TopTop
Begin typing your search above and press return to search.

നില്‍പ്പ് സമരം: ഒരു കോളേജും പുതുതലമുറയും ഒപ്പം നിന്നപ്പോള്‍

നില്‍പ്പ് സമരം: ഒരു കോളേജും പുതുതലമുറയും ഒപ്പം നിന്നപ്പോള്‍

ഇപ്പോള്‍ അര്‍ദ്ധരാത്രിയാണ്. ഇതിപ്പോ എഴുതിയില്ലെങ്കില്‍ പിന്നെ എഴുതുമ്പോള്‍ ഞരമ്പിലെ ചോരയിലെ തിളപ്പു കുറയും. അതുകൊണ്ട് ഇപ്പൊ തന്നെ തോന്നിയത് കുത്തിക്കുറിക്കുകയാണ്. ഫേസ് ബുക്കില്‍ നില്‍പ്പ് സമരത്തിന്റെ വിജയം പറന്നു നടക്കുകയാണ്. സമര പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് തന്നെ പ്രൊഫൈല്‍ പിക്ചറുകള്‍ മാറിത്തുടങ്ങി. വാനരസേനയുടെയും ത്രിവര്‍ണ പതാകയുടെയും ചെങ്കൊടിയുടെയും ബലമില്ലാതെ ഒരു സമരം കേരളത്തില്‍ വിജയിച്ചു എന്ന് ഒരു സുഹൃത്ത് ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നു. ചരിത്രം തിരുത്തിക്കുറിച്ച സമരം. കേരളത്തിനു പുതിയ രീതിയില്‍ എങ്ങനെ സമരം ചെയ്തു വിജയിപ്പിക്കാം എന്ന് ആദിവാസികള്‍ തെളിയിച്ചു കൊടുത്തു. കേരളത്തിലെ ചീഞ്ഞു നാറിയ ഹര്‍ത്താല്‍, തല്ലിപ്പൊളിക്കല്‍ സമരങ്ങളുടെ ശവപ്പെട്ടിയില്‍ അടിച്ച ആണിയാണ് നില്പ് സമരം. ഇനിയെങ്ങനെ സമരം നടത്തണം എന്ന് പറഞ്ഞു കൊടുക്കുന്ന സമരം. കേരളത്തിലെ പൊതുസമൂഹത്തിലെ വളരെ വലിയ ഒരു വിഭാഗമെങ്കിലും ഇത് തങ്ങള്‍ക്കു കൂടി വേണ്ടിയുള്ള സമരം ആണ് എന്ന് പറഞ്ഞ സമരം. കഴിഞ്ഞ ദിവസം സി. കെ. ജാനു പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു, ഈ സമരം ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, ഇത് കേരളത്തിലെ പൊതുസമൂഹത്തിനു വേണ്ടിയുള്ള സമരം എന്നതാണ്. ഇവിടുത്തെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. കേരളത്തിലെ ഭക്ഷ്യ ഉത്പാദനം സംരക്ഷിക്കാന്‍ വേണ്ടിയാണ്. കേരളത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.

കഴിഞ്ഞ ഒരു എഴുത്തില്‍ സീബ്ര ലൈന്‍സ് എന്നാ ഒരു ഡോക്യുമെന്ററിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ ലേഖകന്‍ കൂടി ഭാഗമായ എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷനെക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് അഭിമാനത്തോടെ തല ഉയര്‍ത്തി ഈ സമരത്തിന്റെ ഭാഗമായ അതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് എച്ച് കോളേജിനെക്കുറിച്ച് എഴുതാനാണ് താല്പര്യപ്പെടുന്നത്.

കുറച്ച് നാളുകള്‍ക്കു മുമ്പ് നില്പ് സമരവുമായി ബന്ധപ്പെട്ടു കുറച്ചു ചെറിയ വീഡിയോകള്‍ ഷൂട്ട്‌ ചെയ്യാനാണ് എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷനിലെ സിനിമ വിദ്യാര്‍ഥിയും സഹമുറിയനുമായ ജിബിന്‍ ജോസുമായി നില്പ് സമരത്തിലെത്തിയത്. തിരുവനന്തപുരത്തെ റൈറ്റ്സിലെ അജയന്‍ ചേട്ടനും ആയി ബന്ധപ്പെട്ട് അവിടെ എത്തുകയും ആദിവാസികളുടെ ഓരോ ചെറിയ വീഡിയോകളും ഷൂട്ട് ചെയ്തു. സുഹൃത്തുക്കള്‍ ആയ അജിത്‌ കുമാര്‍ അദേഹത്തിന്റെ മകന്‍ ഗൌതം, സുദീപ്, പത്രപ്രവര്‍ത്തകനായ സാബ്ലൂ തോമസ്‌ എന്നിവരൊക്കെ അവിടെ ഉണ്ടായിരുന്നു. അന്ന് മടക്ക യാത്രയില്‍ ജിബിന്‍ “നില്പ് സമരത്തിനോടുള്ള എന്റെ വീക്ഷണം മാറുന്നു. ഇനി ഇവരുടെ കൂടെ ഞാനും ഉണ്ടാകും മാഷേ” എന്ന് പറഞ്ഞു. ആദിവാസികളല്ലാത്തവരുടെ ആദിവാസികളോടുള്ള സമീപനം മാറുന്ന, പോസിറ്റീവായ മാറ്റം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന നൂറു കണക്കിന് മാറ്റങ്ങളുടെ ഒരു ചിഹ്നം, ജിബിന്റെ വാക്കുകളില്‍ കണ്ടു.

അങ്ങനെ എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷനിലേയും തേവര കോളേജിലെയും കുറച്ചു കുട്ടികള്‍ കൊച്ചിയില്‍ ചുംബന സമരം നടക്കുന്ന ദിവസം നില്പ് സമരത്തിലേക്ക് യാത്രയായി. ചുംബന സമരത്തോട് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ സാംസ്കാരിക, സാമൂഹികജീവികള്‍ എന്ന നിലയില്‍ ഭൂമിക്കു വേണ്ടി നില്‍ക്കുന്ന ആദിവാസികളിലേക്കാണ് ഞങ്ങളുടെ യാത്ര എന്ന് ആ കുട്ടികള്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ തിരുവനന്തപുരത്തേക്ക് യാത്രയായി. അവര്‍ മാധ്യമങ്ങളെ വിളിച്ച്ചറിയിച്ചു. അവര്‍ നില്പ് സമര പന്തലില്‍ എത്തുകയും നില്പ് സമര വേദിയിലെ ആദിവാസികളുടെ പാദചുംബനം നടത്തുകയും ചെയ്തു. കേരളം അത് ലൈവ് ആയി വാര്‍ത്ത ആക്കുകയും കേരള സമൂഹം അത് കാണുകയും ചെയ്തു. പിറ്റേ ദിവസത്തെ പത്രങ്ങളിലെ മുന്‍ പേജില്‍ അത് വാര്‍ത്ത ആവുകയും ചെയ്തു. വളരെ സീരിയസ് ആയ ഞങ്ങളുടെ പ്രിന്‍സിപ്പല്‍ അച്ചന്‍ ഫാദര്‍ ഡോ. പ്രശാന്ത് പാലക്കപ്പിള്ളില്‍ ആ കുട്ടികളെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ഇതിവിടെ നിര്‍ത്തരുത് എന്നും അദ്ദേഹം പറഞ്ഞു. കേരളം മാറുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ബോധത്തില്‍ വലിയ മാറ്റം ഉണ്ടാവുകയാണ് എന്ന് ഉള്ളില്‍ പറഞ്ഞു സന്തോഷിച്ചു.

പിന്നെയും ആ കുട്ടികള്‍ വിട്ടില്ല. വേറെയും കുറച്ച് കുട്ടികള്‍ മുന്നോട്ട് വന്നു. ഞങ്ങള്‍ അട്ടപ്പാടിയിലേക്ക് തിരിക്കുകയാണ് മാഷേ എന്ന് പറഞ്ഞു അവര്‍ ക്യാമറയുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം അട്ടപ്പാടിയിലേക്ക് യാത്ര തിരിച്ചു. അവര്‍ അവിടെ ആദിവാസികളുടെ കൂടെ താമസിച്ചു കൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തി. ഒറ്റ ഒരു കാര്യം മാത്രം ആണ് അവര്‍ തീരുമാനിച്ചത്. ആദിവാസികളുടെ ദൈന്യത ചിത്രീകരിക്കുന്ന സ്ഥിരം മാധ്യമ ചിത്രീകരണം നിര്‍ത്തണം. പകരം ആദിവാസികളുടെ പോസിറ്റീവിറ്റി ചിത്രീകരിക്കണം എന്ന് അവര്‍ തീരുമാനിച്ചു. ആദിവാസികളുടെ ശക്തമായ ജീവിത ചിത്രീകരണവുമായി മൊയ്നുദീന്‍, നിഷിദ, സാംഖ്യന്‍, ലിജുമോള്‍ പാര്‍വതി എന്നീ കുട്ടികള്‍ തിരിച്ചെത്തി. ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളും ആയാണ് ആ കുട്ടികള്‍ തിരിച്ചെത്തിയത്. അദ്ധ്യാപകന്‍ എന്ന രീതിയിലും മനുഷ്യന്‍ എന്ന രീതിയിലും ആ കുട്ടികളുടെ ഫോട്ടോഗ്രാഫ്സ് കണ്ടപ്പോള്‍ കണ്ണുകള്‍ തിളങ്ങി.

ഇനി അത് പ്രദര്‍ശിപ്പിക്കല്‍ ആണ്. അത് പൊതുജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കുട്ടികള്‍ തീരുമാനിച്ചു. ആദിവാസികളുടെ മറ്റൊരു ജീവിതം കൂടി ജനങ്ങള്‍ കാണണം എന്ന് അവര്‍ തീരുമാനിച്ചു. ചോര്‍ന്നൊലിക്കുന്ന കുടില്‍, മുറുക്കാന്‍ ചവച്ച വായ, ഒക്കത്ത് ഒരു കുട്ടി എന്ന വ്യവസ്ഥാപിതമായ മാധ്യമ ചിത്രീകരണം പൊളിക്കണം എന്ന് ആ കുട്ടികള്‍ തീരുമാനിച്ചു. ആദിവാസികളുടെ ചിരി പ്രദര്‍ശിപ്പിക്കാന്‍ തന്നെ ആയിരുന്നു തീരുമാനം. ഏകദേശം നൂറോളം ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ഒരു ദിവസം വൈകുന്നേരം നാല് മണിക്ക് പ്രദര്‍ശിപ്പിക്കാം എന്ന് ആലോചിച്ചു യോജിപ്പിലെത്തി. പക്ഷെ അന്ന് ഉച്ചക്ക് രണ്ടു മണിക്ക് തന്നെ കോരിച്ചൊരിയുന്ന തുലാപ്പെരുമഴ. അപ്പൊ ഒരു വിരുതന്‍ പറഞ്ഞു. “എന്തായാലും പോകാം”, മഴ എങ്കില്‍ മഴ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മറൈന്‍ ഡ്രൈവില്‍ എത്തി. പൌലോ കൊയ്ലോ പറഞ്ഞ പോലെ ഒരു കാര്യത്തിനു ശക്തമായി മുന്നിട്ടിറങ്ങിയാല്‍ പ്രകൃതി പോലും കൂടെ നിക്കും എന്നത് പോലെ വൈകുന്നേരം ആയപ്പോള്‍ മഴമാറി; കുട്ടികള്‍ ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തേവര കോളേജിലെ കുട്ടികള്‍ മനുഷ്യത്വത്തിന്റെ ഉന്നതമായ മറ്റൊരു തലത്തിലേക്ക് മാറി. എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ അതിനു വേണ്ടി ഒറ്റക്കെട്ടായി നിലകൊണ്ടു.

വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് പോയി ആദിവാസികളുടെ പാദചുംബനം നടത്തിയതിനെ കളിയാക്കാനും ചിലര്‍ ഫേസ് ബുക്കില്‍ ഉണ്ടായിരുന്നു. ചില യുവ സന്യാസികള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട് എന്ന് ചില “ബുജി’കള്‍ കളിയാക്കി. കുട്ടികള്‍ അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചു. ഇനി ഇതിന്റെ തുടര്‍ച്ചയായി എന്ത് ചെയ്യും എന്ന് ആ കുട്ടികള്‍ ആലോചിച്ചു. അങ്ങനെ അവര്‍ തന്നെ ഡിസംബര്‍ പത്താം തീയതി മനുഷ്യാവകാശ ദിനത്തിന്റെ അന്ന് കേരളം നില്‍പ്പ് സമരത്തിന്റെ കൂടെ നില്‍കുമ്പോള്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് അതിന്റെ കൂടെ നിക്കും എന്ന് തീരുമാനിച്ചു. കോളേജ് യൂണിയന്റെ ശക്തമായ പിന്തുണ ലഭിച്ചു. പ്രിന്‍സിപ്പല്‍ അച്ചനും പരിപൂര്‍ണ സമ്മതമായിരുന്നു. മനുഷ്യാവകാശ ദിനത്തില്‍ കേരളം നില്പ് സമരത്തിന്റെ കൂടെ നിക്കുമ്പോള്‍ തേവര കോളേജും നിക്കും എന്ന് അവര്‍ തീരുമാനിച്ചു മുന്നിട്ടിറങ്ങി. എസ് എഫ് ഐക്കാരനായ മിഥുനും കെ എസ് യു ക്കാരനായ ആലോഷിയും രാഷ്ട്രീയ വ്യത്യാസം മറന്നു കുട്ടികളെ സംഘടിപ്പിച്ചു. അനുഷ പോളിനെ പോലുള്ള പെണ്‍കുട്ടികള്‍ രാത്രി പകല്‍ ആക്കി നില്‍പ്പ് സമരത്തിന്റെ കൂടെ തേവര കോളേജ് നില്‍ക്കും എന്നാ ബാനര്‍ എഴുതി. അത് കോളേജിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പത്താം തീയതി എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമീപത്തെ സ്കൂളുകളിലെ കുട്ടികളും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ മുന്നിട്ടിറങ്ങി. അന്ന് കേരളം മുഴുവന്‍ പല സംഘടനകള്‍ ആയി, പല ഗ്രൂപ്പുകള്‍ ആയി ആദിവാസികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. മുന്നില്‍ നിന്ന കുട്ടികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആയിരത്തോളം കുട്ടികളും അധ്യാപകരും മറ്റുള്ളവരും ഒക്കെ അന്നത്തെ ഐക്യദാര്‍ഡ്യത്തില്‍ പങ്കെടുത്തു. രാമനാട്ടുകരയിലെ ഷാഫി കോളേജിലെ വിദ്യാര്‍ഥികളുടെ കുരങ്ങുകളി എന്ന നില്‍പ്പ് സമരത്തിനെ പിന്തുണച്ചുകൊണ്ടുള്ള തെരുവ് നാടകവും അരങ്ങേറി. തെരുവ് നാടകത്തില്‍ ഭാഗമായാണ് ഷിഫിനെയും അനസിനേയും ഒക്കെ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും കാണുന്നത്. അവര്‍ കണ്ട ഉടനെ മാഷേ എന്ന് വിളിച്ചു കെട്ടിപ്പിടിച്ചു. പ്രിന്‍സിപ്പല്‍ അച്ചന്‍ “വെരി ഗുഡ്, യു ഡിഡ് എ ഗ്രേറ്റ്‌ ജോബ്‌” എന്ന് വിളിച്ചു പറഞ്ഞു.

നില്പ് സമരത്തിന്റെ വിജയം എന്നത് കേരളത്തിന്റെ വിജയം ആണ്. കേരളത്തിലെ പ്രതികരിക്കുന്ന ശക്തമായ പുതുതലമുറയുടെ വിജയമാണ്. അവരുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ഒരു മനുഷ്യന്‍ എന്ന രീതിയിലെ ഏറ്റവും വലിയ പോസിറ്റീവിറ്റി. ഈ സമൂഹം പിന്നോട്ടല്ല, സ്വയം തിരുത്തിക്കൊണ്ട്‌ മുന്നോട്ടു തന്നെ പോവുകയാണ്.


Next Story

Related Stories