TopTop
Begin typing your search above and press return to search.

പെട്രോളിനേയും ഡീസലിനേയും വെല്ലാന്‍ നിസാന്റെ ഇലക്ട്രിക് കാര്‍

പെട്രോളിനേയും ഡീസലിനേയും വെല്ലാന്‍ നിസാന്റെ ഇലക്ട്രിക് കാര്‍

14 വര്‍ഷങ്ങള്‍ക്കു മുമ്പ്, 2001-ല്‍ ബാംഗ്ലൂരിലെ മെയ്‌നി ഓട്ടോമൊബൈല്‍സ് കമ്പനിയില്‍ നിന്ന് ഒരു ക്ഷണം ലഭിച്ചു. മെയ്‌നി നിര്‍മ്മിച്ച റേവ എന്ന ഇലക്ട്രിക് കാര്‍ ഓടിക്കാനുള്ള ക്ഷണമായിരുന്നു അത്. അന്ന് ബാംഗ്ലൂരിലെ ഇലക്‌ട്രോണിക് സിറ്റിയുടെ പിന്നാമ്പുറത്തുള്ള മെയ്‌നിയുടെ ചെറിയ പ്ലാന്റില്‍ നിന്ന് റേവ ഓടിച്ച് നഗരത്തിലെത്തിയത് ഓര്‍മ്മയുണ്ട്. ശബ്ദമൊന്നുമില്ലാതെ സ്റ്റാര്‍ട്ടായി ഓടുന്ന ആ കാര്‍ എനിയ്‌ക്കൊരത്ഭുമായിരുന്നു.

അതിനു ശേഷം 2010-ല്‍ ലീഫ് എന്നൊരു ഇലക്ട്രിക് കാര്‍ നിസാന്‍ യു.എസ്. മാര്‍ക്കറ്റില്‍ എത്തിച്ചതായി അറിഞ്ഞു. 'സ്മാര്‍ട്ട് ഡ്രൈവി'ന്റെ യു.എസ്. റിപ്പോര്‍ട്ടര്‍ വിജു വര്‍ഗ്ഗീസിനെ ടെസ്റ്റ് ഡ്രൈവിനായി ചട്ടം കെട്ടി. വിജു എഴുതിയ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഏതായാലും 'പേറെടുക്കാന്‍ ചെന്നവള്‍ ഇരട്ടപെറ്റു' എന്നതായി വിജുവിന്റെ അവസ്ഥ. ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ പോയ വിജു ഏറെ താമസിയാതെ ഒരു നിസാന്‍ ലീഫ് വാങ്ങി. ലീഫ് അത്രയധികം വിജുവിനെ കീഴ്‌പ്പെടുത്തിക്കളഞ്ഞു.

വാഹനങ്ങളെ കീറി മുറിച്ച് വിശകലനം ചെയ്യുന്ന വിജുവിന്റെ മനസ്സില്‍ കയറിപ്പറ്റണമെങ്കില്‍ ലീഫ് ചില്ലറക്കാരനല്ലല്ലോ എന്നെനിക്ക് അന്നേ തോന്നി. എന്നെങ്കിലും ലീഫ് ഓടിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

അടുത്തിടെ നിസാന്‍, ഡല്‍ഹിയില്‍ ഒരു 'കാര്‍ണിവല്‍' സംഘടിപ്പിച്ചു. നിസാന്റെ ഇന്ത്യയിലെ മോഡലുകള്‍ക്കൊപ്പം രണ്ട് അന്താരാഷ്ട്ര മോഡലുകള്‍ കൂടി ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകള്‍ക്കായി ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അത് നിസാന്‍ പട്രോളും ലീഫുമായിരുന്നു. അങ്ങനെ, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ലീഫിന്റെ സ്റ്റിയറിങ്ങില്‍ ഞാന്‍ തൊട്ടു...

നിസാന്‍ ലീഫ്

ഇലക്ട്രിക് കാറുകള്‍ പ്രത്യേക ജനുസില്‍പ്പെട്ടതാണ്. സാധാരണ കാറുകളുടെ രൂപഭാവാദികളോ ഉപയോഗ രീതികളോ അല്ല ഇലക്ട്രിക് കാറുകള്‍ക്കുള്ളത്. ജനങ്ങള്‍ അവയെ കാര്യമായി 'മൈന്‍ഡ്' ചെയ്യാത്തതിനു കാരണവും അതുതന്നെ. ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാണ്, രണ്ടുപേര്‍ക്കേ സഞ്ചരിക്കാന്‍ സാധിക്കൂ. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ കുറച്ചു ദൂരമേ ഓടുകയുള്ളു. വലിയ വേഗതയെടുക്കാന്‍ കഴിയില്ല, ആഢംബരങ്ങള്‍ കുറവായിരിക്കും ഇതൊക്കെയാണ് പ്രധാനപ്രശ്‌നങ്ങള്‍. എന്നാല്‍ സാധാരണ കാറുകളില്‍ നിന്ന് രൂപത്തിലോ ഭാവത്തിലോ പ്രവര്‍ത്തനക്ഷമതയിലോ വേറിട്ടു നില്‍ക്കാത്ത രീതിയിലാണ് നിസാന്‍ ലീഫിനെ നിര്‍മ്മിച്ചത്. കാഴ്ചയിലോ സൗകര്യങ്ങളുടെ കാര്യത്തിലോ ലീഫിന് മറ്റു കാറുകളുമായി വ്യത്യാസമൊന്നും പറയാനില്ല. ലീഫ് ലോകമെമ്പാടും വലിയ വിജയമാകാന്‍ കാരണവും അതുതന്നെ. 2014 ഡിസംബര്‍ വരെ 1,58,000 ലീഫുകള്‍ ആഗോള തലത്തില്‍ വില്‍ക്കാന്‍ നിസാന് കഴിഞ്ഞിട്ടുണ്ട്. ഇത്രയധികം വിറ്റഴിഞ്ഞ മറ്റൊരു വൈദ്യുത കാറും ലോകത്തിലുണ്ടായിട്ടില്ല.

കാഴ്ച

ആധുനികതയും പഴമയും സംയോജിക്കുന്ന ഡിസൈനാണ് ലീഫിന് 4445 മി.മീ നീളമുണ്ട്. വലിയ ഉണ്ടക്കണ്ണന്‍ ഹെഡ്‌ലൈറ്റുകള്‍ വിന്‍ഡ് ഷീല്‍ഡിനു താഴെ നിന്നാരംഭിക്കുന്നു. എഞ്ചിന്‍ എന്നൊരു 'സംഭവം' ഇല്ലെങ്കില്‍ പോലും മുന്‍ഭാഗത്ത് ചെറിയ ഗ്രില്‍ ഉണ്ട്. ഫോഗ് ലാമ്പുകള്‍ താഴെ കാണാം. യഥാര്‍ത്ഥ രൂപത്തിലുള്ള ബമ്പര്‍ ഇല്ലെന്നു പറയാം. ബോണറ്റിനു മുന്നില്‍ മൂക്കറ്റത്തായി നിസാന്റെ എംബ്ലം കാണുന്നില്ലേ? ആ ഭാഗം തുറന്നാല്‍ ഇലക്ട്രിക് ചാര്‍ജര്‍ കാണാം. ഇവിടെ നിന്ന് വയര്‍ നീട്ടിവലിച്ച് പ്ലഗ്ഗില്‍ കുത്തിയാല്‍ ലീഫ് ചാര്‍ജ്ജാകും. ഹ്യുണ്ടായ് ഐ 20യെ ഓര്‍മ്മിപ്പിക്കുന്ന സൈഡ് പ്രൊഫൈല്‍ കടന്ന് പിന്നിലെത്തുമ്പോള്‍ മേലെ നിന്ന് താഴെ വരെ നീളുന്ന എല്‍ ഇ ഡി ടെയ്ല്‍ ലാമ്പ് കാണാം. ബൂട്ട് ലിഡ് പിന്നിലേക്ക് വളഞ്ഞു നില്‍ക്കുന്നു. ചെറിയൊരു സ്‌പോയ്‌ലറും വലിയ ഇന്റഗ്രേറ്റഡ് ബമ്പറും കാണാം. ലീഫ് ഇലക്ട്രിക് കാറാണെന്ന് അറിയാത്തവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന രീതിയില്‍ വ്യത്യസ്തമായ ഡിസൈനല്ല ലീഫിനുള്ളത്. ഏതൊരു കാറും പോലെ മനോഹരം.

ഉള്ളില്‍

ലൈറ്റ് ഗ്രേ നിറത്തിലുള്ള ഇന്റീരിയര്‍ ഫ്യൂച്ചറിസ്റ്റിക് ആണ്. ഉള്ളില്‍ ഇഷ്ടംപോലെ സ്‌പെയ്‌സുണ്ട്. നിര്‍മ്മാണ നിലവാരവും ഒന്നാന്തരം. ഉയര്‍ന്ന സീറ്റിങ് പൊസിഷനു കാരണം താഴെ നിരത്തിയിരിക്കുന്ന ബാറ്ററികളാവാം. മനോഹരമായ ഡിസൈനിലുള്ള ഡാഷ് ബോര്‍ഡിനു നടുവില്‍ ചതുരാകൃതിയില്‍ എ സി വെന്റും നാവിഗേഷന്‍ സിസ്റ്റവും എയര്‍കണ്ടീഷണര്‍ സ്വിച്ചുകളുമടങ്ങുന്ന കണ്‍സോള്‍. സെന്റര്‍ കണ്‍സോളില്‍ നീല ബായ്ക്ക് ലൈറ്റുള്ള ഒരു 'ഉണ്ട' ഉയര്‍ന്നു നില്‍പ്പുണ്ട്. അതാണ് ലീഫിന്റെ ഗിയര്‍ ലിവറെന്നു പറയാം!

കാര്‍ ചാര്‍ജ്ജിങ്ങിന്റെ വിവരങ്ങളും സ്പീഡോ മീറ്ററും മറ്റും മീറ്റര്‍ കണ്‍സോളിലുണ്ട്. കൂടാതെ കാറിന്റെ ഓരോ ഉപകരണങ്ങളും എത്രത്തോളം വൈദ്യുതി ചാര്‍ജ്ജ് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യവും ഡിസ്‌പ്ലേയില്‍ നിന്നറിയാം. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാറാണിത്. പിന്നിലും ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസും ഇഷ്ടംപോലെയുണ്ട്.

ഓടുന്നത്...

ലിതിയം അയണ്‍ ബാറ്ററികളുടെ ഭാരം മൂലം സാധാരണ കാറുകളെക്കാള്‍ 200 കി.ഗ്രാം ഭാരം കൂടുതലുണ്ട് ലീഫിന്. സീറ്റുകള്‍ക്ക് താഴെയാണ് 48 മൊഡ്യൂളുകളുള്ള 24 കിലോവാട്ട് ബാറ്ററി സൂക്ഷിച്ചിരിക്കുന്നത്. എഞ്ചിനുപകരം മോട്ടോറാണ് ലീഫിനുള്ളത്. ഇത് 80 കിലോവാട്ട് അഥവാ 110 ഹോഴ്‌സ് പവറാണ്. 150 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ മോട്ടോര്‍ മതി. 100 കി.മീ വേഗതയെടുക്കാന്‍ വെറും 9.9 സെക്കന്റ്. ഒറ്റത്തവണ ചാര്‍ജ്ജിങ്ങില്‍ 200 കിലോമീറ്റര്‍ ഓടും. 1492 കി.ഗ്രാം ഭാരമുള്ള കാറിണിതെന്നോര്‍ക്കണം!

സെന്റര്‍ കണ്‍സോളിലെ 'ഉണ്ട' ഇടതുവശത്തേക്ക് തിരിച്ച് താഴേയ്ക്കാക്കുക ലീഫ് ഡ്രൈവ് മോഡിലായിക്കഴിഞ്ഞു. കാറ്റിന്റെ ശബ്ദം പോലുമില്ലാതെ ലീഫ് കുതിച്ചു തുടങ്ങുന്നു. ഞൊടിയിട കൊണ്ട് വേഗം കൈവരിക്കുന്നു. സാധാരണ കാറുകള്‍ക്കു സമാനമായ ഡ്രൈവബിലിറ്റിയും സ്റ്റെബിലിറ്റിയുമെല്ലാമുണ്ട് ലീഫിന്. ബ്രേക്ക് റീജനറേറ്റീവ് ആയതുകൊണ്ട് ബ്രേക്ക് ചെയ്യുമ്പോഴും ബാറ്ററി ചാര്‍ജ്ജാകുന്നുണ്ട്. ഒന്നാന്തരം എ സിയുടെ കുളിര്‍മയില്‍ ലീഫ് ഓടിച്ച് അവസാനിപ്പിക്കുമ്പോള്‍ മതിയായില്ല എന്ന തോന്നല്‍ മാത്രം ബാക്കി.

വിധി

10 വര്‍ഷം കഴിയുമ്പോള്‍ ബാറ്ററി പായ്ക്ക് മാറ്റേണ്ടി വരുമെന്നുള്ളതാണ് ലീഫിന്റെ ഒരേയൊരു പ്രശ്‌നം. ഏതാണ്ട് 3.5 ലക്ഷം രൂപയാകും പുതിയ ബാറ്ററി പായ്ക്കിന്. എങ്കിലും റണ്ണിങ് കോസ്റ്റ് നോക്കുമ്പോള്‍ ബാറ്ററി 10 വര്‍ഷം കഴിഞ്ഞു മാറ്റുമ്പോഴും നഷ്ടമൊന്നുമില്ല.

ഏതാണ്ട് 23 ലക്ഷം രൂപയാണ് ലീഫിന്റെ യു.എസിലെ വില. ഇന്ത്യയില്‍ ലീഫ് ഉടനടി എത്തിക്കാനൊന്നും നിസാന് പദ്ധതിയില്ല. എങ്കിലും നമുക്ക്, ഇന്ത്യാക്കാര്‍ക്ക്, ഒന്ന് അലമുറയിട്ടു നോക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories