TopTop
Begin typing your search above and press return to search.

മോദി പറഞ്ഞത് കള്ളം; കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

മോദി പറഞ്ഞത് കള്ളം; കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

കെ.വി ധനഞ്ജയ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 'അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി അസാധുവാക്കാമെന്ന് ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തിരിക്കുന്നു,' എന്നാണ് നവംബര്‍ എട്ടിന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

ആര്‍ബിഐ നിയമപ്രകാരം 21 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ നാല് പേര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരായിരിക്കണം. ആര്‍ബിഐ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന സ്വകാര്യമേഖല പ്രതിനിധികളില്‍ ഐസിഐസിഐ സ്ഥാപക അധ്യക്ഷനും വിപ്രോയുടെ മുന്‍ ബോര്‍ഡ് മെമ്പറുമായിരുന്ന ഡോ. നാച്ചികേത് എം മോര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സിഇഒ യും എംഡിയുമായിരുന്ന നടരാജന്‍ ചന്ദ്രശേഖരന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ മുന്‍ ഗ്രൂപ്പ് സിഎഫഒയും എക്‌സിക്യൂട്ടീഫ് ഡയറക്ടറുമായിരുന്ന ഭരത് നരോത്തം ദോഷി എന്നിവര്‍ ഉള്‍പ്പെടുന്നു. ആര്‍ബിഐ ചട്ടപ്രകാരം ഏതെങ്കിലും നിര്‍ണായക നടപടികള്‍ സ്വീകരിക്കുന്നതിനോ അല്ലെങ്കില്‍ അടിയന്തിരയോഗം കൂടുന്നതിനോ ഒരു മാസം മുമ്പ് ബന്ധപ്പെട്ട വിവരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അറിയിച്ചിരിക്കണം. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്ന വിവരം ഈ നാല് സ്വകാര്യമേഖല പ്രതിനിധികളെയും അറിയിച്ചിരിക്കണമെന്നും ചട്ടം നിഷ്‌കര്‍ഷിക്കുന്നു. അതുകൊണ്ടു തന്നെ നോട്ടുകള്‍ അസാധുവാക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ ഈ നാല് സ്വകാര്യമേഖല പ്രതിനിധികളും നേരത്തെ തന്നെ അറിഞ്ഞിരിക്കുന്നു എന്നതിനാല്‍ അതീവ രഹസ്യ തീരുമാനം എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. കൂടുതല്‍ വ്യക്തമായി പറയുകയാണെങ്കില്‍ ഈ സ്വകാര്യമേഖല പ്രതിനിധികളെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കാനുള്ള നിയമപരമായ അധികാരം ഇല്ല എന്നു മാത്രമല്ല അവരുടെ സാന്നിധ്യം നിര്‍ബന്ധിതവുമാണ്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.

ഭരണഘടനാപരമായി നോക്കുകയാണെങ്കില്‍ നോട്ടു നിരോധനം മൂലം ഇപ്പോള്‍ ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് മാത്രമാണ് അധികാരം. നിയമപരായി ഉറപ്പാക്കപ്പെട്ടതോ സാമ്പ്രദായികമായി അനുഭവിക്കുന്നതോ ആയ പൗരന്മാരുടെ ഒരവകാശത്തെയും മറ്റേതെങ്കിലും രീതിയില്‍ ഹനിക്കാന്‍ എഴുതി തയ്യാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍, അടിയന്തിര സാഹചര്യങ്ങളില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. പാസാക്കപ്പെട്ട നിയമവുമായി ബന്ധപ്പെട്ടല്ലാതെ ഒരു വിജ്ഞാപനം വഴി പൗരാവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഭരണഘടനയുടെയും ഭരണനിര്‍വഹണ നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങളാണിതൊക്കം. എഴുതപ്പെട്ടതും ലോകത്തിലെ ഏറ്റവും ബൃഹത്തുമായ ഭരണഘടന നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരാണ് തികച്ചും സമാധാനകാലത്ത് ലോകജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ആളുകള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന 86% നോട്ടുകള്‍ കേവലം ഒരു വിജ്ഞാപനം വഴി പിന്‍വലിച്ചതെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ തമാശ.

അതുകൊണ്ട് തന്നെ ഈ തീരുമാനത്തിന് ഭരണഘടന സാധുതയില്ലെന്ന് വ്യക്തം. നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം അതിനാല്‍ സ്റ്റേ ചെയ്യപ്പെടുകയും തുടര്‍ന്ന് തള്ളപ്പെടുകയും ചെയ്യും എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ഇതുമായി ബന്ധപ്പെട്ട ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജികള്‍ പ്രതീക്ഷാനിര്‍ഭരമല്ല. ശരിയായ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയാണെങ്കില്‍ ഒരു കോടതിക്കും ഈ നടപടി അസാധുവാക്കാതിരിക്കാന്‍ സാധിക്കില്ല തന്നെ.

വിശദമായി വായിക്കുക;https://goo.gl/f6b8ad

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories