TopTop
Begin typing your search above and press return to search.

ഇതൊക്കെയാണ് വയനാട്; അതുകൊണ്ട് രാഹുല്‍ താമരശ്ശേരി ചുരം കയറിത്തന്നെ വയനാട്ടിലേക്ക് വരണം

ഇതൊക്കെയാണ് വയനാട്; അതുകൊണ്ട് രാഹുല്‍ താമരശ്ശേരി ചുരം കയറിത്തന്നെ വയനാട്ടിലേക്ക് വരണം
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടാണ് ഇന്ന് ദേശീയ മാധ്യമങ്ങളില്‍ അടക്കം താരം. മുത്തശ്ശിയുടെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് ദക്ഷിണേന്ത്യയിലേക്ക് തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി എത്തുകയാണ് രാഹുല്‍. അത് ചരിത്ര നിയോഗവും കൂടിയാണ്. ഡല്‍ഹിയില്‍ നിന്നും നരേന്ദ്ര മോദി ഭരണകൂടത്തെ തുരത്താന്‍ നടത്തുന്ന നിരവധി പോരാട്ടങ്ങളില്‍ ഏറ്റവും ശക്തമായ ഒരു ടീമിനെ പ്രതിനിധീകരിക്കുന്ന നേതാവാണ് രാഹുല്‍. കോണ്‍ഗ്രസ്സ് വിശ്വസിക്കുന്നതുപോലെ രാഹുലിന്റെ വരവ് അവരുടെ പാര്‍ലമെന്റിലെ അംഗസംഖ്യയെ മെച്ചപ്പെടുത്തുമെങ്കില്‍ അത് നല്ല രാഷ്ട്രീയ തീരുമാനമാണ്. അത് വിശാല പ്രതിപക്ഷ സഖ്യം എന്ന വൈരുദ്ധ്യാത്മക സങ്കലനത്തെ തടയുന്നതാണ് എന്ന ഇടതു വിമര്‍ശനത്തിന്റെ രാഷ്ട്രീയ സംഗത്യത്തെയും ചോദ്യം ചെയ്യേണ്ട കാര്യമില്ല. എന്തായാലും രാഹുലിന്റെ വരവോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ശക്തമായ രാഷ്ട്രീയ പോരാട്ടമായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍, രാഷ്ട്രീയമായ ചര്‍ച്ചകള്‍ കൊടുമ്പിരികൊള്ളുന്നതിന്റെ ഇടയില്‍ വന്ന ഈ ചെറിയ വലിയ വാര്‍ത്ത എല്ലാവരും ശ്രദ്ധിക്കണം. പ്രത്യേകിച്ചും അര നൂറ്റാണ്ടില്‍ അധികം കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സും മാറി മാറി കേരളം ഭരിക്കുന്ന ഇടതു പാര്‍ട്ടികളും ഇപ്പോള്‍ ഭരിക്കുന്ന ബിജെപി മുന്നണിയും.

മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത ഇതാണ്;

“ഏഴാം വളവിൽ ചരക്ക്​ ലോറി ആക്​സിൽ പൊട്ടി കുടുങ്ങിയത്​ കാരണം താമരശ്ശേരി ചുരത്തിൽ മണക്കൂറുകളായി ഗതാഗതം മുടങ്ങിയിരിക്കുകയാണ്​​​. ഇന്ന്​ പുലർച്ചെ മൂന്ന്​ മണിക്കാണ്​ ലോറി കേടായത്​. 100 കണക്കിന്​ രാത്രി യാതക്കാർ ചുരത്തിൽ കുടുങ്ങി ദുരിതത്തിലാണ്. ബംഗളൂരുവിൽ നിന്നും കോഴിക്കോ​ട്ടേക്ക്​ ഇൻറർവ്യൂവിന്​ പുറപ്പെട്ട പതിനൊന്നോളം ഉദ്യോഗാർഥികളും ഇതിൽ പെടും. കിലോമീറ്ററുകൾ നീളത്തിലാണ്​ വാഹനങ്ങളുടെ നീണ്ടനിര​. വാഹനം മാറ്റിയിടാനുള്ള ശ്രമം തുടരുകയാണ്​.”

അതായത് “ദാ ഇപ്പോ ശരിയാക്കിത്തരാം” എന്ന കുതിരവട്ടം പപ്പു ലൈനില്‍ അധികാരികള്‍ പണി തുടരുന്നു എന്നര്‍ത്ഥം.

മത്സരിക്കാന്‍ രാഹുല്‍ തിരഞ്ഞെടുത്ത വയനാടിനെ ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വികസനത്തിന്റെ നിഴല്‍ വെട്ടം പോലുമെത്താത്ത മണ്ഡലങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും ഒരു ലോറി കേടായി വഴിയില്‍ കിടന്നാല്‍ ആയിരങ്ങള്‍ വഴിയാധാരമാകുന്ന വികസനമേ ഇവിടെയും എത്തിയിട്ടുള്ളൂ എന്ന് കണ്ണ് തുറന്നുകാണാന്‍ ഇന്നത്തെ സംഭവം മാത്രം മതി. അങ്ങനെ നോക്കുമ്പോള്‍ വയനാട് ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ പ്രതീകം തന്നെ. എന്നാല്‍ ടിപ്പുവിന്റെയും പഴശ്ശിയുടെയും കമ്പനി സൈന്യത്തിന്റെയും തീവ്ര കമ്യൂണിസ്റ്റുകളുടെയും സികെ ജാനുവിന്റെയുമൊക്കെ പോരാട്ടങ്ങള്‍ കണ്ട താമരശ്ശേരി ചുരത്തിന് മുകളില്‍ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ ഏറെയുണ്ട് ചൂണ്ടിക്കാട്ടാന്‍.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ അഴിമുഖം റിപ്പോര്‍ട്ട് ചെയ്ത 3 വാര്‍ത്തകള്‍ വായനക്കാരുടെ ശ്രദ്ധയ്ക്കായി ഇവിടെ ചേര്‍ക്കുന്നു.

1. സര്‍ഫാസി നിയമപ്രകാരം കുടിയിറക്കപ്പെടാന്‍ പോകുന്നത് 8370 പേര്‍; തെരഞ്ഞെടുപ്പിന് മുന്‍പേ വന്‍ കര്‍ഷക പ്രക്ഷോഭത്തിനൊരുങ്ങി വയനാട്

"സര്‍ഫാസി നിയമത്തിനിരയായി വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സാധാരണക്കാരായ തൊഴിലാളികളും കൂലിപ്പണിക്കാരും ധാരാളമുണ്ട് സംസ്ഥാനത്തുടനീളം. പ്രളയാനന്തരം, അത്തരം കഥകള്‍ ധാരാളം വന്നത് വയനാട്ടില്‍ നിന്നുമായിരുന്നു. കാര്‍ഷികവൃത്തിയിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന അനവധി പേരുടെ വായ്പ തിരിച്ചടവുകള്‍ മുടങ്ങിപ്പോയി. എല്ലാവരും കുടിയിറക്ക് ഭീഷണിയിലുമായി. വയനാട് ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 8370 ആളുകളാണ് സര്‍ഫാസി നിയമപ്രകാരം കുടിയിറക്കപ്പെടാന്‍ പോകുന്നതെന്നാണ് കണക്കുകള്‍. തിരുവനന്തപുരത്ത് 1400ഓളവും ഇടുക്കിയില്‍ 808, പാലക്കാട്ട് 606 എന്നിങ്ങനെയും മാത്രമാണ് സര്‍ഫാസി ബാധിത കര്‍ഷകരുടെ എണ്ണമെങ്കിലും വയനാട്ടില്‍ മാത്രം കണക്കുകള്‍ അല്പം സങ്കീര്‍ണമാണ്. ഈ സാഹചര്യത്തില്‍, സര്‍ഫാസിയ്‌ക്കെതിരായ പ്രതിരോധമുണ്ടാകേണ്ടത് വയനാട്ടില്‍ നിന്നു തന്നെയാണെന്ന് തിരിച്ചറിഞ്ഞാണ് ഹരിതസേനയടക്കമുള്ള കര്‍ഷക സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് വലിയൊരു പ്രക്ഷോഭത്തിനു തന്നെ വഴിയൊരുക്കുന്നത്."


2. ആനത്താരയില്‍ നിന്നും മാറ്റിത്താമസിക്കപ്പെട്ട കര്‍ഷകര്‍; തിരുനെല്ലിയിലെ ആത്മഹത്യ ചെയ്ത കൃഷ്ണകുമാര്‍ ഉള്‍പ്പെടുന്ന വേട ഗൌഡ സമൂഹത്തിന്റേത് പൊള്ളുന്ന ജീവിതം

"കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കര്‍ഷക ആത്മഹത്യകളുടെ പട്ടികയിലേക്ക് ഏറ്റവുമൊടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട പേരാണ് വയനാട് തിരുനെല്ലിയില്‍ നിന്നുള്ള കൃഷ്ണ കുമാറിന്റേത്. പോയ മാസങ്ങളില്‍ ഇടുക്കി ജില്ലയില്‍ അടിക്കടി നടന്നുകൊണ്ടിരുന്ന കര്‍ഷക ആത്മഹത്യകളുടെ ആഘാതം മാറും മുന്‍പാണ് വ്യാഴാഴ്ച രാവിലെ തിരുനെല്ലിയിലെ തൃശ്ശിലേരിയിലുള്ള വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കൃഷ്ണകുമാറിനെ കണ്ടെത്തുന്നത്. ഒന്നരയേക്കറോളം വയലിലും അരയേക്കറോളം കരഭൂമിയിലുമായി കൃഷിചെയ്തു ജീവിച്ചിരുന്ന കൃഷ്ണകുമാര്‍, സഹകരണ ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നുമായി കൃഷിയാവശ്യത്തിനായി എട്ടു ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. മാര്‍ച്ച് മാസമായതോടെ വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദ്ദത്തിലായിരുന്ന കൃഷ്ണകുമാര്‍, രണ്ടു ദിവസമായി അതീവ ദുഃഖിതനായിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു."


3. അമ്പലവാസികളാണ് എന്ന് കിര്‍ത്താഡ്സ് കണ്ടെത്തി; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ദയം തടഞ്ഞുവെക്കപ്പെട്ട 160 ആദിവാസി കുടുംബങ്ങള്‍

"ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീണേക്കും എന്നു തോന്നിപ്പിക്കുന്ന ഒറ്റമുറി വീട്ടിലാണ് നാഗി താമസിക്കുന്നത്. മേല്‍ക്കൂരയില്‍ പാകിയ ഓടുകളില്‍ പലതും തകര്‍ന്നു പോയിരിക്കുന്നതിനാല്‍ ടാര്‍പ്പൊളിന്‍ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്നു. മുപ്പതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ചെലവില്‍ കെട്ടിയ വീടാണ് നാഗിയുടേത്. അന്ന് നാഗി സര്‍ക്കാര്‍ കണക്കുകളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടിരുന്നയാളായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, നാഗി ആ പട്ടികയുടെ പുറത്താണ്. നാഗി മാത്രമല്ല, പുല്‍പ്പള്ളി, മരക്കടവ് കോളനിയില്‍ താമസിക്കുന്ന നൂറ്റിയന്‍പതിലധികം വരുന്ന അടിയ സമുദായക്കാരും സര്‍ക്കാരിന്റെ കണ്ണില്‍ ഇപ്പോള്‍ ആദിവാസികളല്ല. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ന്യായമായും ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളുടെ കണക്കില്‍ നിന്നും വെട്ടിമാറ്റപ്പെട്ട മരക്കടവ് കോളനിയിലെ അടിയരുടെ കഷ്ടതകള്‍ക്കു മാത്രം കാലങ്ങളായി പരിഹാരമില്ല. ആദ്യഘട്ടത്തില്‍ ആദിവാസി ജനതയുടെ ഭാഗമായിത്തന്നെ കണക്കാക്കപ്പെട്ടിരുന്ന തങ്ങള്‍ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ക്കു പുറത്തായതെന്നും ഇവര്‍ക്കറിയില്ല."

ഇതൊക്കെയാണ് വയനാട്. അതുകൊണ്ട് ഹെലികോപ്റ്റര്‍ ഒഴിവാക്കി രാഹുല്‍ താമരശ്ശേരി ചുരം കയറിത്തന്നെ വയനാട്ടിലേക്ക് വരണം.

Next Story

Related Stories