TopTop
Begin typing your search above and press return to search.

നില്‍പ്പു സമരം മുത്തങ്ങയിലും

നില്‍പ്പു സമരം മുത്തങ്ങയിലും

രാംദാസ് എം കെ

സംസ്ഥാന ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ആദിവാസി ഗോത്രമഹാസഭ നടത്തുന്ന നില്‍പ്പു സമരത്തിന്റെ ഭാഗമായി മുത്തങ്ങയില്‍ നടന്ന പ്രതിഷേധം മുത്തങ്ങയെ വീണ്ടും സമരകേന്ദ്രമാക്കിമാറ്റി. വാക്കു പാലിക്കുന്നത് ജനാധിപത്യമര്യാദയാണ് എന്ന നില്‍പ്പുസമരത്തിന്റെ സന്ദേശം പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് ഗോത്രമഹാസഭ ശ്രമിച്ചത്.

2003 ഫെബ്രുവരി 19ന് മുത്തങ്ങ വനത്തില്‍ അരങ്ങേറിയ ക്രൂര പീഢനം ആദിവാസികളുടെ ശൗര്യം ശമിപ്പിച്ചില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നില്‍പ്പുസമരത്തിന്റെ വയനാടന്‍ പതിപ്പ്. മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ സ്മാരകത്തിന് മുന്നില്‍ ഗോത്രപൂജയോടെ ആരംഭിച്ച പ്രതിഷേധപരിപാടി ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനുവാണ് ഉദ്ഘാടനം ചെയ്തത്. ആദിവാസികളോടുള്ള അവഗണനയും വഞ്ചനയും ഇനിയും തുടരാനാവില്ലെന്ന മുനന്നറിയപ്പാണ് ഗോത്രമഹാസഭ നേതാക്കളായ സി കെ ജാനുവും എം ഗീതാനന്ദനും പ്രസംഗങ്ങളിലൂടെ നല്‍കിയത്. മുത്തങ്ങ സമരത്തില്‍ പങ്കാളികളായതിന്റെ പേരില്‍ സി ബി ഐ കോടതി നടപടികള്‍ നേരിടുന്നവരുടെ പങ്കാളിത്തം മുത്തങ്ങയിലെ നില്‍പ്പുസമരത്തെ ശ്രദ്ധേയമാക്കി.

ആദിവാസികളുടെ സ്വാതന്ത്ര്യ പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് മുത്തങ്ങയെന്ന് തെളിയിക്കുന്നതായിരുന്നു മുത്തങ്ങയിലെ നില്‍പ്പുസമരം. വാര്‍ധക്യവും അവശതയും അസൗകര്യവും മറന്നാണ് ആദിവാസികള്‍ മുത്തങ്ങയിലെത്തിയത്. വന്‍ പോലീസ് സംഘവും വനപാലകരുടെ നീണ്ട നിരയും ആദിവാസി സമരത്തെ സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെ കാണുന്നുവെന്ന് വ്യക്തമാക്കുന്നു.സെക്രട്ടറിയേറ്റിനു മുന്നിലെ നില്‍പ്പുസമരത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ പ്രതിഫലനം കൂടിയാണ് മുത്തങ്ങയില്‍ ദൃശ്യമായത്. വലിയ പ്രചാരണങ്ങളോ ഒരുക്കങ്ങളോ ഇല്ലാതെ സംഘടിപ്പിച്ച സമരത്തില്‍ ആദിവാസികള്‍ എത്തിയത് അറുപതും എഴുപതും കിലോമീറ്ററുകള്‍ക്ക് അകലെ നിന്നാണ്.

അറുപതു ദിവസം കഴിഞ്ഞ നില്‍പ്പുസമരം അവസാനം കാണാതെ തുടരുന്നതിനിടെയാണ് മുത്തങ്ങയില്‍ സമരത്തിന്റെ ചെറുപതിപ്പ് അരങ്ങേറുന്നത്. നില്‍പ്പുസമരകാരണമായി ആദിവാസി ഗോത്രമഹാസഭ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് മുത്തങ്ങ പാക്കേജിന്റെ പൂര്‍ത്തീകരണമാണ്. മുത്തങ്ങയില്‍ നിന്ന് ബലംപ്രയോഗിച്ച് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഭരണകൂടം ഉറപ്പുനല്‍കിയതാണ്. ഭൂമിയും നഷ്ടപരിഹാരവും ഉള്‍പ്പെട്ടതാണ് മുത്തങ്ങ പാക്കേജ്. ഈക്കാര്യത്തില്‍ ചെറുവിരലനക്കം ഇതുവരെ ഉണ്ടായിട്ടില്ല. പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഈയടുത്തിറക്കിയ പത്രക്കുറിപ്പ് മാത്രമാണ് പാക്കേജിന്റെ ഭാഗമായി ഇതുവരെ നടന്നത്. മുത്തങ്ങ പുനരധിവാസവും നഷ്ടപരിഹാര നിശ്ചയിക്കലും നിര്‍വഹിക്കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നതുകൊണ്ട് സമരം പിന്‍വലിക്കണമെന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പിന്റെ കാതല്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

നില്‍പ്പുസമരം: ചര്‍ച്ച പരാജയം
നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ

1996 ലെ പഞ്ചായത്തീരാജ് നിയമത്തില്‍പ്പെടുന്ന പട്ടിക വര്‍ഗ്ഗ സ്വയംഭരണ മേഖല പ്രഖ്യാപിക്കണമെന്ന് ആവശ്യം പട്ടികവര്‍ഗ്ഗ വകുപ്പ് പാഠപുസ്തകത്തിന്റെ ഒരധ്യായം മാത്രമാണ് ഇപ്പോഴും. ചത്തീസ്ഗഢിലും ഒറീസയിലും മധ്യപ്രദേശിലും നടപ്പാക്കിയ സമ്പ്രദായം അംഗീകരിക്കാന്‍ സംസ്ഥാന പട്ടിക വര്‍ഗ്ഗ വകുപ്പിന് ഇപ്പോഴും വൈമുഖ്യമാണ്. മുഖ്യമന്ത്രിയുടെ മുന്നില്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടുവെന്നല്ലാതെ ഇനിയും തുടക്കമായിട്ടില്ല.പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ അവഗണനയാണ് നില്‍പ്പുസമരം അനന്തമായി നീളുന്നതിനുള്ള പ്രധാന കാരണം. പൊതുസമൂഹത്തില്‍ നിന്ന് തദ്ദേശീയ ജനതപ്രതീക്ഷിക്കുന്ന നീതിയാണ് സമരത്തിന്റെ മുദ്രാവാക്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ആദിവാസികള്‍ ഉന്നയിച്ച തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു ശ്രമിക്കാതെ സമരം പിന്‍വലിക്കണമെന്ന നിര്‍ദ്ദശം മുന്നോട്ടുവയ്ക്കുകയാണ് പട്ടികജാതി വര്‍ഗ്ഗ വകുപ്പ് മന്ത്രിയും. ഭൂമിയാവിശ്യപ്പെട്ട് സിപി ഐ (എം) നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി വയനാട് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ അനിശ്ചിതകാല ഉപരോധം അവസാനിപ്പിക്കാന്‍ വകുപ്പ് മന്ത്രി കാണിച്ച താല്‍പര്യം നില്‍പ്പുസമരത്തിനോടുണ്ടായില്ല. ഭൂമിയും പുനരധിവാസവും ആവശ്യപ്പെട്ടാണ് ആദിവാസി ക്ഷേമസമിതിയും സമരരംഗത്തിറങ്ങിയെന്നതും ശ്രദ്ധേയമാണ്.


Next Story

Related Stories