TopTop
Begin typing your search above and press return to search.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പാലക്കാട്ട് ഒരു ഗ്രാമം - നിഷ് ചിന്ത

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പാലക്കാട്ട് ഒരു ഗ്രാമം - നിഷ് ചിന്ത

കൃഷ്ണ ഗോവിന്ദ്‌

മസ്തിഷ്‌ക ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനുമായി ഒരു ഗ്രാമം. വിദേശത്തല്ല നമ്മുടെ കേരളത്തില്‍ തന്നെയാണ് ഈ ഗ്രാമം ഉയരുന്നത്. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് വ്യത്യസ്തമായ ഈ ഗ്രാമം ഒരുങ്ങുന്നത്. തങ്ങളുടെ കാലം കഴിഞ്ഞാല്‍ മസ്തിഷ്‌ക ഭിന്നശേഷിയുള്ള മക്കള്‍ എങ്ങനെ ജീവിക്കുമെന്ന ഒരു കൂട്ടം രക്ഷിതാക്കളുടെ ഉത്ക്കണ്ഠയില്‍ നിന്നാണ് ഇങ്ങനെയൊരു ഗ്രാമത്തിനുള്ള ആശയം ജനിക്കുന്നത്. ഭിന്നശേഷിയുള്ള 50 കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ചേര്‍ന്ന് 10 ഏക്കറില്‍ നിര്‍മ്മിക്കുന്ന ഈ ഗ്രാമത്തിന് 'നിഷ് ചിന്ത' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഗ്രാമത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ പ്രധാനപ്പെട്ട ഒരു കരാറുണ്ട്. ഒരു കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ മരിച്ചാല്‍ ഗ്രാമത്തിലെ ബാക്കിയുള്ള രക്ഷാകര്‍ത്താക്കള്‍ ആ കുട്ടിയുടെ അച്ഛനും അമ്മയുമായി മാറി സംരക്ഷിക്കണം. ഇത് ഒരു പേപ്പറിലും എഴുതിവച്ച കരാറല്ല. ഒരോ രക്ഷാകര്‍ത്താകളും പരസ്പരം ഹൃദയം കൊണ്ട് നല്‍കുന്ന വാഗ്ദാനമാണ്, ഉറപ്പാണ്. ആ ഉറപ്പില്‍ മേലാണ് നിഷ് ചിന്ത യാഥാര്‍ഥ്യമാകുവാന്‍ പോകുന്നത്.

മസ്തിഷ്‌ക ഭിന്നശേഷിയുള്ള മക്കളുള്ളവരുടെ സംഘടനയായ 'പരിവാറി'-ന്റെ പാലക്കാട്ടെ നേതൃത്വത്തിലാണ് ഈ ഗ്രാമമൊരുങ്ങുന്നത്. നിഷ് ചിന്ത എന്ന ആശയം അദ്യം ഇവരില്‍ ഉരിതിരിഞ്ഞത് 2013-ലായിരുന്നുവെന്ന് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് റിട്ട. മേജര്‍ സുധാകര പിള്ള പറയുന്നു. അദ്ദേഹം പറയുന്നത്: "നിലവില്‍ മാനസികവും ബുദ്ധിപരവുമായ വൈകല്യങ്ങളുള്ള ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി, ബുദ്ധിവൈകല്യം തുടങ്ങിയ ഭിന്നശേഷിയുള്ള 50 കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ചേര്‍ന്നാണ് നിഷ് ചിന്ത ഗ്രാമം ഒരുക്കുന്നത്. ആദ്യം നിഷ് ചിന്തയില്‍ അംഗങ്ങളായ 50 പേരില്‍നിന്ന് അഞ്ച് ലക്ഷം രൂപ വീതം സ്വരൂപിച്ചാണു സ്ഥലം വാങ്ങിയത്. ഇനിയും 50 പേരില്‍നിന്ന് അംഗത്വം സ്വീകരിക്കും. രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെയാണ് ഇവരില്‍നിന്നു സ്വീകരിക്കുക. ഈ 50 പേരുടെ പേരില്‍ ഗ്രാമത്തില്‍ അഞ്ച് സെന്റ് വീതം സ്ഥലം തിരിച്ചിട്ടുണ്ട്. ഇവര്‍ക്ക് 600 സ്‌ക്വയര്‍ഫീറ്റില്‍ കവിയാത്ത അടുക്കളയില്ലാത്ത വീട് വെയ്ക്കാം. അടുക്കള ഗ്രാമത്തിന് പൊതുവായിരിക്കും. കുടുംബാംഗങ്ങളും കുട്ടികളും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടഘട്ടമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.""ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ട ഫിസിയോതെറാപ്പിപ്പോലെയുള്ള മറ്റ് ചികിത്സകള്‍ക്കും സ്പീച്ച് തെറാപ്പി, മ്യൂസിക് തെറാപ്പി, കുട്ടികള്‍ക്ക് വാസനയുള്ള മേഖലകളില്‍ പരിശീലനങ്ങള്‍ക്കും സ്‌പെഷല്‍ സ്‌കൂള്‍, പുനരധിവാസകേന്ദ്രം, യോഗാ കേന്ദ്രം, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. ഗ്രാമത്തില്‍ അധ്യാപകരും പരിശീലകരും ഉണ്ടാകും. രണ്ടര ഏക്കറില്‍ ഗ്രാമത്തിലേക്കാവശ്യമായ പച്ചക്കറിയ്ക്കും മറ്റു ഉല്‍പാദനത്തിനുമായിട്ടുള്ള ജൈവ കൃഷിയിടം ഒരുക്കും. പാല്‍, മുട്ട എന്നീ ആവശ്യങ്ങള്‍ക്കായി രണ്ടര ഏക്കറില്‍ ഫാംഹൗസും ഒരുക്കുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ രക്ഷിതാക്കള്‍ നിഷ് ചിന്ത ഗ്രാമത്തിലേക്ക് പ്രവേശനത്തിനായി എത്തിയിട്ടുള്ളതുകൊണ്ട് ഗ്രാമത്തിന് അടുത്തുള്ള അഞ്ചേക്കര്‍ സ്ഥലം കൂടി വാങ്ങാനും പദ്ധതിയുണ്ട്. അവിടെ വീടുകള്‍ ആയിരിക്കില്ല, ഫ്‌ളാറ്റുകളായിരിക്കും നിര്‍മ്മിക്കുക. പക്ഷേ അവരും ഗ്രാമത്തിന്റെ ഭാഗം തന്നെയായിരിക്കും. ഇതൊക്കെ അടുത്ത ഘട്ടങ്ങളിലേക്കുള്ള പദ്ധതിയാണ്.

കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങളെയും ഗ്രാമത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആലോചിക്കുന്നുണ്ട്. നൂറ്റി അമ്പതോളം കുടുംബങ്ങള്‍ക്കുള്ള സൗകര്യങ്ങളാകും ഒരുക്കുക. മൂന്നാം ഘട്ടത്തില്‍ അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ ഭിന്നശേഷിയുള്ളവരെ പരിപാലിക്കുന്ന സ്ഥാപനമാകണം. ഭാവിയില്‍ കുട്ടികളുടെ പരിശീലനത്തിനൊപ്പം പ്രത്യേക വിദ്യാഭ്യാസത്തിനും ഓട്ടിസം പോലെയുള്ള രോഗങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണ സ്ഥാപനങ്ങളും ഇവര്‍ വിഭാവനം ചെയ്യുന്നുണ്ട്. മൂന്നു വര്‍ഷത്തിനകം ആദ്യ ഘട്ട പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമത്തിലെ തൊഴില്‍ പരിശീലനത്തിനായി സ്ഥാപിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ അസിസ്റ്റഡ് ലിവിംഗ് ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റിന്റെ പണി പുരോഗമിച്ചു വരികയാണ്. ഇതോടൊപ്പം രക്ഷിതാക്കള്‍ക്കു വരുമാനം കണ്ടെത്താനുള്ള സംരംഭങ്ങളും നിഷ്ചിന്തയുടെ പരിഗണനയിലുണ്ട്." സുധാകര പിള്ള പറഞ്ഞു നിര്‍ത്തി.നിലവില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മാത്രമായിട്ടുള്ള ഇടങ്ങള്‍ മാത്രമെ കേരളത്തിലുള്ളൂ. ഇവിടങ്ങളില്‍ കുട്ടികളെ കൊണ്ടു ചെന്നാക്കിയിട്ട് രക്ഷിത്താകള്‍ക്ക് തിരിച്ചുവരുകയാണ് പതിവ്. ശരിക്കും ഈ കുട്ടികളെ സ്വയംപര്യാപ്തമാക്കുവാന്‍ മാതാപിതാക്കളുടെ കൂടെ പരിശീലിപ്പിച്ചാല്‍ മാത്രമെ കഴിയൂ. ഇതു കണക്കാക്കിയാണ് നിഷ് ചിന്തയുടെ പദ്ധതി തയ്യാറാക്കിയത്. 1992-ല്‍ എറണാകുളത്ത് മിത്രം എന്നൊരു കൂട്ടായ്മ മാതാപിതാള്‍ക്ക് കൂടി താമസിക്കാന്‍ സൗകര്യമുള്ള ഒരു ഇടം ഉണ്ടാക്കിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. കാലക്രമേണ ആ ഇടവും കുട്ടികളെ കൊണ്ടുവിടുന്ന മറ്റിടങ്ങള്‍പ്പോലെ തന്നെയായി. പിന്നെയുള്ളത് കല്‍ക്കട്ടയില്‍ ഉള്ള ഒരു കൂട്ടായ്മയാണ്. രണ്ട് ഏക്കറില്‍ താഴെ മുപ്പതുപേരുടെ ഒരു കൂട്ടായ്മയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. അവരുടെ ആശയം വിപുലീകരിച്ചാണ് നിഷ് ചിന്ത പദ്ധതി തയ്യാറാക്കിയത്. ഈ പദ്ധതി നടപ്പിലായാല്‍ ഈ ഗ്രാമത്തിന്റെ മാതൃകയില്‍ നമ്മുടെ രാജ്യത്ത് ധാരാളം ഗ്രാമങ്ങള്‍ ഉയരും. മസ്തിഷ്‌ക ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇത് ആശ്വാസമാകുമെന്നതിലുപരി നമ്മുടെ രാജ്യത്തെ പല മേഖലകളില്‍ ഈ കുട്ടികളെയും കൊണ്ട് അഭിമാനിക്കാവുന്ന ധാരാളം നേട്ടങ്ങള്‍ ഉണ്ടാവും.

മസ്തിഷ്‌ക ഭിന്നശേഷിയുള്ള കുട്ടികള്‍ ഏതെങ്കിലും മേഖലയില്‍ ആഗാധമായ ജ്ഞാനമുള്ളവരായിരിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. പക്ഷെ അവര്‍ക്ക് അത് നമ്മളെപ്പോലെ പുറത്തറിക്കുവാന്‍ കഴിയാത്തതാണ് തിരിച്ചറിയാതെ പോവുന്നത്. വലിയ കലാകാരന്‍മാരോ കംപ്യൂട്ടര്‍ വിദഗ്ദ്ധമാരോ, ശാസ്ത്രജ്ഞരോ ആയിത്തീരേണ്ടവരാണ് ഈ കുട്ടികള്‍. പക്ഷെ ഏതു മേഖലയിലാണ് ഇവരുടെ കഴിവെന്നും അത് എങ്ങനെ ഇവര്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നതും കണ്ടെത്തണം. അതിന് മാതാപിതാക്കളും പ്രത്യേക പരിശീലനം നേടിയവരുടെയും പരിപൂര്‍ണ സഹായം വേണം. ശാരീരിക ഭിന്നശേഷിയുള്ള സ്റ്റീഫന്‍ ഹോക്കിംഗിന് ലോക പ്രശസ്ത ശാസ്ത്രജ്ഞനാകമെങ്കില്‍ നമുക്കും സൃഷ്ടിക്കാം ധാരാളം പ്രശസ്തരെ. പക്ഷെ അവര്‍ക്ക് രണ്ടാമത്തോരാളുടെ സഹായം വേണം. ആ സഹായം അവരുടെ മാതാപിതാക്കള്‍ ചെയ്‌തോളും. അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായങ്ങള്‍ ലഭിച്ചാല്‍ നിഷ് ചിന്തയുടെ സ്വപ്‌നം യഥാര്‍ഥ്യമാകും. ഒപ്പം വെറുതെ ജീവിച്ചു തീര്‍ക്കാന്‍ അല്ലാതെ നാളെ നമ്മുടെ നാടിന് അഭിമാനിക്കാവുന്ന ഒരു കൂട്ടം കുട്ടികളെയും ലഭിക്കും- ഈ സംഘടനയുടെ പ്രവര്‍ത്തനങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറഞ്ഞു.

നിഷ് ചിന്ത സംഘടനയുമായി സഹകരിക്കാന്‍ താതപര്യമുള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: 9446456078, 9497166311.

(ചിത്രങ്ങള്‍ നിഷ് ചിന്തയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)


Next Story

Related Stories