TopTop
Begin typing your search above and press return to search.

മിന്നല്‍ ഹര്‍ത്താലില്‍ നിന്ന് പാല്‍ ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ, ഡീന്‍ കുര്യാക്കോസ് സാറേ?

മിന്നല്‍ ഹര്‍ത്താലില്‍ നിന്ന് പാല്‍ ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ, ഡീന്‍ കുര്യാക്കോസ് സാറേ?

ശബരിമലയുടെ പേരില്‍ സംഘ പരിവാര്‍ സംഘടനകള്‍ നിരന്തരം ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസഹമാക്കിയപ്പോള്‍ ഹര്‍ത്താലിനെതിരെ വലിയ ജനവികാരം ഉയരുകയുണ്ടായി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കള്‍ ഹര്‍ത്താലിനെതിരെ പ്രതികരിച്ചു.

അന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞു; “മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഹര്‍ത്താല്‍ പോലുള്ള സമരരീതികളോട് യോജിപ്പില്ല. ഹര്‍ത്താല്‍ ഒരു സമര മാര്‍ഗ്ഗമായി സ്വീകരിക്കുമ്പോള്‍ അതില്‍ നിന്നു വിട്ടുനില്‍ക്കുന്നവരുടെയും അത്യാവശ്യങ്ങളുള്ള ആളുകളുടെയും അവകാശങ്ങള്‍ ഹനിക്കുകയാണ്.”

തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നലെ കാസര്‍ഗോഡ് കല്യോട്ട് തങ്ങളുടെ രണ്ട് സഹപ്രവര്‍ത്തകര്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന് പിടിച്ച് നില്‍ക്കാനായില്ല. പാതിരാത്രിയില്‍ മിന്നല്‍ ഹര്‍ത്താല്‍ തന്നെ അവര്‍ പ്രഖ്യാപിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപനം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നടത്തി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ISIS ന്റെ കേരള പതിപ്പായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകം.

അതിദാരുണവും, പൈശാചികവുമായ സിപിഎം കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് തിങ്കളാഴ്ച്ച(18/02/2019) രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമാധാനപരമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു.

സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

ഡീൻ കുര്യാക്കോസ്,

യൂത്ത് കോൺഗ്രസ് പ്രസിഡന്റ്.

അങ്ങനെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അരയും തലയും മുറുക്കി ഇറങ്ങി. ജനങ്ങള്‍ വഴിയില്‍ വലഞ്ഞു. എസ് എസ് എല്‍ സിയുടെ മോഡല്‍ പരീക്ഷയടക്കം പലതും റദ്ദാക്കി. വ്യാപാര സംഘടനാ നേതാവിനെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു.

ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തങ്ങള്‍ തെരുവിലിറങ്ങി എന്നു യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടെ ഫേസ്ബുക്കില്‍ ചിത്ര സഹിതം പോസ്റ്റിട്ടു.

“യൂത്ത് കോൺഗ്രസ്‌ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് റോഡ് ഉപരോധിച്ചും, കടകൾ അടപ്പിച്ചും പ്രതിഷേധം.”

ഇനി മുതല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തി.

ഹൈക്കോടതിയും വെറുതെ ഇരുന്നില്ല. ഡീന്‍ കുര്യാക്കോസിനെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.

അപകടം മനസിലായ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞു, “ഹര്‍ത്താലിനെ പറ്റി അറിയില്ല. അത് യൂത്ത് കോണ്‍ഗ്രസ്സുകാരോട് ത്തന്നെ ചോദിക്കണം.”

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന 97 ഹര്‍ത്താലുകളില്‍ 33 ഹര്‍ത്താലും നടത്തിയതിന്റെയും ശബരിമല വിഷയത്തില്‍ നിരന്തരം ഹര്‍ത്താല്‍ നടത്തിയതിന്റെയും ചളിപ്പ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല, ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബിജെപി എന്തെങ്കിലും പറഞ്ഞതായി കണ്ടില്ല.

ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്: പൊങ്കാല ആയതിനാല്‍ തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories