UPDATES

രാഹുലിന് പഠിക്കുന്ന അമിത് ഷായെ കേരള ബിജെപി പാഠം പഠിപ്പിക്കുമോ?

2019 ലോകസഭാ തിരഞ്ഞെടുപ്പ് വരെ കാക്കാം, വി എം സുധീരന്‍ ഒളിച്ചോടിയത് പോലെ മാരാര്‍ജി ഭവനില്‍ നിന്നും ശ്രീധരന്‍ പിള്ള ഓടിച്ചോടുമോ എന്നറിയാന്‍

അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറയുന്നത് തനിക്ക് കൈവന്ന അധ്യക്ഷപദ യോഗം അപ്രതീക്ഷിതമാണെന്നാണ്. താന്‍ പദവികള്‍ക്ക് പിന്നാലെ തേടി നടക്കുന്ന ആളല്ലെന്നും 2003 മുതല്‍ 2006 വരെ സംസ്ഥാന ബിജെപിയെ നയിച്ച ശ്രീധരന്‍ പിള്ള ഇന്നലെ വ്യക്തമാക്കി.

എന്തായാലും ബിജെപിയുടെ ജനാധിപത്യ, മതനിരപേക്ഷ, ഗ്രൂപ്പ് രഹിത രാഷ്ട്രീയ മുഖമായി അറിയപ്പെടുന്ന അഡ്വ. ശ്രീധരന്‍ പിള്ളയുടെ നിയമനം ത്രീവ ഹിന്ദുത്വം കേരളത്തിന്റെ മണ്ണില്‍ വേര് പിടിക്കില്ല എന്ന ബിജെപിയുടെ വടക്കേ ഇന്ത്യന്‍ നേതൃത്വത്തിന്റെ തിരിച്ചറിവിന്റെ കൂടി ഫലമാണ്. നിലയ്ക്കല്‍ സമര നായകന്‍ കുമ്മനം രാജശേഖരനെ വെച്ചുള്ള പരീക്ഷണം പരാജയമാണ് എന്ന തിരിച്ചറിവാണ് ശ്രീധരന്‍ പിള്ള മത്സരിച്ച ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടയില്‍ തന്നെ കുമ്മനത്തെ ആഘോഷപൂര്‍വ്വം മിസോറാം ഗവര്‍ണ്ണര്‍ ആക്കിയതും. അത് പണിഷ്മെന്‍റ് ട്രാസ്ഫര്‍ ആണെന്ന പ്രചരണം എതിരാളികള്‍ നടത്തിയെങ്കിലും കുമ്മനത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി കേരളത്തില്‍ വെറുതെ ഇരുത്തിയാല്‍ അത് ആര്‍എസ്എസിന്റെ അപ്രീതി പിടിച്ചുപറ്റലാവും എന്നറിയാവുന്നതുകൊണ്ടാണ് ഗവര്‍ണ്ണര്‍ പദവി എന്ന അടവ് നയം കേന്ദ്ര നേതൃത്വം പുറത്തെടുത്തത്. തല്‍ക്കാലം മുഖം രക്ഷിക്കലുമാവും. ശോഭാ സുരേന്ദ്രന്‍ പറഞ്ഞതുപോലെ ബിജെപി കേരളത്തിന് നല്‍കിയ സമ്മാനമായി വ്യാഖ്യാനിക്കുകയും ചെയ്യാം.

പ്രസിഡണ്ട് പദവി ഏറ്റെടുത്തതിന് ശേഷം തന്റെ പ്രവര്‍ത്തന മണ്ഡലമായ കോഴിക്കോടെത്തിയ ശ്രീധരന്‍ പിള്ള ഇന്നലെ കോഴിക്കോട് പ്രസ്സ് ക്ലബില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ “തുല്യനീതി എല്ലാവര്‍ക്കും, ആരോടുമില്ല പ്രീണനം” എന്നായിരിക്കും ബിജെപിയുടെ മുദ്രാവാക്യം എന്നു പ്രഖ്യാപിച്ചു. ഹിന്ദുത്വത്തെ ഒരു മതം എന്നതിലുപരി സാംസ്കാരിക ധാരയായിട്ടാണ് കാണുന്നത് എന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും നിലപാടെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

കാര്യം ബിജെപിയെ പുതുയുഗത്തിലേക്ക് നയിക്കാനാണ് തന്നെ അധികാരമേല്‍പ്പിച്ചിരിക്കുന്നത് എന്ന് ശ്രീധരന്‍ പിള്ള വലിയ വായില്‍ പറയുന്നുണ്ടെങ്കിലും കേരളത്തിലെ ഗ്രൂപ്പ് യുദ്ധം പാരമ്യത്തില്‍ എത്തിയതിന്റെ പരിണതഫലമാണ് അപ്രതീക്ഷിതമായ ഈ തീരുമാനം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കെ സുരേന്ദ്രനെ പ്രസിഡണ്ട് ആക്കാനുള്ള വി മുരളീധര പക്ഷത്തിന്റെ നീക്കമാണ് അമിത് ഷാ രണ്ടു മാസത്തെ കൂടിയാലോചനകളിലൂടെ പൊളിച്ചുകളഞ്ഞിരിക്കുന്നത്. അതുകൊണ്ടു കൂടിയായിരിക്കാം പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തുകൊണ്ടുള്ള വാര്‍ത്തയോട് “അഭിനന്ദനങ്ങൾ! വിജയാശംസകൾ!” എന്ന അറുപിശുക്കന്‍ ആശംസാ സന്ദേശം ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ പോസ്റ്റിയത്.

പി എസ് ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതോടൊപ്പം അമിത് ഷാ ഒരു കാര്യം കൂടി ചെയ്തു. കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉടയ തമ്പുരാന്‍ വി മുരളീധരനെ ആന്ധ്രയിലേക്ക് കെട്ടുകെട്ടിച്ചു. ടിഡിപി പിണങ്ങി പോയതിന് ശേഷം പരുങ്ങലിലായ അവിടത്തെ ബിജെപിയുടെ കാര്യങ്ങള്‍ നേരെയാക്കാന്‍; എന്നാല്‍ അതത്ര ചെറിയ കാര്യമല്ല എന്നും കാണേണ്ടതുണ്ട്; മുരളീധരനെ സഹായിക്കാന്‍ അമിത് ഷാ നിയമിച്ചിരിക്കുന്നത്, 25 വര്‍ഷം ഇടതുപക്ഷം ഭരിച്ച ത്രിപുരയില്‍ അട്ടിമറി ജയം നേടാന്‍ ബിജെപിയെ പ്രാപ്തമാക്കിയ മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന ആര്‍എസ്എസ് പ്രചാരകന്‍ സുനില്‍ ദിയോദറിനെയാണ്. ഇതിനൊരു മറുപുറം കൂടിയുണ്ട്; മുഖ്യമന്ത്രിയായി ബിപ്ലവ് ദേവ് ത്രിപുരയില്‍ ചുമതലയേറ്റതിനു പിന്നാലെ സുനില്‍ ദിയോദറുമായുള്ള ബന്ധം വഷളായിരുന്നു. കുറച്ച് കാലം മാറി നിന്ന ശേഷമാണ് ദിയോദര്‍ പിന്നിട് സജീവമായത്. അപ്പോള്‍ ആന്ധ്രയില്‍ ഇനി മുരധീര ഗ്രൂപ്പ്, ദിയോദര്‍ എന്നിങ്ങനെ ബിജെപി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.

കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്ത രാഹുല്‍ ഗാന്ധി പയറ്റിയ അതേ അടവാണ് അമിത് ഷായും നടപ്പാക്കിയിരിക്കുന്നത് എന്നും കാണാം! കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഏകദേശം ഒരു വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ യാതൊരു ഗ്രൂപ്പ് ചിന്തകളുമില്ലാത്ത വി എം സുധീരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം കൊണ്ടുവന്നത്. പക്ഷേ, ഗ്രൂപ്പ് യുദ്ധത്തിന്നു ശമനമുണ്ടായില്ല എന്നു മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടിയെ കത്തി മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന് മുന്‍പില്‍ പരാജിതനായി കെ പി സി സി മന്ദിരത്തില്‍ നിന്നും രായ്ക്കുരാമാനം ഒളിച്ചോടേണ്ടി വന്ന കഥ വി എം ഈ അടുത്ത കാലത്താണ് പുറത്തുവിട്ടത്.

ഇതൊക്കെ സസൂക്ഷ്മം കണ്ടുകൊണ്ടിരുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള ഏക വഴി ഉമ്മന്‍ചാണ്ടിയെ സംസ്ഥാനത്തില്‍ നിന്നും അകറ്റുകയാണ് എന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു. ഒരു പണിഷ്മെന്‍റ് പ്രമോഷന്‍. എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിയതിന് ശേഷം അദ്ദേഹത്തെ അയച്ചത് ആന്ധ്രയിലെ കോണ്‍ഗ്രസ്സിനെ പുന:സംഘടിപ്പിക്കാന്‍.

അമിത് ഷാ ചെയ്തതും മറ്റൊന്നല്ല. ആദ്യം വി മുരളീധരനെ മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയാക്കി പ്രമോഷന്‍ കൊടുത്തു. ഇപ്പോളിതാ ആന്ധ്രയിലേക്ക് കയറ്റി അയച്ചിരിക്കുന്നു.

ഇനി അറിയേണ്ടത് കേരളത്തില്‍ അവശേഷിക്കുന്ന സ്ഥാനമോഹികളൊക്കെ കൂടി അമിത് ഷായെ പാഠം പഠിപ്പിക്കുമോ എന്നുള്ളതാണ്. എന്തായാലും 2019 ലോകസഭാ തിരഞ്ഞെടുപ്പ് വരെ കാക്കാം, വി എം സുധീരന്‍ ഒളിച്ചോടിയത് പോലെ മാരാര്‍ജി ഭവനില്‍ നിന്നും ശ്രീധരന്‍ പിള്ള ഓടിച്ചോടുമോ എന്നറിയാന്‍.

ഇനി ‘ഭാരതീയ ജനതാ പിള്ള’; തിരിച്ചടി കിട്ടിയത് ബിജെപിയിലെ ഗ്രൂപ്പുകൾക്ക്

കടുംകാവി രാഷ്ട്രീയം കുമ്മനം വഴി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍