UPDATES

ട്രെന്‍ഡിങ്ങ്

ഭീമാ കൊറേഗാവ്: ആക്ടിവിസ്റ്റുകളും എഴുത്തുകാരും അറസ്റ്റിലായിട്ട് ഒരു വര്‍ഷം, ജാമ്യമില്ല, കോടതി നടപടികള്‍ വൈകുന്നു

10 പേര്‍ക്കെതിരായാണ് തീവ്രവാദ ബന്ധം ആരോപിച്ച് കേസെടുത്തിട്ടുള്ളത്.

ഭീമാ കൊറെഗാവ് വാര്‍ഷികാചരണത്തോടനുബന്ധിച്ച് ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത് ജയിലിടച്ചിട്ട് ഒരു വര്‍ഷം. കുറ്റപത്രം സമര്‍പ്പിച്ചിട്ട് ആറ് മാസം ആയെങ്കിലും ഇതുവരെ വിചാരണ നടപടികളായിട്ടില്ല. ഇവരുടെ ജാമ്യപേക്ഷയിലും കോടതി തീരുമാനമെടുത്തിട്ടില്ല.

അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സുരേന്ദ്ര ഗാഡ്‌ലിംങ്, ഇംഗ്ലീഷ് അധ്യാപക ഷോമ സെന്‍, കവിയും പ്രസാധകനുമായ സുധീര്‍ ധാവ്‌ലെ, മനുഷ്യാവകാശ പ്രവര്‍ത്തകരായ മഹേഷ് റൗത്ത്, റോണ വില്‍സണ്‍ എന്നിവരെയാണ് കഴിഞ്ഞ ജൂണ്‍ ആറിന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. വിചാരണ തടവുകാരായി പുനെ യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണിവര്‍.

200 വര്‍ഷം മുമ്പ് ബ്രിട്ടന് വേണ്ടി മഹര്‍ വിഭാഗത്തില്‍പെട്ട ദളിതര്‍ മറാത്ത സാമ്രാജ്യത്തിനെതിരെ യുദ്ധം നടത്തി വിജയിച്ചതിന്റെ വാര്‍ഷിക ആഘോഷവേളയിലാണ് ആക്രമം പൊട്ടിപുറപ്പെട്ടത്. ഹിന്ദുത്വ നേതാക്കളായ മിലിന്റ് എക്‌ബോട്ട്‌, സംബാജി ബിദെ എന്നിവര്‍ക്കെതിരെയായിരുന്നു പൊലീസ് ആദ്യം കേസ് എടുത്തത്. ദളിതര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം നല്‍കിയെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. എക്‌ബോട്ടെയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ ബിദെയ്‌ക്കെതിരെ പിന്നീട് നടപടികളുണ്ടായില്ല.

ഏപ്രില്‍ മാസത്തോടെ പൊലീസ് അന്വേഷണത്തിന്റെ രീതി മാറ്റുകയായിരുന്നു . ഭീമാ കൊറെഗാവില്‍  ദളിത് ആക്ടിവിസ്റ്റുകളാണ് ആക്രമണത്തിന് പ്രേരണ നല്‍കിയെന്ന രീതിയിലായി അന്വേഷണം. മനുഷ്യാവകാശ പ്രവര്‍ത്തകരും ദളിത് ആക്ടിവിസ്റ്റുകളും സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് സമ്മേളനമാണ് ആക്രമണത്തിന് ആളുകളെ പ്രേരിപ്പിച്ചതെന്നും പൊലീസ് പിന്നീട് അവകാശപ്പെട്ടു. ഇതെ തുടര്‍ന്നാണ് രാജ്യത്തെ പല സ്ഥലങ്ങളിലും റെയ്ഡ് നടന്നതും ആദ്യം ഇവരെ അറസ്റ്റ് ചെയ്തതും. പിന്നീട് ഓഗസ്റ്റില്‍ സുധാ ഭരദ്വാദ്, അരുണ്‍ ഫെരെറ വെര്‍നോണ്‍ ഗോണ്‍സാല്‍വിസ്, വരവരറാവു, ഗൗതം നവലാഖ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്‌റ്റോടെ ഭീമ കൊറെഗാവ് എന്നതില്‍നിന്ന് മാറി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കിയെന്നതായി ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇതൊടൊപ്പം നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റവും ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടു.

സുധാ ഭരദ്വാജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍, സാമ്പത്തിക വിദഗ്ദന്‍ പ്രഭാത് പട്‌നായിക് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജിപ്പോടെ കോടതി അറസ്റ്റ് ശരിവെയ്ക്കുകയായിരുന്നു.

ജയിലില്‍ അടക്കപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും ഇവര്‍ക്ക് നിയമപ്രകാരമുള്ള അവകാശങ്ങള്‍ ലഭ്യമാക്കാതിരിക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ആറ് മാസം മുമ്പാണ് കഴിഞ്ഞ ജൂണില്‍ അറസ്റ്റിലായവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

Read More: ‘പിടിച്ചകത്തിടും’; ഭീകരന്‍ ഹാഫിസ് സയിദിന്റെ ഈദ് പ്രാര്‍ത്ഥനയും ഇന്ത്യാ വിരുദ്ധ പ്രസംഗവും തടഞ്ഞ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍