TopTop
Begin typing your search above and press return to search.

ഞാന്‍: അരങ്ങില്‍ വീണു മരിച്ച ചലച്ചിത്രം

ഞാന്‍: അരങ്ങില്‍ വീണു മരിച്ച ചലച്ചിത്രം

ഹരിനാരായണന്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ ധാരാളം നോവലുകള്‍ ചലച്ചിത്ര രൂപത്തില്‍ പുനരവതരിച്ചിട്ടുണ്ട്. ചെമ്മീന്‍, ഓടയില്‍ നിന്ന്, മതിലുകള്‍ തുടങ്ങി അടുത്ത കാലത്തിറങ്ങിയ ബാല്യകാലസഖി വരെ നീണ്ടു നില്‍ക്കുന്ന പരമ്പരയാണിത്. ടി.പി. രാജീവന്‍റെ 'കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍ രഞ്ജിത്ത് 'ഞാന്‍' ആയി പുനരവതരിപ്പിച്ചപ്പോള്‍ ചോര്‍ന്നു പോയത്‌ മൂല കൃതിയുടെ ആത്മാവാണ്. മലബാറില്‍ ജീവിച്ചിരുന്ന കെ.ടി.നാരായണന്‍ എന്ന കല്‍പിത കഥാപാത്രത്തിന്‍റെ ധൈഷണിക വ്യാപാരങ്ങള്‍, കാഴ്ചപ്പാടുകള്‍, തീരുമാനങ്ങള്‍ തുടങ്ങിയവയിലൂടെ വികസിക്കുന്ന നോവല്‍ സ്വാതന്ത്ര്യ സമരകാല കേരളത്തിന്‍റെ സാമൂഹിക ഭൂമികയെ, രാഷ്ട്രീയ പശ്ചാത്തലത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ചലച്ചിത്രം എന്ന മാധ്യമത്തിന്‍റെ എല്ലാ പോരായ്മകളും കണക്കിലെടുക്കുമ്പോള്‍ തന്നെ, കെ.ടി.എന്‍ കൊട്ടൂരിനോട് രഞ്ജിത്ത് നീതി പുലര്‍ത്തിയില്ല എന്നതാണ് വാസ്തവം. മൂന്ന് മണിക്കൂറിനടുത്തു വരുന്ന ചിത്രത്തില്‍ ഓര്‍ത്തിരിക്കാവുന്ന രംഗങ്ങളോ, കഥാപാത്രങ്ങളോ, മുഹൂര്‍ത്തങ്ങളോ ഇല്ലെന്നു മാത്രമല്ല അതി നാടകീയമായ സംഭാഷണങ്ങളും, വിരസമായ കഥന രീതിയും പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നത് മറക്കുവാനാഗ്രഹിക്കുന്ന ഒരു കാഴ്ചാനുഭവമാണ്.

ഒരു അഭിനേതാവ് എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളൊന്നും തന്നെ അവതരിപ്പിക്കേണ്ടി വന്നിട്ടില്ലാത്ത ദുല്ക്കര്‍ സല്‍മാന്‍ കോട്ടൂരായി മാറാന്‍ തന്‍റെ പോരായ്മകള്‍ക്കുള്ളില്‍ നിന്നു നടത്തിയ ശ്രമം ഒട്ടും വിജയിക്കാതെ പോയതാണ് 'ഞാന്‍' ആസ്വാദ്യകരമല്ലാതാവുന്നതിന്‍റെ മുഖ്യ കാരണങ്ങളിലൊന്ന്. സുഹൃത്തുക്കളാല്‍ വഞ്ചിക്കപ്പെട്ട് മദ്യത്തിനടിമയാവുന്ന കോട്ടൂരിന്‍റെ പ്രതിസന്ധികളും, മനസ്സിന്‍റെ പ്രക്ഷോഭങ്ങളും ദുല്‍ക്കറിലെ നടന്‍റെ പരിമിതികളെ തുറന്നു കാട്ടി. നോവലിലെ കോട്ടൂര്‍ വിധിയോട് പ്രതികരിക്കുന്ന രീതിയും ജീവിതത്തോട് പുലര്‍ത്തിയ ചില സമീപനങ്ങളും ഇടയ്ക്കെങ്കിലും ഖസാക്കിലെ രവിയെ അനുസ്മരിപ്പിക്കും വിധം അസ്തിത്വ വ്യഥയുടെ നിഴല്‍വഴികളില്‍ ദിക്കു തെറ്റി അലയുന്നുണ്ട്. 'ഞാന്‍', കെ.ടി.എന്‍ കോട്ടൂരിനെ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ ഏതൊരു നായര്‍ തറവാടിലും കണ്ടേക്കാവുന്ന വിദ്യാസമ്പന്നനായ ഒരു സവര്‍ണ കഥാപാത്രമായി ചുരുക്കിയിരിക്കുന്നു. അടിച്ചു തളിക്കാരിക്കു സമ്മാനിക്കുന്ന അവിഹിത ഗര്‍ഭമുള്‍പ്പടെ (മലയാള സിനിമയിലെ സ്ഥിരം അടിച്ചു തളിക്കാരി “ജാനു” തന്നെ ഇവിടെയും!!) കോട്ടൂരെന്ന വ്യക്തി സമൂഹത്തിനു നല്‍കിയ സംഭാവനകളെക്കാള്‍ മുഴച്ചു നില്‍ക്കുന്നത്‌ അയാളുടെ വ്യക്തി ജീവിതത്തിലെ താളപ്പിഴകളും സന്ദേഹങ്ങളും മാത്രമാണ്. കൃഷ്ണപിള്ള, ഇഎംഎസ് തുടങ്ങിയ ചരിത്ര പുരുഷന്മാരെയും മറ്റും ചിത്രത്തില്‍ തികച്ചും അശ്രദ്ധമായി അവതരിപ്പിച്ചതും കല്ലുകടിയാവുന്നു.ചിത്രം തുടങ്ങുന്നത് രവി എന്ന ബ്ലോഗ്ഗറിലൂടെയാണ്. കോട്ടൂര്‍ എന്ന പേരില്‍ അയാളെഴുതുന്ന ബ്ലോഗുകള്‍ സമൂഹത്തില്‍ ചര്‍ച്ചയാവുകയും സൈബര്‍സെല്‍ വരെ ഇടപെടേണ്ടി വരികയും ചെയ്യുന്നു. ഇവിടെ രവിയുടെ ചില കാഴ്ചപ്പാടുകള്‍ വിമര്‍ശന വിധേയമാക്കേണ്ടതായുണ്ട്. ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി അറിയാത്ത രാഷ്ട്രീയക്കാരെ ഇനി മുതല്‍ തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയക്കരുത് എന്നും മറ്റുമുള്ള കൊളോണിയല്‍ സങ്കല്‍പ്പങ്ങളില്‍ തൂങ്ങിക്കിടന്നുകൊണ്ടുള്ള അഭിപ്രായങ്ങളാണ് രവിയുടേത്. കൊളോണിയലിസത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച കോട്ടൂരിനെ മാതൃകയാക്കി സാമൂഹിക മാറ്റം ലക്ഷ്യംവച്ച് എഴുതുന്ന രവിയുടെ പ്രതിലോമകരമായ ഇത്തരം ചിന്തകള്‍ പാത്രസൃഷ്ടിയില്‍ സംവിധായകന് സംഭവിച്ച പിഴവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സോഷ്യല്‍ മീഡിയയുടെ വരവോടെ, ഏതാണ്ട് 2005-2010 കാലത്തില്‍, പ്രസക്തി നഷ്ടമായ ബ്ലോഗ്‌ പോലൊരു മാധ്യമം വഴി ജനങ്ങളെ കൂട്ടത്തോടെ ആകര്‍ഷിക്കുക, ആ ബ്ലോഗുകള്‍ സമൂഹത്തില്‍ പ്രാധാന്യമേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുക എന്ന രഞ്ജിത്ത് സങ്കല്പങ്ങള്‍ മാറുന്ന കാലത്തെ മനസ്സിലാക്കാന്‍ കഴിയാതെ ഉഴറുന്ന സംവിധായകനെയാണ് അനാവരണം ചെയ്തത്. കൂടാതെ ഒരു 'ആം ആദ്മി' – അരാഷ്ട്രീയ ചിന്താധാരയിലൂടെ തന്‍റെ ആശയസംഹിതകള്‍ക്ക് രൂപം നല്‍കുന്ന രവി തേടി കണ്ടെത്തുന്ന കോട്ടൂര്‍ ഒരു ചരിത്ര പുരുഷനാവേണ്ടതിനു പകരം വെറുമൊരു സവര്‍ണ മാടമ്പിയായി ചുരുങ്ങുന്ന ദുര്‍ഗതിക്കാണ് 'ഞാന്‍' സാക്ഷിയാവുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഞാന്‍: ക്ലീഷേകളുടെ ഘോഷയാത്രയ്ക്കപ്പുറം കാണികളെ കാണാന്‍ പഠിപ്പിക്കുന്ന സിനിമ
ബോളിവുഡ് മേരികോം; നമ്മുടെ നടിമാര്‍ കണ്ടുപഠിക്കേണ്ടതും
വെള്ളിമൂങ്ങ എന്നൊരു ചിരി സിനിമ
ഒടുവില്‍ അവര്‍ എന്നെ തേടിയെത്തി; ജയിലനുഭവങ്ങളുമായി 'റോസ് വാട്ടര്‍'
ഫ്രോഡ് കളിക്കുന്ന നായകന്‍മാരും മൊത്തത്തില്‍ ഫ്രോഡാകുന്ന സമൂഹവുംചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ മികച്ച അഭിനയം കാഴ്ചവച്ചുവെന്നത് ശ്രദ്ധേയമാണ്. അകം, ചായില്യം തുടങ്ങിയ സിനിമകളിലെ ഉന്നത നിലവാരം പുലര്‍ത്തിയ അഭിനയമികവ് അനുമോള്‍ 'ഞാനി'ലും തുടരുന്നുണ്ട്. മനോജ്‌ പിള്ളയുടെ ക്യാമറ, ആണ്‍നോട്ടത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തില്‍ കാഴ്ച വസ്തുക്കളാവുന്ന സ്ത്രീ ഉടലുകളുടെ ഫ്രെയ്മുകള്‍ കൊണ്ട് സിനിമയെ നിറച്ചിരിക്കുന്നു. കോട്ടൂര്‍ ഒരു സ്ത്രീ വിരുദ്ധനായിരുന്നോ എന്ന് പ്രേക്ഷകര്‍ സംശയിച്ചാലും കുറ്റപ്പെടുത്താനാവില്ല (അങ്ങനെയല്ലെന്ന് രഞ്ജിത്ത് പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും). ജീവിത വഴികളിലെ വിവിധ സന്ദര്‍ഭങ്ങളിലായി ഇടപെടേണ്ടി വന്ന സ്ത്രീ ജീവിതങ്ങളോടൊന്നും തന്നെ കോട്ടൂരിന് നീതി പുലര്‍ത്താനായിട്ടില്ല. 'ഞാന്‍' ഒരു ചരിത്ര സിനിമയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞുവെന്നല്ലാതെ കാമ്പുള്ള സിനിമയായി മാറിയില്ലെന്ന വസ്തുതയ്ക്ക് ക്ളിഷേകളില്‍ മുക്കിയെടുത്ത തിരക്കഥയും ഒരു കാരണമാണ്. കമ്മ്യൂണിസം, കോണ്‍ഗ്രസ് രാഷ്ട്രീയം തുടങ്ങിയവയെ സംവിധായകന്‍ വിമര്‍ശന വിധേയമാക്കുന്നുണ്ടെങ്കിലും, ഉപരിപ്ലവമായ നിലപാടുകള്‍ പറഞ്ഞു പോവുന്നതില്‍ കവിഞ്ഞ് ഗൗരവതരമായ ചര്‍ച്ചകളിലേക്ക് കോട്ടൂരിന്‍റെ രാഷ്ട്രീയ ചിന്തകളെയും രഞ്ജിത്ത് വികസിപ്പിക്കുന്നില്ല.ഒരു മികച്ച സിനിമയ്ക്ക് ആവശ്യമായ ചേരുവകളില്‍ പ്രധാനമായ, ശക്തമായ കഥ ഉണ്ടായിട്ടു കൂടി 'ഞാന്‍' ഒരു ശരാശരി ചിത്രമായി ഒതുങ്ങിപ്പോവുന്നു. പലേരി മാണിക്യത്തിന്റെ ഹാംങോവറില്‍ നിന്നു മുക്തനാവാത്ത രഞ്ജിത്തിനെയാണ് 'ഞാനി'ല്‍ ഉടനീളം കാണാന്‍ കഴിയുന്നത്. കോഴിക്കോടന്‍ ഭാഷയും, ഗ്രാമ സൗന്ദര്യവും സിനിമയുടെ പശ്ചാത്തലത്തെ മനോഹരമാക്കുന്നുണ്ട്. ഒരു നാടകത്തിന്‍റെ സൃഷ്ടിയിലൂടെ കഥ പറഞ്ഞു പോവുന്ന 'ഞാന്‍' പലപ്പോഴും നാടകം തന്നെയായി മാറുന്നതു കാണാമായിരുന്നു. 'കടല്‍ കടന്നൊരു മാത്തുക്കുട്ടി'ക്കു ശേഷം പ്രതീക്ഷയുടെ കനലുകള്‍ അല്‍പമെങ്കിലും ബാക്കി വച്ച് ആകാംക്ഷയോടെ മറ്റൊരു രഞ്ജിത്ത് ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് കിട്ടിയ ഇരുട്ടടിയാണ് 'ഞാന്‍'. സ്വാഭാവികത തൊട്ടു തീണ്ടാത്ത സിനിമാറ്റിക് ശൈലിയുടെ ദയനീയാനുഭവങ്ങളില്‍ അവസാനത്തേതായി മലയാള സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതാണ് ചിത്രത്തെ കാത്തിരിക്കുന്ന അനിവാര്യ വിധി.

(ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)


Next Story

Related Stories