TopTop
Begin typing your search above and press return to search.

ഗഡ്കരിയുടെ വീട്ടില്‍ ഒളിച്ചുകടന്ന ആ ചാരന്‍ ആരാണ്?

ഗഡ്കരിയുടെ വീട്ടില്‍ ഒളിച്ചുകടന്ന ആ ചാരന്‍ ആരാണ്?

ടീം അഴിമുഖം

കേന്ദ്രമന്ത്രിയും മുന്‍ ബി ജെ പി അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയെ ശക്തമായ സ്വനഗ്രാഹി യന്ത്രങ്ങള്‍ ഉപയോഗിച്ച് ചാരപ്പണി നടത്തി എന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിഷേധിച്ചിട്ടില്ല. ഇത് ‘വെറും ഊഹാപോഹം’ മാത്രമാണെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രതിപക്ഷം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. രാജ്യതലസ്ഥാനത്ത് വരാന്‍ പോകുന്ന രീതികളുടെ സൂചനയാണിതെന്നാണ് അവര്‍ പറയുന്നു.

ഗഡ്കരിയുടെ ഔദ്യോഗിക വസതിയായ, ന്യൂഡല്‍ഹിയിലെ തീന്‍മൂര്‍ത്തി മാര്‍ഗിലെ 13-ആം നമ്പര്‍ വസതിയില്‍, കിടപ്പുമുറിയിലാണ് സ്വനഗ്രാഹി യന്ത്രങ്ങള്‍ കണ്ടെത്തിയതെന്നാണ് വാര്‍ത്തകള്‍. ഉടന്‍ തന്നെ യന്ത്രവും തന്ത്രവുമൊക്കെ നീക്കം ചെയ്തു. ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു.

കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍വെച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. “മന്ത്രിമാരുടെ വീടുകളില്‍ ചാരപ്പണി നടന്നിട്ടുണ്ടെങ്കില്‍ അതൊരു നല്ല ലക്ഷണമല്ല. അത് അന്വേഷിക്കണം. എങ്ങനെയാണത് സംഭവിക്കുന്നത്? സര്‍ക്കാര്‍ ഇത് സഭയില്‍ വിശദീകരിക്കണം.”മുന്‍പ്രധാനമന്ത്രി ഉപയോഗിച്ച വാക്കുകള്‍- “അതൊരു നല്ല ലക്ഷണമല്ല”- തീര്‍ത്തും രാഷ്ട്രീയ മാനങ്ങളുള്ളതും, ഒരുപക്ഷേ പ്രവചനാത്മക സ്വഭാവമുള്ളതുമാണ്.ബി ജെ പി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വളരെ കരുതലോടെയാണ് പ്രതികരിച്ചത്,“വാര്‍ത്തകള്‍ ശരിയാണോ എന്നറിയാന്‍ നമുക്ക് സര്‍ക്കാരിന്റെ പ്രതികരണം വരെ കാത്തുനില്‍ക്കേണ്ടതുണ്ട്.”

ബി ജെ പി സര്‍ക്കാര്‍ സംഭവത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനീഷ് തിവാരിയും രണ്‍ന്ദീപ് സിംഗ് സുര്‍ജേവാലയും ആവശ്യപ്പെട്ടു. വാസ്തവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തി വ്യക്തത വരുത്തേണ്ടതുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

മരിച്ചവര്‍ക്കും കൂലി
ഇന്ത്യന്‍ വളര്‍ച്ച എന്ന കെട്ടുകഥ
ക്വത്‌റോച്ചി മുതല്‍ ചൌധരി വരെ: ദല്ലാളുകളുടെ ലോകം
ഇന്ത്യന്‍ രഹസ്യാന്വേഷണം പക്ഷം പിടിക്കുമ്പോള്‍
ഇന്ത്യന്‍ മാധ്യമലോകത്ത് അംബാനിക്ക് എന്താണ് കാര്യം?


ഈ വര്‍ഷം ആദ്യം,ലോകത്തെ 193 രാജ്യങ്ങളേയും വിവിധ സംഘടനകളെയും യു എസിന്റെ ദേശീയ സുരക്ഷാ ഏജന്‍സി ചാരപ്പണി നടത്തിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തില്‍ ബി ജെ പിയുമുണ്ട്. അതുകൊണ്ടുതന്നെ ഗഡ്കരിയുടെ വീട്ടില്‍ ചാരപ്പണിയന്ത്രം പിടിപ്പിച്ചത് അമേരിക്കന്‍ ചാരന്മാരാകാന്‍ ഏറെ സാധ്യതയുണ്ട്. അതുകൊണ്ട് അമേരിക്കക്കാരാണ് സംശയത്തിന്റെ പട്ടികയില്‍ ആദ്യം നില്‍ക്കുന്നത്.

ഗഡ്കരി സാധാരണയൊരു ബി ജെ പി നേതാവല്ല. ആര്‍ എസ് എസിന്റെ ഏറ്റവും അടുത്ത ഉപദേശകന്‍, ബി ജെ പിക്കും ആര്‍ എസ് എസിനും ഇടയിലെയും കോര്‍പ്പറേറ്റുകളുമായുമുള്ള പ്രധാന മധ്യസ്ഥന്‍, അല്ലെങ്കില്‍ നയദൂതന്‍ അങ്ങനെ പലതുമാണ്. വലിയ വ്യാപാര താത്പര്യങ്ങള്‍ പാഞ്ഞുനടക്കുന്ന റോഡ്,കപ്പല്‍ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നതുകൊണ്ട് ഏതെങ്കിലും കോര്‍പ്പറേറ്റ് തത്പരകക്ഷികളാകുമോ ചാരയന്ത്രം വെച്ചത്? ഗഡ്കരിയുടെ മേല്‍നോട്ടത്തില്‍ വരുംമാസങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ കരാറുകളാണ് നല്കാന്‍ പോകുന്നത്. അപ്പോള്‍ സംശയപ്പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കോര്‍പ്പറേറ്റുകളാണുള്ളത്.തുല്യ സാധ്യതയുള്ള ഒരു മൂന്നാം പ്രതിയുണ്ട്. സര്‍ക്കാറിനുള്ളില്‍ നിന്നുതന്നെ ആരെങ്കിലുമായിരിക്കുമോ ഗഡ്കരിയെ നിരീക്ഷിച്ചത്? ല്യൂട്ടന്‍ ഡല്‍ഹിയിലെ ഒരു കേന്ദ്രമന്ത്രിയുടെ അതീവസംരക്ഷണയുള്ള വസതിക്കുള്ളില്‍ കയറിപ്പറ്റുക എളുപ്പമല്ല. ഗഡ്കരി കോടികള്‍ കിലുങ്ങുന്ന കരാറുപണികളുടെ മന്ത്രി മാത്രമല്ല, മോഡി സര്‍ക്കാരിലെ ആര്‍ എസ് എസിന്റെ കണ്ണും കാതും കൂടിയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇത്തരം ചാരസൂത്രങ്ങള്‍ ഉപയോഗിച്ചതിന്റെ അത്ര ചാരം മൂടാത്ത ഭൂതകാലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തമായുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ സംശുദ്ധി തെളിയിക്കേണ്ടത് മോദിയുടെ പ്രതിച്ഛായക്കും, സര്‍ക്കാരിന്റെ ഭദ്രതയ്ക്കും അത്യാവശ്യവുമാണ്. അല്ലെങ്കില്‍, വന്‍ഭൂരിപക്ഷത്തിന്റെ സര്‍ക്കാര്‍, പടലപ്പിണക്കങ്ങളുടെയും, പരസ്പര അവിശ്വാസത്തിന്റെയും മുദ്രകള്‍ പേറുന്ന ഒരു കലമ്പല്‍ക്കൂട്ടമാകാന്‍ അധികനാള്‍ വേണ്ടിവരില്ല.


Next Story

Related Stories