TopTop
Begin typing your search above and press return to search.

ആര്‍എസ്എസും ഒവൈസിയുമല്ല, നിവേദിത മേനോനാണ് യഥാര്‍ത്ഥ ഇന്ത്യയുടെ പ്രതിനിധി

ആര്‍എസ്എസും ഒവൈസിയുമല്ല, നിവേദിത മേനോനാണ് യഥാര്‍ത്ഥ ഇന്ത്യയുടെ പ്രതിനിധി

ടീം അഴിമുഖം

സ്ത്രീ പക്ഷ എഴുത്തുകാരിയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ രാഷ്ട്രമീമാംസ പ്രൊഫസറുമാണ് നിവേദിത മേനോന്‍. ആണവോര്‍ജ്ജം, വര്‍ഗീയ രാഷ്ട്രീയം എന്നിവയെ ശക്തമായി എതിര്‍ക്കുന്ന ആക്ടിവിസ്റ്റായും മികച്ച അദ്ധ്യാപികയായും അവര്‍ അറിയപ്പെടുന്നു. ഉന്നതവിദ്യാഭ്യാസത്തെപ്പറ്റിയുള്ള അറിവില്ലായ്മയും അധാര്‍മിക മാധ്യമപ്രവര്‍ത്തനവും രാഷ്ട്രീയ കുടിലതന്ത്രങ്ങളും നിറഞ്ഞ വിഷലിപ്തമായ വലതുപക്ഷ പ്രചാരണത്തിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് അവര്‍.

മോഹന്‍ ഭാഗവതിനെയും ആസാദുദ്ദീന്‍ ഒവൈസിയെയുംകാള്‍ എന്തുകൊണ്ടും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നിവേദിത മേനോനാണെന്ന് ഇന്ത്യന്‍ ദേശീയത എന്ന ആശയത്തെപ്പറ്റിയും ഇന്ത്യ എന്ന ആധുനികരാജ്യത്തെപ്പറ്റിയും അറിവുള്ളവര്‍ സമ്മതിക്കും. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പൊരുതുകയും അനേകായിരം ചെറുപ്പക്കാരുടെ ബൌദ്ധിക വികാസത്തിന് രൂപം നല്‍കുകയും ചെയ്തയാളാണ് നിവേദിത. ഭാഗവതും ഒവൈസിയും പേരെടുത്തതാകട്ടെ വിഷം തുപ്പിയും വിദേഷം വളര്‍ത്തിയും പിന്തിരിപ്പന്‍ രാഷ്ട്രീയം കളിച്ചുമാണ്.

ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ കംപാരറ്റീവ് പൊളിറ്റിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ തിയറിയിലെ പ്രൊഫസറാണ് നിവേദിത. ഫെബ്രുവരി ഒന്‍പതിലെ സംഭവത്തിനുശേഷവും ഈയിടെ സര്‍വകലാശാലാ ക്യാംപസിലുണ്ടായ കടന്നുകയറ്റങ്ങളിലും നിവേദിത ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു വ്യക്തമായ പിന്തുണ നല്‍കയിരുന്നു. ഫെബ്രുവരി 16ന് പട്യാല ഹൗസ് കോടതിയില്‍ കനയ്യ കുമാറിന്റെ വാദം കേള്‍ക്കാനെത്തി അഭിഭാഷകരുടെ ആക്രമണം നേരിടേണ്ടിവന്ന ജെഎന്‍യു അദ്ധ്യാപകരുടെ കൂടെയും നിവേദിതയുണ്ടായിരുന്നു.

ഇന്ത്യയെ ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യങ്ങളിലൊന്നാക്കുന്ന ദേശീയതയുടെ വിവിധ ഇഴകളോട് അവര്‍ക്കുള്ള അനുഭാവം, ജനങ്ങളുടെ അവകാശങ്ങളെയും അഭിലാഷങ്ങളെയും പറ്റി അവര്‍ക്കുള്ള അവബോധം, വനിതകള്‍ക്കുവേണ്ടിയുള്ള അവരുടെ പോരാട്ടം ഇവയെല്ലാം വലതുപക്ഷത്തിന് നിവേദിതയെ അനഭിമതയാക്കുന്നു.

എന്നാല്‍ അവരുടെ പ്രസ്താവന അധാര്‍മികമായി കീറിമുറിച്ച, അബദ്ധജടിലമായി വ്യാഖ്യാനിച്ച സീ ടിവി ദേശവിരുദ്ധയായി ചിത്രീകരിക്കാന്‍ മാത്രം നിവേദിത എന്താണു ചെയ്തത്?എന്താണ് നടന്നത്?

റോമില ഥാപ്പര്‍, സതീഷ് ദേശ്പാണ്ഡെ, ലോറന്‍സ് ലിയാങ്, പ്രഭാത് പട്‌നായിക്, സത്യജിത് രാഥ് എന്നിങ്ങനെ പല ബുദ്ധിജീവികളെയും സര്‍വകലാശാല അദ്ധ്യാപകരെയും പോലെ പ്രൊഫ. നിവേദിത മേനോനും ജെഎന്‍യുവിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കില്‍ നടക്കുന്ന ' നാഷനലിസം ടീച്ച് ഇന്‍' പരിപാടിയില്‍ പ്രസംഗിച്ചിരുന്നു.

ഫെബ്രുവരി 22ന് നടത്തിയ പ്രഭാഷണത്തില്‍ ഹിന്ദിയെ 'ദേശീയഭാഷ'യാക്കി പ്രചരിപ്പിക്കാനുള്ള ശ്രമം, സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി ചോദ്യങ്ങള്‍ ചോദിക്കേണ്ടതിന്റെ ആവശ്യകത, വടക്കുകിഴക്കന്‍ മേഖലകളിലെ ജനങ്ങളോട് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ കാണിക്കുന്ന 'ദേശീയ' നിലപാട് തുടങ്ങിയവയെപ്പറ്റി സംസാരിച്ചു.

കശ്മീരിനെപ്പറ്റി സംസാരിക്കവേ, സ്വാതന്ത്ര്യസമയത്ത് കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തത് അവിടെ ജനഹിതപരിശോധന നടത്തുമെന്ന വ്യവസ്ഥയോടെയാണെന്ന് നിവേദിത ചൂണ്ടിക്കാട്ടി. ആ പരിശോധന ഇന്നുവരെ നടന്നിട്ടില്ല. 'ഇന്ത്യ കശ്മീരിനെ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നാണ് ലോകമെമ്പാടുമുള്ളവര്‍ കരുതുന്നത്. രാജ്യാന്തര പ്രസിദ്ധീകരണങ്ങളായ ടൈമിലും ന്യൂസ് വീക്കിലും ഇന്ത്യയുടെ ഭൂപടം വ്യത്യസ്തമാണ്. പക്ഷേ ഈ പ്രസിദ്ധീകരണങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയോ സെന്‍സര്‍ ചെയ്യപ്പെടുകയോ ചെയ്യുന്നതിനാല്‍ ഒരിക്കലും നമ്മുടെ കയ്യിലെത്തുന്നില്ല. ജനങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുകയാണെങ്കില്‍, രാജ്യാന്തര രംഗത്ത് ഇന്ത്യ സാമ്രാജ്യത്വരാജ്യമായി കാണപ്പെടുന്നു എന്ന പശ്ചാത്തലത്തില്‍ വേണ്ടേ ഇതിനെ സമീപിക്കാന്‍?'

എഎഫ്എസ്പിഎയെ സംബന്ധിച്ച ചോദ്യത്തിന് ഇത്തരം പ്രദേശങ്ങളില്‍ എല്ലാ ദിവസവും അടിയന്തരാവസ്ഥയാണ് എന്ന് അവര്‍ പറഞ്ഞു. ' ഇത് ഇന്ത്യയിലെ ആളുകളുടെ പേരിലാണു ചെയ്യുന്നത്. നാമെല്ലാം ഈ അനീതിയിലെ പങ്കുകാരാണ്. കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഛത്തീസ്ഗഡിന്റെ ഏതാനും ഭാഗങ്ങളിലും ജനങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖമായി കാണുന്നത് ഇന്ത്യന്‍ പട്ടാളക്കാരെയാണ്.'

'ഇപ്പോള്‍ ദേശീയതയ്ക്ക് പാഠഭേദം നല്‍കുന്നവരെയും 'വികസനമെന്നാല്‍ ഡാമുകളും ഫ്‌ളൈ ഓവറുകളും മാത്രമാണ്, ആളുകളുടെ ജീവിതമല്ല' എന്ന രീതിയെ ചോദ്യം ചെയ്യുന്നവരെയും ദേശവിരുദ്ധരെന്നു മുദ്രകുത്തുകയാണ്. ഇങ്ങനെയാണെങ്കില്‍ ദേശവിരുദ്ധരുടെ പട്ടികയില്‍ മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, ഭൂമി ഏറ്റെടുക്കലിനെതിരെ പോരാടുന്ന ആദിവാസികള്‍, തമിഴ്‌നാട്ടിലെ ഹിന്ദി സംസാരിക്കാന്‍ വിസമ്മതിക്കുന്നവര്‍, ജീന്‍സ് ധരിക്കുകയോ മദ്യപിക്കുകയോ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്ന സ്ത്രീകള്‍ തുടങ്ങിയവരെല്ലാം വരും. ഇതു തുടര്‍ന്നാല്‍ അവസാനം 'യഥാര്‍ത്ഥ രാജ്യസ്‌നേഹി'കളുടെ പട്ടികയില്‍ 24 - 25 പേരേ കാണൂ. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, മനുസ്മൃതി ഇറാനി, പിന്നെ പട്യാല ഹൗസ് കോടതിയില്‍ ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച 22 അഭിഭാഷകരും. ഇതാണ് നമ്മുടെ നാട്ടിലെ ദേശീയതയെങ്കില്‍ നാം അതേപ്പറ്റി ആശങ്കപ്പെടേണ്ടിയിരിക്കുന്നു.'

സര്‍ക്കാരിനെപ്പറ്റിയും അതിന്റെ നയങ്ങളെപ്പറ്റിയും നിവേദിത നടത്തിയ വിമര്‍ശനം ഇത്തരത്തിലുള്ള ആദ്യത്തെ വിമര്‍ശനമല്ല. നിരവധി സാമൂഹിക പ്രസ്ഥാനങ്ങള്‍, ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ കശ്മീര്‍, എഎഫ്എസ്പിഎ തുടങ്ങിയവ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ലക്ഷ്യമിടുന്നതും നിവേദിതയ്‌ക്കെതിരെയുള്ള പ്രചാരണങ്ങളും കാണിക്കുന്നത് അവര്‍ പ്രവചിച്ച രീതിയിലുള്ള 'യഥാര്‍ത്ഥ രാജ്യസ്‌നേഹത്തി' ലേക്കാണ് നാം പോകുന്നത് എന്നാണ്.

ബിജെപിയുടെ യുവവിഭാഗമായ ഭാരതീയ ജനതാ യുവ മഞ്ച് (ബിജെവൈഎം) ആണ് രാജ്യദ്രോഹികളെപ്പറ്റിയുള്ള ചര്‍ച്ചയില്‍ നിവേദിത മേനോന്റെ പേര് കൊണ്ടുവന്നത്. നിവേദിതയ്‌ക്കെതിരെ അവര്‍ പൊലീസില്‍ പരാതി നല്‍കി. ഒരു പ്രസ്താവനയില്‍ ' നിവേദിത പൊതുയോഗങ്ങളില്‍ ഇന്ത്യന്‍ സായുധസേനയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നു, ഇന്ത്യ കശ്മീരിനെ അനധികൃതമായി കയ്യേറിയിരിക്കുകയാണെന്ന് ലോകം കരുതുന്നു തുടങ്ങിയ പ്രസ്താവനകള്‍ നടത്തുന്നു,' എന്നു പറയുന്നു.നിവേദിതയെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഉടന്‍ തന്നെ സീ ന്യൂസ് എടുത്തുചാടി. ജെഎന്‍യു ക്യാംപസിലെ സംഭവത്തിന്റെ വ്യാജ വിഡിയോ സംപ്രേഷണം ചെയ്തതും ഈ ചാനലാണ്. മാര്‍ച്ച് എട്ടിന് ചാനലിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സുധീര്‍ചൗധരി നിവേദിതയുടെ പ്രസംഗത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ ഉപയോഗിച്ച് അവരെ ദേശദ്രോഹിയെന്നു വിളിച്ചു. 2014ല്‍ അവര്‍ നടത്തിയ മറ്റൊരു പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങളും സീ സംപ്രേഷണം ചെയ്തു.

പ്രശസ്ത കവിയും ശാസ്ത്രജ്ഞനുമായ ഗൗഹര്‍ റാസയെയും സീ ന്യൂസ് ദേശദ്രോഹിയെന്നു വിളിച്ചിരുന്നു. ഐബിഎന്‍ സെവനും സീയുടെ പാത പിന്തുടര്‍ന്നു. നിവേദിതയ്‌ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

മാര്‍ച്ച് 13ന് എബിവിപി നിവേദിതയ്‌ക്കെതിരെ മറ്റൊരു പരാതി നല്‍കി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ ഒപ്പിട്ട പരാതിയില്‍ നിവേദിത ഇങ്ങനെ പറഞ്ഞതായാണ് ആരോപണം: 'ഇന്ത്യ കശ്മീരിനെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ലോകം മുഴുവന്‍ അത് പറയുന്നു. എല്ലാവരും അത് അംഗീകരിക്കുന്നു. മണിപ്പൂരും കശ്മീരും ഇന്ത്യ നിയമവിരുദ്ധമായി കയ്യടക്കിയിരിക്കുകയാണ്.'


Next Story

Related Stories