TopTop

കൊളപ്പുള്ളി അപ്പന്‍മാരും ഭൂതഗണങ്ങളും അഴിഞ്ഞാടുകയാണ് നവമാധ്യമ പൂരപ്പറമ്പില്‍

കൊളപ്പുള്ളി അപ്പന്‍മാരും ഭൂതഗണങ്ങളും അഴിഞ്ഞാടുകയാണ് നവമാധ്യമ പൂരപ്പറമ്പില്‍
“പരസ്യമായി നൂറ് കണക്കിന് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂര്‍ പൂരം. പൂരം കാണാനെത്തുന്ന ഈ ‘പുരുഷാരം’ അവിടെ വരുന്ന സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെയെന്ന് പോയിട്ടുള്ളവര്‍ക്ക് മനസ്സിലാകും. പരന്ന കൈപ്പത്തികള്‍ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പായിപൂരപ്പറമ്പില്‍.” കഴിഞ്ഞ തൃശൂര്‍ പൂരത്തിന് ഹസ്ന ഷാഹിദ അഴിമുഖത്തില്‍ എഴുതിയ ഈ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെയാണ്: ‘ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരമാണ് തൃശൂര്‍ പൂരം: പൂരത്തിന്റെ പെണ്ണനുഭവം’. (ഈ കുറിപ്പ് എഴുതിയതിന്റെ പേരില്‍ ഹസ്നയ്ക്കും നേരിടേണ്ടി വന്നു ഫേസ്ബുക്ക് തെറിവിളി)

അതുതന്നെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ സാമൂഹിക മാധ്യമ ലോകത്തെ കുറിച്ചും ചോദിക്കുന്നത്. ‘എന്തുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങള്‍ ആണ്‍മേധാവിത്വത്തിന്റെ പൂരപ്പറമ്പായി മാറിയത്?’ ഹാദിയ, ശബരിമലയിലെ സ്ത്രീ പ്രവേശനം, കുമ്പസാരം എന്നിവയെ കുറിച്ചൊക്കെ ശക്തമായ നിലപാട് സ്വീകരിച്ചതിന് സൈബര്‍ അധിക്ഷേപം നേരിടേണ്ടിവന്ന സ്ത്രീ കൂടിയാണ് ജോസഫൈന്‍. “സ്വതന്ത്ര സ്ത്രീകളോടുള്ള അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നതായി” ജോസഫൈന്‍ പറയുന്നു. “ഇത്തരം അധിക്ഷേപ പോസ്റ്റുകളുടെ പ്രിന്‍റുകളും സ്ക്രീന്‍ ഷോട്ടുകളും എന്റെ കൈവശം ഉണ്ട്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന അധിക്ഷേപകരമായ ഭാഷ മനസിലാക്കാന്‍ ആളുകള്‍ അതൊന്നു വായിച്ചു നോക്കണം.” ജോസഫൈന്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളത്തിലെ താര മാടമ്പിമാരുടെ ഭൂത ഗണങ്ങളുടെ ശല്യം സഹിക്ക വയ്യാതെ താന്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് നടിയും മാധ്യമ പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍ പ്രഖ്യാപിച്ചതും ഇന്നലെ തന്നെയാണ്. "താരരാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡിആക്ടിവേറ്റ് ചെയ്യേണ്ടി വരും”. ഇതായിരുന്നു സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ചലചിത്ര പുരസ്കാരദാനവുമായി ബന്ധപ്പെട്ട മുഖ്യാഥിതി വിവാദത്തില്‍ മോഹന്‍ലാലിനെതിരെ ഗൂഡാലോചന നടത്തി എന്നാരോപിച്ച് സംവിധായകന്‍ ഡോ. ബിജുവിനെതിരെ നടത്തിയത് അതിനീചമായ വംശീയ അധിക്ഷേപമാണ്. ബിജുവിന്റെ ദളിത് ഐഡന്‍റിയും നിറവുമൊക്കെ ഇവിടെ അധിക്ഷേപത്തിന് വിധേയമായപ്പോള്‍ കുടുംബത്തെ അടക്കം തീര്‍ത്തുകളയുമെന്ന ഉന്മൂലന ഭീഷണിയും ഉണ്ടായി. തന്റെ പേജ് റിമൂവ് ചെയ്ത് ഈ ഭൂതഗണങ്ങളില്‍ നിന്നും ‘രക്ഷപ്പെടുക'യായിരുന്നു ബിജു.

സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുന്‍പ് നടി പാര്‍വ്വതിക്ക് നേരെയും ഉണ്ടായത് ഓര്‍ക്കുക. കസബ എന്ന മൂന്നാംകിട സിനിമയെ വിമര്‍ശിച്ചതിന് നടന്‍ മമ്മൂട്ടിയുടെ വെട്ടുകിളി കൂട്ടങ്ങളാണ് രംഗത്തിറങ്ങിയത്. ആ ആക്രമണം ഏറ്റവും ഒടുവില്‍ പാര്‍വതിയുടെ 'മൈ സ്റ്റോറി' എന്ന സിനിമയ്ക്കു നേര്‍ക്കുവരെ നീണ്ടു.

ചലചിത്ര നിരൂപകയും അഴിമുഖം കോളമിസ്റ്റുമായ അപര്‍ണ്ണ പ്രശാന്തിയെ വെര്‍ബല്‍ റേപ്പിന് വിധേയമാക്കിയത് അല്ലു അര്‍ജ്ജുനെ വിമര്‍ശിച്ചതിനാണ്. തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് അപര്‍ണ്ണ നടത്തിയ പോരാട്ടം മൂന്നോളം വെട്ടുകിളികളുടെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചു.

https://www.azhimukham.com/cinema-ant-women-movies-inspired-fans-abusing-parvathy-geethu-mohandas/

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതുമുതല്‍ റിമ കല്ലിങ്ങല്‍ അടക്കമുള്ള വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 'പാറു കൊച്ചമ്മയും റിമ കൊച്ചമ്മയും ഗീതു കൊച്ചമ്മയുമൊക്കെ എന്നു മുതലാണ് ഡീസന്റായത്?'എന്നാണ് ഒരു മമ്മൂട്ടി ഫാനിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ തലക്കെട്ട്. ഇതേ 'കൊച്ചമ്മ'മാരെ സൃഷ്ടിച്ച് ഐ എം എം എയിലെ നടികളുടെയൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും സ്കിറ്റാഭാസം നടത്തിയത് മഴവില്‍ മനോരമ ഷോയിലൂടെ മലയാളി കണ്ടു.

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ പലപ്പോഴും വാളെടുത്തിട്ടുള്ളത് സംഘപരിവാറിന്റെ സൈബര്‍ ഗുണ്ടകളാണ്. ദീപയുടെ ചിത്രം മോര്‍ഫ് ചെയ്തുകൊണ്ട് അധിക്ഷേപിച്ച മൂന്നു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നോവലിസ്റ്റ് എസ് ഹരീഷിനെയും കുടുംബത്തെയും അധിക്ഷേപിച്ചു നോവല്‍ പിന്‍വലിപ്പിച്ചതും സംഘപരിവാറിന്റെ ട്രോള്‍ ആര്‍മി തന്നെ.

ഏറ്റവും ഒടുവില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഒരു പോസിറ്റീവ് സ്റ്റോറിയിലെ കഥാപാത്രത്തെ നവമാധ്യമത്തിലെ ആള്‍ക്കൂട്ട, കൈവെട്ട് കൊലയാളികള്‍ ചിത്രവധം ചെയ്യുന്നതും കണ്ടു. ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത വ്യഥകള്‍ക്ക് പിന്നിലെ സത്യം പൊതുസമൂഹത്തിന് മുന്‍പില്‍ എത്തുമ്പോഴേക്കും അവള്‍ ക്രൂരമായ അധിക്ഷേപത്തിന്റെ കയ്പ്പുനീര്‍ കുടിച്ചുകഴിഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ഇത്ര നെഗറ്റിവിറ്റി സാമൂഹിക മാധ്യമത്തിലൂടെ പടരുന്നത്? കേരളം പ്രബുദ്ധമെന്നും ഒന്നാം നമ്പര്‍ എന്നും പറയുന്നതൊക്കെ വെറും പുറംമോടി മാത്രമാണോ? ഈ വെട്ടുകിളി കൂട്ടങ്ങളുടെയും ആണ്‍ മേധാവി പന്നികളുടെയും സിനിമയിലും രാഷ്ട്രീയത്തിലും ഒക്കെയുള്ള കൊളപ്പുള്ളി അപ്പന്‍മാരുടെയും മാത്രമാണോ ഈ കേരളം?

https://www.azhimukham.com/offbeat-cyber-crimes-against-women-kerala-analysis-by-ribin/

https://www.azhimukham.com/offbeat-abuse-in-social-media-against-hanan-a-brief-analysis-by-ribin/

https://www.azhimukham.com/trending-thrissur-pooram-is-the-mob-of-sexual-harassment-by-hasna-shahitha/

https://www.azhimukham.com/film-racist-comments-against-film-director-drbiju-writes-vidhuvincent/

Next Story

Related Stories