ന്യൂസ് അപ്ഡേറ്റ്സ്

എഫ് ടി ഐ ഐ; വിദ്യാര്‍ത്ഥി വേട്ട തുടരുന്നു; സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കാന്‍ നീക്കം

ഗജേന്ദ്ര ചൌഹാനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പ്രതികാര നടപടി

യോഗ്യതയില്ലാത്തയാളെ ചെയര്‍മാനായി നിയമിച്ചതിന്റെ പേരില്‍ പുനൈ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഫ്ടിഐഐ) നാല് മാസം സമരം നടത്തിയ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന സ്ഥാപനത്തിന്റെ സമീപനം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പും വിദേശ വിനിമയ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരങ്ങളും നിഷേധിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ ഡയറക്ടര്‍ ഭൂപേന്ദ്ര കെയിന്‍തോല നടത്തുന്നത്. അച്ചടക്ക നടപടികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സ്‌കോളര്‍ഷിപ്പുകളും വിദേശ വിനിമയ പരിപാടികളിലെ പങ്കാളിത്തവും സംബന്ധിച്ച എല്ലാ ഫയലുകളും അച്ചടക്കത്തിന്റെ ചുമതലയുള്ള പ്രോക്ടറുടെ ഓഫീസ് വഴി അയയ്ക്കാന്‍ എല്ലാ വകുപ്പ് തലവന്മാര്‍ക്കും ഡീനുകള്‍ക്കും ഭൂപേന്ദ്ര കെയിന്‍തോല നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് ലഭിച്ചു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ‘അച്ചടക്ക നടപടികള്‍’ നേരിടുന്ന എട്ടു വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് നടപടിയെന്ന് പത്രത്തിന് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ നാലുപേര്‍ ഗജേന്ദ്ര ചൗഹാനെതിരായ സമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അന്നത്തെ ഡയറക്ടറായിരുന്ന പ്രശാന്ത് പത്രാബയെ ഘെരാവോ ചെയ്തവരാണ്.

‘അയോഗ്യരായ’ ഈ നാല് വിദ്യാര്‍ത്ഥികള്‍, സമരത്തിന്റെയും ഘെരാവോയുടെയും പേരില്‍ പൂനെ കോടതിയില്‍ കേസ് നിലവിലുള്ള 35 വിദ്യാര്‍ത്ഥികളില്‍ പെടുന്നവരുമാണ്. ബാക്കിയുള്ളവരില്‍ പലരും കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. ബാക്കി മൂന്ന് പേര്‍ക്കെതിരെ ‘മദ്യപിച്ച് കുഴപ്പമുണ്ടാക്കി’ എന്നതാണ് ആരോപണമെങ്കില്‍ എട്ടാമന്‍ ‘പ്രോക്ടറോട് അപമര്യാദമായി സംസാരിക്കുകയും ഒച്ചയെടുക്കുകയും’ ചെയ്തതാണ് കുറ്റം. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തടഞ്ഞുവച്ചിരിക്കുന്നത്. ഇവരില്‍ അവസാനത്തെയാള്‍ മാപ്പ് എഴുതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സ്‌കോര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ കെയിന്‍തോലയുടെ തീരുമാനത്തിനെതിരെ ചില അദ്ധ്യാപകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അച്ചടക്ക വിഷയം നിസാരമാണെന്നും പ്രതിഭാശാലികള്‍ എന്ന് ഞങ്ങള്‍ വിലയിരുത്തുന്ന വിദ്യാര്‍ത്ഥികളെ അത് ബാധിക്കാന്‍ പാടില്ലെന്നും ഫിലിം ഡിപ്പാര്‍ട്ടുമെന്റിലെ ഡീനായ അമിത് ത്യാഗി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ഷിപ്പ് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗൗരവമായ അച്ചടക്ക നടപടികള്‍ നേരിടുന്നവരും വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത കേസുകളിലും സ്‌കോളര്‍ഷിപ്പ് തടഞ്ഞുവച്ചിട്ടുണ്ടെന്ന് കെയിന്‍തോല പറഞ്ഞു. എന്നാല്‍ മാപ്പ് എഴുതി നല്‍കിയവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഏതായാലും കേന്ദ്ര സര്‍ക്കാരിന്റെ വിവേചനരഹിതമായ തീരുമാനത്തിനെതിരെ ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വീണ്ടും വേട്ടയാടാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍