TopTop
Begin typing your search above and press return to search.

നിസാന്‍ പട്രോള്‍: ലാന്‍ഡ് ക്രൂയിസറെ തോല്‍പിച്ച കൊമ്പനാന

നിസാന്‍ പട്രോള്‍: ലാന്‍ഡ് ക്രൂയിസറെ തോല്‍പിച്ച കൊമ്പനാന

ദുബായ് പോലെയുള്ള വന്‍ നഗരങ്ങള്‍ വാഹനപ്രേമികളുടെ സ്വര്‍ഗ്ഗമാണ്. ഷെയ്ഖ് സെയ്ദ് റോഡിന്റെ ഓരത്തും മറ്റും അഞ്ചുമിനിറ്റു നിന്നാല്‍ മതി, ലോകത്തിലെ ഏതു മോഡലും കണ്‍മുമ്പിലൂടെ ചാട്ടുളി പോലെ പാഞ്ഞുപോകുന്നതു കാണാം. അതില്‍ സുസുക്കി ആള്‍ട്ടോ 800 മുതല്‍ ബ്യൂഗാട്ടി വെയ്‌റോണ്‍ വരെയുണ്ടാകും.

ഇങ്ങനെയൊക്കെയാണെങ്കിലും ദുബായ്‌യില്‍ ജനങ്ങളുടെ ബഹുമാനം പിടിച്ചു പറ്റുന്ന മൂന്നുനാല് മോഡലുകളേയുള്ളു. റോള്‍സ്‌റോയ്‌സ്, ബെന്റ്‌ലി, ബെന്‍സ് ജി വാഗണ്‍, നിസാന്‍ പട്രോള്‍... മറ്റു വാഹനങ്ങള്‍ക്കിടയിലും ഇവയ്ക്ക് തലപ്പൊക്കമുണ്ട്. ഭരണാധിപന്മാരായ അറബികള്‍ ഏറെയും ഉപയോഗിക്കുന്നത് ഇവയൊക്കെയാണ് എന്നതാണ് ഈ വാഹനങ്ങള്‍ക്കു ലഭിക്കുന്ന ബഹുമാനത്തിനു കാരണം. ഇവയില്‍ ആദ്യത്തെ മൂന്നു മോഡലുകളും ഇന്ത്യയില്‍ ലഭ്യമാണ്. എന്നാല്‍ നിസാന്‍ പട്രോള്‍ ഇന്ത്യയില്‍ വരാന്‍ പോകുന്നത് 2016 മദ്ധ്യത്തോടെയാണ്. ലോകമെമ്പാടും ആരാധകരുള്ള പട്രോള്‍ എന്ന ഓഫ്‌റോഡര്‍ നാലഞ്ചുമാസം മുമ്പ് നിസാന്‍ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് ഓടിക്കാനായി ദല്‍ഹിയില്‍ എത്തിച്ചിരുന്നു. അന്ന് അല്പനേരം ഓടിക്കാന്‍ കഴിഞ്ഞെങ്കിലും 'തിരുപ്തിയായില്ല'. അതുകൊണ്ടാണ് സ്മാര്‍ട്ട് ഡ്രൈവ്, നിസാന്‍ പട്രോള്‍ ഓടിക്കാനായി ദുബായ്ക്ക് വിമാനം കയറിയത്. ദുബായിലും റാസല്‍ഖൈമയിലുമായി കാര്യമായി ടെസ്റ്റ് ഡ്രൈവ് നടത്തിയ നിസാന്‍ പട്രോളിന്റെ 'ഗുണദോഷ വിചിന്തന റിപ്പോര്‍ട്ട്' ബഹുജനസമക്ഷം അവതരിപ്പിച്ചു കൊള്ളട്ടെ...

നിസാന്‍ പട്രോള്‍

ഒരു നീ......ണ്ട കഥ പറയാനുണ്ട്, നിസാന്‍ പട്രോളിന്.. 1951-ലാണ് ജനനം. 2010-നിടയ്ക്ക് അഞ്ചു തലമുറ പട്രോളുകള്‍ ജനിച്ചു. ഇപ്പോള്‍ വിപണിയിലുള്ളത് ആറാം തലമുറക്കാരനാണ്. ഈ കാലയളവില്‍ പല പേരുകളില്‍ പട്രോള്‍, പല രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഡാട്‌സണ്‍ പട്രോള്‍, സമുറായ്, എബ്രോ പട്രോള്‍, ഫോര്‍ഡ് മാഡറിക്, സഫാരി, സെരന്‍സ, ജോംഗ ഇതൊക്കെയായിരുന്നു പേരുകള്‍. ഇതില്‍ ജോംഗ എന്ന പേര് ഇന്ത്യക്കാര്‍ക്കു പരിചിതമാണ്. കാരണം, ഇന്ത്യയിലാണ് 1969 മുതല്‍ നിസാന്‍ പട്രോള്‍, ജോംഗ എന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. ജബല്‍പൂര്‍ ഓര്‍ഡിനന്‍സ് ആന്റ് ഗണ്‍ കാര്യേജ് അസംബ്ലി എന്ന പേരിന്റെ ചുരുക്കമാണ് ജോംഗ.

ജബല്‍പൂരിലെ ആര്‍മി വെഹിക്കിള്‍ ഫാക്ടറിയിലാണ്, ഇന്ത്യന്‍ കരസേനയ്ക്കുവേണ്ടി ജോംഗ നിര്‍മ്മിക്കപ്പെട്ടത്. ആറ് സിലിണ്ടര്‍, 3956 സിസി, 110 ബി.എച്ച്.പി. പെട്രോള്‍ എഞ്ചിനാണ് ജോംഗയില്‍ ഘടിപ്പിക്കപ്പെട്ടത്. 3 സ്പീഡ് ഗിയര്‍ ബോക്‌സ്. 4 വീല്‍ ഡ്രൈവുമുണ്ടായിരുന്നു. 1969-ല്‍ നിര്‍മ്മാണം തുടങ്ങിയ ജോംഗ 1999-ല്‍ നിര്‍മ്മാണം അവസാനിപ്പിച്ചു. ഇതിനിടെ 1996-ല്‍ 4 ലിറ്റര്‍ ഹീനോഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച ജോംഗകളും നിര്‍മ്മിച്ചിരുന്നു. ഇതില്‍ 100 എണ്ണം മാത്രം സിവിലിയന്മാര്‍ക്കും വിറ്റഴിച്ചു സര്‍ക്കാര്‍. ഇന്നും ആര്‍മിക്ക് സാന്നിദ്ധ്യമുള്ള മേഖലകളില്‍ പഴയ ജോംഗകള്‍ കാണാം. ഏതായാലും ഇപ്പോള്‍ നിലവിലുള്ള പട്രോളിന് പൂര്‍ണ്ണമായും ആധുനിക രൂപമാണ്. തന്നെയുമല്ല, എല്ലാം ആഡംബരങ്ങളും കുത്തിനിറച്ചിട്ടുമുണ്ട്.

കാഴ്ച

എല്ലാത്തരത്തിലും 'വലുത്' എന്ന് നിസാന്‍ പട്രോളിനെ വിശേഷിപ്പിക്കാം. വലിയ ഗ്രില്‍ തന്നെ നോക്കുക. ഗ്രില്ലിലും ഗ്രില്ലിനു ചുറ്റുമുള്ള ഭാഗത്തിലും ക്രോമിയത്തിന്റെ പൂരമാണ്. മൂന്നു സ്ലോട്ടുകളുള്ള ഗ്രില്ലിന്റെ ഇരുവശത്തുമായി ഗ്രില്ലിന്റെ രൂപത്തിനു ചേരുന്ന വിധത്തിലാണ് ഹെഡ്‌ലൈറ്റിന്റെ രൂപകല്പനയും നിര്‍വഹിച്ചിരിക്കുന്നത്. 'യു' എന്ന ഇംഗ്ലീഷ് അക്ഷരം തിരിച്ചിട്ടതുപോലെ ഹെഡ്‌ലൈറ്റ് കണ്‍സോളിനുള്ളില്‍ ഡേ ടൈം റണ്ണിംഗ് ലൈറ്റുണ്ട്. വാഹനത്തിന്റെ വലിപ്പത്തിനു ചേരുന്നത്രയും വലുതാണ് ഡേ ടൈം ലൈറ്റു പോലും.


ഉയര്‍ന്നു നില്‍ക്കുന്ന ബോണറ്റ് പട്രോളിന് ഒരു വമ്പന്‍ വാഹനത്തിന്റെ ഗൗരവം നല്‍കുന്നുണ്ട്. ഗ്രില്ലിന്റെ രൂപത്തിനൊപ്പിച്ച് കൊത്തിയെടുത്ത തടിയന്‍ ബമ്പറിന്മേല്‍ ക്രോമിയത്തിന്റെ പശ്ചാത്തല ഭംഗിയോടെ ഫോഗ് ലാമ്പുകള്‍. എയര്‍ഡാം വളരെ ചെറുതാണ്. 5 മീറ്റര്‍ നീളവും 2 മീറ്റര്‍ ഉയരവുമുള്ള പട്രോളില്‍ കയറാന്‍ ഫുട്‌സ്റ്റെപ് ആവശ്യമാണെന്ന് നിസാന് നന്നായി അറിയാം. വശങ്ങളിലെ നീളന്‍ ഫുട്‌സ്റ്റെപ്പ് സൂചിപ്പിക്കുന്നത് അതുതന്നെയാണ്. മുന്‍ ഫെന്‍ഡറില്‍ എയര്‍ സ്‌കൂപ്പുകളുണ്ട്. 'സി' പില്ലറിനു പിന്നിലെ ക്വാര്‍ട്ടര്‍ ഗ്ലാസിനു പോലും സെഡാനുകളുടെ സൈഡ് വിന്‍ഡോയുടെ വലിപ്പമുണ്ട്. വിന്‍ഡോകള്‍ക്കു ചുറ്റും ക്രോമിയം ലൈനുമുണ്ട്. 20 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഭംഗിയുള്ള ഡിസൈനാണുള്ളത്. പിന്‍ഭാഗവും 'വലുത്' എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. വശങ്ങളിലേക്ക് കടന്നു നില്‍ക്കുന്ന പിന്‍ വിന്‍ഡ്ഷീല്‍ഡും ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും നമ്പര്‍പ്ലേറ്റിനു മേലെയുള്ള തടിച്ച ക്രോമിയം സ്ട്രിപ്പും പിന്‍ഭാഗത്തെ വലിപ്പത്തിന്റെ വൃത്തികേട് കുറയ്ക്കുന്നു. ഓഫ് റോഡ് യാത്രകള്‍ക്ക് ഉപയോഗിക്കപ്പെടുന്ന വാഹനമായതിനാല്‍ കെട്ടിവലിക്കാനുള്ള സംവിധാനവും പിന്‍ഭാഗത്തുണ്ട്. വലിയ ബമ്പറില്‍ ഇരുഭാഗത്തും റിഫ്ലറുകള്‍. താഴെ സ്‌കഫ് പ്ലേറ്റും ദൃശ്യമാണ്. എങ്ങനെ നോക്കിയാലും ഒരു കൊമ്പനാനയുടെ തലയെടുപ്പുണ്ട്, നിസാന്‍ പട്രോളിന്.

ഉള്ളില്‍

പുറമെ നിന്നു നോക്കുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്ന 'വലിപ്പം' ഉള്‍ഭാഗത്തുമുണ്ട്. പന്തുകളിക്കാന്‍ സ്ഥലമെന്നൊക്കെ പറയാം നിസാന്റെ ഇന്റീരിയര്‍ സ്‌പേസിനെക്കുറിച്ച്. 7 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. ഇലക്ട്രിക്കലി പവേര്‍ഡ് മുന്‍ സീറ്റുകള്‍ക്കു നടുവില്‍ ഇഷ്ടം പോലെ സ്റ്റോറേജ് സ്‌പേസുണ്ട്. നടുവിലും മൂന്നുപേര്‍ക്ക് സുഖമായി ഇരിക്കാം. പിന്‍സീറ്റുകള്‍ പിന്നിലേക്ക് അല്പം ചെരിക്കാനും കഴിയും. മൂന്നാം നിര സീറ്റിലേക്ക് നടുവിലെ സീറ്റുകള്‍ അനായാസം മടക്കി പ്രവേശിക്കാം. മോശമല്ലാത്ത ലെഗ് സ്‌പേസ് മൂന്നാം നിരയിലുണ്ട്. ലെതര്‍, തടി, ക്രോമിയം, സ്റ്റീല്‍ എന്നിവ കൊണ്ട് ഉള്‍ഭാഗം മനോഹരമാക്കിയിട്ടുണ്ട്. മുന്‍ഭാഗത്തെ സ്‌ക്രീനില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാം. ബോസ് കമ്പനിയുടെ ഓഡിയോ സിസ്റ്റം ഗംഭീരമാണ്. 13 സ്പീക്കറുകളുണ്ട്, ഈ സിസ്റ്റത്തിന്. നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്‌ക്രീനില്‍ കാണാം. ഡി വി ഡി പ്ലെയര്‍ കൂടാതെ പിന്‍സീറ്റുകാര്‍ക്കായി മുന്‍ സീറ്റിന്റെ ഹെഡ്‌റെസ്റ്റില്‍ 8 ഇഞ്ച് സ്‌ക്രീനുകളുമുണ്ട്. സ്റ്റിയറിംഗ് വീലില്‍ ഓഡിയോ ക്രൂയിസര്‍ സ്വിച്ചുകളുമുണ്ട്. സ്റ്റിയറിംഗ് വീലിലെ വുഡ് ഫിനിഷുകള്‍ പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്.

ഗിയര്‍ ലിവറിനു താഴെയായി ഫോര്‍വീല്‍ ഡ്രൈവിന്റെ ട്രാന്‍സ്ഫര്‍ സ്വിച്ചുകള്‍, കൂടാതെ മഡ്, സാന്‍ഡ്, റോക്ക് തുടങ്ങിയ പല ടെറെയ്‌നുകള്‍ക്കനുസരിച്ച് സസ്‌പെന്‍ഷന്‍ സെറ്റ് ചെയ്യുന്ന സ്വിച്ചുകളും ഇതില്‍ കാണാം. ഇന്റീരിയറിന്റെ കാര്യത്തില്‍, പ്രധാന എതിരാളിയായ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിനെ 'പുഷ്പംപോലെ' തോല്പിച്ചു കളഞ്ഞു, പട്രോള്‍.

എഞ്ചിന്‍

ഇത്രയും വലിയൊരു എസ് യു വി യാകുമ്പോള്‍ എല്ലാവരും പ്രതീക്ഷിക്കുക വലിയൊരു ഡീസല്‍ എഞ്ചിനാണ്. പക്ഷേ, പകരം വലിയൊരു പെട്രോള്‍ എഞ്ചിനാണ് പട്രോളിന്റെ ബോണറ്റിനുള്ളില്‍ കുടികൊള്ളുന്നത്. ഈ 5.8 ലിറ്റര്‍ വി8 എഞ്ചിന്‍ 400 ബി എച്ച് പി യാണ്. 56 കി ഗ്രാം മീറ്റര്‍ ടോര്‍ക്ക്, 3.5 ടണ്‍ ഭാരമുള്ള വാഹനമാണെങ്കിലും 6.6 സെക്കന്റു മതി, 100 കി മീ വേഗത കൈവരിക്കാന്‍. ഗംഭീരമായ ഡ്രൈവബിലിറ്റി ഈ എഞ്ചിന്‍ തരുന്നുണ്ട്. വിരല്‍ തൊട്ടാല്‍ കുതിച്ചുപായും, ഈ വാഹന ഭീമന്‍. ഹാന്റ്‌ലിങ്ങും അപാരമാണ്. കൈയ്ക്കുള്ളില്‍ മെരുങ്ങി നില്‍ക്കുന്നുണ്ട് പട്രോള്‍. ബോഡി റോള്‍ തീരെയില്ല. മൂന്നാംനിരക്കാര്‍ക്കു പോലും സുഖപ്രദമാണ് യാത്ര. ഹൈഡ്രോളിക് മോഷന്‍ കണ്‍ട്രോള്‍ ആണ് ഈ സുഖത്തിനു കാരണം. സസ്‌പെന്‍ഷന്‍ ട്രാവല്‍ വാഹനത്തിന്റെ യാത്രയ്ക്കനുസരിച്ച് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കുന്നതാണ് ഈ സംവിധാനം. സസ്‌പെന്‍ഷന്‍ ഓള്‍ ഇന്‍ഡിഫെന്‍ഡന്റാണ്.

സ്റ്റിയറിംഗ് വളരെ ലൈറ്റാണ്. ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവില്‍ (വിത്ത് സെലക്ടബ്ള്‍ ലോ റേഞ്ച്) ഓടുമ്പോഴും എങ്ങനെയും കൈകാര്യം ചെയ്യാം, പട്രോളിനെ. ഹില്‍ഡിസന്റ്, അസന്റ് മോഡുകളുമുണ്ട്. ഇന്ധനക്ഷമത പ്രശ്‌നമല്ലെങ്കില്‍, ധൈര്യമായി വാങ്ങാവുന്ന എസ് യു വിയാണിത്. ഏതു മലമുകളിലും ഈസിയായി കയറിപ്പറ്റാം. എന്നാല്‍ ഒരു അത്യാഡംബര സെഡാന്റെ ഫീച്ചേഴ്‌സ് എല്ലാം ഉണ്ടുതാനും. ഇന്ത്യയില്‍ ഒരു കോടി രൂപയ്ക്കുമേല്‍ വില പ്രതീക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories