TopTop
Begin typing your search above and press return to search.

ബ്രിട്ടാസും കൈരളി ചാനലും പഠിക്കേണ്ട 'നികേഷ് - റിപ്പോര്‍ട്ടര്‍ ഇഫക്ട്'

ബ്രിട്ടാസും കൈരളി ചാനലും പഠിക്കേണ്ട നികേഷ് - റിപ്പോര്‍ട്ടര്‍ ഇഫക്ട്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ രണ്ടു പ്രവര്‍ത്തന മേഖലകളുണ്ട്. ഒന്ന്, പാര്‍ട്ടി പ്രവര്‍ത്തനം. രണ്ട്, പാര്‍ലമെന്ററി വ്യാമോഹം.

ഇതില്‍ ഒന്നാമത്തേത് തീര്‍ത്തും അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന മേഖലയാണ്. കടുത്ത ക്ഷാമം, വറുതി, പച്ചപ്പ് ഓര്‍മ്മ മാത്രം, തെളിനീര് സ്മരണയില്‍ പോലും ഇല്ല. ചാനല്‍ ചര്‍ച്ചയ്ക്കും ഫ്‌ളക്‌സ് ബോര്‍ഡ് വിപ്ലവത്തിനും അപ്പുറം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുതല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം വരെയുള്ളവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം തീരെ ഇല്ല. അവര്‍ക്കതറിയില്ല; അല്ലെങ്കില്‍ മറന്നുപോയി. ഒരുതരം മറവിരോഗം.

പാര്‍ട്ടി പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ കേരളത്തിലെ മുന്തിയ സഖാക്കള്‍ നടത്തുന്നത് ജൈവ പച്ചക്കറികൃഷിയും കക്കൂസ് വൃത്തിയാക്കലുമൊക്കെയാണ്. അത്രയും നന്ന്. തിരഞ്ഞെടുപ്പ് തീരുന്നതുവരെയെങ്കിലും മാരാരിക്കുളത്തെ കക്കൂസുകളെങ്കിലും വൃത്തിയായി കിടക്കുമല്ലോ!

രണ്ടാമത്തേത് പാര്‍ലമെന്ററി വ്യാമോഹം. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വപ്നത്തില്‍പോലും വര്‍ജ്ജിക്കേണ്ടതാണ് പാര്‍ലമെന്ററി വ്യാമോഹം എന്നാണ് പാര്‍ട്ടി ക്ലാസുകളില്‍ സഖാക്കളെ പഠിപ്പിച്ചിരുന്നത്. പാര്‍ലമെന്റ് പന്നിക്കൂടാണ്. അത് ബൂര്‍ഷ്വാസികളുടേയും പിന്നെ പറഞ്ഞാല്‍ മനസ്സിലാകാത്ത പലരുടേയും താവളമാണ്. ഒരു സഖാവിന് ഒളിത്താവളമായിപ്പോലും പാര്‍ലമെന്റ് വന്നുകൂടാ.

പക്ഷെ, കാലം മാറി. മാറ്റമില്ലാത്തതായി ഒന്നുമില്ല എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങള്‍. സഖാക്കളെ മാമോദീസ മുക്കുന്നതു തന്നെ പാര്‍ലമെന്ററി വ്യാമോഹത്തിലാണ്. അന്ത്യകൂദാശ വരെ ആ മോഹം ഏതൊരു സഖാവും പിടിവിടാതെ കാത്തുസൂക്ഷിക്കും. (94 കഴിഞ്ഞവര്‍ വരെ പാര്‍ലമെന്ററി വ്യാമോഹം കൊണ്ടു നടക്കുന്നതു കാണുന്നില്ലേ?)

പാര്‍ലമെന്ററി വ്യാമോഹ വിരുദ്ധ സന്ദേശം പകര്‍ന്നു തന്നിരുന്ന പാര്‍ട്ടി സ്‌കൂളുകളെല്ലാം പൂട്ടി. സാറന്‍മാരെല്ലാം പാര്‍ലമെന്റിനകത്തായി. കുട്ടികള്‍ ആ പ്രദേശത്തേക്കെങ്ങും വരാറില്ല. കെട്ടിടങ്ങള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളോ മസാജ് പാര്‍ലറുകളോ ആയി മാറിക്കഴിഞ്ഞു. ടൂറിസമാണ് പുതിയ വിപ്ലവം. അതിനുള്ള മുന്നൊരുക്കങ്ങളാണ്. സ്‌കൂളുകളുടെ തലപ്പത്തുള്ള ഗവേഷണ കേന്ദ്രം - എ.കെ.ജി. പഠനഗവേഷണ കേന്ദ്രം - കേരള പഠന കോണ്‍ഗ്രസ് എന്ന അഞ്ചുകൊല്ലം കൂടുമ്പോള്‍ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന സുഖചികിത്സാ കേന്ദ്രമായി മാറിക്കഴിഞ്ഞു.

സഖാക്കള്‍ പഠനം നടത്തുന്നതും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതും ചാനല്‍ ചര്‍ച്ചകളിലാണ്. ''എന്തൊരു ധിഷണശാലികളായ കമ്മ്യൂണിസ്റ്റുകള്‍'' എന്നാരും പറഞ്ഞുപോകും.അതേ, ചാനല്‍ ചര്‍ച്ചകളിലാണ് കേരളത്തില്‍ ഇന്നു രാഷ്ട്രീയം നടക്കുന്നത്. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി കൈരളി ചാനല്‍ തുടങ്ങിയത്; രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍. കൈരളിയിലും പീപ്പിളിലും സഖാക്കളുടെ ഉഗ്രന്‍ പ്രകടനമാണ് നടക്കുന്നത്. വാര്‍ത്താ അവതാരകരും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ അവതരിപ്പിക്കുന്നവരും വരാന്‍ പോകുന്ന വിപ്ലവത്തെ സ്വപ്നം കണ്ട് മയങ്ങിനില്‍ക്കുന്നവരാണ്. അവരുടെ നേതൃസ്ഥാനത്ത് രണ്ടുപേരാണ്. പിണറായി വിജയനും റൂപര്‍ട്ട് മര്‍ഡോക്കിനും ഒരു പോലെ സ്വീകാര്യനായ ജോണ്‍ ബ്രിട്ടാസ് ആണ് ഒന്നാമന്‍. ജെ.എന്‍.യു റിസര്‍ച്ച് പ്രോഡക്ടും ഇന്റര്‍വ്യൂവിലൂടെ തന്റെ മുന്നിലിരിക്കുന്നവരേയും കാണികളേയും ഇക്കിളിക്കൂട്ടുകയും ചെയ്യുന്ന ജോണ്‍ ബ്രിട്ടാസ് രണ്ടാമനാണ് ചന്ദ്രശേഖരന്‍. കമ്മ്യൂണിസത്തെ പൊക്കിപ്പറയാനും മറ്റു പാര്‍ട്ടിക്കാരെ താഴ്ത്തിപ്പറയാനും ആരുണ്ടെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തി ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റിന്റെ മുഖഭാവത്തോടെ അന്യോന്യം നടത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ്. ഏതൊരു കമ്മ്യൂണിസ്റ്റുകാരനേയും പോലെ ഇരുവര്‍ക്കും പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായേക്കാം. ഇതുകൂടാതെയാണ് പാര്‍ട്ടിയെക്കുറിച്ചുള്ള വിമര്‍ശന ശബ്ദം ചാനല്‍ ചര്‍ച്ചകളില്‍ വരുമ്പോള്‍ അവയൊക്കെ ജനാധിപത്യത്തിന്റെ പേരില്‍ വശത്തേയ്ക്കു തള്ളിമാറ്റി പാര്‍ട്ടിയെ യാതൊരു കോട്ടവും കൂടാതെ സംരക്ഷിച്ചുപോകുന്ന അവതാരകരെന്ന സുരക്ഷിതഭടന്‍മാര്‍. അവര്‍ക്കും പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായിരിക്കാം. കാരണം, അവരും സഖാക്കളാണല്ലോ!

പക്ഷെ, നറുക്കുവീണത് ഈ സഖാക്കള്‍ക്കാര്‍ക്കുമല്ല. പാര്‍ട്ടിയുടെ വക്താക്കളായി ചാനലില്‍ കമ്മ്യൂണിസം വിളമ്പുന്ന ദേശാഭിമാനി പത്രപ്രവര്‍ത്തകര്‍ക്കുമല്ല. നികേഷ് കുമാറിനും വീണാ ജോര്‍ജ്ജിനുമാണ്. രണ്ടുപേരും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ആള്‍ക്കാര്‍. (ഒരാള്‍ മുന്‍ അവതാരക എന്നു മാത്രം).

എന്താണതിന്റെ രഹസ്യം?

കൈരളി പാര്‍ട്ടി ചാനലെന്നും കൈരളിക്കാര്‍ സഖാക്കളാണെന്നും ആര്‍ക്കാണറിയാത്തത്? അതുകൊണ്ടുതന്നെ, പൊതുസമൂഹത്തില്‍ അവര്‍ക്ക് പൊതുസമ്മതി ഉണ്ടാകണമെന്നില്ല. അതായത്, പാര്‍ട്ടിക്കാരല്ലാത്തവരുടെ ഇടയില്‍ അവരെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍, റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാര്യം അതല്ല. അതൊരു നിഷ്പക്ഷ ചാനല്‍ എന്നാണ് പൊതുസമൂഹം കരുതുന്നത്. അങ്ങനെയാണ് കരുതിപ്പിച്ചിരുന്നത്. തലപ്പത്ത് എം.വി.രാഘവന്റെ മകന്‍. കോളേജ് വിദ്യാഭ്യാസകാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലായിരുന്നു. അച്ഛന്‍ രാഘവനാണെങ്കില്‍, പാര്‍ട്ടിയെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പാര്‍ട്ടിയിലെന്നപോലെ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിപ്പോന്ന ധീരന്‍. നാട്ടില്‍ വിഷചികിത്സാ കേന്ദ്രവും അടുത്തനാള്‍ വരെ ഒരു മെഡിക്കല്‍ കോളേജും സ്വന്തമായി ഉണ്ടായിരുന്ന വ്യക്തി. അച്ഛന്‍ രാഘവനെ കൊല്ലാന്‍ കണ്ണൂരിലെ സഖാക്കള്‍ എത്രതവണ പയറ്റി! പ്രാണരക്ഷാര്‍ത്ഥമാണ് അച്ഛന്റെ സുരക്ഷാഭടന്മാര്‍ സഖാക്കള്‍ക്കു നേരെ നിറയൊഴിച്ചത്. അതില്‍ കുറേ സഖാക്കള്‍ മരിച്ചു. അവരെയെല്ലാം രക്തസാക്ഷികളായി വാഴ്ത്തപ്പെട്ടു. രക്തസാക്ഷികളുടെ രക്തത്തില്‍ ചവിട്ടിക്കൊണ്ടു തന്നെ അച്ഛന്‍ രാഘവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് പടവെട്ടി ജയിച്ചു.

അങ്ങനെയുള്ള അച്ഛന്റെ മകനാണ് നികേഷ്. ഏതൊരു രാഷ്ട്രീയ നേതാവിനെയും ക്യാമറയ്ക്ക് മുന്നില്‍ വച്ച് വിചാരണ ചെയ്യും; അച്ഛനെപ്പോലും. അപ്പോഴും നികേഷ് ന്യൂട്രല്‍ ആണ്. അതാണ് റിപ്പോര്‍ട്ടര്‍ ചാനലിന് മലയാളി കൊടുത്ത സ്‌പേസ്.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി നികേഷ് തിളയ്ക്കുകയായിരുന്നു. യു.ഡി.എഫിന്റെ അഴിമതിയ്‌ക്കെതിരെ, യു.ഡി.എഫ്. നേതാക്കള്‍ക്കെതിരെ. ബാര്‍ കോഴയിലെ പല വിവരങ്ങളും റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിക്കുന്നു. ചാനല്‍ വാര്‍ത്ത ബ്രേക്ക് ചെയ്യുന്നു. കമ്പോടുകമ്പ് ചര്‍ച്ച ചെയ്യുന്നു. ''ഇങ്ങനെ അഴിമതി നടത്തിയിട്ട് നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ ജനങ്ങളോട് കള്ളം പറയാന്‍ കഴിയുന്നു'' എന്ന് ധാര്‍മ്മികരോഷത്തോടെ ചോദിക്കുന്നു.

ഒരു സുപ്രഭാതത്തില്‍ അര്‍ണബ്ബ് ഗോസ്വാമിയായി രൂപാന്തരപ്പെടുമോ എന്ന് ഭയന്നിരിക്കെയാണ് നികേഷ്‌ കുമാര്‍ പാര്‍ലമെന്ററി വ്യാമോഹമുള്ള സഖാവായി രൂപാന്തരപ്പെടുന്നത്. ശരീരവും മനസ്സും ആ രൂപപരിണാമത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്.വാസ്തവത്തില്‍, നികേഷ് ഒരു മികച്ച രാഷ്ട്രീയക്കാരനാണ്. വെളുത്ത മുഖം. ചിരിച്ച മുഖം. നെറ്റിയില്‍ ധാര്‍മ്മികത കൊണ്ട് സിന്ദൂരം ചാര്‍ത്തിയിട്ടുണ്ട്. പൊതുജനത്തെ പറ്റിക്കുന്ന സാദാ രാഷ്ട്രീയക്കാരന്റെ ഈ ഗുണങ്ങളെല്ലാം നികേഷിനുണ്ട്. പോരാത്തതിന് സ്വന്തമായി ബിസിനസ്സും ഉണ്ട്. ഏതൊരു രാഷ്ട്രീയക്കാരനും അവശ്യം വേണ്ടതതാണ്. നികേഷിലെ രാഷ്ട്രീയക്കാരന്‍ റിപ്പോര്‍ട്ടര്‍ ചാനലിനും നികേഷിലെ ബിസിനസ്സുകാരന്‍ റിപ്പോര്‍ട്ടര്‍ ചാനലിനും പരസ്പരം കൈത്താങ്ങാകും.

ഇതിനൊക്കെ പുറമെ, പല രാഷ്ട്രീയക്കാരും മന്ത്രിമാരായതിനുശേഷം നേടിയെടുക്കുന്ന ഒരു പൊന്‍തൂവല്‍ നികേഷിന് രാഷ്ട്രീയത്തില്‍ വരുന്നതിനു മുമ്പുതന്നെ സ്വന്തം. തൊടുപുഴ പോലീസ് റെജിസ്റ്റര്‍ ചെയ്ത കേസ് അനുസരിച്ച് പണം തട്ടിപ്പുകേസിലെ ഒന്നാംപ്രതിയാണ് ഇദ്ദേഹം. (കോടതി ഈ കേസില്‍ ഇപ്പോള്‍ സ്റ്റേ അനുവദിച്ചിട്ടുണ്ട്.) പരാതിക്കാരി ചാനലിന്റെ വൈസ് ചെയര്‍മാന്‍ ലൈസ ജോസഫ് ആണ്. തന്റെ കൈയ്യില്‍ നിന്ന് ഒന്നരക്കോടി രൂപയും തന്റെ സ്വത്തുക്കളുടെ ആധാരത്തിന്‍മേല്‍ ഒമ്പതരക്കോടി രൂപയും ചാനലിനു വേണ്ടി മുടക്കിയിട്ടുണ്ടെന്നും കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ താനും നികേഷും മാത്രമായിരിക്കുമെന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ സ്ഥാനത്ത് ഭാര്യ റാണിയാണ് ഡയറക്ടറെന്നും കാട്ടിയാണ് ലൈസ ജോസഫ് കേസുകൊടുത്തത്. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ നികേഷിന്റെ വിശദീകരണം ചോദിച്ചപ്പോള്‍ ''തനിയ്‌ക്കൊന്നും പറയാനില്ല'' എന്നാണ് നികേഷ് പറഞ്ഞത്. (ഇന്ത്യന്‍ എക്‌സ്പ്രസ് മാര്‍ച്ച് 7, 2016). എന്നാല്‍, ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നീങ്ങിയപ്പോള്‍ (സര്‍വ്വീസ് ടാക്‌സ് അടയ്ക്കാത്തതിനെതിരെ), നികേഷ് കുമാര്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് 'കലാകൗമുദി'യില്‍ നീണ്ട വിശദീകരണക്കുറിപ്പ് എഴുതി. അന്ന് ന്യായം നികേഷിന്റെ ഭാഗത്താണെന്ന് പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച നികേഷ് എന്തുകൊണ്ടാണ് തനിക്കെതിരെ ഇങ്ങനെയൊരു കേസു വന്നപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കാത്തത്?

ഉത്തരം ലളിതമാണ്. നികേഷ് രാഷ്ട്രീയക്കാരനായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയും കെ.ബാബുവും അടൂര്‍ പ്രകാശും കെ.എം.മാണിയുമൊക്കെ നമ്മളോട് ഇതുമാതിരിയുള്ള മറുപടി പറയുന്നത് നമ്മള്‍ എത്ര പ്രാവശ്യം കേട്ടിരിക്കുന്നു.

അഴീക്കോട് മണ്ഡലത്തിലാണ് നികേഷ് മത്സരിക്കുക. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമോ ഇല്ലയോ എന്നതാണ് ഇനിയത്തെ പ്രശ്‌നം. ഇനിയും എന്തിനാണ് ഈ സ്വതന്ത്ര പരിവേഷം? രാഘവനെ കൊല്ലാന്‍ നടന്ന പാര്‍ട്ടിക്ക് രാഘവന്റെ മകന് പാര്‍ട്ടി ചിഹ്നം കൊടുക്കുന്നതിനും പാര്‍ട്ടിയെ വെല്ലുവിളിച്ച് പാര്‍ട്ടിക്ക് സ്വന്തം ചിലവില്‍ രക്തസാക്ഷികളെ ഉണ്ടാക്കിക്കൊടുത്ത രാഘവന്റെ മകന് പാര്‍ട്ടി ചിഹ്നം അംഗീകരിക്കുന്നതിനും എന്താണിത്ര മടി? ജനങ്ങള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലായി. അവര്‍ സ്വന്തം നിലയ്ക്ക് വിചാരണയും തുടങ്ങിക്കഴിഞ്ഞു.

നികേഷിനും ഒരു രാഷ്ട്രീയ പിന്‍ബലം വേണം. ചേട്ടന്‍ ഗിരീശന്‍ സി.പി ജോണിനോടൊപ്പമാണ്. എല്‍.ഡി.എഫിലേയ്ക്ക് ചേക്കേറിയ അരവിന്ദാക്ഷന്‍ പക്ഷം സീറ്റുകിട്ടാത്തതില്‍ ക്ഷുഭിതരാണ്. എല്ലാരുടേയും കണ്ണ് എം.വി രാഘവന്‍ സമ്പാദിച്ച കോടിക്കണക്കിന് രൂപ വിലയുള്ള സ്ഥാപനങ്ങളുടെ മേലാണ്. അതിന്റെ മേലും പിന്നെ ചാനലില്‍ ഇനിയും കേന്ദ്ര ഏജന്‍സികള്‍ റെയ്ഡിനു വന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ഒരു താങ്ങും നികേഷിനു വേണം.എല്ലാത്തിനും പറ്റിയ പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കാള്‍ മാര്‍ക്‌സിന്റെ 'മൂലധനം' ചതുര്‍ത്ഥിയാണെങ്കിലും സാക്ഷാല്‍ മൂലധനത്തിനോട് സഖാക്കള്‍ക്ക് എന്നും പ്രണയമാണ്. പിന്നെ, കോടതി കേസുകള്‍. ഇതൊക്കെ പാര്‍ട്ടിയ്ക്ക് പുല്ലാണ്. കൊലക്കേസു പ്രതികളായ കാരായിമാരെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിക്കുന്ന പാര്‍ട്ടിയാണ്. മറ്റൊരു കൊലക്കേസ് പ്രതിയായ പി.ജയരാജനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ആഭ്യന്തരമന്ത്രിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.


എന്തുകൊണ്ടും നികേഷിന്റെ തീരുമാനവും പാര്‍ട്ടിയുടെ തീരുമാനവും നല്ലതാണ്. അഴിക്കോടിനു പകരം കൂത്തുപറമ്പില്‍ നിര്‍ത്താമായിരുന്നു. അവിടെയാണെങ്കില്‍ അച്ഛനാല്‍ കൊല്ലപ്പെട്ട, പിന്നീട് രക്തസാക്ഷികളായി പാര്‍ട്ടി വാഴ്ത്തിയ സഖാക്കളുടെ രക്തസാക്ഷി മണ്ഡപമുണ്ട്. അതില്‍ രക്തഹാരമര്‍പ്പിച്ച് 'ഈങ്ക്വിലാബ്' വിളിയോടെ രാഘവന്റെ മകന്‍ നികേഷ് സഖാവിന് തന്റെ യാത്ര തുടങ്ങാമായിരുന്നു. ഒത്തിരി ദൂരം സഞ്ചരിയ്ക്കാനുള്ളതാണ്.

റിപ്പോര്‍ട്ടര്‍ ചാനല്‍ പക്ഷെ, ഒരു പ്രതിസന്ധിയിലെത്തിക്കഴിഞ്ഞു. ചാനലിന്റെ അമരക്കാരന്‍ തന്നെ ഒരു പ്രത്യേക പാര്‍ട്ടിക്ക് വേണ്ടി പക്ഷം പിടിക്കുമ്പോള്‍ ഇനി ഈ ചാനലിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് എന്തു സത്യസന്ധതയാണ് നമ്മള്‍ കൊടുക്കേണ്ടത്? അതിനേക്കാള്‍ നല്ലത് കൈരളിയും പീപ്പിളും കാണുന്നതല്ലേ? പാവം ബ്രിട്ടാസും കൂട്ടരുമൊക്കെ എത്ര സത്യസന്ധമായാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories