TopTop
Begin typing your search above and press return to search.

നിലമ്പൂരിന്റെ തേക്ക് പെരുമ അവസാനിക്കുന്നോ?

നിലമ്പൂരിന്റെ തേക്ക് പെരുമ അവസാനിക്കുന്നോ?

തേക്കിന്‍ കുമ്പിളില്‍ പ്രകൃതി സൗന്ദര്യം കൊത്തിവച്ച നാടാണ് നിലമ്പൂര്‍. നിലമ്പൂരിന്റെ പേരും പെരുമയും തുടങ്ങുന്നത് തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന തേക്കിന്‍ കാടുകളില്‍ നിന്നാണ്. ലോകത്തിലെ ആദ്യത്തെ നട്ടുവളര്‍ത്തിയ തേക്കുതോട്ടമായ കനോലീസ് പ്ലോട്ട് മുതലിങ്ങോട്ട് ഏക്കറുകളോളം പരന്നു കിടക്കുന്നതാണ് നിലമ്പൂരിലെ തേക്കിന്‍തോട്ടം.1840-ല്‍ ബ്രിട്ടീഷുകാരാണ് ലോകത്തു തന്നെ ആദ്യമായി ശാസ്ത്രീയമായി നിലമ്പൂരില്‍ കനോലി പ്ലോട്ട് എന്ന പേരില്‍ തേക്ക് പ്ലാന്റേഷന്‍ ആരംഭിച്ചത്. ഹെന്‍ട്രി വാലന്റൈന്‍ കനോലി എന്ന ബ്രിട്ടീഷുകാരനായ മലബാര്‍ കളക്ടറുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് നിലമ്പൂരിന് തേക്കിന്റെ നാടെന്ന വിളിപ്പേര് ചാര്‍ത്തി നല്‍കിയത്.1842-ലാണ് അദ്ദേഹം ഇതിനായുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്. തദ്ദേശീയനായ ചാത്തുമേനോന്‍ എന്ന ചീഫ് കണ്‍സര്‍വേറ്ററായിരുന്നു ഈ തേക്കു പ്ലാന്റേഷന് മേല്‍നോട്ടം വഹിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ തേക്ക് ലോകത്തിലെ ഏറ്റവും വലിയ തേക്ക്

നിലമ്പൂരിന് ആ പേര് ലഭിച്ചതിനെപ്പറ്റി പറയുന്നത് ആദ്യം 'നിലംബപുരം'' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് 'നിലംബ ഊര്' എന്നും അത് വാമൊഴിയിലൂടെ 'നിലമ്പൂര്‍' ആയിയെന്നുമാണ്. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ നദിയുടെ തീരത്തുള്ള പ്രദേശമാണ് നിലമ്പൂര്‍. കോഴിക്കോടു നിന്ന് 70 കിലോമീറ്ററും ഊട്ടിയില്‍ നിന്ന് 100 കിലോമീറ്ററും ദൂരത്തുള്ള നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തല്‍മണ്ണയും വടക്ക് വയനാട് ജില്ലയുമാണ്.കേരളവുമായി വ്യാപാരം നടത്തിയിരുന്ന പുരാതനകാലത്തെ അന്യദേശ വ്യാപാരികള്‍ കുരുമുളകിനേക്കാള്‍ ആദ്യം തേക്കും വീട്ടിയുമാണ് വാങ്ങിയിരുന്നതെന്നാണ് പറയപ്പെടുന്നത്. ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവ്, റോമില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്; നിലമ്പൂര്‍ കാടുകളില്‍ മാത്രം കാണപ്പെടുന്ന വീട്ടി മരത്തില്‍ നിര്‍മ്മിച്ച മേശയാണത്. മറ്റൊന്ന് മൂത്ത പ്ലീനിയുടെ ഏരിത്രിയന്‍ രേഖകളില്‍ കേരളത്തിലെ പ്രത്യേക തേക്കുമരങ്ങളെകുറിച്ചുള്ള വിവരണമാണ്. കൂടാതെ സുലൈമാന്‍ നബിയുടെ കാലത്ത് നിലമ്പൂര്‍ കാടുകളില്‍ നിന്ന് തേക്ക് കൊണ്ടുപോയതായി പരാമര്‍ശമുണ്ട്.

silk-rt

നിലമ്പൂര്‍ തേക്കിന്‍ തോട്ടത്തിലെ മരങ്ങള്‍ ഏകദേശം 50 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്നവയാണ്. 425 സെന്റീമീറ്റര്‍ വണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ തേക്ക് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. നിലമ്പൂര്‍ തേക്ക് തടികളുടെ പ്രധാന വില്‍പ്പന കേന്ദ്രങ്ങളാണ് അരുവാക്കോട്, നെടുങ്കയം തുടങ്ങിയ സ്ഥലങ്ങള്‍. ഒരു തലമുറയുടെ അശ്രാന്തപരിശ്രമമാണ് ഈ തേക്ക് തോട്ടങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. എന്നാല്‍ 2005-നുശേഷം മേഖലയിലെ ഉള്‍വനങ്ങളില്‍ നടത്തിയ പ്ലാന്റേഷനുകളെല്ലാം പരാജയപ്പെട്ടതോടെ നിലമ്പൂരിന്റെ തേക്ക് പ്രൗഢിക്ക് മങ്ങലേല്‍ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് നിലമ്പൂര്‍ തേക്കുകള്‍ക്കുള്ള വെല്ലുവിളി.

വില്ലന്‍മാരില്‍ ഒന്നാമനായി കാട്ടാനകള്‍

നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ തേക്ക് പ്ലാന്റേഷന്‍ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ തേക്ക് പ്ലാന്റേഷന്‍

കാട്ടാനകളാണ് പ്ലാന്റേഷനുകളിലെ പ്രധാന വില്ലന്‍. റീപ്ലാന്റ് നടത്തുന്ന പ്രദേശങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായെത്തി തേക്കിന്‍ തൈകള്‍ നശിപ്പിക്കുന്നത്. തേക്കിന്റെ തളിരുകള്‍ ഭക്ഷിക്കുന്നതിനായാണ് കൂട്ടത്തോടെ ഇവയെത്തുന്നത്. കരുളായി നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ 1994 തേക്ക് പ്ലാന്റേഷനിലെ തൈകള്‍ 22 വര്‍ഷം കഴിയുമ്പോളും 2 വര്‍ഷത്തെ വളര്‍ച്ച പോലുമെത്താതെ നില്‍ക്കുകയാണ്. ഓരോ വര്‍ഷവും കാട്ടാനകള്‍ തൈകള്‍ ചവിട്ടി നശിപ്പിക്കുന്നതിനാലാണ് ഇവ വളരാനാകാതെ നില്‍ക്കുന്നത്. ഓരോവര്‍ഷവും അടിക്കാട് വെട്ടിനും വളമിടലിനുമായി വന്‍ തുക വേറെയും ചിലവഴിക്കണം. പ്ലാന്റേഷനുകളിലെ പ്രവര്‍ത്തികളില്‍ വനം വകുപ്പ് മുടക്കം വരുത്താറില്ല. എന്നാല്‍ വനത്തിനകത്തെ പ്ലാന്റേഷനുകള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള സുരക്ഷിത മാര്‍ഗം ആവിഷ്‌കരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ആനകള്‍ക്ക് മേയാനുള്ള കേന്ദ്രങ്ങളായി ഇവ മാറിക്കഴിഞ്ഞു. പ്ലാന്റിങ്ങിനുശേഷം ആദ്യ മൂന്നുവര്‍ഷം മാത്രമാണ് ഇലക്ട്രിക്ക് ഫെന്‍സിംഗ് തീര്‍ത്ത് കാട്ടാനകളില്‍നിന്നും തൈകള്‍ സംരക്ഷിക്കുന്നതിനായി ഫണ്ട് അനുവദിക്കാറുള്ളത്. ഇതിനുശേഷം ഫെന്‍സിങ്ങുകള്‍ തകര്‍ന്നാലും പുനര്‍നിര്‍മിക്കാന്‍ കഴിയാറില്ല. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ പ്രായപൂര്‍ത്തിയെത്തുന്ന തേക്കിന്‍തൈകള്‍ മുറിച്ചുമാറ്റുന്നതോടെ കരുളായിയിലെ തേക്കുകളുടെ കാലം അവസാനിക്കും.

അധികൃതരുടെ അനാസ്ഥ

കരിമ്പുഴയിലെ വള്ളുവശ്ശേരി തേക്ക് പ്ലാന്റേഷനിലാണ് മേഖലയിലെ പ്ലാന്റേഷനുകളിലേക്കുള്ള തേക്ക് തൈകള്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ഇവിടെ ഉത്പ്പാദിപ്പിച്ച തേക്ക് തൈകളുടെ എണ്ണത്തില്‍ വന്ന വ്യത്യാസം വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം തേക്കുതൈകള്‍ ഉത്പ്പാദിപ്പിച്ച സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ഈ നേഴ്‌സറില്‍ നിലവില്‍ ഉത്പ്പാദിപ്പിച്ചത്‌ രണ്ടരലക്ഷം തേക്കുതൈകള്‍ മാത്രം. തേക്ക് മരങ്ങളുടെ ആയുസ്സ് കണക്കാക്കി പ്ലാന്റേഷനുകളിലെ മരങ്ങള്‍ യഥാസമയം മുറിച്ചുമാറ്റുകയും പുതിയവ വച്ചു പിടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അടക്കിമുറി, ഇടമുറി എന്നീ പേരുകളിലാണ് പ്ലന്റേഷനുകളിലെ മരം മുറിച്ചുമാറ്റല്‍ പ്രക്രിയകള്‍ അറിയുന്നത്. ഒരു പ്ലാന്റേഷനിലെ മുഴുവന്‍ മരങ്ങളും വെട്ടിമാറ്റി പുതിയവ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തിയെയാണ് അടക്കിമുറി എന്നു പറയുന്നത്. പ്ലന്റേഷനുകളില്‍ വളര്‍ച്ച പൂര്‍ത്തിയായ മരങ്ങള്‍ മാത്രം കണ്ടെത്തി വെട്ടിമാറ്റുന്ന നടപടിയാണ് ഇടമുറി. 50 വര്‍ഷം പൂര്‍ത്തിയായ പ്ലാന്റേഷനുകളിലാണ് അടക്കിമുറി പ്രവര്‍ത്തി നടത്താറുള്ളത്. 10 വര്‍ഷം ഇടവിട്ട് ഇടമുറിയും നടത്തേണ്ടതുണ്ട്. എന്നാല്‍ വനം വകുപ്പിന്റെ അശ്രദ്ധമൂലം ഈ പ്രവര്‍ത്തികള്‍ പലപ്പോഴും താളം തെറ്റുന്നുണ്ട്. തേക്കുമരങ്ങള്‍ യഥാസമയം മുറിച്ചുമാറ്റുകയും പകരം പുതിയത് വച്ചു പിടിപ്പിക്കുയും ചെയ്തില്ലെങ്കില്‍ ഇവ നശിച്ചു പോവുകമാത്രമാണുണ്ടാവുക. തൈ ഉത്പ്പാദനത്തില്‍ വരുന്ന ഗണ്യമായ കുറവ് പ്ലാന്റേഷനുകളിലെ അനാസ്ഥ അടിവരയിടുന്നതാണ്.

കാലാവസ്ഥ വ്യതിയാനം

ndedungayam-karimpuzha

പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്ന ചാലിയാറിന്റെ ഈ തീരം ഒരുകാലത്ത് ജലസമൃദ്ധമായിരുന്നു. എന്നാല്‍ മനുഷ്യന്റെ അശാസ്ത്രിയമായ കടന്നു കയറ്റംമൂലം ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് നിലവില്‍ ഇത്. തേക്ക് തൈകളുടെ വളര്‍ച്ചക്ക് വലിയതോതില്‍ ജലം ആവശ്യമാണ്. എന്നാല്‍ ചാലിയാര്‍ നീര്‍ച്ചാലായതോടെ തേക്കുകളുടെ വളര്‍ച്ചയെയും അത് സാരമായി ബാധിച്ചുകഴിഞ്ഞു. ഉള്‍വനത്തിലെ ചോലകള്‍ പോലും വറ്റിവരണ്ടു കിടക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. തേക്ക് പ്ലാന്റേഷനുകളാണ് പുഴ വറ്റിവരളാന്‍ കാരണം എന്ന വാദവും നിലനില്‍ക്കുന്നുണ്ട്. വാണിജ്യ താല്‍പ്പര്യം മാത്രം കണക്കിലെടുത്ത് സ്വാഭാവിക വനമേഖലയില്‍ തേക്ക് പ്ലാന്റേഷന്‍ നിര്‍മിക്കുന്നതിനെതിരെ ചില പരിസ്ഥിതിവാദികളും രംഗത്തുവന്നിരുന്നു.

വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുമ്പോളും നിലമ്പൂര്‍ തേക്കിന്റെ തനിമ ലോകമെങ്ങും ഇപ്പോഴും പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അതിവിദൂരമല്ലാത്ത ഭാവില്‍ തന്നെ നിലമ്പൂരിന്റെ തേക്കുകഥകള്‍ ചരിത്ര പുസ്തകത്തിലെ വെറും പഴങ്കഥകളായി മാറും എന്നതില്‍ തര്‍ക്കമില്ല.

(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനാണ് വിനു യു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories