TopTop
Begin typing your search above and press return to search.

എംടിയുടെ കൂടെയോ രാമന്‍നായരുടെ കൂടെയോ? ഈ ചോദ്യത്തിന് മലയാളി ഉത്തരം പറഞ്ഞേ പറ്റൂ

എംടിയുടെ കൂടെയോ രാമന്‍നായരുടെ കൂടെയോ? ഈ ചോദ്യത്തിന് മലയാളി ഉത്തരം പറഞ്ഞേ പറ്റൂ
നിര്‍മ്മാല്യവും അസുരവിത്തും നല്‍കിയ, ചുട്ടുപൊള്ളുന്ന ജീവിത പശ്ചാത്തലത്തില്‍ വിശ്വാസത്തിന്റെയും മതേതര ജീവിതത്തിന്റെയും സന്ദേശം പകര്‍ന്ന എം ടി വാസുദേവന്‍ നായരുടെ കൂടെയോ അതോ രാവിരുട്ടി വെളുക്കുമ്പോഴേക്കും ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നിന്നും വര്‍ഗ്ഗീയ സങ്കുചിതത്വം പ്രചരിപ്പിക്കുന്ന മറ്റൊരു പാര്‍ട്ടിയുടെ ഉന്നത പദവി സംഘടിപ്പിച്ച ജി രാമന്‍നായരുടെ കൂടെയോ? മലയാളിയോടാണ് ഈ ചോദ്യം?

ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട‌് നടത്താനുള്ള നീക്കമായാണ് കഴിഞ്ഞ 70 വര്‍ഷമായി മലയാളി സമൂഹത്തെ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന എം ടി ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നവോത്ഥാനത്തിലൂടെ പുതിയ സംസ്കാരമഹിമ ആർജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ‌് ഇപ്പോൾ നടക്കുന്നത്. നാടിന്റെ ഭാവി അഭിലഷിക്കുന്ന ഒരാളും ഇതിനെ പിന്തുണക്കില്ല. അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശം ആകാമെന്ന കോടതിവിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇത് പിന്നോട്ടുപോകലാണ്. ‘ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം രാജൻ’ എന്ന‌് ആശാൻ എഴുതിയതാണ് ഇവരെ ഓർമിപ്പിക്കാനുള്ളത്. പഴയ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമ്പോൾ നമ്മളെ ചിലർ തിരിച്ചുനടത്തിക്കുകയാണ്. അങ്ങേയറ്റം അപകടമാണിത്. ഇവർ ചരിത്രം മനസ്സിലാക്കാത്തവരാണ്.

ഗുരുവായൂർ ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം എതിർത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസ്സിന് കുറവുവരുമെന്നായിരുന്നു അക്കാലത്തെ പ്രചാരണം. എന്നാൽ, ആ തേജസ്സിന് ഒട്ടും കുറവുണ്ടായില്ലെന്ന് ദൈവവിശ്വാസികൾക്കറിയാം. തെറ്റുകൾ തെറ്റായി നിലനിർത്താമെന്ന് കരുതുന്നത് മൂഢത്തരമാണ്.

ഇപ്പോഴുണ്ടായതുപോലുള്ള പുരോഗമനപരമായ വിധി കോടതിയിൽനിന്ന് വരികയെന്നത് നിയമവ്യവസ്ഥയിൽ അപൂർവമാണ്. അത് നടപ്പാക്കൽ സർക്കാർ ബാധ്യതയും. അതിനെ എങ്ങനെ തകരാറിലാക്കാമെന്ന ആലോചനയിലാണീ പ്രതിഷേധങ്ങൾ. സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിർത്താൻ സ്ത്രീകളെത്തന്നെ കരുവാക്കി പ്രശ്നമുണ്ടാക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും ശരിയായ വഴി അംഗീകരിക്കേണ്ടിവരും. ചെയ്തത് തെറ്റെന്ന് തോന്നുന്ന നാൾ വരും. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോൾ ചൈതന്യം പോകുമെന്നായിരുന്നു ഒച്ചപ്പാട്. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതവിടത്തന്നെയുണ്ടാകുമെന്നും എം ടി പറഞ്ഞു.

അതേസമയം കെ പി സി സി നിര്‍വാഹക സമിതി അംഗത്തില്‍ നിന്നും ശബരിമല വിഷയത്തില്‍ ബിജെപി പാളയത്തിലേക്ക് പോയ ജി രാമന്‍ നായരെ ഒരു പ്രതീകമാക്കി ആഘോഷിക്കാനാണ് ബിജെപി നീക്കം. പാര്‍ട്ടിയുടെ ഉപാധ്യക്ഷ പദവി തന്നെയാണ് ഈ മുന്‍കോണ്‍ഗ്രസ്സ് നേതാവിന് ബിജെപി നല്കിയിരിക്കുന്നത്. വെറുമൊരു കെ പി സി സി അംഗമായ രാമന്‍ നായര്‍ക്ക് ഉപാധ്യക്ഷ പദവി കൊടുത്താല്‍ അതുക്കും മേലുള്ളവര്‍ക്ക് എന്തുകൊടുക്കും എന്നായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വലിയ ചോദ്യം. അധികാര മോഹികള്‍ക്ക് അതൊരു ആകര്‍ഷണവുമാണ്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നെന്ന് പറഞ്ഞുകൊണ്ടു കോണ്‍ഗ്രസ് സഹയാത്രികനും മുന്‍ പി.എസ്.സി ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. സനാതന ഹിന്ദുവും ബ്രാഹ്മണനുമെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി, ശബരിമല വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ അതില്‍ വൈരുദ്ധ്യമുണ്ട്. കെ. സുധാകരനെപ്പോലെ കരുത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലെത്തിയാലും അത്ഭുതമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ജി രാമന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്ക് പോയത് ജയസാധ്യതയുള്ള സീറ്റ് ലഭിക്കുമെന്ന ഉറപ്പിന്മേലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന് വലിയ സ്ഥാനമൊന്നുമില്ലെന്ന് തന്നെയാണ് രാഷ്ട്രീയ ലേബലില്‍ വിസിയും പി എസ് സി ചെയര്‍മാനുമൊക്കെയായ ടിയാന്‍റെ അഭിപ്രായം.

രാമന്‍ നായരെയും പ്രമീലാ ദേവിയെയും ബിജെപിയിലേക്ക് ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങില്‍ കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. അവനല്ല അവന്‍മാരാണ് വരുന്നതെന്ന് ചുരുക്കം.

കോണ്‍ഗ്രസില്‍ നിന്നും സ്ഥാന വലിപ്പം കൊണ്ടും ആകാരം കൊണ്ടും വലിയൊരാളെ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ശ്രീധരന്‍ പിള്ളയ്ക്ക് അഭിമാനിക്കാം. പക്ഷേ സി പി എമ്മില്‍ നിന്നോ? നിലയ്ക്കലിലെ സമരപ്പന്തലില്‍ എത്തി എന്നു പറയുന്ന ബ്രാഞ്ച് സെക്രട്ടറിയും പിന്നെ എട്ടുപൊട്ടും തിരിയാത്ത എം എം ലോറന്‍സിന്റെ കൊച്ചുമകനും.

ശബരിമല വിഷയത്തില്‍ പരമാവധി ആളെക്കൂട്ടാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം. അയ്യപ്പ ഭക്തന്റെ മരണത്തില്‍ ദുരൂഹതയും പോലീസ് മര്‍ദ്ദനവും ആരോപിച്ച് കള്ള വാര്‍ത്ത പ്രചരിപ്പിച്ച് പത്തനംതിട്ടയില്‍ നടത്തിയ ഹര്‍ത്താല്‍ ആഭാസം പൊളിഞ്ഞെങ്കിലും നാളത്തെ നട തുറക്കലും മണ്ഡലകാലവും വിളവെടുപ്പിനുള്ള അനുയോജ്യകാലമായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ബ്ജെപിയും ആര്‍ എസ് എസും മറ്റ് സംഘപരിവാര്‍ സംഘടനകളും.

ഇരുമുടിക്കെട്ടുമായി ആര്‍ എസ് എസ് പ്രവര്‍ത്തകരെ 24 മണിക്കൂര്‍ റൊട്ടേഷനില്‍ സന്നിധാനത്തേക്ക് അയക്കുമെന്ന് പറയുമ്പോള്‍ പോലീസ് വലയമുണ്ടായിട്ടും അയോദ്ധ്യയില്‍ എന്തു സംഭവിച്ചു എന്നാണ് ഹിന്ദുത്വ തീവ്രവാദ നേതാവ് കെ പി ശശികല ചോദിക്കുന്നത്.

ഇനി കൂടുതലായി എന്തെങ്കിലും വിശദീകരിക്കേണ്ട കാര്യമുണ്ടോ? സീന്‍ ക്ലിയറല്ലേ..

https://www.azhimukham.com/kerala-rss-and-ayyappa-karmasamithi-plans-big-protest-in-sabarimala-women-entry-reports-kr-dhanya/

https://www.azhimukham.com/newswrap-sreedharanpilla-repeats-fake-propaganda-news-about-shivadasans-mysterious-death-near-sabarimala-writes-saju/

https://www.azhimukham.com/trending-pathetic-political-standard-of-bjp-proved-when-they-introduce-grandson-of-mm-lorence-by-arun/

https://www.azhimukham.com/kerala-stand-on-sabarimala-women-entry-makes-a-disaster-in-congress-and-udf/

https://www.azhimukham.com/opinion-sabarimala-protest-congress-bjp-and-modern-kerala-an-analysis-by-vishak/

https://www.azhimukham.com/trending-sabarimala-women-entry-10-lies-sanghaparivar-propaganda/

Next Story

Related Stories