TopTop

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ 50 കോടിയില്‍ ഒരു പങ്ക് ചിലവാക്കി പണിയുന്ന വനിതാ മതില്‍ നാഷണല്‍ വേസ്റ്റ്!

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ 50 കോടിയില്‍ ഒരു പങ്ക് ചിലവാക്കി പണിയുന്ന വനിതാ മതില്‍ നാഷണല്‍ വേസ്റ്റ്!
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. പിറവത്തിന് പിന്നാലെ ഇന്നലെ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ സംഘർഷമുണ്ടായി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് റമ്പാൻ തോമസ് പോൾ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. യാക്കോബായ വിഭാഗം സംഘടിച്ചു ഇവരെ ത‌ടയാൻ ശ്രമിക്കുകയായിരുന്നു. സ്തീകൾ ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം പള്ളിയുടെ കവാടങ്ങളിൽ‌ നിലയുറപ്പിച്ച് പ്രതിഷേധിച്ചു. ഇപ്പൊഴും സംഘര്‍ഷ അന്തരീക്ഷം തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍.

പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന മൂവാറ്റുപുഴ മുന്‍സീഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ അടിസ്ഥാനത്തിലാണ് റമ്പാന്‍ ചെറിയ പള്ളിയില്‍ എത്തിയത്. വന്‍ പോലീസ് സംഘവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. റമ്പാനെ തടയാന്‍ നിലത്തു ഇരുന്നും കിടന്നും അലമുറയിട്ടും പ്രതിഷേധിച്ചു വേദി കയ്യടക്കിയത് സ്ത്രീ വിശ്വാസികളായിരുന്നു.

കഴിഞ്ഞ ആഴ്ച പിറവം പള്ളിയിലും കണ്ടത് ഇതേ നാടകീയ രംഗങ്ങളാണ്. ആത്മാഹുതി ശ്രമവുമായി പള്ളി മേടയില്‍ കയറിയ പുരുഷനൊപ്പം സ്ത്രീ വിശ്വാസികളും ഉണ്ടായിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിധി സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് വന്നതോടെയാണ് പിറവം പള്ളി കേസ് വീണ്ടും ഉയര്‍ന്നുവന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ ധൃതി കാണിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പിറവം പള്ളി 'പൊളിക്കണ'മെന്ന ഉത്തരവ് നടപ്പാക്കുന്നില്ലെന്നായിരുന്നു അന്ന് സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം. പള്ളിയിലെ പ്രബലരായ യാക്കോബായ സഭാ വിശ്വാസികളും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളും തമ്മില്‍ പള്ളി ഭരണത്തിലും പള്ളിയുടെ സ്വത്തിലും നടക്കുന്ന തര്‍ക്കം സംബന്ധിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു ഈ വിധി.

https://www.azhimukham.com/kerala-piravom-church-conflict-suicide-threat-kunjoonju-and-sini-speaking-story-by-kr-dhanya/

സിസംബര്‍ 11നു പള്ളിമേടയിലേക്ക് ആത്മഹത്യാ ഭീഷണിയുമായി കയറിയ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ സിനിയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു, ‘കുലസ്ത്രീയെന്നോ, എന്നാ വേണേലും വിളിച്ചോ. പള്ളികൊടുക്കണ്ടി വന്നാല്‍ ഞാന്‍ മരിക്കും. ശവത്തേ ചവിട്ടിയിട്ടേ അവര്‍ പള്ളീല് കേറുവൊള്ളൂ’

ഇന്നലെ കോതമംഗലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ച സ്ത്രീകളുടെ ശരീരത്തിലേക്ക് കൂടി നിന്ന പുരുഷന്മാരില്‍ ചിലര്‍ കുപ്പിയില്‍ നിറച്ച ദ്രാവകം തൂവുന്നത് ചാനല്‍ ദൃശ്യങ്ങളില്‍ കാണുകയുണ്ടായി. മണ്ണെണ്ണയോ പെട്രോളോ മറ്റോ ആണെന്നാണ് ഒറ്റ കാഴ്ചയില്‍ കരുതിയത്. എന്നാല്‍ അതേ കുറിച്ച് പത്രങ്ങളിലൊന്നും കണ്ടതുമില്ല. പുരുഷ സമര നേതാക്കളുടെ സമര 'ശുശ്രൂഷ ചടങ്ങാ'ണ് നടന്നത് എന്നു തോന്നുന്നു. അത് പെട്രോള്‍ കൊണ്ടായാലും ഹാനാന്‍ വെള്ളം കൊണ്ടായാലും.

"തീ വെള്ളം” എന്നൊക്കെയാണ് സാത്താൻ ആരാധകർ ഹാനാൻ വെള്ളത്തെ വിളിക്കുന്നത്. ഹാനാൻ വെള്ളം കാഴ്ചയിൽ മനുഷ്യന് പച്ച വെള്ളം മാത്രമാണ്. പക്ഷെ ദുഷ്ട്ടാത്മാക്കളുടെ പേടിസ്വപ്നമാണെന്നാണ് ക്രിസ്ത്യന്‍ സങ്കല്‍പ്പം.

എന്തായാലും റമ്പാന്‍റെ രൂപത്തില്‍ വന്ന സാത്താനെ ഓടിക്കാനുള്ള ക്രിയയാണ് ഇന്നലെ കോതമംഗലത്ത് നടന്നത്.

ശബരിമല സമരമായിരുന്നു ഈ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ സ്ത്രീ “മുന്നേറ്റം”. പ്രബുദ്ധ കേരളത്തിന്റെ തലക്കനത്തിനേറ്റ അടിയായിരുന്നു ആ സമരം. പന്തളത്തും ആലപ്പുഴയിലും കമ്യൂണിസ്റ്റ് കോട്ടകളായ വടക്കന്‍ പ്രദേശങ്ങളിലുമൊക്കെ സ്ത്രീകള്‍ അയ്യപ്പ നാമ ജപവുമായി തെരുവിലിറങ്ങി. നിലയ്ക്കലില്‍ സ്ത്രീകള്‍ ചെക്ക് പോസ്റ്റ് തുടങ്ങി. യുവതികളായവരെ വഴിയില്‍ തടഞ്ഞു പരിശോധിച്ചു. വര്‍ഗീയ വിഷം ചീറ്റുന്ന ഹിന്ദുത്വ നേതാവ് ശശികല ആരാധനാ മൂര്‍ത്തിയായി.

ഇതേ മാതൃക ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തിലും പിന്തുടരുന്നു എന്നാണ് സമീപകലാ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാര്‍ പിന്നണിയില്‍ നില്‍ക്കുക. വികാരാവേശം കൊള്ളിച്ചു സ്ത്രീകളെ മുന്‍നിരയിലേക്ക് തള്ളി വിടുക.

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ 50 കോടിയില്‍ ഒരു പങ്ക് ചിലവാക്കി പണിയുന്ന വനിതാ മതില്‍ നാഷണല്‍ വേസ്റ്റ്!

https://www.azhimukham.com/trending-what-is-piravom-church-case/

.

Next Story

Related Stories