UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍, സിപിഎം മമ്മൂട്ടിയെ എറണാകുളത്ത് നിര്‍ത്തണം; വരട്ടെ ഒരു ബ്ലോക്ക് ബസ്റ്റര്‍ തെരഞ്ഞെടുപ്പ്

നടന്‍ മോഹന്‍ലാല്‍ സമ്മതിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ ബിജെപി തയ്യാറാണെന്ന് എം ടി രമേശ്

നടന്‍ മോഹന്‍ലാല്‍ സമ്മതിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ ബിജെപി തയ്യാറാണ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഇന്നലെ പറഞ്ഞു. ഇത് തന്നെയാണ് ബിജെപിയുടെ എക എം എല്‍ എ ഓ രാജഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞതും. മോഹന്‍ലാല്‍ തങ്ങളുടെ റഡാറിലാണെന്ന്.

ബിജെപി ആ റഡാര്‍ ഓണാക്കിയിട്ട് കുറച്ചു കാലങ്ങളായി. സംസ്ഥാന ബിജെപിയുടെ അധ്യക്ഷ പദവി ഏറ്റെടുത്തത്തിന് ശേഷം കണ്ണൂരില്‍ വെച്ച് ഒരു രഞ്ജിത് തമ്പുരാന്‍ ചിത്ര മാസ് ഡയലോഗ് ശ്രീധരന്‍ പിള്ള അടിച്ചിരുന്നു. “അവൻ വരും, അവൻ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നു..”

അന്ന് മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും കുഞ്ഞുബുദ്ധിയില്‍ തോന്നിയത് അത് കണ്ണൂരിലെ സിങ്കമായ കെ സുധാകരനാണ് അജ്ഞാതനായ അവന്‍ എന്നാണ്. ‘പണിയെടുക്കുന്ന’ അധ്യക്ഷനായി സുധാകരനെ ഉയര്‍ത്തി കോണ്‍ഗ്രസ്സ് അപകട നില തരണം ചെയ്തതോടെ ആ സംശയം മാറിക്കിട്ടി.

എന്തായാലും ആ ‘അവനാ’യുള്ള അന്വേഷണത്തിലാണ് ബിജെപി ഇപ്പോഴും എന്നു തന്നെയാണ് രാജഗോപാലിന്റെയും എം ടി രമേശിന്റെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

“കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരും വോട്ടര്‍മാരും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ആഗ്രഹിക്കുകയാണ്”, എം ടി രമേശ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അത് കഴിഞ്ഞ ഉടനെ രമേശ് ആ സത്യം വെളിപ്പെടുത്തി, “മോഹന്‍ലാലുമായി പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.”

ങേ…! അപ്പോള്‍ അവന്‍ വരും, റഡാര്‍, മലപ്പുറം കത്തി…! ഇതൊക്കെയെന്താ… വെറും തള്ള് മാത്രമോ?

ഇക്കാര്യത്തില്‍ താരമാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത് എന്നതാണ് രമേശിന്റെ ഒരിത്…!

Read More: ‘വെടി’കൊണ്ട മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റ് ബേബിയോട്; “കരയിപ്പിക്കല്ലടാ ഡാഷ് മോനേ…”

എന്നാല്‍ ബിജെപി സഹയാത്രികനായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ഇന്നലെ ഏഷ്യാനെറ്റിന്റെ അന്തിചര്‍ച്ചയില്‍ വന്നു പറഞ്ഞത് ബിജെപി നേതാക്കളുടെ മനസിലിരുപ്പ് താന്‍ സതീര്‍ത്ഥ്യനായ മോഹന്‍ലാലിനെ അറിയിച്ചെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താരത്തിനു യാതൊരു താല്‍പ്പര്യവുമില്ല എന്നുമാണ്. തത്ക്കാലം സുരേഷ് കുമാറിനെ ഈ കാര്യത്തില്‍ വിശ്വസിക്കാമെന്ന് തോന്നുന്നു.

അതേസമയം ലാല്‍ ഫാന്‍സ് നേതാവ് ബിജെപിയുടെ ഈ പ്രചരണത്തിനെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്തു.

മോഹൻലാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും മോഹൻലാൽ മത്സരിച്ചാൽ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാർഥിയായേ ജനങ്ങൾ കാണൂവെന്നുമാണ് ലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘ന്യൂസ് അവറി’ലാണ് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധി ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമൽ കുമാർ മുന്നറിയിപ്പ് നൽകി.

മോഹൻലാൽ പണ്ട് ഒരു പ്രമുഖ ചാനലിന്‍റെ (കൈരളി ടിവി) ഡയറക്ടർ ബോർഡിലേക്ക് വരുന്നു എന്ന വാർത്ത വന്നപ്പോൾ ആർഎസ്എസുകാർ പോസ്റ്ററിൽ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകൾ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാൻ നോക്കുന്നത്? വിമൽ കുമാർ ചോദിക്കുന്നു. മോഹൻലാൽ പൊതു സമൂഹത്തിന്‍റെ സ്വത്താണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും. ഇതുവരെ കേൾക്കാത്ത ആരോപണങ്ങൾ അദ്ദേഹം കേൾക്കേണ്ടി വരും. അത് ശരിയാണോ? നിങ്ങൾക്ക് ശരിക്ക് മോഹൻലാലിനോട് സ്നേഹമുണ്ടോ? – എന്ന് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ ചോദ്യം.

രാഷ്ട്രസേവനത്തിനായി സ്വയം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല, മോഹൻലാലിന് സിനിമയിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട് – വിമൽ കുമാർ പറഞ്ഞു.

Read More: അവന്‍ വരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത് മോദിജിയുടെ തരംഗമേറ്റ ഇയാളെക്കുറിച്ചാണോ?

ഒടിയന്‍ റിലീസ് ദിവസം സംസ്ഥാന ഹര്‍ത്താല്‍ നടത്തിയ ബിജെപി നേതാക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ലാല്‍ ഫാന്‍സ് പൊങ്കാലയിട്ട കാര്യവും ഇത്തരുണത്തില്‍ ഓര്‍മ്മിക്കാം.

എന്തായാലും തന്റെ വിശ്വ ശാന്തി ട്രസ്റ്റിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മോഹന്‍ ലാല്‍ പോയത് മുതല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വപ്നം കാണുകയാണ്. ലാല്‍ അന്ന് തന്റെ ബ്ലോഗില്‍ എഴുതിയത് മോദിയില്‍ നിന്നും തന്നിലേക്ക് പ്രസരിച്ച ഊര്‍ജ്ജത്തെ കുറിച്ചാണ്. ആ ഊര്‍ജ്ജത്തിന്റെ നീക്കിബാക്കി ഇപ്പോഴും ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ..?

ദേശത്തെ ബുദ്ധിജീവികളായ ബുദ്ധിജീവികള്‍ മുഴുവന്‍ കത്തെഴുതിയിട്ടും കഴിഞ്ഞ ചലച്ചിത്ര പുരസ്കാര വേദിയില്‍ താരത്തെ മുഖ്യാതിഥിയായി എഴുന്നെള്ളിച്ച സിപിഎമ്മിന് മണ്ണും ചാരി നിന്നവന്‍ എന്തോ കൊണ്ടുപോയ ഫീലിംഗിലാവാതെ രക്ഷപ്പെടാന്‍ ഒറ്റ വഴിയേ ഉള്ളൂ. എറണാകുളത്ത് മമ്മൂട്ടിയെ മത്സരിപ്പിക്കുക തന്നെ. അങ്ങനെ മറ്റൊരു ബ്ളോക്ക് ബസ്റ്റര്‍ മൂവിയാകട്ടെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍