്രി ദേഷ്യത്തോടെ മൈക്ക് തട്ടിനീക്കി. മൈക്കിന്റെ വിന്‍ഡ് ഷീല്‍ഡും ചാനല്‍ ഐഡിയും തെറിച്ചു താഴേക്കു വീണു. പെട്ടെന്നു തന്നെ അദ്ദേഹം മാധ്യമങ്ങളെ അവഗണിച്ചു വാഹനത്തിലേക്ക് കയറുകയായിരുന്നു.”

വാര്‍ത്തയ്ക്കൊപ്പം ‘കിടക്ക് നിലത്ത്’ എന്ന അടിക്കുറിപ്പോടെ നിലത്തുവീണു കിടക്കുന്ന ചാനല്‍ മൈക്കിന്റെ ഫോട്ടോയും ഉണ്ട്. വിശദമായ അടിക്കുറിപ്പില്‍ ഇങ്ങനെയും കൂടി പറയുന്നു. “എന്തോ നിലത്തുവീഴുന്നത് കണ്ടു പകച്ച മുഖ്യമന്ത്രിയും പോലീസുകാരും”.

ഇന്നലെ ആലപ്പുഴ നടന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവേദിയിലേക്ക് മാധ്യമങ്ങളെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. വാതില്‍ അടച്ചിട്ടു നടന്ന ചര്‍ച്ചയില്‍ എന്താണ് പറഞ്ഞത് എന്നറിയില്ല. മനോരമ ലേഖകന്‍ അത് വിശദീകരിക്കുന്നത് ഇങ്ങനെ, “ആലപ്പുഴ കളക്ടറുടെ സ്വാഗത പ്രസംഗം അവസാനിച്ചതോടെ മുഖ്യമന്ത്രി പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇനി അനൌണ്‍സ്മെന്‍റ് വേണ്ടെന്ന് അറിയിച്ച ശേഷം മുഖ്യമന്ത്രി പ്രസംഗിക്കാനുള്ളവരെ പേരെടുത്തു വിളിക്കുകയായിരുന്നു. മന്ത്രി സുനില്‍ കുമാറിന്റെ പ്രസംഗം നീണ്ടപ്പോള്‍ മൈക്കില്‍ തട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ ചര്‍ച്ച ഉണ്ടാകില്ലെന്നും ചോദ്യങ്ങള്‍ എഴുതി ചോദിക്കണമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.”

ഇനി അകത്തെ പേജിലേക്ക് വന്നാല്‍ പ്രസ്തുതവിഷയങ്ങളുമായി ബന്ധപ്പെട്ട് നാല് ഉപ സ്റ്റോറികളും ലേഖനവും ഉണ്ട് മനോരമയില്‍.

'ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടനാടന്‍ മാതൃക' എന്ന മുഖ്യമന്ത്രി പറഞ്ഞത് തലക്കെട്ടാക്കി എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത് എന്നുള്ളത് 21 ബുള്ളറ്റ് പോയിന്റുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുതാഴെ കുട്ടനാട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചു യോഗം ബഹിഷ്ക്കരിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുണ്ട്. അതില്‍ അദ്ദേഹം പറയുന്നതു പിണറായിക്ക് ‘തമ്പുരാന്‍ മനോഭാവം’ എന്നാണ്.

ഇനി എഡിറ്റ് പേജിലേക്ക് പോയാല്‍ ചോദ്യങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രിയെ വിശകലനം ചെയ്യുകയാണ് ‘ചോദ്യം കയ്ക്കുമ്പോള്‍...’ എന്ന കുറിപ്പിലൂടെ എം എന്‍ കാരശ്ശേരി. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു, “തുടക്കം മുതലേ മുഖ്യമന്ത്രിക്ക് നയങ്ങളിലും സംസാരശൈലിയിലും മുഖഭാവത്തിലും ശരീരഭാഷയിലുമെല്ലാം മാധ്യമങ്ങളോട് ഒരു കയ്പ്പുണ്ടെന്ന് വ്യക്തമായതാണ്.”

ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു. “ചോദ്യം ചോദിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയോ നിഷേധിക്കുകയോ ചെയ്യുന്നത് ജനാധിപത്യത്തിന്റെ ദൌര്‍ബല്യത്തെയാണ് സൂചിപ്പിക്കുന്നത്. ചോദ്യങ്ങളിലൂടെയാണ് ജനാധിപത്യം മുന്നേറുക.” ഇതൊക്കെ ആരാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഒന്നു തുറന്നു പറഞ്ഞുകൊടുക്കുക? കാരശ്ശേരി ആകുലനാകുന്നു.

ഇനി മുഖ്യമന്ത്രിയുടെ 'മാധ്യമ വിരോധ'ത്തെ മറ്റ് പത്രങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നു നോക്കാം. പ്രധാനമായും പലവിധ കുഴപ്പങ്ങളില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്ന മാതൃഭൂമി, “കുട്ടനാട് പാക്കേജ് പൂര്‍ണ്ണമാക്കാന്‍ കേന്ദ്രത്തെ സമീപിക്കും-മുഖ്യമന്ത്രി” എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ തന്നെ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ വിശദീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ചാനല്‍ മൈക്ക് തട്ടിത്തെറിപ്പിച്ചത് അകത്തെ വാര്‍ത്തയ്ക്കുള്ളില്‍ വലിയ പ്രാധാന്യമൊന്നും നല്‍കാതെ കൊടുത്തിരിക്കുന്നു.

ഇതേ മട്ടിലാണ് കേരള കൌമുദിയും ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളും ഈ വാര്‍ത്തയെ കൈകാര്യം ചെയ്തിരിക്കുന്നത്.

ഇനി രണ്ടു ചോദ്യങ്ങള്‍

ആദ്യം ചോദ്യം മനോരമയോട്; കുട്ടനാട് ഈ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ പ്രളയം അവലോകനം ചെയ്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്ത അതേ പ്രാധാന്യത്തോടെ ഒന്നാം പേജില്‍ കൊടുക്കേണ്ടതല്ലേ? എന്തേ മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള ‘കലിപ്പ്’ മാത്രം ഒന്നാം പേജില്‍ കയറി?

ഇനി മാതൃഭൂമിയോട്; മുഖ്യമന്ത്രിയോട് വലിയ സ്നേഹമൊന്നും സമീപകാലത്ത് കാണിച്ചിട്ടില്ലാത്ത മാതൃഭൂമി എന്തുകൊണ്ടാണ് ഇന്നലെ ആലപ്പുഴയില്‍ കണ്ട പ്രകോപിതനായ മുഖ്യമന്ത്രിയെ വായനക്കാരില്‍ നിന്നും മറച്ചുവെച്ചു? എന്തുകൊണ്ട് അത് അകത്തെ പേജില്‍ ഒരു വാര്‍ത്തയ്ക്കകത്തെ രണ്ടു വരിയില്‍ ഒതുക്കി? നടന്ന കാര്യങ്ങള്‍ പകല്‍വെട്ടത്തില്‍ എന്നപോലെ ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടതല്ലേ?

അപ്പോള്‍ വാര്‍ത്തകള്‍ ഇത്രയേയുള്ളൂ എന്നാണോ? ഇലാസ്റ്റിക് പോലെ... വലിച്ചാല്‍ വലിയും വലി വിട്ടാല്‍ ശുരുളും...

മാധ്യമങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഈ കാലത്ത് ഈ 'ഇലാസ്തികത'യെ കുറിച്ച് മാധ്യമങ്ങള്‍ സ്വയം വിമര്‍ശനം നടത്തേണ്ടേ? അപ്പോഴല്ലേ ചോദ്യങ്ങള്‍ ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടമായി അംഗീകരിക്കപ്പെടുകയുള്ളൂ... അല്ലെങ്കില്‍ ചോദ്യങ്ങള്‍ അവഗണിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒക്കെയായിരിക്കും കയ്യടി കിട്ടുക. ഭീമ മുതലാളിയും സംഘപരിവാറടക്കമുള്ള തീവ്രവാദികള്‍ പറയുന്നിടത്ത് മുട്ടിടിച്ച് നില്‍ക്കേണ്ടിയും വരും...

https://www.azhimukham.com/news-updates-bhima-jwellers-stops-giving-advertisement-to-mathrubhumi-daily-sunitha-devadas-responds/

Next Story

Related Stories