TopTop

ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചാല്‍ വെളുക്കുമോ, ഡോ. ചെന്നിത്തല?

ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചാല്‍ വെളുക്കുമോ, ഡോ. ചെന്നിത്തല?
ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡായതോടുകൂടി ചെന്നിത്തലയ്ക്ക് എന്തും പറയാമെന്നായോ? രാഹുല്‍ ഗാന്ധിയെ നരേന്ദ്ര മോദി പരിഹസിച്ചതുപോലെ, മുഖ്യമന്ത്രി കസേരയില്‍ എത്താന്‍ ഇത്ര തിരക്കോ? ഇന്നലത്തെ പ്രതിപക്ഷ നേതാവിന്റെ ഒരു പത്രപ്രസ്താവനയുടെ തലക്കെട്ട് വായിച്ചപ്പോള്‍ തോന്നിയതാണ്.

‘കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍’ എന്നായിരുന്നു തലക്കെട്ട്. അപ്പോള്‍ കേരളം ഒന്നാമതല്ലേ... ? ഇല്ലാക്കഥ പറഞ്ഞ് നാട്ടുകാരെ പറ്റിക്കുകയാണോ പിണറായിയും കൂട്ടരും? താന്‍ ഭാവിയില്‍ നയിക്കേണ്ട സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കുകയും അത് തങ്ങള്‍ കൂടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് എന്നു പറഞ്ഞുകൊണ്ട് അഭിമാനിക്കുകയും ചെയ്യുകയല്ലേ വേണ്ടത്? അതിനിടയില്‍ ഒരു കുത്തിത്തിരുപ്പ് വേണോ? പ്രത്യേകിച്ചും നേട്ട പട്ടികയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അധികം ഇടം പിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍?

രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇങ്ങനെ;

ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമത് എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇന്ന് നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതുജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബംഗളൂരുവിലെ പബ്‌ളിക് അഫയേഴ്‌സ് സെന്ററിന്റെ (PAI) 2018-ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. പൊതുഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച് മേനി നടിക്കാന്‍ വേണ്ടി ഇടതുസര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.


സാമൂഹ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നതെങ്കിലും സര്‍വ്വേയില്‍ യഥാര്‍ത്ഥത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തെലുങ്കാനയും. പിന്നീട് പഞ്ചാബും ജാര്‍ഖണ്ഡും കഴിഞ്ഞിട്ടേ കേരളം വരുന്നുള്ളൂ. ഇത് മറച്ചു വച്ചാണ് കേരളം ഒന്നാം സ്ഥാനത്ത് എന്ന മട്ടില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വ്വേ അനുസരിച്ച് കേരളം 11 -ാം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ക്രമസമാധാന നിലയില്‍ സര്‍വ്വേ പ്രകാരം കേരളം യഥാര്‍ത്ഥത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് സര്‍ക്കാരിന്റെ പരസ്യം. യഥാര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനത്തിന്റെ അവകാശി തമിഴ്‌നാടാണ്. പിണറായി സര്‍ക്കാര്‍ അത് തട്ടിയെടുത്തിരിക്കുകയാണ്. നീതിനിര്‍വഹണത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതായി പരസ്യത്തില്‍ നടിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ലഭിച്ചത് ആറാം സ്ഥാനമാണ്. മദ്ധ്യപ്രദേശിന്റെ ഒന്നാം സ്ഥാനമാണ് ഇടതു സര്‍ക്കാര്‍ അടിച്ചു മാറ്റിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍വ്വേയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് കര്‍ണാടകത്തിനാണെങ്കിലും പിണറായി സര്‍ക്കാര്‍ അതും അടിച്ചു മാറ്റി.


ആകെയുള്ള മികവില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നത് ശരിയാണ്. പക്ഷേ ഈ ഏജന്‍സി സര്‍വ്വേ ആരംഭിച്ച 2015 മുതല്‍ എന്നും കേരളം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. മാത്രമല്ല 2016 -ല്‍ യു.ഡി.എഫ് ഭരണ കാലത്ത് ഓവറാള്‍ ഭരണ മികവിന് 0.568 പോയിന്റ് നേടിയിരുന്നു എങ്കില്‍ ഇപ്പോഴത് 0.528 ആയി കുറയുകയാണ് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെക്കാള്‍ മാര്‍ക്കു കുറഞ്ഞതില്‍ പിണറായി സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നത് അല്പം കടന്ന കൈയാണ്.


വിശ്വാസ്യത, സുതാര്യത, നീതി നിര്‍വഹണം തുടങ്ങിയവയിലും കേരളം യു.ഡി.എഫ് കാലത്തേക്കാള്‍ പിന്നാക്കം പോവുകയാണ് ചെയ്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ കേരളം സര്‍വ്വേ അനുസരിച്ച് ഏഴാം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ അക്കാര്യം മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

നേരത്തെ യു.ഡി.എഫ് കാലത്തെ മികവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ അതിന്റെ പിതൃത്വം ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ഏറ്റെടുത്തതു പോലെ പരിഹാസ്യമാണ് ഈ പരസ്യവും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അമേരിക്കയില്‍ പോയി നിപ പ്രതിരോധത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങിയതായി പ്രചരിപ്പിച്ചതു പോലെയാണ് ഇതും.


കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഈയിടെ നടത്തിയ സര്‍വ്വേയില്‍ വ്യവസായ സൗഹൃദ അന്തരീക്ഷ സൂചികയില്‍ കേരളം 21-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതിന്റെ പരസ്യം കൂടി നല്‍കേണ്ടതായിരുന്നു.

അസത്യം പ്രചരിപ്പിച്ച് എത്ര കാലം ഈ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതാണ് പ്രസ്താവനയുടെ പൂര്‍ണ്ണരൂപം.

ഇനി സര്‍ക്കാരിന്റെ പരസ്യം ഒന്നു നോക്കാം. അതിങ്ങനെയാണ്; 'കേരളം ഒന്നാമത്' എന്ന വലിയ തലക്കെട്ട്. അതിനു താഴെ ‘ഭരണ നിര്‍വ്വഹണത്തില്‍ കേരളം വീണ്ടും രാജ്യത്ത് ഒന്നാമത്’ എന്ന വാക്യം. അതിനും താഴെ സ്റ്റാര്‍ അടയാളത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷ, ലിംഗസമത്വം, ക്രമസമാധാനം, പരിസ്ഥിതി, വിശ്വാസ്യത, പശ്ചാത്തലസൌകര്യം, നീതിനിര്‍വഹണം എന്നു തുടങ്ങി പ്രധാന മേഖലകള്‍ കൊടുത്തിട്ടുണ്ട്. ഏറ്റവും അടിയിലായി ഒരു സ്വര്‍ണ്ണക്കട ക്യാപ്ഷനും. “ഭരണത്തിളക്കത്തിന് പത്തരമാറ്റ്”.

ചെന്നിത്തല പറയുന്നതുപോലെ ഈ മേഖലകളില്‍ ഒന്നും ഒന്നാം സ്ഥാനത്താണ് എന്നു പരസ്യം അവകാശപ്പെടുന്നില്ല. വേണമെങ്കില്‍ ഒറ്റ സ്റ്റാര്‍ എന്ന സൂചനയെ ഒന്നാം സ്ഥാനം എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാം എന്നു മാത്രം. ഒരു ട്രിക്കി ആയ പ്രസെന്റേഷന്‍. ഈ പരസ്യങ്ങള്‍ എന്നു പറയുന്ന ഏര്‍പ്പാട് പിന്നെ എന്താണ്? ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ച് ആരെങ്കിലും സുന്ദരിയും സുന്ദരനുമൊക്കെ ആയിട്ടുണ്ടോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ പരസ്യങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വരില്ലായിരുന്നോ? പകരം നാട്ടുകാര്‍ വിശ്വസിച്ചത് സോളാര്‍ വാര്‍ത്തകളും ബാര്‍ കോഴ വാര്‍ത്തതകളുമൊക്കെ അല്ലേ? അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇങ്ങനെ ഞെളിഞ്ഞിരിക്കാന്‍ സാധിക്കുമായിരുന്നോ?

അപ്പോള്‍ പ്രതിപക്ഷ നേതാവേ, പരസ്യമല്ല. വാര്‍ത്തയാണ് പ്രധാനം. വാര്‍ത്തകള്‍ കണ്ടെത്തൂ, വാര്‍ത്തകള്‍ സൃഷ്ടിക്കൂ.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരാ എന്ന് വി എം സുധീരനും സംഘവും പറയുന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്. കുറച്ചുകൂടി ബുദ്ധിപരമാവൂ. അല്പം ഭാവനയും ആവാം. വി എസ് അച്ചുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ഒന്നു കുത്തിയിരുന്നു പഠിക്കൂ; ചിലപ്പോള്‍ ചില വെളിച്ചം കിട്ടിയേക്കും; പക്ഷേ അനുകരിക്കാന്‍ പോയാല്‍ ചിലപ്പോള്‍ പണി കിട്ടും. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നേതാവാകുന്നതുപോലെ എളുപ്പമല്ല ജനങ്ങളുടെ മനസില്‍ ഇടം പിടിക്കുക എന്നത് മാത്രം ഇപ്പോള്‍ മനസിലാക്കുക.

Next Story

Related Stories